വാളയാര്‍ പീഡനമരണം; വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; പകരം ചുമതല നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക്

സഹോദരിമാരുടെ മരണത്തില്‍ പൊലീസ് വീഴ്ചയില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാനാണ് തീരുമാനം. രണ്ടുമാസത്തിനിടെ നടന്ന സഹോദരിമാരുടെ മരണത്തില്‍ നടന്ന അന്വേഷണത്തില്‍ ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്ന ആക്ഷേപം ശക്തമായിരുന്നു.

വാളയാര്‍ പീഡനമരണം; വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; പകരം ചുമതല നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക്

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ടു മരിക്കാനിടയായ സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ വാളയാര്‍ എസ്‌ഐയെ മാറ്റി പകരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എംജെ സോജനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

സഹോദരിമാരുടെ മരണത്തില്‍ പൊലീസ് വീഴ്ചയില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാനാണ് തീരുമാനം. രണ്ടുമാസത്തിനിടെ നടന്ന സഹോദരിമാരുടെ മരണത്തില്‍ നടന്ന അന്വേഷണത്തില്‍ ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെ, രണ്ടുമാസം മുമ്പ് മരണപ്പെട്ട മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നതായും എന്നാല്‍ മനോവിഷമം മൂലമുള്ള ആത്മഹത്യ ആയാണ് പൊലീസ് ഇതിനെ മാറ്റിയതെന്നുമുള്ള വെളിപ്പെടുത്തലുമായി അമ്മ രംഗത്തെത്തിയിരുന്നു.


സംഭവത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന കാര്യം ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുള്ള മൂത്തപെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വ്യക്തമായിരുന്നു. മാത്രമല്ല, പെണ്‍കുട്ടി ബലാല്‍സംഘത്തിന് ഇരയായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടും പൊലീസ് മരണകാരണമായി എഫ്‌ഐആറില്‍ എഴുതി ചേര്‍ത്തത് 'ഏതോ മനോ വിഷമത്തില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ടു' എന്നായിരുന്നു. അസ്വാഭാവിക മരണത്തിന് അന്ന് കേസെടുത്തെങ്കിലും ഒരാളെയും ചോദ്യം ചെയ്തുപോലുമില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിട്ടും മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കാനോ, കുട്ടികള്‍ക്ക് എതിരായ ലൈംഗികാത്രിക്രമത്തിനുള്ള പോക്സോ പ്രകാരമോ കേസ് എടുക്കാനോ പൊലീസ് മുതിര്‍ന്നില്ല.

സംഭവത്തില്‍ പെണ്‍കുട്ടികളുടെ ചെറിയച്ഛന്റെ മകനായ മധു, അട്ടപ്പള്ളം സ്വദേശികളായ മധു, പ്രദീപ് ഷിബു, എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. മറ്റൊരാള്‍ പൊലീസ് നിരീക്ഷണത്തിലുമാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ രണ്ടു കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്റേയും സര്‍ക്കാരിന്റേയും സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായത്. പ്രതികളുടെ ഉന്നതബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ആദ്യത്തെ സംഭവത്തില്‍ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായതെന്ന് ആരോപണമുണ്ട്.

വാളയാറിലെ വീട്ടില്‍ കഴിഞ്ഞ ജനുവരി 12 നാണ് മൂത്തകുട്ടി കൃതികയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് വൈകീട്ട് അനിയത്തി ഒമ്പതുകാരി ശരണ്യയേയും അതേ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

Read More >>