കുട്ടികളുടെ ഒരു മണിക്കൂര്‍ സമരത്തില്‍ സീന ടീച്ചര്‍ ജയിച്ചത് ആറുമാസപ്പോരാട്ടം; സമരം നയിച്ചത് എസ്എഫ്ഐ

തിരുവനന്തപുരത്തെ ജനതാ സ്കൂള്‍ മാനേജ്മെന്‍റ് വന്‍ വില്ലത്തരമായിരുന്നു. സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക സീന രാജേന്ദ്രനെ ആറുമാസമായി പുറത്തു നിര്‍ത്തി. ഹൈക്കോടതി വിധിച്ചിട്ടിട്ടും തിരിച്ചെടുത്തില്ല. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘത്തിന്‍റെ ക്യാമറ തല്ലിപ്പൊട്ടിച്ചു- ഇന്ന് എസ്എഫ്ഐ ഒരു മണിക്കൂറിലധികം ചെയ്ത് വിദ്യാര്‍ത്ഥി ഐക്യമുണ്ടാക്കി. ടീച്ചര്‍ക്ക് ജോലി തിരിച്ചു കിട്ടി,

കുട്ടികളുടെ ഒരു മണിക്കൂര്‍ സമരത്തില്‍ സീന ടീച്ചര്‍ ജയിച്ചത് ആറുമാസപ്പോരാട്ടം; സമരം നയിച്ചത് എസ്എഫ്ഐ

തിരുവനന്തപുരം വെഞ്ഞാറമൂട് ജനതാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും അകാരണമായി പിരിച്ചുവിടപ്പെട്ട അധ്യാപികയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു സമരവുമായി രംഗത്തിറങ്ങിയ എസ്എഫ്‌ഐക്കു മുന്നില്‍ ഒരു മണിക്കൂറിനുള്ളില്‍ മാനേജ്‌മെന്റ്കീ ഴടങ്ങി.  പിരിച്ചുവിട്ട അധ്യാപികയെ തിരിച്ചെടുക്കാമെന്നും വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി ഉന്നയിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നും എസ്എഫ്‌ഐയുമായിനടന്ന ചര്‍ച്ചയില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചു.


സ്‌കൂളിലെ യുപി വിഭാഗം അധ്യാപിക സീന രാജേന്ദ്രനെ ആറുമാസമായി പുറത്തു നിര്‍ത്തുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെയാണ് എസ്എഫ്‌ഐ സമരം ആരംഭിച്ചത്. കഴിഞ്ഞദിവസം ഈ വിഷയത്തില്‍ സ്‌കൂളില്‍ നടന്ന സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ 'മാതൃഭൂമി' ന്യൂസ് സംഘത്തിനെ മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു.

ജനതാ സ്‌കൂളില്‍ പതിനേഴു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്ന അധ്യാപിക സീന രാജേന്ദ്രനെ കഴിഞ്ഞ ജൂണില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ പിരിച്ചുവിട്ടത് എന്തിനാണെന്നുള്ള കാരണമൊന്നും അധ്യാപികയെ അധികൃതര്‍ ബോധ്യപ്പെടുത്തിയിരുന്നില്ല. പിരിച്ചുവിടല്‍ നടപടി അംഗീകരിക്കാതെ സീന ദിവസവും സ്‌കൂളില്‍ എത്തിയിരുന്നു. ക്ലാസ് സമയം കഴിയുന്നതുവരെ സ്റ്റാഫ് റൂമില്‍ ഇരുന്ന ശേഷം മടങ്ങിപ്പോകുകയായിരുന്നു.

സ്‌കൂള്‍ നടപടിക്കെതിരെ അധ്യാപിക ഡിഒ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിന്റെ ഫലമായി അധ്യാപികയെ തിരികെ ജോലിയില്‍ കയറ്റുവാന്‍ ഡിഒ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശവും മാനേജ്‌മെന്റ് തള്ളുകയാണുണ്ടായത്.

മാനേജ്‌മെന്റ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച അധ്യാപിക അനുകൂലമായ വിധി സമ്പാദിക്കുകയും അതുമായികഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയോടും മാനേജ്‌മെന്റ് നിഷേധാത്മക നിലപാടാണു സ്വീകരിച്ചത്. തുടര്‍ന്ന് ഓഫീസ് റൂമില്‍ കുത്തിയിരുന്ന അധ്യാപികയ്ക്കു പിന്തുണയുമായി പൊതു പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ മാനേജ്‌മെന്റ് ആക്രമണത്തിനു മുതിരുകയുമായിരുന്നു.

[video width="400" height="220" mp4="http://ml.naradanews.com/wp-content/uploads/2017/03/Janatha.mp4"][/video]

ഈ സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തിനെ മാനേജരായ സജീവും സഹോദരന്‍ മുജീബും ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. ന്യൂസ് സംഘത്തിന്റെ കൈയിലുണ്ടായിരുന്ന ക്യാമറയും ഇവര്‍ തല്ലിപ്പൊട്ടിച്ചു. ആക്രമണത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്ന് അധ്യാപികയെ അകാരണമായി പിരിച്ചു വിട്ടതിനെതിരെ വെഞ്ഞാറാമൂട് ജനതാ സ്‌കൂളില്‍ എസ്എഫ്‌ഐ സമരവുമായി രംഗത്തെത്തുകയായിരുന്നു. സ്‌കൂള്‍ മോനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി. തുടര്‍ന്നു നേതാക്കളുമായി ചര്‍ച്ച നടത്തുവാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറാകുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിനെ അംഗീകരിച്ച് അധ്യാപികീയെ തിരിച്ചെടുക്കുന്നതിനൊപ്പം ന്യൂസ് സംഘത്തെ ആക്രമിച്ച അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ട്.

സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്നും ഇതിനെതിരെക്കൂടിയാണ് എസ്എഫ്‌ഐ സമരരംഗത്തിറങ്ങിയത്. ഇക്കാര്യങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ അര്‍ഹിച്ച വിജയം നേടിയെടുത്തിരിക്കുകയാണ്- എസ്എഫ്‌ഐ വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി നിതിന്‍ സാംബശിവനും പ്രസിഡന്റ് നന്ദുവും നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>