മകള്‍ പലതവണ പീഡനത്തിന് ഇരയായിരുന്നതായി വാളയാറില്‍ തൂങ്ങി മരിച്ച സഹോദരിമാരുടെ അമ്മ; പീഡിപ്പിച്ചത് അടുത്ത ബന്ധു

. ' ഒരാള്‍ ഉപദ്രവിക്കുന്നതായി അവള്‍ പറഞ്ഞിരുന്നു. പക്ഷെ അത് പിടിച്ചു വലിക്കല്‍ മാത്രമേയുള്ളു എന്നൊക്കെയാണ് കരുതിയിരുന്നത്. അവളുടെ ചെറിച്ഛന്റെ മകന്‍ മധുവാണ് ഇത് ചെയ്തിരുന്നത്. പലപ്പോഴും അയാള്‍ വീട്ടില്‍ വരാറുണ്ട്. മൂത്ത മകള്‍ മരിക്കുന്ന ദിവസം സംഭവത്തിന് അര മണിക്കൂര്‍ മുമ്പ് അവനെ ഇവിടെ കണ്ടതായി പലരും പറഞ്ഞിട്ടുണ്ട്´- ഭാഗ്യവതി പറയുന്നു

മകള്‍ പലതവണ പീഡനത്തിന് ഇരയായിരുന്നതായി വാളയാറില്‍ തൂങ്ങി മരിച്ച സഹോദരിമാരുടെ അമ്മ; പീഡിപ്പിച്ചത് അടുത്ത ബന്ധു

മകള്‍ പലതവണ പീഡനത്തിന് ഇരയായിരുന്നതായി വാളയാറില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരുടെ അമ്മ ഭാഗ്യവതി പൊലീസിനോടു പറഞ്ഞു. വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോടാണു കഴിഞ്ഞ ജനുവരി 12 ന് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മൂത്ത മകള്‍ കൃതികയെ സംബന്ധിച്ച കാര്യം അവർ വെളിപ്പെടുത്തിയത്.

' ഒരാള്‍ ഉപദ്രവിക്കുന്നതായി അവള്‍ പറഞ്ഞിരുന്നു. പക്ഷെ അത് പിടിച്ചു വലിക്കല്‍ മാത്രമേയുള്ളു എന്നൊക്കെയാണ് കരുതിയിരുന്നത്. അവളുടെ ചെറിച്ഛന്റെ മകന്‍ മധുവാണ് ഇത് ചെയ്തിരുന്നത്. പലപ്പോഴും അയാള്‍ വീട്ടില്‍ വരാറുണ്ട്. മൂത്ത മകള്‍ മരിക്കുന്ന ദിവസം, സംഭവത്തിന് അര മണിക്കൂര്‍ മുമ്പ് അവനെ ഇവിടെ കണ്ടതായി പലരും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ മകള്‍ പീഡിപ്പിക്കപ്പെട്ടതായി അറിയില്ല. എന്നാല്‍ മൂത്ത മകള്‍ മരിക്കുന്നതിന് കുറച്ച് സമയം മുമ്പ് രണ്ടു പേര്‍ മുഖം ടവല്‍ കൊണ്ട് പൊത്തി പോകുന്നത് കണ്ടതായി അവള്‍ പറഞ്ഞിരുന്നതായി കുട്ടികളുടെ അമ്മ ഭാഗ്യവതി പറഞ്ഞു.
വാളയാറിലെ വീട്ടില്‍ കഴിഞ്ഞ ജനുവരി 12 നാണ് മൂത്തകുട്ടി കൃതികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് വൈകീട്ട് അനിയത്തി ഒമ്പതുകാരി ശരണ്യയേയും അതെ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇന്നലെ വൈകീട്ട് രണ്ടു കുട്ടികളും പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. മൂത്ത കുട്ടി കൃതിക മരിച്ചിട്ട് രണ്ട് മാസമാവാറായിട്ടും കാര്യമായ അന്വേഷണം നടത്താത്ത പൊലീസിനും വിഷയത്തില്‍ ഇടപെടാത്ത പാലക്കാട്ടെ ശിശുക്ഷേമ സമിതിക്കും എതിരേ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പിന്നാലെ  സ്വയമേവ കേസെടുക്കുകയുമുണ്ടായി. ഒരു മാസത്തിനകം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.