നഗര ഭരണ സംവിധാനത്തില്‍ തിരുവനന്തപുരം രാജ്യത്തു വീണ്ടും ഒന്നാമതെത്തി

പൂണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തെ സര്‍വെയിലും തിരുവനന്തപുരമായിരുന്നു ആദ്യ സ്ഥാനത്ത്. സര്‍വേയുടെ നാലാമത് പതിപ്പില്‍, കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന ഡല്‍ഹി നഗരം ഇത്തവണ രണ്ടു സ്ഥാനം താഴേക്കിറങ്ങി ഒന്‍പതാം സ്ഥാനത്താണുള്ളത്.

നഗര ഭരണ സംവിധാനത്തില്‍ തിരുവനന്തപുരം രാജ്യത്തു വീണ്ടും ഒന്നാമതെത്തി

സംസ്ഥാന തലസ്ഥാനം വീണ്ടും രാജ്യത്തിന്റെ ഉന്നതിയില്‍. നഗര ഭരണ സംവിധാനത്തില്‍ മറ്റു നഗരങ്ങളെ പിന്തള്ളി തിരുവനന്തപുരം രാജ്യത്ത് വീണ്ടും ഒന്നാമതെത്തി. ബംഗളൂരു ആസ്ഥാനമായ ജനഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി എന്ന ഏജന്‍സി വിവിധ നഗര ഭരണ ഘടകങ്ങളെ അടിസ്ഥാനമാക്കി മുംബൈ, ഡല്‍ഹി അടക്കം 21 നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണു തിരുവനന്തപുരം രാജ്യത്ത് ഒന്നാമതെത്തിയത്.

പൂണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തെ സര്‍വെയിലും തിരുവനന്തപുരമായിരുന്നു ആദ്യ സ്ഥാനത്ത്. സര്‍വേയുടെ നാലാമത് പതിപ്പില്‍, കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്ന ഡല്‍ഹി നഗരം ഇത്തവണ രണ്ടു സ്ഥാനം താഴേക്കിറങ്ങി ഒന്‍പതാം സ്ഥാനത്താണുള്ളത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഡല്‍ഹി താരതമ്യേന ചെറിയ നഗരങ്ങളേക്കാള്‍ പിന്നിലാണെന്നും സര്‍വ്വേപറയുന്നു.


അവസാന സ്ഥാനങ്ങളില്‍ രാജ്യത്തെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡിഗഡ്, ജെയ്പുര്‍, ലുധിയാന എന്നിവയാണ് ഇടംപിടിച്ചിട്ടുള്ളത്.

മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, പൂണെ എന്നീ നഗരങ്ങള്‍ ചിലവഴിക്കുന്ന തുകയുടെ അന്‍പത് ശതമാനം സ്വയം കണ്ടെത്തുമ്പോള്‍ 21 നഗരങ്ങള്‍ അവരുടെ ചിലവിന്റെ 37 ശതമാനം മാത്രമാണ് സ്വയം കണ്ടെത്തുന്നതെന്നും സര്‍വ്വേ പറയുന്നു.

എന്നാല്‍ ലോകത്തിലെ മറ്റു നഗരങ്ങളോടു താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഏറെ പിന്നിലാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇതു വെളിവാക്കുന്ന പരിശോധനയില്‍ 21 ഇന്ത്യന്‍ നഗരങ്ങള്‍ക്കും 2.1 നും 4.4 നും ഇടയില്‍ മാര്‍ക്കുകള്‍ നേടാനേ സാധിച്ചുള്ളു. ന്യൂയോര്‍ക്കിന് ലഭിച്ച 9.8 മാര്‍ക്കും ലണ്ടന് ലഭിച്ച 9.3 മാര്‍ക്കുമായി ഇന്ത്യന്‍ നഗരങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ പ്രസ്തുത നഗരങ്ങളുടെ മികവ് വളരെ ഉയരത്തിലാണ്.