അമേരിക്കയും തോക്കു സംസ്കാരവും: എന്ന് അവസാനിക്കും ഇൗ ചുട്ടുകൊല്ലൽ?

ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നാണ് ലിബറൽ പാർട്ടിക്കാർ അഭിപ്രായപ്പെടുന്നത്. വ്യക്തികൾ തോക്ക് കൈവശം വയ്ക്കുന്നതിനെ അവർ എതിർക്കുന്നു. എന്നാൽ കൺസർവേറ്റീവ് പാർട്ടി എല്ലായിപ്പോഴും തോക്കിനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. സ്വയരക്ഷയ്ക്കുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് അവർ പറയുന്നു. നിയമം അനുസരിക്കുന്ന പൗരന്മാരുടെ കൈവശം തോക്കുകൾ ഉള്ളത് കുറ്റകൃത്യം കുറയ്ക്കുമെന്ന വിചിത്രമായ വാദം അവർ ഉയർത്തുന്നു.

അമേരിക്കയും തോക്കു സംസ്കാരവും: എന്ന് അവസാനിക്കും ഇൗ ചുട്ടുകൊല്ലൽ?

അമേരിക്കയിൽ നിന്നും വെടിവയ്പ്പു വാർത്തകൾ വരുന്നത് പതിവാണ്. അത് വംശീയവിദ്വേഷമാകാം സമനില തെറ്റിയ ആരെങ്കിലും പ്രയോഗിക്കുന്നതാകാം തർക്കങ്ങളോ പക പോക്കലോ ആകാം. എന്ത് കാരണമായാലും ‘തോക്ക്’ പ്രധാനസാന്നിധ്യമായി ഉണ്ടാകും. തോക്കിന്റെ കാര്യത്തിൽ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള ഇന്ത്യയിൽ നിന്നും ആലോചിക്കുമ്പോൾ അത്ഭുതപ്പെടുത്തുന്നതായിരിക്കും അമേരിക്കയുടെ തോക്ക് സംസ്കാരം. ആർക്കും എളുപ്പത്തിൽ തോക്ക് ലഭ്യമാകുന്ന അവസ്ഥ അമേരിക്കയിൽ ഉണ്ടായതിന്റെ പശ്ചാത്തലം എന്താണ്?


അല്പം ചരിത്രം

1776 ലെ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു തോക്ക് സംസ്കാരത്തിന്റെ ഉത്ഭവം. ബ്രിട്ടീഷുകാർക്കെതിരെ സമരം നടക്കുമ്പോൾ മുഴുനീള പട്ടാളസേവനം നിലനിർത്താനുള്ള സാമ്പത്തികവും താല്പര്യവും സർക്കാരിനുണ്ടായിരുന്നില്ല. പൗരന്മാർ സ്വയരക്ഷയ്ക്കായി സ്വന്തം നിലയിൽ യുദ്ധം ചെയ്യണമെന്ന അവസ്ഥയായിരുന്നു അന്നവിടെ. അതിനെ സഹായിക്കാൻ വേണ്ടി വരുത്തിയ നിയമപരിഷ്കരണമാണ് ‘ആയുധം സൂക്ഷിക്കാനും കൊണ്ടുനടക്കാനുമുള്ള അവകാശം’ എന്ന പേരിൽ തോക്ക് എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ എത്തിയത്. വിപ്ലവം കഴിഞ്ഞെങ്കിലും സ്വാതന്ത്ര്യം കിട്ടിയെങ്കിലും അമേരിക്കക്കാർ ആ നിയമം റദ്ദാക്കാനോ പരിഷ്കരിക്കാനോ മെനക്കെട്ടില്ല. ആർക്കു വേണമെങ്കിലും തോക്ക് വാങ്ങിക്കാം ഉപയോഗിക്കാം എന്ന സൗകര്യം ഇപ്പോഴും അമേരിക്കയിൽ നിലവിലുള്ളതിന്റെ കാരണം അതാണ്.

വേട്ടയാടാനും വിനോദത്തിനുമായി തോക്ക് ഉപയോഗിക്കാറുണ്ടെങ്കിലും പ്രധാനമായും തോക്ക്  അമേരിക്കക്കാർക്ക് പൊങ്ങച്ചത്തിന്റെ ഭാഗമായി മാറി എന്നും പറയാം. രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു ആളെക്കൊല്ലിത്തോക്ക്. ഒരു തോക്ക് കൈയ്യിലിരിക്കുന്നത് അന്തസ്സാണെന്ന് അമേരിക്കയിലെ പൗരന്മാർ വിശ്വസിച്ച് പോയി.

തോക്ക് സംസ്കാരം, തർക്കങ്ങൾ

‘തോക്ക് സംസ്കാരം’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് ചരിത്രകാരനായ റിചാർഡ് ഹോഫ്സ്റ്റാഡ്ലർ ആയിരുന്നു. അമേരിക്കക്കാരുടെ തോക്കിനോടുള്ള ഭ്രമം രാജ്യം ഉണ്ടാകുമ്പോൾ മുതൽ മുളച്ചതും അമേരിക്കൻ വിപ്ലവ ചരിത്രവും സാംസ്കാരിക മിത്തും കൂടിക്കലർന്നതാണെന്ന് രാഷ്ട്രീയശാസ്ത്രജ്ഞൻ റോബർട്ട് സ്പിറ്റ്സർ പറയുന്നു.

ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ തോക്ക് കൈവശം വയ്ക്കുന്നത് അമേരിക്കക്കാരാണ്. അമേരിക്കയിലെ തോക്ക് ദശാബ്ധങ്ങളായി വാദപ്രതിവാദങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.

പൊതുജനം തോക്ക് കൈവശം വയ്ക്കുന്നതിനെ ചെറുക്കുന്ന നിയമഭേദഗതി വരുത്തിയെങ്കിലും 2008 ഇൽ സുപ്രീം കോടതി ആ ഭേദഗതി റദ്ദാക്കി. വ്യക്തികൾക്ക് ആയുധം കൈവശം വയ്ക്കാനുള്ള അവകാശം ഉണ്ടെന്ന് കോടതി വിധിച്ചു.

2012 ഡിസംബറിൽ കണക്റ്റിക്കട്ടിലുണ്ടായ വെടിവയ്പ്പിൽ 20 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ട സംഭവം വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. പട്ടാളമട്ടിലുള്ള ആയുധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഒബാമ ഭരണകൂടത്തിനോട് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു. എന്തായാലും, സെമി-ഓട്ടോമാറ്റിക് മാരകായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമനിർമ്മാണം 2013 ലെ സെനറ്റിൽ പരാജയപ്പെട്ടു.

ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നാണ് ലിബറൽ പാർട്ടിക്കാർ അഭിപ്രായപ്പെടുന്നത്. വ്യക്തികൾ തോക്ക് കൈവശം വയ്ക്കുന്നതിനെ അവർ എതിർക്കുന്നു. എന്നാൽ കൺസർവേറ്റീവ് പാർട്ടി എല്ലായിപ്പോഴും തോക്കിനെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. സ്വയരക്ഷയ്ക്കുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് അവർ പറയുന്നു. നിയമം അനുസരിക്കുന്ന പൗരന്മാരുടെ കൈവശം തോക്കുകൾ ഉള്ളത് കുറ്റകൃത്യം കുറയ്ക്കുമെന്ന വിചിത്രമായ വാദം അവർ ഉയർത്തുന്നു.

ഇരുഭാഗങ്ങളും തമ്മിലുള്ള വടം വലിയ്ക്കിടയിൽ രക്ഷപെട്ടു പോകുന്നത് തോക്കുകൾ തന്നെയാണ്. എപ്പോഴും എവിടെയും ജീവന് ഭീഷണിയുയർത്തി, തീതുപ്പാനൊരുങ്ങി കീശകളിൽ സഞ്ചരിക്കുകയാണ് തോക്കുകൾ. ലിനോയ്സ്, അലാസ്ക്, നെബ്രാസ്ക, അലബാമ തുടങ്ങിയ തോക്കുപിന്തുണ സംസ്ഥാനങ്ങളുടെ നിലപാടുകൾ തോക്ക് നിയന്ത്രണം അസാധ്യമാക്കിത്തീർക്കുന്നു.

അമേരിക്കയിൽ തോക്ക് വ്യാപാരം വലിയ വിപണിയാണെന്ന കാര്യം കൂടി പറയേണ്ടതില്ലല്ലോ. തോക്ക് നിർമ്മാതാക്കളും വ്യാപാരികളും ഒഴുക്കുന്ന പണത്തിന്റെ കൊഴുപ്പ് കൂടിയാകുമ്പോൾ തോക്കുകൾ കുറച്ച് കൂടി അഹങ്കാരം ഭാവിക്കും.

ഒബാമയുടെ തോക്ക് നിരോധനത്തിനെ പൊതുജനം പിന്തുണച്ചിരുന്നെങ്കിലും യു എസ് കോൺഗ്രസ്സിന്റെ കൂടി പിന്തുണ ഇല്ലാതെ നിയമം നടപ്പിലാക്കാൻ കഴിയില്ലായിരുന്നു.

ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം പ് സ്വയം തോക്കുധാരിയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗൺ-ഫ്രീ ഇടങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൺസർവേറ്റിവുകളുടെ തോക്കുപ്രേമം അവസാനിപ്പിക്കുമെന്ന് ട്രം പ് പറഞ്ഞതും വിശ്വസിച്ചിരിക്കുകയാണ് അമേരിക്കൻ ജനത. എന്ത് തീരുമാനം ഉണ്ടാകുമെന്ന കാത്തിരുന്ന് കാണണം.