ചോർന്നത് പത്രക്കുറിപ്പ്; സംഭവിച്ചത് പേഴ്സണൽ സ്റ്റാഫിന്റെ അത്യാവേശം, അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി, ഊറിച്ചിരിച്ച് ഉമ്മൻചാണ്ടി

ബജറ്റ് അവതരണത്തിനു ശേഷം മാധ്യമപ്രവർത്തകർക്കു നൽകാൻ തയ്യാറാക്കിയ പത്രക്കുറിപ്പ് ധനകാര്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പത്തുമണിയോടെതന്നെ സുഹൃത്തുക്കൾക്ക് ഇമെയിൽ ചെയ്തിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെത്തിയത്.

ചോർന്നത് പത്രക്കുറിപ്പ്; സംഭവിച്ചത് പേഴ്സണൽ സ്റ്റാഫിന്റെ അത്യാവേശം, അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി, ഊറിച്ചിരിച്ച് ഉമ്മൻചാണ്ടി

ഡോ. തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രതിപക്ഷനേതാവിന്റെ കൈയിലെത്തിയത് പ്രധാനനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പത്രക്കുറിപ്പ്. ബജറ്റ് അവതരണത്തിനു ശേഷം മാധ്യമപ്രവർത്തകർക്കു നൽകാൻ തയ്യാറാക്കിയ പത്രക്കുറിപ്പ് ധനകാര്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പത്തുമണിയോടെതന്നെ സുഹൃത്തുക്കൾക്ക് ഇമെയിൽ ചെയ്തിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെത്തിയത്.  ഇതിൽ ധനക്കമ്മിയും റവന്യൂ കമ്മിയും രേഖപ്പെടുത്തിയ ധനസൂചകങ്ങൾ കൂടി ഉണ്ടായിരുന്നതോടെ പ്രതിപക്ഷത്തിന്റെ പണി എളുപ്പമായി.


ബജറ്റ് അവതരണം അലങ്കോലപ്പെട്ടതിലുളള ഈർഷ്യ മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ഐസക്കിനോട് സഭയ്ക്കുള്ളിൽവെച്ചുതന്നെ അറിയിക്കുകയും ചെയ്തു. വീഴ്ച വരുത്തിയ സ്റ്റാഫിന്റെ കാര്യത്തിൽ കടുത്ത നടപടികൾക്ക് അദ്ദേഹം നിർദ്ദേശിക്കുമെന്നും സൂചനയുണ്ട്.

യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ഉമ്മൻചാണ്ടി അവതരിപ്പിച്ചപ്പോഴും ചില രേഖകൾ ചോർന്നിരുന്നു. അന്ന് സുപ്രധാനമായ ഒരു ബജറ്റ് രേഖയാണ് അതേപടി മാധ്യമങ്ങൾക്ക് ലഭിച്ചത്. ആ സാഹചര്യത്തിൽ പ്രത്യേകിച്ചും കരുതലെടുക്കേണ്ടതായിരുന്നു എന്ന വിമർശനത്തിനും ധനകാര്യമന്ത്രി മറുപടി പറയേണ്ടി വരും.

കൈയടി പ്രതീക്ഷിച്ചു തയ്യാറാക്കിയ വമ്പൻ പ്രഖ്യാപനങ്ങൾ അടങ്ങിയ ബജറ്റ് അവതരണത്തിന്റെ ശോഭ കെട്ടു എന്നതിൽ സംശയമില്ല. ഇക്കാര്യം പരമാവധി പ്രയോജനപ്പെടുത്താൻ പ്രതിപക്ഷം രംഗത്തിറങ്ങിക്കഴിഞ്ഞു.  ബജറ്റ് ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ധനകാര്യമന്ത്രിയുടെ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read More >>