ഐസക്കേ... പ്രശ്നം രാഷ്ട്രീയ ജാഗ്രതയാണ്; നൽകിയത് അതില്ലാത്തതിന്റെ വിലയും!

ബജറ്റ് നിർദ്ദേശങ്ങൾ മന്ത്രിസഭയിലെ തോമസ് ഐസക്കിന്റെ മാർക്സിസ്റ്റുകാരായ സഹപ്രവർത്തകർ പോലും അറിയുന്നതിനു മുമ്പ് ജയ് ഹിന്ദിലെയും വീക്ഷണത്തിലെയും പത്രപ്രവർത്തകരിലെത്തി. എന്നിട്ടും ദേശാഭിമാനിയിലെയോ കൈരളിയിലെയോ മാധ്യമപ്രവർത്തകർ അറിഞ്ഞതുമില്ല. എന്തൊരു മറുവശമാണത്! ബജറ്റു വിവരങ്ങൾ അവർക്കു കിട്ടിയത് വീക്ഷണത്തിലെ ജീവനക്കാരിൽ നിന്നാണത്രേ.

ഐസക്കേ... പ്രശ്നം രാഷ്ട്രീയ ജാഗ്രതയാണ്; നൽകിയത് അതില്ലാത്തതിന്റെ വിലയും!

ബജറ്റ് അവതരിപ്പിക്കുന്നത് നിയമസഭയിലാണ്. അതിനു മുന്നേ വായിച്ചു കേൾക്കുന്നത് മുഖ്യമന്ത്രി മാത്രവും. ധനമന്ത്രി പ്രസംഗം വായിക്കുമ്പോഴാണ് സ്പീക്കറും സഹമന്ത്രിമാരും എംഎൽഎമാരും വിവരങ്ങൾ അറിയുന്നത്. പ്രഖ്യാപനങ്ങളും നികുതി നിർദ്ദേശങ്ങളും വാർഷിക സ്റ്റേറ്റുമെന്റും കമ്മിയുമൊക്കെ അവർക്കു മുന്നേ മാധ്യമപ്രവർത്തകരോ മറ്റുള്ളവരോ അറിയേണ്ട കാര്യമില്ല.

ബജറ്റു പ്രസംഗത്തിന്റെ പൂർണരൂപം നിയമസഭാ സാമാജികരുടെ കൈവശമെത്തുന്നതിനേക്കൾ മുമ്പേ സുപ്രധാന വിവരങ്ങൾ മാധ്യമപ്രവർത്തകർക്കു കൈമാറുന്നത് അനൌചിത്യമാണ്. എന്തു പ്രൊഫഷണലിസത്തിന്റെ പേരിലായാലും.


ജനാധിപത്യവ്യവസ്ഥയിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അവരുടേതായ സ്ഥാനമുണ്ട്. ആ ജോലി അവർ ചെയ്യണം. അവരുടെ ജോലി എളുപ്പമാക്കാനുളള ഉത്തരവാദിത്തം മന്ത്രിമാരോ അവരുടെ ഓഫീസോ ഏറ്റെടുക്കേണ്ടതില്ല. ധനമന്ത്രി പ്രസംഗം വായിക്കുമ്പോൾ ശ്രദ്ധിച്ചിരുന്ന് കേട്ട് വിവരങ്ങൾ തെറ്റാതെ മനസിലാക്കി സ്ക്രോളും ബ്രേക്കിംഗ് ന്യൂസും കൊടുക്കേണ്ടത് മാധ്യമപ്രവർത്തകരുടെ തൊഴിലിന്റെ ഭാഗമാണ്. അതിനാണ് അവർക്കു ശമ്പളം നൽകുന്നത്. അവിടെ അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം ധനകാര്യമന്ത്രിയുടെ ഓഫീസ് ഏറ്റെടുക്കേണ്ടതില്ല. അതൊരു വശം.

അതിനെക്കാൾ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്.

ബജറ്റ് നിർദ്ദേശങ്ങൾ മന്ത്രിസഭയിലെ തോമസ് ഐസക്കിന്റെ മാർക്സിസ്റ്റുകാരായ സഹപ്രവർത്തകർ പോലും അറിയുന്നതിനു മുമ്പ് ജയ് ഹിന്ദിലെയും വീക്ഷണത്തിലെയും പത്രപ്രവർത്തകരിലെത്തി. അവരിലൂടെ സകല പ്രതിപക്ഷ എംഎൽഎമാരിലും. എന്നിട്ടും ദേശാഭിമാനിയിലെയോ കൈരളിയിലെയോ മാധ്യമപ്രവർത്തകർ അറിഞ്ഞതുമില്ല. എന്തൊരു മറുവശമാണത്. ബജറ്റു വിവരങ്ങൾ അവർക്കു കിട്ടിയത് വീക്ഷണത്തിലെ ജീവനക്കാരിൽ നിന്നാണത്രേ.

അങ്ങനെയും പരാതികൾ ഉയർന്നു കഴിഞ്ഞു. അതിനർത്ഥം സിപിഐഎം നേതാവായ ധനമന്ത്രിയുടെ ഓഫീസിൽ നിന്നു സുപ്രധാന വിവരങ്ങൾ അറിയിക്കാനുള്ള ഇമെയിൽ പട്ടികയിൽ ദേശാഭിമാനിയിലെയും കൈരളിയിലെയും മാധ്യമപ്രവർത്തകരുടെ വിലാസങ്ങൾ ഇല്ലെന്നാണ്. പാർടി പത്രത്തിലും ചാനലിലും വിയർപ്പൊഴുക്കുന്നവർക്ക് സ്വയം തിരിച്ചറിയാനുള്ള ഇത്തരം അവസരങ്ങൾ അപൂർവമായേ സംഭവിക്കാറുള്ളൂ. അടിപൊളിയെന്നല്ലാതെ എന്തു പറയാൻ!

ബജറ്റു  പത്രക്കുറിപ്പിന്റെ ചോർച്ച സിപിഐഎമ്മിനെ സംബന്ധിച്ച് പ്രധാനമാകുന്നത് ഇങ്ങനെയൊക്കെയാണ്. ബജറ്റ് നിർദ്ദേശങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ തോമസ് ഐസക്കിന്റെ സഹപ്രവർത്തകരായ മന്ത്രിമാരും സംസ്ഥാന കമ്മിറ്റിയിലെ സഹപ്രവർത്തകരായ എംഎൽഎമാരും അറിയുന്നതിനു മുന്നേ കോൺഗ്രസ് പത്രത്തിലും ചാനലിലും എത്തി. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലും.

അങ്ങനെ സംഭവിക്കാൻ പാടില്ല. യുഡിഎഫ് ഭരിക്കുമ്പോൾ തിരിച്ചും. അതിലൊരു ജാഗ്രതയുടെ പ്രശ്നമുണ്ട്.

മന്ത്രിമാരുടെ ഓഫീസിലെ രാഷ്ട്രീയനിയമനങ്ങൾ പ്രധാനമാകുന്നത് ഇവിടെയാണ്. പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരാരും തങ്ങൾ സേവിക്കുന്നത്  കോൺഗ്രസ് നേതാവിനെയാണോ സിപിഎം നേതാവിനെയാണോ എന്നു പരിഗണിക്കാറില്ല. ആ മെയ് വഴക്കം അവരുടെ തൊഴിലിന്റെ ഭാഗമാണ്.  അതൊരു കുറ്റമോ കുറവോ അല്ല.  പബ്ലിക് റിലേഷൻസ് സൌഹൃദങ്ങളിൽ രാഷ്ട്രീയവുമില്ല. എല്ലാവരും സുഹൃത്തുക്കളാണ്. അല്ലെങ്കിൽ, എല്ലാവരെയും അങ്ങനെയേ കാണാവൂ. മറ്റൊരു ലോകമാണത്. നിർദ്ദോഷ സഹായത്തിന്റെ ഇര കൊരുത്തു ചൂണ്ടയെറിയുമ്പോൾ പ്രത്യുപകാരം എന്നു ലഭിക്കുമെന്ന ചോദ്യം അവിടെ ആരെയും അലട്ടാറില്ല.

വാർത്തകളോടുള്ള കറ തീർന്ന പ്രൊഫഷണൽ സമീപനമുള്ള മാധ്യമപ്രവർത്തകന് ദേശാഭിമാനിയെന്നോ വീക്ഷണമെന്നോ ഭേദവിചാരവും തോന്നേണ്ടതില്ല. വാർത്തയാണു പ്രധാനം. ദേശാഭിമാനിയിലാവുമ്പോൾ ദേശാഭിമാനിയോട് വിശ്വസ്തരാവുക. വീക്ഷണത്തിലാകുമ്പോൾ തിരിച്ചും. ജനം ടിവിയിൽ ചെന്നാൽ അവിടെയും ശോഭിക്കണം.

എന്നാൽ ഈ ഫ്ലക്സിബിലിറ്റി ഒരു മന്ത്രിയോഫീസിലെ രാഷ്ട്രീയനിയമനത്തിന് അധികയോഗ്യതയാകാമോ? കുഴയ്ക്കുന്ന ചോദ്യമാണ്. കെ എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറിയെ എത്ര പ്രൊഫഷണൽ മികവു തെളിയിച്ചാലും ഐസക്കിനു പരിഗണിക്കാൻ പറ്റില്ല. സംഗതി റിസ്കാണെന്ന് രാജ്യഭരണത്തെക്കുറിച്ച് അന്തവും കുന്തവും അറിയാത്തവരും തലകുലുക്കും.

പ്രൊഫഷണലുകളുടെ വൈദഗ്ധ്യം ഉപയോഗിക്കരുതെന്നല്ല. പക്ഷേ, കറതീർന്ന രാഷ്ട്രീയ ജാഗ്രത ആവശ്യമുള്ള ചുമതലകളിൽ തീരുമാനം പാളിപ്പോകാൻ സാധ്യതയേറെയാണ്. അവരുടെ ദൈനംദിന തൊഴിൽ ബന്ധങ്ങളിൽ പ്രയോഗിക്കുന്ന സാമാന്യയുക്തി, രാഷ്ട്രീയ നേതാക്കളുടെ ഭാവിയടക്കം ഭീഷണിയിലാക്കും. ഒന്നും മനഃപൂർവമല്ല. പക്ഷേ, ചിലതു സംഭവിക്കുമ്പോൾ അങ്ങനെയൊക്കെയായിപ്പോകും.

അതുകൊണ്ടാണ്, എണ്ണമറ്റ രാപ്പകലുകൾ നീണ്ട ഐസക്കിന്റെ അധ്വാനം ഒറ്റനിമിഷം കൊണ്ടു ശോഭകെട്ടുപോയത്. ആറ്റുനോറ്റു തയ്യാറാക്കിയ പ്രസംഗം പരാജിതനായ ഒരു എംടി നായകനെപ്പോലെ അദ്ദേഹത്തിന് പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

പൂച്ചയെയോ എലിയെയോ രൂപകമാക്കി ഈ വിഷയത്തിൽ ഒരു  കവിത ഏതു നിമിഷവും കേരളത്തിനു മുന്നിലെത്താം. ഒരുപക്ഷേ, നാളെത്തന്നെ...

മുക്കാലേ മുണ്ടാണിയും എംടിയ്ക്കു സമർപ്പിക്കപ്പെട്ട ബജറ്റിന്റെ നിയോഗം!

Read More >>