ഡിജിറ്റൽ ഇടപാടിന്  ജനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി നികുതി നൽകേണ്ടിവരും; ഈ വർഷം പ്രതീക്ഷിക്കുന്നത്  26000 കോടി രൂപ

കഴിഞ്ഞ വർഷം 6750 കോടി രൂപയാണ് ഡിജിറ്റൽ ഇടപാടുകളിലൂടെ സർക്കാരിനും ബാങ്കുകൾക്കും ലഭിച്ചത്.  ഡിജിറ്റൽ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ചാർജ്ജുകളിലൂടെ ഈ വർഷം 26000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഡിജിറ്റൽ ഇടപാടിന്  ജനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി നികുതി നൽകേണ്ടിവരും; ഈ വർഷം പ്രതീക്ഷിക്കുന്നത്  26000 കോടി രൂപ

എടിഎം ഉപയോഗം അടക്കം ഡിജിറ്റല്‍ ഇടപാടുകളിലൂടെ സര്‍ക്കാരിനും ബാങ്കുകള്‍ക്കും ലഭിക്കുന്ന വരുമാനം ഈ വര്‍ഷം നാലിരട്ടിയാകും. കഴിഞ്ഞ വര്‍ഷം 6750 കോടി രൂപയാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസുകളിലൂടെ ലഭിച്ചത്. നോട്ടു നിരോധനത്തിലൂടെ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് മാറിയതിനാല്‍ ഇതിലൂടെയുള്ള വരുമാനം 26000 കോടി രൂപയായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

നോട്ട് നിരോധനത്തിന് മുമ്പ് രാജ്യത്തെ 90 ശതമാനം ഇടപാടുകളും കറന്‍സി വഴിയായിരുന്നു. പത്ത് ശതമാനം പേരാണ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 135 ലക്ഷം കോടി രൂപയായിരുന്നു ഉപഭോക്താക്കള്‍ ചെലവവിച്ചത്. 0.5 ശതമാനമാണ് ഇടപാടുകള്‍ക്ക് ചുമത്തുന്ന ഫീസ്. പത്ത് ശതമാനം, അതായത് 13.5 ലക്ഷം കോടി രൂപ ഡിജിറ്റല്‍ ഇടപാടിലൂടെ കൈമാറ്റം ചെയ്തപ്പോള്‍ 6750 കോടി രൂപയാണ് ഫീസിനത്തില്‍ ലഭിച്ചത്.


നോട്ട് നിരോധനത്തിന് ശേഷം ഈ വര്‍ഷം രാജ്യത്ത് 30 ശതമാനം ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് മാറുമെന്നാണ് കണക്ക്കൂട്ടുന്നത്. 170ലക്ഷം കോടി രൂപയുടെ ഇടപാട് നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്ത് നടക്കും. ഇതിന്റെ മുപ്പത് ശതമാനമായ 51 ലക്ഷം കോടി രൂപ ഡിജിറ്റല്‍ ഇടപാടിലൂടെ നടന്നാല്‍ 26000 കോടി രൂപയാണ് ചാര്‍ജ് ഈടാക്കുന്നതിലൂടെ ലഭിക്കുന്നത്.

അഞ്ച് വിധത്തിലുള്ള നികുതിയാണ് ഇടപാടുകള്‍ക്ക് സര്‍ക്കാരും ബാങ്കുകളും ചുമത്തിയിട്ടുള്ളത്. മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്, നിശ്ചിത തവണയില്‍ കൂടുതലുള്ള എടിഎം ഉപയോഗം, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ്, മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇടാക്കുന്ന തുക എന്നീ ചാര്‍ജ്ജുകളാണ് ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാസം നിശ്ചിത തവണയില്‍ കൂടുതല്‍ എടിഎം ഇടപാട് നടത്തുന്നതിന് എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. എടിഎം ഇടപാടുകള്‍ നിയന്ത്രിച്ചാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിക്കുമെന്നാണ് ബാങ്കുകളുടെ വാദം.