കാട്ടിലുണ്ട് ചേച്ചി ദിവ്യ: ആറുമക്കളുടെ പതിനെട്ടുകാരി അമ്മ, മുല്ല അവര്‍ക്കൊരു ചെടിയല്ല!

വാളയാര്‍ ആറ്റുപതി വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ താണ്ടിയാല്‍ എത്തുന്ന തേന്‍വാര മലയടിവാരത്തിലാണ് പതിനെട്ടുകാരി ദിവ്യയും ആറു കുഞ്ഞുങ്ങളും താമസിക്കുന്നത്. ദിവ്യ കണ്ണീര്‍ തുള്ളിയില്‍ നിന്ന് മഴവില്ല് തീര്‍ക്കുന്ന അവിസ്മരണീയമായ കാഴ്ച കാണുക

കാട്ടിലുണ്ട് ചേച്ചി ദിവ്യ: ആറുമക്കളുടെ പതിനെട്ടുകാരി അമ്മ, മുല്ല അവര്‍ക്കൊരു ചെടിയല്ല!

അന്നത്തെ ആ പ്രഭാതം ദിവ്യയ്ക്ക് മറക്കാനാകില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2013 നവംബര്‍ 26, അന്ന്  എട്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന ദിവ്യയെ അമ്മ ധനലക്ഷ്മി സ്‌കൂളിലേക്ക് വിടാനായി അണിയിച്ച് ഒരുക്കുകയായിരുന്നു. കണ്ണെഴുതി മുടി കെട്ടിയിടുമ്പോള്‍ അമ്മ പറഞ്ഞു

' മോള്‍ വലുതായാല്‍ നഴ്‌സ് ആകണം. അമ്മയ്ക്ക് അതാണ് ഇഷ്ടം' അതുവരെ പ്രത്യേകിച്ച് ഒന്നുമാകാന്‍ ആഗ്രഹമില്ലാതിരുന്ന ദിവ്യയുടെ മനസ്സില്‍ അത് പതിഞ്ഞു.


'വലുതായാല്‍ നഴ്‌സ് ആകണം'

അന്ന് ഉച്ചക്ക് രണ്ടു മണിക്ക്  സ്‌കൂളിലേക്ക് വിളിക്കാന്‍ രണ്ടു പേര്‍ വന്നു. അച്ഛന് കാലില്‍ മുറിഞ്ഞു, ആശുപത്രിയിലാണ്. വിളിക്കാന്‍ വന്നതാണെന്നാണ് അവര്‍ പറഞ്ഞത്. വീടെത്തുമ്പോഴെ കണ്ടു, നിറയെ ആള്‍ക്കാര്‍. അച്ഛന് എന്താണ് പറ്റിയതെന്നു ചിന്തിക്കും മുമ്പെ നിലത്ത് മരിച്ചു കിടക്കുന്ന അമ്മയെ കണ്ടു.

ഉച്ചക്ക് 12 മണിയോടെ തൊട്ടടുത്ത പുഴയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു അമ്മ. ഒരു നെഞ്ചു വേദന വന്നു. വീടെത്തിയതും കിടന്നുറങ്ങി. ഉണരാതെ ആയപ്പോള്‍ മുത്തശ്ശി കൈയിലെ ഞരമ്പ് പിടിച്ച് നോക്കി മരിച്ച കാര്യം സ്ഥിരീകരിച്ചു. പിന്നെ കുറച്ചു ദിവസങ്ങള്‍ കൂടിയെ ദിവ്യ സ്‌കൂള്‍ കണ്ടുള്ളു.

താൻ നഴ്‌സ് ആകണമെന്ന അമ്മയുടെ വലിയ സ്വപ്നം മനസ്സില്‍ വെച്ച് വെറും പതിനഞ്ച് വയസിലേ അവള്‍ ആറു സഹോദരങ്ങള്‍ക്ക് അമ്മയായി. അവരുടെ ചേച്ചിയമ്മ.

ഇപ്പോള്‍ നാലു വയസുള്ള ജനനിക്കും അഞ്ചു വയസുള്ള അരുണയ്ക്കുമൊന്നും അമ്മയെ കണ്ട ഓര്‍മ്മ പോലുമില്ല. അവര്‍ കണ്ട അമ്മ ദിവ്യയാണ്.

ദീപ (14), സുമിത (13), ശരണ്‍ (11), സിന്ധു (8) അരുണ (5), ജനനി (4) തുടങ്ങിയ സഹോദരങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിലേറെയായി അമ്മയാണ് പതിനെട്ടിലേക്ക് കടന്ന ചേച്ചി ദിവ്യ.

വാളയാര്‍ ആറ്റുപതി തേന്‍വാര മലയടിവാരത്തിലാണ് ദിവ്യയും സഹോദരങ്ങളും അച്ഛന്‍ ദണ്ഡപാണിയും താമസിക്കുന്നത്. കാട്ടാനകളും വന്യജീവികളും ഉള്ള കാട്ടിട വഴിയിലൂടെ മൂന്ന് കിലോമീറ്ററിലേറെ ദൂരം നടന്നാലെ ഇവരുടെ വീട് കാണാന്‍ കഴിയൂ.

അവിടെ മണ്‍കട്ടകള്‍ കൊണ്ട് തീര്‍ത്തൊരു കൊച്ചു വീട്. അതാണവരുടെ വനസ്വര്‍ഗ്ഗം.

ചെറുപ്പം മുതലേ ഹൃദ്രോഗിയായിരുന്ന അമ്മ ധനലക്ഷ്മി മുപ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ ആറു മാസം ഗര്‍ഭിണിയായിരുന്നു. മുപ്പത് വയസിനുള്ളില്‍ ഒരു ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ദിവ്യയുടെ അച്ഛന്‍ പ്രണയിച്ച് വിവാഹം കഴിച്ചതു മുതല്‍ ധനലക്ഷ്മിയെ വീട്ടുകാര്‍ ഉപേക്ഷിച്ചു. ഭാര്യയ്ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞതുമില്ല. ചെറിയ രോഗം വന്നാല്‍ പോലും മൂന്നാലു കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന്, പിന്നെ ബസ് കയറി ഡോക്ടറെ ചെന്നു കാണല്‍ ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നതിനാല്‍ അത് ചെയ്തതുമില്ല.

മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ എങ്ങനെ ആശുപത്രിയില്‍ പോകുമെന്ന് ആ അമ്മയും ചിന്തിച്ചു കാണും.

'ഉടന്‍ മരിക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ജീവിച്ചത്. പക്ഷെ അമ്മക്ക് വേറെ വഴിയില്ലായിരുന്നു. ഞങ്ങള്‍ക്കൊന്നും അപ്പോഴത് അറിയില്ലായിരുന്നു. അനിയത്തിമാരെ നോക്കണമെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ഞാനത് ചെയ്യുന്നുണ്ട്. എന്നെ നഴ്‌സ് ആക്കാനുള്ള അമ്മയുടെ ആഗ്രഹം അതിനി സാധിക്കുമോ ? പഠിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ സാധിക്കും.? അനിയത്തിമാര്‍ കാണാതെ കണ്ണീര്‍ തുടച്ചു കൊണ്ട് ദിവ്യ ചോദിച്ചു.വീടും സ്ഥലവും നില്‍ക്കുന്ന ഒരേക്കര്‍ പറമ്പിനോട് ചേര്‍ത്ത് ദിവ്യ നിറയെ കുറ്റിമുല്ല ചെടികള്‍ നട്ടിട്ടുണ്ട്. ഇതില്‍ നിന്ന് കിട്ടുന്ന പൂക്കള്‍ ആഴ്ച്ചയിലൊരിക്കല്‍ കോയമ്പത്തൂര്‍ മാര്‍ക്കറ്റിലേക്ക് അച്ഛന്റെ കയ്യില്‍ കൊടുത്തു വിടും. ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപ വരെ ഇതിന് വില കിട്ടും. ഇതാണ് കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗം. കൂടാതെ മൂന്നു പശുക്കളും നാലഞ്ചു നാടന്‍ കോഴികളുമുണ്ട്.

കൂലിപ്പണിക്കാരനായ അച്ഛന് ഇടക്ക് വല്ലപ്പോഴും മാത്രമാണ് ജോലി ഉണ്ടാവുക. പലരോഗങ്ങളുടെ അവശതയാല്‍ അച്ഛന് അതുതന്നെ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. അതുകൊണ്ട് അച്ഛന്‍ ഉള്‍പ്പടെ ഏഴാളുടെ താങ്ങാണ്   ചേച്ചി ദിവ്യ.

രാവിലെ അഞ്ച് മണിക്ക് മുമ്പായി ദിവ്യയുടെ ദിവസം തുടങ്ങും. ഗ്യാസും മറ്റു സൗകര്യങ്ങളുമില്ലാത്ത വീട്ടില്‍ അടുപ്പ് പുകച്ചു തന്നെ വേണം ഭക്ഷണം ഉണ്ടാക്കാന്‍. രാവിലെ ഏഴുമണി മുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കണം. നിത്യേന അഞ്ചു വയസുകാരി അരുണയേയും നാലു വയസുകാരി ജനനിയേയും സ്‌കൂളില്‍ കൊണ്ടു വന്നാക്കാന്‍  കാട്ടു വഴികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി ആറ് കിലോമീറ്റര്‍ ദൂരം നടക്കണം. കൂടെ കൊച്ചു കുഞ്ഞുങ്ങളും.

സ്‌കൂളില്‍ പോകുന്ന പതിനാലുകാരി ദീപ നിത്യേന ഈ വഴികള്‍ നടന്ന് ബസ് കയറി കോഴിപ്പാറ സ്‌കൂളിലേക്ക് പോകും. അവിടെ ഒമ്പതാം തരത്തിലാണ് അവള്‍ പഠിക്കുന്നത്. സുമിതയും ശരണും കൊഴിഞ്ഞാമ്പാറ ഹൈസ്‌കൂളിലാണ് പഠിക്കുന്നത്. സുമിത എട്ടിലും ശരണ്‍ ആറിലുമാണ്.

കുട്ടികളെ സ്‌കൂളിലാക്കിയ ശേഷം ഒരേക്കര്‍ സ്ഥലത്തെ കുറ്റിമുല്ല ചെടികള്‍ വെള്ളം കോരി നനയ്ക്കണം. പശുക്കളെ പരിപാലിക്കണം. വൈകിട്ട് മൂന്നു മണിയാവുമ്പോഴേക്കും കുട്ടികളെ കൊണ്ടു വരാനായി പോകണം. എല്ലാം കഴിഞ്ഞ് നടു ചായ്ക്കുമ്പോള്‍ രാത്രി പത്തു മണി കഴിയും.

മൂന്നു മാസം മുമ്പ് വരെ ദിവ്യയുടെ അച്ഛമ്മ വേലത്ത വീട്ടില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് അവര്‍ മരിക്കുന്നതു വരെ അവരുടെ കാര്യങ്ങളും ദിവ്യ തന്നെയാണ് നോക്കിയിരുന്നത്.

മക്കളെല്ലാം പഠിച്ച് ഉയരങ്ങളില്‍ എത്തണമെന്നായിരുന്നു അമ്മ ധനലക്ഷ്മിയുടെ ആഗ്രഹം. ദിവ്യയ്ക്ക് സാധിച്ചില്ലെങ്കിലും അമ്മയുടെ ആഗ്രഹത്തിനൊത്ത് തന്നെയാണ് എല്ലാവരും പഠിക്കുന്നത്. എല്ലാവരും അവരവര്‍ പഠിക്കുന്ന സ്‌കൂളില്‍ ഫസ്റ്റാണ്.

ഒമ്പതില്‍ പഠിക്കുന്ന ദീപയ്ക്ക് കൃഷി ഓഫീസര്‍ ആകാനാണ് ആഗ്രഹം. മൂന്നാമത്തെ കുട്ടി സുമിതക്ക്  സിവില്‍ സര്‍വീസിനു പോകണം. ഏക ആണ്‍കുട്ടി ശരണിന് മിലിട്ടറി ഓഫീസറാകണം. ബാക്കിയുള്ളവര്‍ക്ക് ടീച്ചര്‍മാര്‍. ഇതൊക്കെ ഈ കുട്ടികള്‍ക്ക് സാധിക്കുമെന്ന് അവരോട് സംസാരിച്ചാല്‍ തന്നെ മനസിലാകും.

വീട്ടില്‍ ടി വി ഇല്ലെങ്കിലും പത്രമില്ലെങ്കിലും സ്‌കൂളില്‍ നിന്നും മറ്റും കിട്ടുന്ന പുസ്തകങ്ങള്‍ വായിച്ച് പൊതുവിജ്ഞാനത്തിലും ഇവര്‍ മുന്നിലാണ്. സ്‌കൂളില്‍ തന്നെ ഒന്നാമതെത്തുന്ന ഇവരാണ് സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും നാട്ടിലെ എല്ലാവര്‍ക്കും മാതൃക.

കാട്ടാനകളും മറ്റു വന്യമൃഗങ്ങളുമുള്ള സ്ഥലമാണ്. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്ന പ്രദേശമായിട്ടു കൂടി ദിവ്യയുടെ കൃഷിക്ക് ഒരു തരത്തിലുള്ള നാശവും ഉണ്ടാക്കിയിട്ടില്ല. ഒരു പക്ഷെ മൃഗങ്ങള്‍ക്ക് ഒരു അനുകമ്പ തോന്നുന്നുണ്ടാവാം.  സര്‍ക്കാറില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ഒരു തരത്തിലുള്ള അനുകമ്പയും ലഭിച്ചിട്ടുമില്ല. അതിനെ പറ്റി ചോദിച്ചപ്പോള്‍ ദിവ്യ പറഞ്ഞു, മുല്ല ഈ കുഞ്ഞുങ്ങളെ സംബന്ധിച്ച് ഒരു ചെടിയല്ല എന്നുറപ്പിച്ച വരികള്‍

Image result for jasmine flower"ഇവിടെ മുല്ലപൂക്കള്‍ ഉണ്ടാകുന്നിടത്തോളം കാലം, എനിക്കെന്തെങ്കിലും ജോലി ചെയ്യാന്‍ കഴിയുന്നിടത്തോളം എന്റെ സഹോദരങ്ങള്‍ പട്ടിണി കിടക്കില്ല. ഇത്രയും കാലം കഴിഞ്ഞില്ലെ.. ദൈവം സഹായിച്ചാല്‍ ഇനിയും ഇങ്ങനെയൊക്കെ അങ്ങനെ ജീവിക്കും"