വിനായകന്‍ അവാര്‍ഡ് പ്രഖ്യാപനം കേട്ടത് കമ്മട്ടിപ്പാടത്ത്: രാജീവ് രവിയ്ക്ക് നന്ദിയര്‍പ്പിച്ച് മണികണ്ഠനും വിനായകനും

'നന്ദി രാജീവ് രവി. സംസ്ഥാനം അംഗീകരിച്ചതില്‍ സന്തോഷം' -അവാര്‍ഡില്‍ സന്തോഷം പ്രകടിപ്പിച്ച് വിനായകനും മണികണ്ഠനും.

വിനായകന്‍ അവാര്‍ഡ് പ്രഖ്യാപനം കേട്ടത് കമ്മട്ടിപ്പാടത്ത്: രാജീവ് രവിയ്ക്ക് നന്ദിയര്‍പ്പിച്ച് മണികണ്ഠനും വിനായകനും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സന്തോഷം പ്രകടിപ്പിച്ച് വിനായകനും മണികണ്ഠനും. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വിനായകന്‍ കൊച്ചിയില്‍ പറഞ്ഞു. അവാര്‍ഡിനെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയിലടക്കം കമ്മട്ടിപ്പാടത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. ഈ വര്‍ഷം തുടക്കംമുതല്‍ ആ ചര്‍ച്ചകളുണ്ട്. കമ്മട്ടിപ്പാടം, ഗംഗ, വിനായകന്‍ എന്നൊക്കെ ചര്‍ച്ചകളില്‍ കേട്ടിരുന്നു. അവാര്‍ഡിന്റെ ക്രെഡിറ്റ് കമ്മട്ടിപ്പാടത്തിന്റെ സംവിധായകന്‍ രാജീവ് രവിയ്ക്കും അര്‍ഹതപ്പെട്ടതാണ്. അദ്ദേഹത്തിനു നന്ദി പറയുന്നുവെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ് പ്രഖ്യാപന സമയത്ത് വിനായകന്‍ കമ്മട്ടിപ്പാടത്തിലാണ് ചെലവഴിച്ചത്.


അവാര്‍ഡ് ഗുരുവായ രാജീവ് രവിയ്ക്കും കമ്മട്ടിപ്പാടം സഹപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി മികച്ച സ്വഭാവ നടന്‍ മണികണ്ഠന്‍ ആചാരി പറഞ്ഞു. വിനായകന് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. എന്റെ സംസ്ഥാനം എന്നെ അംംഗീകരിച്ചതായിട്ടാണ് അവാര്‍ഡിനെ കാണുന്നത്. കമ്മട്ടിപ്പാടത്തിലെ ബാലനെ വിശ്വസിച്ച് ഏല്‍പ്പിച്ച സംവിധായകന് രാജീവ് രവിയോടു നന്ദിയുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു.

അവാര്‍ഡ് ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് രജിഷ വിജയന്‍ പറഞ്ഞു. രാവിലെ സുഹൃത്തുക്കള്‍ വിളിച്ചു വിവരം അറിയിക്കുമ്പോഴും വിശ്വസിച്ചില്ല. തനിക്കുള്ള ബഹുമതി അനുരാഗ കരിക്കിന്‍വെള്ളം സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്കു സമര്‍പ്പിക്കുന്നുവെന്നും രജിഷ വിജയന്‍ പറഞ്ഞു.

സംസ്ഥന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ വിനായകനും മണികണ്ഠനുമാണ് സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ടെലിവിഷന്‍ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും മുന്‍വര്‍ഷങ്ങളില്‍ കഴിവുള്ള അഭിനേതാക്കളെ അവഗണിച്ചിരുന്നുവെങ്കിലും ഇത്തവണത്തേത് തകര്‍ത്തുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രേമികള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.