പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രസവം; തലശ്ശേരി അതിരൂപതയുടെ വിവാദ നിലപാട് പെണ്‍വീട്ടുകാര്‍ക്ക് എതിരെ

കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ന്യായീകരണ ശ്രമവുമായി തലശ്ശേരി അതിരൂപത രംഗത്തെത്തിയത്. സംഭവത്തില്‍ മാദ്ധ്യമങ്ങളേയും ഉദ്യോഗസ്ഥരേയും പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും പഴി ചാരാനുള്ള ശ്രമമാണ് രൂപത നടത്തുന്നത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രസവം; തലശ്ശേരി അതിരൂപതയുടെ വിവാദ നിലപാട് പെണ്‍വീട്ടുകാര്‍ക്ക് എതിരെ

വൈദികന്‍ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവം മറച്ചുവെച്ച ക്രിസ്തുരാജ് ആശുപത്രിയ്‌ക്കെതിരെ കേസെടുത്തതില്‍ തലശ്ശേരി അതിരൂപതയ്ക്ക് അമര്‍ഷം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ സ്ത്രീയ്ക്ക് അടിയന്തര വൈദ്യസഹായം ചെയ്തത് ക്രിമിനല്‍കുറ്റമായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് അതിരൂപതയുടെ വാദം. മാദ്ധ്യമങ്ങളുടെ ഭാവനാ നിര്‍മ്മിത കഥകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കപ്പെടുകയാണെന്നും രൂപത ആരോപിച്ചു.


പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടി പ്രസവിച്ചത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതില്‍ അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ഡോക്ടര്‍മാരായ കന്യാസ്ത്രികളെ പ്രതിചേര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ന്യായീകരണവുമായി രൂപത രംഗത്തെത്തിയിരിക്കുന്നത്.

വൈദികന്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തിന്റെ മറവില്‍ ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യാനുള്ള നീക്കം അപലപനീയമാണെന്ന് അതിരൂപത ആരോപിക്കുന്നു. പെണ്‍കുട്ടി മറ്റൊരു ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്തതു പ്രകാരമാണ് ക്രിസ്തുരാജ് ആശുപത്രിയിലെത്തിയത്. അവിടെ നിന്നും കിട്ടിയ കുറിപ്പില്‍ കുട്ടി പ്രായപൂര്‍ത്തിയയതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുറിപ്പ് പ്രകാരമാണ് കുട്ടിയെ ചികിത്സിച്ചതെന്നും ആശുപത്രിയെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന്റെ ലക്ഷ്യം നിഗൂഢമാണെന്നുമാണ് അതിരൂപതയുടെ ആരോപണം.

പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പ്രസവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ക്രിമിനല്‍ കുറ്റമല്ല. അതിനാല്‍ പ്രസവ വിവരം പൊലീസിലോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലോ റിപ്പോര്‍ട്ട് ചെയ്തില്ല എന്നത് അടിസ്ഥാന രഹിതമാണെന്നാണ് രൂപതയുടെ ന്യായീകരണം.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ നിന്നാണ് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. പ്രായവിവരം തെറ്റെന്നറിഞ്ഞപ്പോല്‍ തന്നെ ചൈല്‍ഡ് ലൈനിലേക്കും പൊലീസിലേക്കും ആവശ്യമായ വിവരം നല്‍കിയെന്നും രൂപത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

പ്രതിസ്ഥാനത്ത് വൈദികനായതിനാല്‍ സഭാസ്ഥാപനം ഗൂഢാലോചന നടത്തി എന്ന മുന്‍ധാരണയിലാണ് മാദ്ധ്യമങ്ങല്‍ കഥ മെനയുന്നതെന്നും രൂപത വിമര്‍ശിക്കുന്നു. മാദ്ധ്യമങ്ങളുടെ കഥയ്ക്ക് അനുസൃതമായി അന്വേഷണ ഉദ്യോഗസ്ഥര്‍ നീങ്ങുന്നുവെന്നും ആരോപണമുണ്ട്. ഇത് നിയമവ്യവസ്ഥയോടുള്ള അവഹേളനമാണെന്നും നിരപരാധികള്‍ അന്യായമായി കേസിലേയ്ക്ക് വലിച്ചിഴക്കപ്പെടരുതെന്നും രൂപത പറയുന്നു.

അവിവാഹിതയായി പ്രസവിച്ച സ്ത്രീയുടേയും കുഞ്ഞിന്റേയും അഭിമാനം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങള്‍ നടപടി സ്വീകരിക്കുന്നതിനെ ആശുപത്രി അധികൃതര്‍ക്ക് എതിര്‍ക്കാന്‍ കഴിയുമോ എന്നും രൂപത ചോദിക്കുന്നു. രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ കാരണങ്ങളാലും ആശുപത്രികള്‍ തമ്മിലുള്ള കിടമത്സരങ്ങളുടെ പേരിലും നിക്ഷിപ്ത താല്‍പര്യമുള്ളവര്‍ ഉന്നയിക്കുന്ന വാദഗതികള്‍ കുറ്റപത്രം പോലെ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നും രൂപത ആരോപിക്കുന്നു.

കുട്ടിയുടെ പ്രായത്തെ സംബന്ധിച്ച് മാതാപിതാക്കളുടെ സാക്ഷ്യമാണ് ആശുപത്രി അധികൃതര്‍ വിശ്വസിച്ചതെന്നും അതിരൂപത പറയുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വരി പോലും ഖേദം പ്രകടിപ്പിക്കാത്ത അതിരൂപതയാണ് ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ കഥകള്‍ മെനയുന്നെന്നും ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Read More >>