മകളെ വിവാഹം ചെയ്തു വഞ്ചിച്ചു പീഡിപ്പിച്ചയാളെ തെലങ്കാന രാഷ്ട്ര സമിതി നേതാവ് വെട്ടിക്കൊന്നു

പീഡനത്തെ തുടര്‍ന്ന് ജയിലിലായ രാജേഷ് ദിവസങ്ങള്‍ക്കകം ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരുന്നു. ഇതില്‍ മനംനൊന്ത് ശ്യാം സുന്ദറിന്റെ മകള്‍ നാഗാര്‍ജുന സാഗറില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് റെഡ്ഡി രാജേഷിനെ വധിച്ചതെന്നു പൊലീസ് പറയുന്നു.

മകളെ വിവാഹം ചെയ്തു വഞ്ചിച്ചു പീഡിപ്പിച്ചയാളെ തെലങ്കാന രാഷ്ട്ര സമിതി നേതാവ് വെട്ടിക്കൊന്നു

തന്റെ മകളെ വിവാഹം ചെയ്തു വഞ്ചിച്ച് പീഡിപ്പിച്ചയാളെ തെലങ്കാന രാഷ്ട്ര സമിതി നേതാവ് വെട്ടിക്കൊന്നു. ഹൈദ്രാബാദ് സൈദാബാദിലെ തെലങ്കാന രാഷ്ട്ര സമിതി നേതാവായ ശ്യാം സുന്ദര്‍ റെഡ്ഡിയാണ് മകളെ പീഡിപ്പിച്ച കേസില്‍ തടവുശിക്ഷ അനുഭവിച്ച രാജേഷ് (32) എന്നയാളെ വെട്ടിക്കൊന്നത്. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി ഇബ്രാഹിം പട്ടണം പൊലീസ് ശ്യാം സുന്ദര്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തു.

പീഡനത്തെ തുടര്‍ന്ന് ജയിലിലായ രാജേഷ് ദിവസങ്ങള്‍ക്കകം ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരുന്നു. ഇതില്‍ മനംനൊന്ത് ശ്യാം സുന്ദറിന്റെ മകള്‍ നാഗാര്‍ജുന സാഗറില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് റെഡ്ഡി രാജേഷിനെ വധിച്ചതെന്നു പൊലീസ് പറയുന്നു.


തുര്‍ക്കയാംസലിലെ മിത്രാ ബാറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബാറില്‍ നിന്നും സുഹൃത്തുമൊത്തു നടന്നുവരികയായിരുന്ന രാജേഷിനെ കത്തിയുമായി റെഡ്ഡി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രാജേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. മകളെ വിവാഹം ചെയ്തു വഞ്ചിച്ചു പീഡിപ്പിച്ച രാജേഷിനെതിരെ പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു റെഡ്ഡിയെന്നാണ് പൊലീസ് പറയുന്നത്.

2014 ലാണ് എല്‍ബി നഗറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ വച്ച് രാജേഷും റെഡ്ഡിയുടെ 22-കാരിയായ മകളും തമ്മില്‍ വിവാഹിതരാവുന്നത്. എന്നാല്‍ രാജേഷ് തന്നെ വഞ്ചിക്കുകയായിരുന്നെന്നും അയാള്‍ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടെന്നുമുള്ള കാര്യം പിന്നീടാണ് പെണ്‍കുട്ടി അറിയുന്നത്. ഇതോടെ അവര്‍ ചൈതന്യപുരി സ്റ്റേഷനില്‍ രാജേഷിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ രാജേഷ് ജാമ്യം കിട്ടി കഴിഞ്ഞവര്‍ഷം ജൂണില്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുകയും ചെയ്തു. പ്രതി ജാമ്യം ലഭിച്ച് സുഖമായി ജീവിക്കുന്നതില്‍ മനംനൊന്ത പെണ്‍കുട്ടി കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി പോയപ്പോള്‍ നാഗാര്‍ജുന സാഗറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തിനുശേഷം അറസ്റ്റിലായ രാജേഷിനെ ഒരു വര്‍ഷത്തെ തടവു ശിക്ഷയ്്ക്കാണ് ശിക്ഷിച്ചത്. എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ രാജേഷിനെ കൊല്ലാന്‍ റെഡ്ഡി കാത്തിരിക്കുകയായിരുന്നെന്ന് ഇബ്രാഹിംപട്ടണം എസിപി എസ് മല്ല റെഡ്ഡി പറയുന്നു. അതേസമയം, ഹനുമാന്‍ ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അധ്യക്ഷനായ രാജേഷിനെതിരെ എല്‍ബി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പത്തോളം ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായും എസിപി അറിയിച്ചു.