ഒറ്റയ്ക്കൊരു സംഘടനയായി സുനില്‍ ടീച്ചര്‍, അശരണര്‍ക്കായി നിര്‍മ്മിച്ചത് 68 വീടുകള്‍!

ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ ഈ കോളേജ് അധ്യാപിക അശരണര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത് 68 വീടുകളാണ്. കോളേജ് അധ്യാപികയായ സുനില്‍ ടീച്ചറുടെ കരുതലില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍.

ഒറ്റയ്ക്കൊരു സംഘടനയായി സുനില്‍ ടീച്ചര്‍, അശരണര്‍ക്കായി നിര്‍മ്മിച്ചത് 68 വീടുകള്‍!

ഏനാത്ത് മുകളുവിടയില്‍ ശാമുവലിന് ഇഷ്ടമുള്ള ഒരു പേരായിരുന്നു അത്- "സുനില്‍".  തനിക്ക് ഒരു മകന്‍ ജനിക്കുകയാണെങ്കില്‍ അവന് നല്‍കണം എന്നു ഉറപ്പിച്ചു മനസ്സില്‍കൊണ്ടുനടന്ന പേര്. എന്നാല്‍ അദ്ദേഹത്തിനു ജനിച്ചത് ഒരു പെണ്‍കുഞ്ഞായിരുന്നു. അതിന്റെ പേരില്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം ഉപേക്ഷിച്ചു കളയുവാന്‍ അദ്ദേഹം തയ്യാറായില്ല. മകള്‍ക്കദ്ദേഹം സുനില്‍ എന്നു പേരിട്ടു; ഇത് ആ സുനിലിന്‍റെ കഥയാണ്!

വര്‍ഷങ്ങള്‍ക്കു ശേഷം ആ പെണ്‍കുട്ടി വളര്‍ന്നു വലുതായി ഒരു അധ്യാപികയായി മാറി. ഡോ. എംഎസ് സുനില്‍ എന്ന പേര് ജനങ്ങള്‍ക്കിടയില്‍ പരിചിതവുമായി. ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ ഈ അധ്യാപിക അശരണര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത് 68 വീടുകളാണ്. ഇവരുടെ കരുതലില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍. നൂറുകണക്കിനു പേര്‍ക്ക് അന്നവും ചികിത്സയും മാസം മുടങ്ങാതെ ഇവര്‍ എത്തിക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്തേക്കു ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ മുന്നില്‍ നിന്നും വഴികാട്ടുന്നതും സുനില്‍ ടീച്ചര്‍ തന്നെ. ഒരായിരം പേര്‍ക്കു സുനില്‍ ടീച്ചര്‍ പ്രചോദനമാകുമ്പോള്‍, താന്‍ കടന്നുവന്ന വഴികളെയും കടന്നെത്തേണ്ട ലക്ഷ്യങ്ങളെയും പറ്റി നാരദാ ന്യൂസിനോടു മനസ്സു തുറക്കുന്നു.


സുനില്‍ ടീച്ചര്‍ ജനങ്ങള്‍ക്കു നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ എണ്ണം 68 എത്തിയിരിക്കുന്നു. ഇത്രവലിയ ഒരു നേട്ടത്തെ എങ്ങനെ കാണുന്നു?


ആദ്യമേ ഞാന്‍ തിരുത്തട്ടെ, നേട്ടമല്ല ഇത്. കടമയാണ്. ദാരിദ്ര്യം അനുഭവിക്കുന്നവരും അശരണരായവരുമാണ് ഞാന്‍ വെച്ചു നല്‍കിയ വീടുകള്‍ക്ക് ഉടമകളായി മാറിയവര്‍. അങ്ങനെയുള്ളവരെ സഹായിക്കുക എന്നുള്ളത് എന്റെ മാത്രമല്ല നാം ഓരോരുത്തരുടേയും കടമയാണ്. ഞാനതു മറ്റുള്ളവരുടെ സഹായത്തോടെ ചെയ്യുന്നു. ഇത് എന്റെ മാത്രം നേട്ടമായി ഉയര്‍ത്തിക്കാട്ടുവാനും എനിക്കു താല്‍പര്യമില്ല. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമായാണ് ഞാന്‍ ഇതിനെക്കാണുന്നത്.

[caption id="attachment_85558" align="aligncenter" width="640"] പറക്കോട്ടു വച്ചു നൽകിയ 68മത്തെ വീടിൻ്റെ താക്കോൽദാനച്ചടങ്ങ്[/caption]

കഴിഞ്ഞ ദിവസമായിരുന്നു ഞങ്ങള്‍ വച്ചുനല്‍കിയ 68 മത്തെ വീടിന്റെ ഗൃഹപ്രവേശം നടന്നത്. പറക്കോട് പുറമ്പോക്കില്‍ താമസിക്കുന്ന സാവിത്രിയെന്ന അമ്മയ്ക്കാണ് അന്നു ഒരു കിടപ്പാടമുണ്ടായത്. മറ്റു മൂന്നു വീടുകളുടെ ജോലികള്‍ നടന്നു വരുന്നു. 2006 മുതല്‍ 2017 വരെയുള്ള കാലത്തിനിടയിലാണ് ഇത്രയും വീടുകള്‍ വച്ചു നല്‍കിയതെന്നുള്ളത് ഒരര്‍ത്ഥത്തില്‍ വലിയൊരു കാര്യം തന്നെയാണ്. എന്നാല്‍ ഇതില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഒരു പ്രവൃത്തി ചെയ്യണം എന്നു മനസ്സിലുറപ്പിച്ചു ഒരാള്‍ ഇറങ്ങിയാല്‍ നമുക്കത് നിഷ്പ്രയാസം സാധിക്കുമെന്നു തന്നെയാണ്.

പത്തുവര്‍ഷം, 68 വീടുകള്‍. ഇതിനാവശ്യമുള്ള ഫണ്ട് ശേഖരണം എങ്ങനെയായിരുന്നു?പ്രവൃത്തിക്കാന്‍ മനസ്സുണ്ടായാല്‍ അതിനുള്ള വഴിയും തെളിയും. ഈ നിര്‍മ്മിച്ച 68 വീടുകളില്‍ രണ്ടു വീടുകള്‍ മാത്രമേ ഞാന്‍ സ്വന്തം കൈയില്‍ നിന്നും കാശ് ചെലവാക്കി നിര്‍മ്മിച്ചിട്ടുള്ളു. സേവന സന്നദ്ധരായി ഈ രംഗത്തേക്കു കടന്നു വന്ന പലരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു. പല പ്രമുഖരും അക്കൂട്ടത്തിലുണ്ട്. ഞങ്ങള്‍ നിര്‍മ്മിച്ച ഒരു വീടിന്റെ താക്കോല്‍ദാനത്തിനെത്തിയ മാര്‍ത്തോമ്മാ സഭയിലെ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത രണ്ടു വീടുകള്‍ക്കുള്ള ധനസഹായവും നല്‍കിയാണ് മടങ്ങിയത്. അതുപോലെ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി ജെ കുര്യന്‍, സംവിധായകന്‍ ജൂഡ് ആന്തണി, പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത എന്നിവരൊക്കെ മനസ്സറിഞ്ഞു സഹായിച്ചവരാണ്.

പേരുവെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ടു ധനസഹായവുമായി എത്തിയ നിരവധി പേരുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു വീടുവയ്ക്കുന്നവര്‍ അര്‍ഹരായ ഒരാള്‍ക്കു കൂടി വീടു നിര്‍മ്മിച്ചു നല്‍കാന്‍ മുന്നോട്ടു വന്ന സംഭവങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടായ്മയിലൂടെയാണ് ഈ വീടുകള്‍ മുഴുവന്‍ ഉയര്‍ന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള നല്ല കാര്യങ്ങള്‍ക്കു സാമ്പത്തികമായി സഹായിക്കാന്‍ താല്‍പര്യമുള്ള ഒത്തിരിപ്പേരുണ്ട്. നേതൃത്വം നല്‍കാനാണ് ആളില്ലാത്തത്. അതു ഞാന്‍ ചെയ്യുന്നു.

വീടു നല്‍കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡം എന്താണ്?

സ്വാഭാവികമായും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് അര്‍ഹതാ മാനദണ്ഡം നിശ്ചയിക്കുന്നത്. സ്വയം വരുമാനമില്ലാത്തവരേയും രോഗികളായി അവശത അനുഭവിക്കുന്നവരെയും അന്വേഷണങ്ങളിലൂടെ കണ്ടെത്തും. ഇപ്പോള്‍ അപേക്ഷകളുമായി പലരും എത്തുന്നുണ്ട്. അവരില്‍നിന്നും അപേക്ഷ സ്വീകരിച്ച് സൂക്ഷ്മ പരിശോധനയിലൂടെ അര്‍ഹരായവരെ കണ്ടെത്തുന്നു.

ഇതിനിടയില്‍ ഒരുചെറിയ പ്രശ്നമുണ്ട്. പലരും വീടുവച്ചു നല്‍കേണ്ട, അതിനുള്ള പണം നല്‍കിയാല്‍ മതി എന്നുപറയാറുണ്ട്. അതിനു കഴിയില്ലെന്നു അവരോടുപറഞ്ഞു മനസ്സിലാക്കും.

ഈ രംഗത്തേക്കുള്ള കടന്നുവരവ്?


പത്തനംതിട്ട കാത്തലിക് കോളേജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറെന്ന നിലയിലുള്ള പരിചയമാണ് ഈ രംഗത്ത് സജീവമായി ഇടപെടാന്‍ എന്നെ പ്രാപ്തയാക്കിയതെന്നാണ് എന്റെ പക്ഷം. 2005 മുതല്‍ ഞാന്‍ ഈ സ്ഥാനത്തുണ്ട്. എന്‍എസ്എസിലെ കുട്ടികള്‍ക്കൊപ്പം ആദിവാസി മേഖലകളില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ തികച്ചും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒന്നായിരുന്നു. അവിടെ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസികള്‍ക്കു ഭക്ഷണവും വസ്ത്രവും നല്‍കിക്കൊണ്ടായിരുന്നു സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.ആദിവാസികള്‍ക്കു ഭക്ഷണം നല്‍കുമ്പോള്‍ വെറും ചോറു മാത്രം കഴിച്ച് കറികള്‍ അവര്‍ ബാക്കിവയ്ക്കുമായിരുന്നു. ഇത് എന്തുകൊണ്ടാണെന്നു അന്വേഷിച്ചപ്പോഴാണ് ആ സത്യം എനിക്കു മനസ്സിലായത്. അവര്‍ കറികള്‍ കൂട്ടി ശീലിച്ചിട്ടില്ല. ചോറു മാത്രമാണ് അവരുടെ ഭക്ഷണം. കറികള്‍ കൂട്ടിയാണ് ചോറു കഴിക്കാനെന്നുള്ള തിരിച്ചറിവു പോലും അവര്‍ക്കുണ്ടായിരുന്നില്ല.

2005-2006ല്‍ കാത്തലിക് കോളേജിലെ പി ജി വിദ്യാര്‍ത്ഥിനിയായ ആശയ്ക്കു വേണ്ടിയായിരുന്നു ആദ്യത്തെ വീടു നിര്‍മ്മിച്ചുനല്‍കിയത്. പഠനത്തില്‍ മിടുക്കിയായിരുന്നു ആശ. എന്നാല്‍ സ്വന്തമായി ഒരു വീടിന്റെ പിന്‍ബലം അവള്‍ക്കില്ലായിരുന്നു. പ്രാരാബ്ധങ്ങള്‍ മാത്രമായിരുന്നു കൂട്ട്. ആശയുടെ കഥയറിഞ്ഞതോടെ അവളെ എങ്ങനെയെങ്കിലും സഹായിക്കണമെന്നു ഞാന്‍ ഉറപ്പിച്ചു. ഇക്കാര്യം ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. സംഭവം അറിഞ്ഞു പലരും സഹായിക്കാനായിമുന്നോട്ടു വന്നു. വീടു നിര്‍മ്മാണത്തില്‍ ജോലി ചെയ്തും മറ്റും കുട്ടികളും കൂടെയുണ്ടായിരുന്നു. അങ്ങനെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയായിരുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍?വീടുനിര്‍മ്മിച്ചു നല്‍കുന്നതിനൊപ്പം മറ്റു കാര്യങ്ങളിലും ഞങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. എംജി സര്‍വകലാശാലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള ബഹുമതി രണ്ടുപ്രാവശ്യം ലഭിച്ച വ്യക്തികൂടിയാണ് ഞാന്‍. നേരത്തേ സൂചിപ്പിച്ചല്ലോ ആദിവാസി ഊരുകളിലെ ഉടപെടലുകളെപ്പറ്റി. അവര്‍ക്കു ഭക്ഷണവും വസ്ത്രവും നല്‍കുന്ന പ്രവര്‍ത്തി ഇപ്പോഴും തുടരുന്നു. ഇവരെ സ്ഥിരമായ ഒരിടത്തു താമസിപ്പിക്കുന്നതിന്റെ ഭാഗമായി കുടിലുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ആദിവാസിക്കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്ന പദ്ധതികളും ഞങ്ങള്‍ തുടരുകയാണ്.

വിദ്യാജ്യോതി എന്ന പദ്ധതിയിലൂടെ അച്ഛനും അമ്മയും നഷ്ടപ്പെട്ട 18 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കുന്നുണ്ട്. കെ വി ജോര്‍ജിന്റെ സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി 5,000 രൂപ സ്‌കോളര്‍ഷിപ്പു നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.ഓണവും ക്രിസ്മസും പ്രമാണിച്ച് 50 കുടുംബങ്ങള്‍ക്കു പലവ്യഞ്ജന- പച്ചക്കറി കിറ്റുകള്‍ നല്‍കിവരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവതികളുള്ള 20 കുടുംബങ്ങള്‍ക്കു പത്തനംതിട്ട മെട്രോ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പെണ്ണാടുകളെ നല്‍കുന്ന പദ്ധതിയും നടന്നുകഴിഞ്ഞു. ഇവ പ്രസവിക്കുമ്പോള്‍ ഒരുപെണ്‍ ആട്ടിന്‍കുട്ടിയെ തിരികെ തരണം എന്ന വ്യവസ്ഥയിലാണ് ആടുകളെ നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന ആട്ടിന്‍കുട്ടികളെ മറ്റാെരു കുടുംബത്തിനു കൈമാറുകയാണ് ചെയ്യുക.

പത്തനംതിട്ട സബ് ജയിലില്‍ ഉള്‍പ്പെടെ രണ്ട് ഡസനോളം ലൈബ്രറികള്‍ സ്ഥാപിച്ചു നല്‍കി. പത്തനാപുരം ഗാന്ധിഭവന്റെ സഹായത്തോടെ തെരുവില്‍ അലയുന്നവരെ സുരക്ഷിത ഇടങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

സാമൂഹ്യസേവന രംഗത്ത് പ്രതിബദ്ധതയോടെയുള്ള സുനില്‍ ടീച്ചറുടെ സഞ്ചാരം തുടരുകയാണ്.