ഏറ്റവും വലിയ സുഖം രതിയാണെന്നു പറഞ്ഞ പെണ്ണേ, ചുറ്റും ആണുങ്ങള്‍ ഇപ്പോഴും ചിതയൊരുക്കി ചിരിക്കുന്നു

അറിവുകൊണ്ട് കരുത്തയായ പെണ്ണിനെ അപവാദം കൊണ്ട് തറപറ്റിച്ച സമൂഹം ആര്‍ത്തു ചിരിച്ചു. അപമാനിതയായ അവള്‍ നേരെ വടക്കോട്ടു നടന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സ്വയം അഗ്‌നികുണ്ഡമൊരുക്കി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു- മുച്ചിലോട്ട് ഭഗവതിയുടേത് ഓരോ പെണ്ണിന്റേയും സത്യമാണ്.

ഏറ്റവും വലിയ സുഖം രതിയാണെന്നു പറഞ്ഞ പെണ്ണേ, ചുറ്റും ആണുങ്ങള്‍ ഇപ്പോഴും ചിതയൊരുക്കി ചിരിക്കുന്നു

മിത്തുകൾ യാഥാർഥ്യവും കെട്ടുകഥകളും വിശ്വാസവും പലപ്പോഴും ഭക്തിയും ഇഴചേർത്ത് പിരിച്ചവയാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റേയും  പാളികൾ എടുത്ത് മാറ്റുമ്പോൾ ലഭിക്കുന്നത് ചരിത്രം തന്നെയെന്ന് സാരം. പെണ്ണിനെക്കുറിച്ചുള്ള മിത്തുകൾക്കും പഞ്ഞമില്ല. പെണ്ണ് ആണിനെ അനുസരിക്കണമെന്നും അവന്റെ പിന്നിൽ ഒതുങ്ങി ജീവിക്കണമെന്നുമുള്ള പാട്രിയാർക്കൽ സമൂഹത്തിന്റെ അലിഖിത നിയമങ്ങൾ പൊതുബോധമായി തുടരുന്ന ഈ കാലത്തും പ്രസക്തമാണ് വടക്കൻ മിത്തുകളിൽ നിന്നുള്ള മുച്ചിലോട്ട് ഭഗവതിയെന്ന പെൺരക്തസാക്ഷിത്വത്തിന്റെ സ്മരണ. അതുകൊണ്ടുതന്നെയാണ് വനിതാ ദിനത്തിൽ ഓർത്തെടുക്കേണ്ട ഒന്നായി മുച്ചിലോട്ട് ഭഗവതിയുടെ കഥ മാറുന്നത്.


[caption id="" align="alignleft" width="268"] മുച്ചിലോട്ട് ഭഗവതി[/caption]

ആണിനെ തോൽപ്പിച്ച പെണ്ണ്

പരശുരാമന്‍ നിര്‍മ്മിച്ചു എന്ന് കരുതപ്പെടുന്ന 64 ഗ്രാമങ്ങളിൽ ഏറ്റവും വിശിഷ്ടം എന്ന് കരുതപ്പെട്ടിരുന്ന ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പാണ് പെരിഞ്ചല്ലൂർ എന്നാണ് ഫോക്‌ലോറിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. വേദ-ശാസ്ത്രങ്ങളിൽ പെരിഞ്ചല്ലൂർ ദേശത്തെ ബ്രാഹ്മണരെ വെല്ലാൻ ആരുമില്ലായിരുന്നു. പുറംദേശക്കാരായ ബ്രാഹ്മണര്‍ പെരിഞ്ചല്ലൂരിൽ വന്ന് തങ്ങളുടെ തര്‍ക്കശാസ്ത്രത്തിലെ അറിവും കഴിവും തെളിയിക്കുക ഒരു പതിവായിരുന്നു.

തർക്കശാസ്ത്രത്തിലും പാണ്ഡിത്യത്തിലും പേര് കേട്ട ഒരു മനയായിരുന്നു രയരമംഗലത്ത് മന. സമസ്ത വിഷയങ്ങളിലും കലകളിലും ശാസ്ത്രത്തിലും വേദങ്ങളിലും പുരാണേതിഹാസങ്ങളിലും അറിവുള്ള ഒട്ടേറെ പ്രഗത്ഭർ തലമുറകളോളം മനയുടെ പേര് നിലനിർത്തിയിരുന്നു. എന്നാൽ ഒരു കാലമായപ്പോഴേക്കും രയരമംഗലത്തെ നമ്പൂതിരിക്ക് സന്താനഭാഗ്യമുണ്ടായില്ല.
കുടുംബത്തിന്റെ പേരും പുകഴും നിലനിർത്താൻ ഒരു സന്താനമുണ്ടാകണമെന്ന പ്രാർഥനകൾക്കൊടുവിൽ മനയിൽ ഒരു പെൺകുഞ്ഞ് പിറന്നു. തര്‍ക്കശാസ്ത്രങ്ങളില്‍ പഴയ പേര് വീണ്ടെടുക്കാന്‍ ഒരു ആണ്‍ കുഞ്ഞു പിറക്കാഞ്ഞതില്‍ നമ്പൂതിരിക്ക് വിഷമം ഉണ്ടായി. എന്നാൽ എല്ലാ വിദ്യകളും അറിവും നേടാൻ നമ്പൂതിരി മകൾക്ക് ഗുരുക്കന്മാരെ നിശ്ചയിച്ചു. പാരമ്പര്യ സ്വത്തായ ഗ്രന്ഥങ്ങളിൽ നിന്ന് അറിവ് പകർന്നു.

സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെന്നല്ല, മുറ്റത്തേക്ക് പോലും ഇറക്കാത്ത കാലമായിരുന്നു അത്. പെണ്ണിന് അക്ഷരവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ ബുദ്ധിയും കഴിവുമുള്ള രയരമംഗലം മനയിലെ പെൺകൊടി പതിനഞ്ച് വയസ്സായപ്പോഴേക്കും വിജ്ഞാനത്തിന്റെ സർവജ്ഞപീഠം കയറിയ നിലയിലായി. സകല വിദ്യയിലും കലയിലും അവൾ പ്രാഗത്ഭ്യം തെളിയിച്ചു. രയരമംഗലം മനയിലെ പെൺകുട്ടിയുടെ പേരും പുകഴും സൗന്ദര്യവും നാട് നീളെ പരന്നു.എന്നാൽ 'വെറും പെണ്ണായ' ഒരുവളുടെ പാണ്ഡിത്യത്തെ അംഗീകരിക്കാൻ പെരിഞ്ചലൂരിലെ നമ്പൂതിരിമാർക്ക് കഴിഞ്ഞില്ല. ലോകത്തിലെ സകല അറിവുകളും നേടിയെന്ന് അഹങ്കരിച്ചിരുന്ന നമ്പൂതിരിമാർ നേരിട്ട് തർക്കത്തിന് വന്നു എന്നാൽ പെൺകുട്ടിക്ക് മുൻപിൽ അവർ ദയനീയമായി പരാജയപ്പെട്ടു. അവരുടെ അഹങ്കാരത്തിനു മാത്രമല്ല ആൺ അധികാരഭാവത്തിന് കൂടി ഏറ്റ അടിയായിരുന്നു ആ പരാജയങ്ങൾ. നേരിട്ട് തോൽപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ ഏതു ദുർമാർഗ്ഗത്തിലൂടെയും പെൺകുട്ടിയെ തോൽപ്പിക്കാൻ അവർ കോപ്പുകൂട്ടി.

പെണ്ണറിവിനെ തോൽപ്പിച്ച ആണിന്റെ അപവാദ കഥകൾ

അങ്ങനെയിരിക്കെ മുറച്ചെറുക്കനുമായി പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചു. വിവാഹത്തിന് മൂന്നു നാള്‍ ശേഷിക്കെ നാടുവാഴി കന്യകയെ കാണാന്‍ വന്നു. പെരിഞ്ചല്ലൂര്‍ നമ്പൂതിരിമാര്‍ തന്റെ നാട്ടിലെ പണ്ഡിതരെ തര്‍ക്കത്തിന് വിളിച്ചിരിക്കുന്നു. നമ്മുടെ നാടിനെ താഴ്ത്തികെട്ടാന്‍ എന്നും ശ്രമിക്കാറുള്ള അവരെ തോല്‍പ്പിക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

അങ്ങനെ പെൺകുട്ടി തർക്കത്തിനൊരുങ്ങി. യഥാർത്ഥത്തിൽ ചതിയായിരുന്നു അത്. ഉടയമംഗലം ക്ഷേത്രമുറ്റമായിരുന്നു തർക്കത്തിനുള്ള വേദി. ആദ്യ രണ്ടു ദിനങ്ങളിലും അവൾ പണ്ഡിതരുടെ ചോദ്യങ്ങൾക്ക് നിസ്സംശയം ഉത്തരം നൽകി. അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവർക്ക് ഉത്തരം മുട്ടി. ആ ദിനങ്ങളിൽ വിജയം അവൾക്കൊപ്പമായിരുന്നു.

ഏതു വിധേനയും അവളെ തോൽപ്പിക്കണമെന്നുറപ്പിച്ച പണ്ഡിതർ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരം മൂന്നാം ദിവസം ചോദ്യമെറിഞ്ഞു.
ഏറ്റവും വലിയ സുഖം ഏത്?
ഏറ്റവും വലിയ വേദന എന്ത്?

ഏറ്റവും വലിയ സുഖം - രതിസുഖം
ഏറ്റവും വലിയ വേദന - പ്രസവ വേദന

അവളുടെ മറുപടിയും പെട്ടെന്നായിരുന്നു. അവളുടെ ശബ്ദത്തിന് പിറകെ പണ്ഡിതരുടെ പരിഹാസച്ചിരി മുഴങ്ങി. രതിസുഖവും പ്രസവവേദനയും അറിഞ്ഞതിനാലാണ് അവൾ പെട്ടന്ന് മറുപടി നൽകിയതെന്നും അവൾ കന്യകയല്ലെന്നും അവർ ആക്രോശിച്ചു. പെൺകുട്ടിയുടെ അച്ഛനുപോലും എതിരുപറയാനായില്ല. ഉടൻതന്നെ അവർ വിധിയെഴുതി. കന്യകയല്ലാത്ത പെണ്ണ് സമുദായത്തിന് ശാപമെന്ന്. അവളെ പടിയടച്ച് പിണ്ഡം വച്ചു. മുറച്ചെറുക്കനും തുണയ്ക്കെത്തിയില്ല. കല്യാണം മുടങ്ങി. അവളെ അവർ തെരുവിലേക്ക് ആട്ടിയിറക്കി.

[caption id="attachment_85724" align="alignnone" width="622"] മുച്ചിലോട്ട് ഭഗവതി[/caption]

ആത്മാഹൂതിയും ഉയിർത്തെഴുന്നേൽപ്പും

അറിവുകൊണ്ട് കരുത്തയായ പെണ്ണിനെ അപവാദം കൊണ്ട് തറപറ്റിച്ച സമൂഹം ആർത്തു ചിരിച്ചു. അപമാനിതയായ അവൾ നേരെ വടക്കോട്ടു നടന്നു. കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊരുക്കി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.

അവൾ സ്വയം വിറകുകൂനയൊരുക്കി. അതിൽ ഒഴിക്കാൻ എണ്ണ വേണം. അപ്പോൾ എണ്ണയുമായി ആ വഴി പോയ വാണിയസമുദായത്തിൽ പെട്ട മുച്ചിലോടനോട് വിറകിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ഭ്രഷ്ട് കൽപ്പിച്ച പെണ്ണിന്റെ അടുക്കലേക്ക് വരാൻ പോലും സവർണർ മടിക്കുന്ന സമയത്ത് അവർണജാതിക്കാരനായ മുച്ചിലോടൻ അവൾക്ക് എന്ത് ആവശ്യത്തിനാണെന്നു പോലും ചോദിക്കാതെ എണ്ണ നൽകി.

എണ്ണ പകർന്ന് ജ്വലിപ്പിച്ച അഗ്നികുണ്ഡത്തിലേക്ക് എടുത്ത് ചാടി അവൾ ജീവത്യാഗം ചെയ്തു. പെണ്ണറിവിനെപ്പോലും ഭയപ്പെടുന്ന പാട്രിയാർക്കൽ സമൂഹത്തിനെതിരെ തേജസ്വിനിയായി അവൾ ഉയിർത്തെഴുന്നേറ്റെന്നാണ് കണ്ണൂരുകാരുടെ കഥ. അവസാനനിമിഷത്തിൽ എണ്ണ പകർന്ന് സാന്ത്വനം നൽകിയ മുച്ചിലോടന്റെ ദേവിയായി ആ ബ്രാഹ്മണപെൺകുട്ടി മാറി. 'മുച്ചിലോട്ട് ഭഗവതി' എന്ന തെയ്യക്കോലമായി ആ രക്തസാക്ഷിത്വത്തെ കണ്ണൂരിലെ ദ്രാവിഡർ നെഞ്ചേറ്റി. ചെണ്ടയുടെ രൗദ്രതാളത്തിനൊപ്പം ബ്രാഹ്മണ്യത്വത്തിനും പുരുഷമേൽക്കോയ്മക്കും എതിരെ ഇപ്പോഴും അവളുടെ തോറ്റം പാട്ടുകൾ ഉയർന്നു കേൾക്കാം.