തൊണ്ടങ്ങാ ജോസേട്ടനും ബാക്കി ലോക്കലുകളും: അങ്കമാലി ഡയറീസിലെ 86 താരങ്ങളെ കണ്ടെത്തിയതിങ്ങനെ

മുപ്പതു വയസുള്ള നടന്മാര്‍ ക്ലീന്‍ഷേവ് ചെയ്തു സ്‌കൂള്‍ യൂണിഫോമിടുന്ന മലയാള സിനിമയില്‍ നിന്ന് ഒരുപാട് ദൂരമുണ്ട് അങ്കമാലി ഡയറീസിന്. സ്‌ക്രീനില്‍ തകര്‍ത്താടിയ 86 പുതുമുഖങ്ങളെ കണ്ടെത്തിയ കഥ പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ വി. കൃഷ്ണമൂര്‍ത്തി.

തൊണ്ടങ്ങാ ജോസേട്ടനും ബാക്കി ലോക്കലുകളും: അങ്കമാലി ഡയറീസിലെ 86 താരങ്ങളെ കണ്ടെത്തിയതിങ്ങനെ

"ഞാന്‍ ചെമ്പന്‍ ചേട്ടനെ ടമാര്‍ പഠാറില്‍ പരിചയപ്പെട്ടതാണ്. അവിടം മുതല്‍ ഞങ്ങള്‍ കട്ട ഫ്രണ്ട്സാണ്. അങ്കമാലി ഡയറീസിന്റെ തിരക്കഥാ രചന മുതല്‍ ഞാനൊപ്പമുണ്ടായിരുന്നു. ആദ്യം ചേട്ടന്‍ തന്നെ സംവിധാനം ചെയ്താലോ എന്നൊരു ആഗ്രഹമൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഈ സബ്ജക്ട് ഏറ്റവും നന്നായി ചെയ്യാന്‍ ലിജോ ചേട്ടനേ കഴിയൂ എന്ന് ചെമ്പന്‍ ചേട്ടന്‍ തന്നെ പറഞ്ഞു. കഥ കേട്ടപ്പോള്‍ ലിജോചേട്ടനും ആവേശം. ആരെ അഭിനയിപ്പിക്കുമെന്നാലോചിച്ചപ്പോള്‍ നിലവിലെ താരങ്ങളുടെ മുഖങ്ങള്‍ മനസ്സിലേയ്ക്കു വന്നു. പക്ഷെ മലയാള സിനിമയ്ക്കു നമ്മളെന്തെങ്കിലും കൊടുക്കണം എന്നൊരു ചര്‍ച്ച ഉണ്ടായി.
പുതുമുഖങ്ങളെ വച്ചൊരു കളികളിക്കാമെന്നു ചെമ്പന്‍ ചേട്ടനും ലിജോ ചേട്ടനും കൂടി തീരുമാനിച്ചു. വളരെ പെട്ടന്ന് തീരുമാനം എടുത്ത് ഞെട്ടിച്ചിട്ടുള്ള ആള്‍ക്കാരാണ് രണ്ടുപേരും. അങ്ങനെ രണ്ടുപേരുംകൂടി തീരുമാനിച്ചു, പടം ഓണായി. ഒന്നര മാസത്തിനുള്ളില്‍ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചത്. ഈ സമയം കൊണ്ട് 86 പുതുമുഖങ്ങളെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുകയെന്നത് കടുത്ത വെല്ലുവിളിയാണ്.നടക്കുമോയെന്നു പോലും ശങ്കിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ രൂപഭാവങ്ങളെക്കുറിച്ച് ചെമ്പന്‍ ചേട്ടന് ഏകദേശ ധാരണയുണ്ടായിരുന്നു. അങ്ങനെയുള്ള ആള്‍ക്കാരെ കണ്ടെത്തിയെടുക്കാമെന്ന വിശ്വാസവും. അങ്കമാലി, ചാലക്കുടി, ആലുവ എന്നീ പരിസരങ്ങളില്‍ നിന്നുള്ള ആളുകളെയാണ് വേണ്ടത്. അല്ലാത്തവരെയെടുത്താല്‍ ഭാഷ പരിശീലിപ്പിക്കേണ്ടി വരും.പിന്നത്തെ കാര്യങ്ങളൊക്കെ വളരെ വേഗത്തിലായിരുന്നു. തൃശൂര്‍ ഡ്രാമ സ്‌കൂളില്‍ നടത്തിയ ഓഡീഷനില്‍ നിന്നായിരുന്നു അപ്പാനി രവിയുടെ കൂട്ടുകാരന്‍ രാജനെ (ടിറ്റോ) കിട്ടിയത്. കൊളുത്ത് ജെയ്സണ്‍ തുടങ്ങി കുറച്ചുപേരെയും കൂടി ഡ്രാമ സ്‌കൂളില്‍ നിന്നു പൊക്കി. മരംകൊത്തി സിജോ എന്ന കഥാപാത്രം ലിജോ ചേട്ടന്റെ വീടിനടുത്തുള്ള പയ്യനായിരുന്നു. മരംകൊത്തി ലുക്കുള്ള ആളെ തേടി നടന്നപ്പോഴാണ് സിജോയെ കാണുന്നത്. അവനെ ഉറപ്പിച്ചു. കുഞ്ഞൂട്ടിയുടെ കഥാപാത്രം അവതരിപ്പിച്ച തോക്ക് സിനോജ് എന്നയാള്‍ അങ്കമാലിയില്‍ കാറ്ററിംഗ് നടത്തുന്നയാളാണ്. പരിചയമുണ്ടെന്ന പേരില്‍ ആര്‍ക്കും ഒരുപരിഗണനയും കൊടുത്തിട്ടില്ല. എല്ലാവരെയും ഓഡീഷന്‍ നടത്തിയാണ് തെരഞ്ഞെടുത്തത്. തോക്ക് സിനോജൊക്കെ ഓഡീഷനില്‍ ഞങ്ങളെ ഞെട്ടിച്ചയാളാണ്.പിന്നെ പരസ്യം കൊടുത്തതില്‍ നിന്നു കുറച്ചാളുകള്‍ പ്രതികരിച്ചിരുന്നു. അവരെ ഓഡീഷന്‍ നടത്തി. കാലടി സര്‍വകലാശാലയില്‍ നിന്നാണ് അപ്പാനി രവിയെ (ശരത്) നമുക്ക് കിട്ടുന്നത്.

കഥാപാത്രങ്ങളുടെ ലുക്കുകളില്‍ ലിജോ ചേട്ടന് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ഒരോ ആളുകള്‍ക്കും ഐഡന്റിറ്റി ഉണ്ടാവണം. ഒരേ കളര്‍ടോണ്‍ ആവരുത്. പൊക്കം കൂടിയവരും കുറഞ്ഞവരുമുണ്ടാകണം. ആദ്യത്തെ ഓഡീഷനില്‍ വിജയിച്ചവരെ അടുത്തഘട്ടത്തില്‍ വീണ്ടും ഓഡീഷന്‍ നടത്തി. അതിലും വിജയിച്ചവരെ നമ്മള്‍ ലിജോ ചേട്ടന്റെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്തിയെന്ന പണി മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. ബാക്കിയെല്ലാം ലിജോ ചേട്ടന്റെ കഴിവാണ്. മലയാള സിനിമയ്ക്കു ഒരു താരത്തെക്കൊടുക്കുകയല്ല, കുറച്ചു ആര്‍ട്ടിസ്റ്റുകളെ കൊടുക്കണമെന്നതായിരുന്നു ലിജോ ചേട്ടന്റെയും ചെമ്പന്‍ ചേട്ടന്റെയും ലൈന്‍.അങ്കമാലി-തൃശൂര്‍ റൂട്ടിലെ നഴ്സിങ് കോളേജിന്റെ ഹോര്‍ഡിങ്സില്‍ നിന്നാണ് ചിത്രത്തിലെ ഒരു നായികയായ ലിച്ചിയെ (രേഷ്മ) കിട്ടിയത്. അത് അവരുടെ കണ്ടെത്തലാണ്. ബാര്‍ബര്‍ ശിവനായിട്ട് അഭിനയിച്ചയാള്‍ സംസ്ഥാന അവാര്‍ഡൊക്കെ കിട്ടിയ നാടക നടനാണ്. പുള്ളിയുടെ ശബ്ദമാണ് നമ്മളെ ആദ്യം ആകര്‍ഷിച്ചത്. പെപ്പെയുടെ അമ്മയായി അഭിനയിച്ച ജോളി ചേച്ചിയെയൊക്കെ ആദ്യത്തെ ഓഡീഷനില്‍ തന്നെ ലിജോ ചേട്ടന്‍ സെലക്ട് ചെയ്തു.

തൊണ്ടങ്ങ ജോസ് എന്ന ചേട്ടന്‍ സ്വന്തം പേരിലാണ് അഭിനയിച്ചത്. ചെമ്പന്‍ ചേട്ടനൊക്കെ സ്ഥിരം പോര്‍ക്ക് വാങ്ങുന്നത് തൊണ്ടങ്ങ ജോസേട്ടന്റെ കടയില്‍ നിന്നാണ്. അവിടുത്തെ ഫേയ്മസായ പോര്‍ക്ക് വ്യാപാരിയാണ് ജോസേട്ടന്‍. പിന്നെ അപ്പാനി രവിയും രാജനും ഒരു പന്നി ഫാം കീഴടക്കുന്നുണ്ട്. ആ പന്നി ഫാമിന്റെ ഉടമയെയാണ് കഥാപാത്രമായി സിനിമയില്‍ അവതരിപ്പിച്ചത്. അവരൊക്കെ അങ്കമാലിയിലെ വലിയ പുലികളാണ്. ബാബുജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചയാള്‍ ലിജോ ചേട്ടന്റയൊക്കെ അടുത്ത സുഹൃത്താണ്. അങ്കമാലിയില്‍ ജിം നടത്തുകയാണ് അദ്ദേഹം.പള്ളിയങ്ങാടി ടീമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് അങ്കമാലിയിലെ ഒരു സാദാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അവിടെ നടത്തിയ ഓഡീഷനില്‍ നിന്നാണ് പിള്ളേരെ കിട്ടിയത്. അങ്കമാലിക്കാര്‍ക്കു വേണ്ടി അങ്കമാലി പള്ളിയില്‍ വെച്ചൊരു ഓഡീഷനും നടത്തിയിരുന്നു. ഭയങ്കര രസമുള്ളൊരു പ്രോസസായിരുന്നു ഓഡീഷനെന്നത്. ശരിക്കും ഞാനിതില്‍ അസോസിയേറ്റ് ഡയറക്ടാണ്. കാസ്റ്റിംഗ് എന്നത് ഒരു കൂട്ടായ ശ്രമമായിരുന്നു. കാസ്റ്റിംഗ് ഡിപ്പാര്‍ട്ട്മെന്റിന് ഒരു ലീഡര്‍ വേണമെന്നുള്ളതുകൊണ്ട് ഞാനായി എന്നേയുള്ളു. എല്ലാവരുടെയും ശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ച റിസൾട്ട്.ഞാനും അസിസ്റ്റന്റ് ഡയറക്ടറായ ശരത്തും കൂടി സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഇരിക്കുമ്പോഴാണ് മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിച്ച ജിനോയെ കാണുന്നത്. ജീനോയാണ് ആന്റണിയെക്കുറിച്ച് പറഞ്ഞത്. അവരുടെ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു, ആന്റണി ആ സമയത്ത്. ആന്റണിയോടു ചിത്രങ്ങള്‍ അയച്ചു തരാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. അവന്റെ പടങ്ങൾ ഇഷ്ടപ്പെട്ടു. ഒരു ചെറിയ മഴയുള്ള ദിവസം ചാലക്കുടിയില്‍ വച്ചാണ് ആന്റണിയെ കാണുന്നത്. ചെമ്പന്‍ ചേട്ടനും ലിജോ ചേട്ടനും ഗീരീഷ് ഗംഗാധരനും ഉണ്ടായിരുന്നു. മഴയൊക്കെ നനഞ്ഞാണ് ആന്റണി കയറി വരുന്നത്. ലിജോ ചേട്ടനെ കാണാന്‍ പറ്റിയതിലുള്ള എക്സൈറ്റ്മെന്റായിരുന്നു ആന്റണിയുടെ മുഖം നിറച്ച്. ആന്റണി വന്നിട്ടു പോയപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ഫീല്‍ ചെയ്തു. ഇവന്‍ തന്നെ മതിയെന്നു ലിജോ ചേട്ടന്‍ പറയുകയായിരുന്നു.

ഏതെങ്കിലും ഒരു വേഷം ചെയ്താല്‍ മതിയെന്ന ആഗ്രഹത്തില്‍ വന്നയാളായിരുന്നു ആന്റണി. അവനാണു നായകനെന്ന് അവനോടു ഞങ്ങളും പറഞ്ഞിട്ടില്ലായിരുന്നു. സ്‌ക്രിപ്റ്റ് റീഡിങ്ങിന്റെ അന്നാണ് താനാണു നായകനെന്ന് ആന്റണി അറിഞ്ഞത്.നടന്മാരുടെ ഡെഡിക്കേഷന്‍ ഭയങ്കരമായിരുന്നു. സംഘട്ടന രംഗങ്ങളില്‍ ശരിക്കുള്ള അടിയായിരുന്നു. ഷോട്ട് റെഡിയാക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായങ്ങ് നിന്നടിക്കുകയും കൊള്ളുകയുമായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്‌ളവര്‍ ആശുപത്രിയിലേക്കു നിരവധി തവണ സെറ്റില്‍ നിന്നു വണ്ടിയില്‍ കൊണ്ടുപോയിട്ടുണ്ട്. നിങ്ങള്‍ അവിടെ ഷൂട്ടിങ് തന്നെയാണോ നടത്തുന്നതെന്ന് അവര്‍ പല പ്രാവശ്യം ചോദിച്ചു.

സിനിമയില്‍ വക്കീലായി അഭിനയിച്ചയാള്‍ ജീവിതത്തിലും വക്കീലാണ്. എല്ലാ ആര്‍ട്ടിസ്റ്റുകളെയും കംഫര്‍ട്ടാക്കി പെര്‍ഫോം ചെയ്യിക്കുകയാണ് ലിജോ ചേട്ടന്‍ ചെയ്തത്.

ഓഡീഷനില്‍ സെലക്ടായവര്‍ക്കു വേണ്ടി അങ്കമാലിയില്‍ വച്ചു മൂന്നു ദിവസത്തെ ക്യാമ്പ് നടത്തി. ആക്ട് ലാബിലെ സജീവ് ചേട്ടനാണ് ആദ്യത്തെ ദിവസം ക്ലാസെടുത്തത് . പലസ്ഥലങ്ങളില്‍ നിന്നും ചുറ്റുപാടില്‍ നിന്നും വരുന്നവരെ ഒന്ന് ഒരുമിപ്പിക്കുക എന്നതായിരുന്നു സജീവേട്ടന്‍ ചെയ്ത ജോലി. ഒരുപാടു ഗെയിംസുകളുണ്ടായിരുന്നു. കളിയിലൂടെ നടന്മാരുടെ ജാള്യത ഇല്ലാതാക്കുകയായിരുന്നു.

രണ്ടാമത്തെ ദിവസം എഴുത്തുകാരന്‍ പി എഫ് മാത്യൂസാണ് ക്ലാസെടുത്തത്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചാണ് മാത്യൂസേട്ടന്‍ സംസാരിച്ചത്. അത് കഥാപാത്രങ്ങള്‍ക്കു വളരെയേറെ ഗുണം ചെയ്തുവെന്നുവേണം കരുതാന്‍. മൂന്നാമത്തെ ദിവസം കാലടി സര്‍വകലാശാലയിലെ അധ്യാപകനും ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തുമായ ഗോപന്‍ ചിദംബരമാണ് ക്ലാസെടുത്തത്. അഭിനയം ഗൌരവമുള്ള കാര്യമാണെന്നും ശ്രദ്ധയോടെ ചെയ്യേണ്ടതാണെന്നും ഗോപന്‍ ചേട്ടന്‍ പഠിപ്പിച്ചു. അഭിനേതാക്കളെല്ലാം തിരക്കഥ ആഴത്തില്‍ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്തതിനാല്‍ 45 ദിവസം കൊണ്ടു ഷെഡ്യൂള്‍ ചെയ്തത് 40 ദിവസം കൊണ്ട് തീര്‍ക്കാന്‍ സാധിച്ചു."