അര്‍ബുദം ഒന്നരവര്‍ഷത്തെ കുത്തിക്കുറിക്കല്‍ നിര്‍ത്തി, ഇനി എസ്. സിത്താരയുടെ എഴുത്ത് തുടരും

എസ്. സിത്താരയുടെ കഥകള്‍ നമുക്കിനി തുടര്‍ന്നു വായിക്കാം. അര്‍ബുദവുമായുള്ള പോരാട്ടത്തില്‍ സിത്താര ജയിച്ചു കഴിഞ്ഞു. എഴുത്തു പോലെ പ്രധാനമായ യാത്രകളിലേയ്ക്കും കൂട്ടുകാരികളോടൊപ്പം സിത്താര മടങ്ങിയെത്തുന്നു.

അര്‍ബുദം ഒന്നരവര്‍ഷത്തെ  കുത്തിക്കുറിക്കല്‍ നിര്‍ത്തി, ഇനി എസ്. സിത്താരയുടെ എഴുത്ത് തുടരും

അര്‍ബുദത്തെ ഇച്ഛാശക്തിക്കൊണ്ട് മറികടന്ന് കഥാകൃത്തായ സിതാര എസ് ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുത്തിന്റെ വഴിയിലേക്ക്.

ഉള്‍ക്കരുത്തുള്ള ചെറുകഥകളിലൂടെ മലയാളിയുടെ മനസ്സില്‍ പ്രത്യേക ഇടം നേടിയ സിതാരയെ ഒന്നരവര്‍ഷം മുമ്പാണ് അര്‍ബുദം തേടിയെത്തിയത്. കീമോ തെറാപ്പിയും റേഡിയേഷനും ശസ്ത്രക്രിയയുമൊക്കെയായി സ്താനാര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലായിരുന്നു  എഴുത്തുകാരി. പോരാട്ടത്തില്‍ വിജയിച്ചാണ് സിത്താര എഴുത്തിലേയ്ക്ക് മടങ്ങിയെത്തുന്നത്.


അറുപതിലധികം ചെറുകഥകളും നിരവധി ലേഖനങ്ങളുമായി മലയാളിയുടെ വായനപ്പുരയില്‍ രണ്ടര പതിറ്റാണ്ട് കാലം സജീവമായിരുന്നു സിത്താര. ഭര്‍ത്താവ് അബ്ദുല്‍ സാഹിമും മകനുമൊത്ത് സൗദി അറേബ്യയില്‍ കഴിയുന്ന കാലത്താണ് ഈ തൂലിക കൂടുതല്‍ ചലിച്ചതും. ധീരമായ തുറന്നെഴുത്തുകളുണ്ടായതും.

രണ്ടാമത്തെ മകനെ ഗര്‍ഭിണിയായിരിക്കെ ജന്മനാടായ തലശ്ശേരിയിലേക്ക് മടങ്ങി. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി ഏഴുമാസം കഴിഞ്ഞപ്പോഴാണ് അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നെ ചികിത്സയുടെ കാലങ്ങളായി. അര്‍ബുദത്തെ എങ്ങനെയും മറികടക്കാനാകുമെന്ന നിശ്ചദാര്‍ഢ്യമുണ്ടായിരുന്നു.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ കഥകള്‍ മാത്രം എഴുതിയിരുന്ന സിതാരയ്ക്ക് ഒന്നര വര്‍ഷത്തെ ഇടവേള ദീര്‍ഘമായിത്തോന്നിയിരുന്നില്ലെങ്കിലും എഴുത്ത് നഷ്ടപ്പെടുന്നതിലുണ്ടായ ദു:ഖം ചെറുതായിരുന്നില്ല. ഗൃഹലക്ഷ്മിയിലും സമകാലിക മലയാളം വാരികയിലുമെല്ലാം പെണ്ണെഴുത്തിന്റെയും പ്രവാസി ജീവിതത്തിന്റേയും പുതിയ തലങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു. പൊതുവെ അലസതയും മടിയും കൂട്ടായുള്ളതിനാല്‍ കഥയെഴുത്തിന് വലിയ ഇടവേള വരാറുണ്ടെന്ന് സിതാര എസ് നാരദാന്യൂസിനോട് പറഞ്ഞു.എഴുത്ത് ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്നൊരു പ്രക്രിയയാണ്. അതുണ്ടാക്കുന്ന സംതൃപ്തിയും ആത്മവിശ്വാസവുമാണ് ജീവിതത്തിന് എപ്പോഴും കരുത്താവുകയെന്ന് സിതാര പറയുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐയുടെ സ്റ്റുഡന്റ് മാഗസിനു വേണ്ടിയാണ് ആദ്യത്തെ സൃഷ്ടി നടത്തിയത്. പിന്നിടിങ്ങോട്ട് ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ സിതാരയെ കഥാപ്രേമികള്‍ അടുത്തറിയുകയായിരുന്നു. ഇതിനിടെ പതിനാറു വര്‍ഷത്തെ പ്രവാസ ജീവിതം. ഇവിടെ നിന്ന് തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കാനായി. സിതാരയ്ക്ക് പിന്നാലെ ഭര്‍ത്താവ് അബ്ദുല്‍ സഹീമും കേരളത്തിലേക്ക് പോന്നു.

രോഗവിവരം പുറത്തുവന്നെങ്കിലും യാത്രകള്‍ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നു സിതാരയ്ക്ക്. അത്രത്തോളം പ്രണയമാണ് യാത്രകളോട്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ചെറിയ യാത്രകളുണ്ടാക്കുന്ന മാനസിക ഉല്ലാസത്തിലാണിവരിപ്പോള്‍. റേഡിയേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം കാര്യമായ വിശ്രമമൊന്നുമില്ലാതെയുള്ള യാത്രകളിലായിരുന്നു. മാധ്യമസുഹൃത്തുക്കളായ കെ രേഖയും ലേബി സജീന്ദ്രനുമൊത്തുള്ള യാത്രയുടെ ത്രില്ലും ഇവര്‍ മറച്ചുവെയ്ക്കുന്നില്ല. അര്‍ബുദത്തെ പിടിവിട്ട് സിതാര വീണ്ടും കഥകളുടെ ലോകത്തേക്ക് പറക്കുകയാണ്.