ഫാറൂഖ് കോളേജിലെ ലിംഗവിവേചനം; മാധ്യമങ്ങള്‍ക്കെതിരെ പ്രിന്‍സിപ്പലിന്റെ 'കലാപാഹ്വാനം' യൂണിയന്റെ തലയില്‍ വെച്ച് മാഗസിന്‍

ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ നടന്ന സമരത്തിലെ കുപ്രസിദ്ധമായ കലാപാഹ്വാനം കോളേജ് യൂണിയന്റെ പ്രവര്‍ത്തനമാണെന്ന് രേഖപ്പെടുത്തി കോളേജ് മാഗസിന്‍ പുറത്തിറങ്ങി.

ഫാറൂഖ് കോളേജിലെ ലിംഗവിവേചനം; മാധ്യമങ്ങള്‍ക്കെതിരെ പ്രിന്‍സിപ്പലിന്റെ

കോഴിക്കോട് ഫാറൂഖ് കോളേജിലെ വിവാദമായ ലിംഗവിവേചന സമരത്തിലെ കുപ്രസിദ്ധമായ ആ ദിവസത്തെ കോളേജ് യൂണിയന്റെ പരിപാടിയാക്കി തലയൂരാന്‍ കോളേജ് മാഗസിനില്‍ ശ്രമം- മാധ്യമപ്രവര്‍ത്തകരേയും പരാതിക്കാരായ വിദ്യാര്‍ത്ഥികളേയും അക്രമിക്കാന്‍ പ്രിന്‍സിപ്പല്‍ മൈക്കിലൂടെ കലാപാഹ്വാനം ചെയ്ത സംഭവമാണ് യൂണിയന്റെ പരിപാടിയായി മാഗസിനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ലിംഗവിവേചനത്തിനെതിരെ പരാതി കൊടുക്കാനും ക്ലാസില്‍ കയറാനുമായി പരാതിക്കാരായ ദിനു അടക്കുള്ള വിദ്യാര്‍ത്ഥികള്‍ കോളേജിലേയ്ക്ക് എത്തുന്ന ദിവസമായിരുന്നു സംഭവം. സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ഒരാഴ്ചയോളം കോളേജ് അടച്ചിട്ടു. അതിനു ശേഷം തുറന്ന ദിവസമായിരുന്നു സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ കോളേജിലെത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ കോളേജിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും കോളേജിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്നും പറഞ്ഞ് കലാപത്തിനുള്ള നിര്‍ദ്ദേശം പ്രിന്‍സിപ്പല്‍ മൈക്കിലൂടെ നല്‍കിയെന്നാണ് ആരോപണം. ഇതിനെതിരെ എസ്എഫ്ഐ നിലപാടെടുത്തു. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം നടന്നു.


ഈ സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പ്രിന്‍സിപ്പല്‍ മൈക്കിലൂടെ കലാപത്തിന് ആഹ്വാനം നല്‍കിയത് ചോദ്യം ചെയ്യപ്പെട്ടു. ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം എന്ന നിലയിലാണ് പിറ്റേന്ന് മാനേജ്‌മെന്റ് അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ കോളേജ് മാഗസിനായ 'നോപസറാന്‍; അങ്ങനെ കടന്നു പോകാന്‍ അനുവദിക്കില്ല' പുറത്തിറങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ പ്രതിസ്ഥാനത്തായ സമരം യൂണിയന്‍ പരിപാടിയായി. മാഗസിന്റെ പേജ് 162 ല്‍ ''കൈകോര്‍ത്തു പിടിച്ചും ഒരുമിച്ചു നടന്നും കടന്നു പോയ ഒരു വര്‍ഷം' എന്ന പേരിലാണ് യൂണിയന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടുള്ളത്.
മാധ്യമ കാപട്യത്തിനെതിരെ' എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. 'ഫറൂഖ് കോളേജിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ ദുഷ്പ്രചരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കപട വാര്‍ത്തകള്‍ക്കെതിരെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിരോധ വലയം തീര്‍ത്തു'- റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രഥമദൃഷ്ട്യാ സമരമെന്നു ബോധ്യപ്പെടുന്ന പരിപാടിയാണ് യൂണിയന്‍ പരിപാടിയായി അവതരിപ്പിക്കപ്പെട്ടത്. ലിംഗവിവേചനത്തിനെതിരെ സമരം ചെയ്തതിന് വിദ്യാര്‍ത്ഥിയായ ദിനുവിനെ പുറത്താക്കിയതു സംബന്ധിച്ച കേസ് നടക്കുകയാണ്. യൂണിയന്‍ പരിപാടി നടത്തണമെങ്കില്‍ അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് മുന്‍പ് മീറ്റിങ്ങ് കൂടണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുണ്ടെന്നും എന്നാല്‍ ഇതൊന്നും നടന്നിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

യൂണിയന്‍ തീരുമാനിക്കാത്ത ഒരു പരിപാടി വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നത് കോടതിയില്‍ കള്ളത്തെളിവുണ്ടാക്കാനാണെന്നുള്ളത് ഗൗരവമുള്ള ആരോപണമാണ്. കലാപത്തിന് ആഹ്വാനം ചെയ്ത പ്രിന്‍സിപ്പലിനെതിരായ പരാതി നിലനില്‍ക്കെ അത് യൂണിയന്‍ പരിപാടിയാണെന്ന രേഖയുണ്ടാക്കുകയാണ് മാഗസിന്‍.

Read More >>