ശശികല വെറും ടീച്ചറെന്ന് വിദ്യാഭ്യാസ വകുപ്പ്: വല്ലപ്പുഴ സ്‌കൂളില്‍ ഒരു അധിക ചുമതലയും ഇല്ല; പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു

ശശികല ടീച്ചര്‍ക്ക് വല്ലപ്പുഴ സ്‌കൂളില്‍ പ്രധാന അധ്യാപകന്റെ ചുമതലയോ, പത്താം ക്ലാസ്സ് പരീക്ഷ ചുമതലയോ ഇല്ല. വിദ്യാഭ്യാസ വകുപ്പിന്റെ നടപടി നാരദ ന്യൂസ് വാര്‍ത്ത ശരിവെക്കുന്നത്. മാധ്യമ ഗൂഡാലോചനയും സര്‍ക്കാരിന്റെ ഒത്തു കളിയും ആരോപിച്ച് സമരവും കേസുമായി ടീച്ചര്‍

ശശികല  വെറും ടീച്ചറെന്ന് വിദ്യാഭ്യാസ വകുപ്പ്: വല്ലപ്പുഴ സ്‌കൂളില്‍ ഒരു അധിക ചുമതലയും ഇല്ല; പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ക്ക് വല്ലപ്പുഴ സ്‌കൂളില്‍  പ്രധാന അധ്യാപകയുടെ ചുമതല ഇല്ലെന്ന് ഒടുവില്‍ വിദ്യാഭ്യാസ വകുപ്പും സമ്മതിച്ചു. നിലവില്‍ പ്രധാന അധ്യാപകന്റെ ചുമതല വഹിച്ചിരുന്നയാള്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് ആ സ്ഥാനത്തേയ്ക്ക്  മറ്റൊരാളെ വിദ്യാഭ്യാസ വകുപ്പ്  കണ്ടെത്തി. സ്‌കൂളില്‍ പ്രധാന അധ്യാപകന് നല്‍കാറുള്ള എസ്എസ്എല്‍സി പരീക്ഷയുടെ ചീഫ് സൂപ്രണ്ട് സ്ഥാനവും മറ്റൊരു സ്‌കൂളിലെ  പ്രധാന അധ്യാപകനു  വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്.


താന്‍ സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചുവരുന്നെന്നും അതുകൊണ്ട് കുട്ടികളെ പഠിപ്പിക്കേണ്ട ബാധ്യതയില്ലെന്നുമാണ് ശശികല ടീച്ചര്‍ പറഞ്ഞിരുന്നത്.  ഇവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു നാരദ ന്യൂസ് വാര്‍ത്തകള്‍ നല്‍കിയിരുന്നു.

കുട്ടികളെ പഠിപ്പിക്കാതെ 70,000 രൂപ ശമ്പളം ഒപ്പിട്ടുവാങ്ങി മുങ്ങുന്ന ശശികല ടീച്ചറെ പറ്റിയും, ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പിന്നീട് അവര്‍ അവധിയെടുത്തു പോയതിനെ പറ്റി മറ്റൊരു വാര്‍ത്തയും നാരദ ന്യൂസ് നല്‍കിയിരുന്നു. രണ്ട് വാര്‍ത്തകളും വന്നതിനുപുറമെ ഇതില്‍ ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തി ടീച്ചര്‍ നല്‍കിയ വിശദീകരണവും നാരദ ന്യൂസ് പ്രസിദ്ധികരിച്ചിരുന്നു.  നേരത്തെ നാരദ ന്യൂസ് നല്‍കിയ വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം വന്നത്.

ടീച്ചര്‍ക്ക് പ്രധാന അധ്യാപകന്റെ ചുമതല ഇല്ല, എസ്എസ്എല്‍സി പരീക്ഷയുടെ ചീഫ്  സൂപ്രണ്ടും ആയില്ല


ശശികല ടീച്ചര്‍ ജോലി ചെയ്യുന്ന വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിലവില്‍ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്ന സലാം മാഷ് കഴിഞ്ഞ ഫെബ്രുവരി ഒമ്പത് മുതല്‍ ചുമതലകളില്‍ നിന്നൊഴിവായിരുന്നു. പകരം ഈ സ്ഥാനത്തേക്ക് വേണ്ട യോഗ്യതകള്‍ ഉള്ള സുന്ദരന്‍ മാസ്റ്ററെയാണ്  വകുപ്പ് പരിഗണിച്ചത്.  സലാം മാസ്റ്റര്‍ ഇല്ലാത്തപ്പോള്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം പകരക്കാരിയായിരുന്ന ശശികല ടീച്ചറെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചില്ല.  പ്രധാന അധ്യാപികര്‍ക്കുള്ള യോഗ്യതാ ടെസ്റ്റുകള്‍ ശശികല ടീച്ചര്‍ പാസായിട്ടില്ലെന്നും ഇപ്പോള്‍ പരിഗണിക്കുന്ന അധ്യാപകന് അതുണ്ടെന്നുമാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്.

ഇതിനു പുറമെ ഫെബ്രുവരി 23 ന് വട്ടനാട് ഗവര്‍മെന്റ് സ്‌കൂളിലെ പ്രധാന അധ്യാപികനായ സുകുമാരനെ വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി പരീക്ഷയുടെ ചീഫ് സൂപ്രണ്ടായി വിദ്യാഭ്യാസ വകുപ്പ് നിയമിച്ചു.  പ്രധാന അധ്യാപകന്റെ ചുമതലയില്‍ ഉണ്ടായിരുന്ന സലാം മാഷിനാണ് വിദ്യാഭ്യാസ വകുപ്പ് ആദ്യം ഈ ചുമതല നല്‍കിയത്. എന്നാല്‍ മാര്‍ച്ച് 31 ന്  താന്‍ റിട്ടയര്‍മെന്റ് ആകുമെന്ന കാര്യം സലാം  മാഷ് വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണിത്.

ചുരുങ്ങിയത് മെയ് മാസം പരീക്ഷാ ഫലം വരുന്നത് വരെ സര്‍വീസിലുള്ളവരെ മാത്രമെ ഈ സ്ഥാനത്തേക്കു നിയമിക്കുവെന്നതിനാല്‍ സലാം മാഷിനെ ഒഴിവാക്കുകയായിരുന്നു. പകരം ചുമതല കിട്ടേണ്ട പ്രധാന അധ്യാപകന് ചുമതല നല്‍കാന്‍ വകുപ്പ് തീരുമാനിച്ചെങ്കിലും  അദ്ദേഹത്തിന്റെ മകനും ഇതേ സ്‌കൂളില്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നതിനാല്‍ ചുമതല നല്‍കാനിയില്ല. മക്കളോ രക്ത ബന്ധത്തിലുള്ളവരോ പരീക്ഷ എഴുതുന്ന സ്‌കൂളില്‍ പരീക്ഷ ജോലിക്ക് പ്രധാന ചുമതകള്‍ വഹിക്കാത്ത സാധാരണ അധ്യാപകനായി പോലും ജോലിക്ക് ഉണ്ടാവരുതെന്നാണ് ചട്ടം.

പ്രധാന അധ്യാപകന്റെ ചുമതലയുണ്ടെന്ന് പറഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്ന് ഒഴിവായി നടന്നിരുന്ന ശശികല ടീച്ചര്‍ക്ക്  ഇനി സ്‌കൂളില്‍ വന്നാല്‍ പഠിപ്പിക്കേണ്ട അവസ്ഥ വന്നെന്ന് ഉറപ്പായതോടെയാണ് എന്തുവില കൊടുത്തും സ്ഥാനം കിട്ടാന്‍  സമരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.നാഥനില്ലാത്ത സ്‌കൂളില്‍ വകുപ്പിന്റെ ഇടപെടല്‍

2013 ഫെബ്രുവരി മുതല്‍ മാനേജരും 2015 മാര്‍ച്ച് മുതല്‍ പ്രധാന അധ്യാപകനുമില്ലാതെ കിടക്കുന്ന സ്‌കൂളില്‍ ഇത്തവണ 819 കുട്ടികളാണ് പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നത്. അധ്യാപകരുടെ പ്രയത്‌നം കാരണം എല്ലാ വര്‍ഷവും വിജയ ശതമാനത്തോടൊപ്പം കുട്ടികളുടെ എണ്ണവും ഉയര്‍ന്നു വരുന്ന സ്‌കൂളാണിത്. ജില്ലയില്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന രണ്ടാമത്തെ സ്‌കൂളുമാണ്.

ശശികല ടീച്ചറെ നിയമിക്കാത്തതിനെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍  നാരദ ന്യൂസിനോടു പറഞ്ഞത്‌-

" പത്താം ക്ലാസ്സ് പരീക്ഷ സാധാരണ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പോലെ തന്ന രഹസ്യ സ്വഭാവത്തിലും സുരക്ഷയിലുമാണ്‌ നടത്തുന്നത്. ഇന്ന് മുതല്‍  പത്താം ക്ലാസ്സ് ചോദ്യ പേപ്പര്‍ സോര്‍ട്ടിങ്‌ തുടങ്ങി. അതാത് ചീഫ് സൂപ്രണ്ടുമാര്‍ ഒപ്പുവെക്കുന്ന ചോദ്യ പേപ്പറുകള്‍ ട്രഷറിയിലാണ് സൂക്ഷിക്കുന്നത്. പരീക്ഷ ദിവസം മാത്രമേ അതാത് സ്‌കൂളില്‍ ഇതെത്തൂ.
ഇത്രയും സുരക്ഷയില്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്‌കൂളിലെ പ്രധാന അധ്യാപകനോ  പകരം ചുമതലയുള്ളയാള്‍ക്കോ ആണ് നല്‍കാറുള്ളത്. എന്നാല്‍ സ്‌കൂളിലെ പ്രതേൃക സാഹചര്യത്തില്‍ രണ്ടു പേര്‍ക്കും ഏല്‍പ്പിക്കാന്‍ കഴിയാത്തതിനാലാണ് പുറത്തുനിന്നുള്ള അധ്യാപകനെ ഏല്‍പ്പിച്ചത്.

' 819 കുട്ടികളുടെ ഭാവിയുടെ കാര്യമാണ്. മാനേജരോ പ്രധാന അധ്യാപകനോ ഇല്ലാത്ത സ്‌കൂളാണ്.  നിലവില്‍ ഉള്ള പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നയാളേയും വഹിച്ചിരുന്നയാളേയും അതേല്‍പ്പിക്കാന്‍ കഴിയില്ല. മാനേജ്‌മെന്റ് സ്‌കൂളായതിനാല്‍ എന്തെങ്കിലും പ്രശ്‌നം വന്നാലും വകുപ്പിന് നേരിട്ട് നടപടി എടുക്കാനാവില്ല. ശുപാര്‍ശ ചെയ്യാന്‍ മാത്രമേ കഴിയു. സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായാല്‍ വകുപ്പിന് വിഷയത്തില്‍ നേരിടാം. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ നടപടിയും എടുക്കാം. അതുകൊണ്ടാണ് പുറത്തെ സ്‌കൂളില്‍ നിന്നുള്ള ഒരാളെ നിയമിച്ചത്. എപ്പോഴും സ്‌കൂളില്‍ ഇല്ലാത്ത രാഷ്ട്രീയ കാര്യങ്ങള്‍ നോക്കുന്ന ഒരാളെ ഇതിന് നിയമിക്കാനാവില്ല. മാത്രമല്ല അവര്‍ക്കു അതിനുള്ള യോഗ്യതയും ഇല്ല'.

"ഒരു അഭിമാന പ്രശ്‌നം എന്ന നിലയില്‍ നേടിയെടുത്തെ തീരൂ " എന്ന് ശശികല ടീച്ചര്‍

എന്നാല്‍ പുതിയ നീക്കം ചില മാധ്യമങ്ങളുടേയും സര്‍ക്കാരിന്റേയും ഗൂഡാലോചനയാണ് എന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി പാലക്കാട് ജില്ല കമ്മിറ്റിയും, ദേശീയ അധ്യാപക പരിഷത്തും ഒറ്റപ്പാലം ജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.  വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതിയേയും സമീപിക്കുക്കുമെന്നാണ് ഇവര്‍ പറയുന്നത്.

'ആരും തലയില്‍ വന്നാല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു പോസ്റ്റ് ആണെങ്കിലും ഇത് ഒരു അഭിമാന പ്രശ്‌നം എന്ന നിലയില്‍ നേടിയെടുത്തെ തീരൂ' എന്നാണ് നിലപാടെന്ന് ശശികല ടീച്ചര്‍ നാരദ ന്യൂസിനോട് പറഞ്ഞു.ഗൂഡാലോചനയെന്ന് ടീച്ചറുടെ സംഘടന

36 വര്‍ഷമായി ടീച്ചര്‍ ആ സ്‌കൂളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ടെന്നും ചില സ്റ്റാഫുകളും മാനേജ്മെന്റും ചേര്‍ന്ന് ടീച്ചര്‍ക്കെതിരെ ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് അധ്യാപക പരിഷത്ത് നേതാക്കളുടെ ആരോപണം. അവര്‍ക്ക് അര്‍ഹതയുള്ള പ്രമോഷനും മറ്റും തടഞ്ഞു വെക്കുന്നുണ്ട്. അവര്‍ക്കെതിരെ വര്‍ഗീയമായി പ്രചരണം നടത്തുന്നു. അതിനെതിരെ ഇന്നു മുതല്‍ സമരം തുടങ്ങുകയാണ്. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ശകതമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

രാവിലെ സമരത്തിന് എത്തുമെന്ന് പറഞ്ഞ ശശികല ടീച്ചര്‍ക്ക് എത്താന്‍ പറ്റിയില്ല. അവര്‍ എറണാകുളത്ത് ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്ന തിരക്കിലാണെന്നും പരിഷത്ത് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Read More >>