ചാണകവും പശുമൂത്രവും ആദായമാക്കിയതിന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന് ഡിലിറ്റ് ബിരുദം

രാജ്യത്തെങ്ങും ഗോശാലകള്‍ സ്ഥാപിക്കുകയും പാലില്‍ നിന്നുള്ള വരുമാനത്തിനപ്പുറം പശുമൂത്രവും ചാണകവും സാമ്പത്തിക വരുമാന സ്രോതസ്സായി മാറ്റിയതിനനാണ് അംഗീകാരം. നാഗ്പൂരിലെ ആനിമല്‍ ആന്റ് ഫിഷറി സയന്‍സ് സര്‍വ്വകലാശാലയാണ് മോഹന്‍ ഭഗവതിന് ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നത്.

ചാണകവും പശുമൂത്രവും ആദായമാക്കിയതിന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന് ഡിലിറ്റ് ബിരുദം

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിനെ നാഗ്പൂരിലെ ആനിമല്‍ ആന്റ് ഫിഷറി സയന്‍സ് സര്‍വ്വകലാശാല ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നു. പാലില്‍ നിന്നുള്ള വരുമാനത്തിന് പുറമെ പശുമൂത്രവും ചാണകവും ഉപയോഗിച്ചുള്ള സാമ്പത്തിക വരുമാനം ഉപയോഗിച്ച് ഗോശാലകള്‍ നടത്താം എന്നു തെളിയിച്ചതിനാണ് അംഗീകാരമെന്ന് സര്‍വ്വകലാശാല വിലയിരുത്തി. സീനിയര്‍ വെറ്റിനറി അസോസിയേഷനാണ് ഡിലിറ്റ് ബിരുദത്തിനായി മോഹന്‍ ഭഗവതിന്റെ പേര് ശുപാര്‍ശ ചെയ്തത്.


ഈ മാസം ഒമ്പതിന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവാണ് ബിരുദം സമ്മാനിക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. ബിരുദം സമ്മാനിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് മഹാരാഷ്ട്ര ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് മന്ത്രി മഹാദേവോ ജങ്കാര്‍ വ്യക്തമാക്കി. നാഗ്പൂരിലെ വെറ്റിനറി കോളേജിന് നല്‍കുന്ന ഉപദേശങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

മോഹന്‍ ഭഗവതിന് ഡിലിറ്റ് ബിരുദം നല്‍കുന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടായിരുന്നില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളടക്കം ഇതിനെ പിന്തുണച്ചിരുന്നെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.

മോഹന്‍ ഭഗവതിന് പുറമെ എന്‍സിപി നേതാവ് ശരത് പവാറിനും രാഷ്ട്രീയ സംഭാവനകള്‍ പരിഗണിച്ച് ഡിലിറ്റ് ബിരുദം നല്‍കും. നാഗ്പൂരിലെ വെറ്റിനറി കോളേജില്‍ നിന്നാണ് മോഹന്‍ ഭഗവത് ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

രാജ്യത്തെങ്ങും നിരവധി ഗോസംരക്ഷണ ശാലകള്‍ സ്ഥാപിക്കാന്‍ മോഹന്‍ ഭഗവത് നേതൃത്വം നൽകിയെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എ കെ മിശ്ര പറഞ്ഞു. പശുമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും പഞ്ചാമൃതും ആയുര്‍വേദ മരുന്നുകളും നിര്‍മ്മിക്കാമെന്നുള്ളതിന് അദ്ദേഹം സ്ഥാപിച്ച ദോളാപൂരിലെ ഗോശാല ഉദാഹരണമാണെന്നും മിശ്ര പറഞ്ഞു.