ജയിലിലെ ഓര്‍മ്മയില്‍ രശ്മി ചോദിക്കുന്നു: തെറ്റിനുള്ള ശിക്ഷ അനുഭവിച്ച ശേഷവും മീനാക്ഷിയെ ഏറ്റെടുക്കാനുള്ള വളര്‍ച്ച ഈ സമൂഹത്തിനുണ്ടോ?

ഇനിയും കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്ത കേസില്‍ പത്തുമാസം ജയിലില്‍ കഴിയേണ്ടി വന്ന മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആര്‍ നായര്‍ എഴുതുന്നു- ഞാന്‍ ജയിലില്‍ കഴിയുമ്പോള്‍ അവിടെ ഒരു മീനാക്ഷി (യഥാര്‍ത്ഥ പേരല്ല ) ഉണ്ടായിരുന്നു . കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്, കൊന്നത് സ്വന്തം കുഞ്ഞിനെ. അതും പ്രസവിച്ചു മിനിറ്റുകള്‍ക്കുള്ളില്‍.

ജയിലിലെ ഓര്‍മ്മയില്‍ രശ്മി ചോദിക്കുന്നു: തെറ്റിനുള്ള ശിക്ഷ അനുഭവിച്ച ശേഷവും മീനാക്ഷിയെ ഏറ്റെടുക്കാനുള്ള വളര്‍ച്ച ഈ സമൂഹത്തിനുണ്ടോ?

രശ്മി ആര്‍ നായര്‍

ലോകം ലിംഗസമത്വം ഒരു മൂല്യമായി അംഗീകരിച്ചു തുടങ്ങിയ കാലം മുതല്‍ പുരുഷമേധാവിത്വപരമായ ഭരണകൂടങ്ങള്‍ക്ക് അധിക ബാധ്യതയാണ് ഒരോ സ്ത്രീയും. സ്ത്രീ സുരക്ഷയെ പറ്റി ലോകം വാചാലമാകുമ്പോള്‍ സമൂഹത്തില്‍ ജീവിക്കുന്ന ഒരോ സ്ത്രീക്കു ചുറ്റും അദൃശ്യമായ കെട്ടുപാടുകളുടെ ഒരായിരം ഇരുമ്പഴികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അവരെ കുറിച്ചല്ല ഈ കുറിപ്പ് എനിക്കിവിടെ സംസാരിക്കാന്‍ ഉള്ളത് ഭൗതീകമായി തന്നെ ചുറ്റും ഇരുമ്പഴികള്‍ ഉള്ള കുറച്ചു സ്ത്രീകളെ കുറിച്ചാണ്, സ്ത്രീ എന്ന രീതിയില്‍ ഒരു പുരുഷാധിപത്യ സമൂഹം അവര്‍ക്കു മേല്‍ വച്ച നിയന്ത്രണങ്ങള്‍ അവരെ ഇരുമ്പഴിക്കുള്ളില്‍ എത്തിച്ചതിന്റെ രാഷ്ട്രീയമാണ്, അവരുടെ ചെറിയ ലോകത്തെ വലിയ സന്തോഷങ്ങളെ കുറിച്ചാണ്.


അവരുടെ കുറ്റകൃത്യങ്ങളില്‍ സമൂഹം നല്‍കിയ പങ്കിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അതൊരിക്കലും അവരെ ന്യായീകരിക്കാന്‍ വേണ്ടിയല്ലെന്നു ആദ്യമേ പറഞ്ഞു വെക്കട്ടെ. അവരെ ഉത്തമ പൗരന്മാരാക്കി തിരികെ നല്‍കാന്‍ ജുഡീഷ്യറി ഏല്‍പ്പിച്ച കറക്ഷന്‍ ഹോമുകള്‍ അവരെ സമൂഹത്തിനോട് മൊത്തത്തില്‍ വെറുപ്പുള്ളവരാക്കി മാറ്റുന്ന പ്രക്രിയയെ കുറിച്ചാണ്. ഒരോ പുരുഷന്റേയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ ഉണ്ടാകും എന്നത് ഒരു ചൊല്ല് മാത്രമാണ്. എന്നാല്‍ എല്ലാ സ്ത്രീ കുറ്റവാളിയുടെയും പിന്നില്‍ അവളെ അങ്ങനെയാക്കിത്തീര്‍ത്ത ഒരു പുരുഷ കേന്ദ്രീകൃത സമൂഹമുണ്ടാകുമെന്നത് ചൊല്ലിനപ്പുറം ഒരു സത്യമാണ്.

ഞാന്‍ ജയിലില്‍ കഴിയുമ്പോള്‍ അവിടെ ഒരു മീനാക്ഷി (യഥാര്‍ത്ഥ പേരല്ല ) ഉണ്ടായിരുന്നു . കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്, കൊന്നത് സ്വന്തം കുഞ്ഞിനെ. അതും പ്രസവിച്ചു മിനിറ്റുകള്‍ക്കുള്ളില്‍. അവിവാഹിതയായ മീനാക്ഷി എങ്ങനെയാണ് ഗര്‍ഭിണിയായതെന്നും ഇന്നും അവള്‍ക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. സംഭവം നടക്കുമ്പോള്‍ അവള്‍ക്കു പത്തൊന്‍പതു വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നത്. കൊലപാതകക്കുറ്റം പഴുതുകള്‍ ഇല്ലാതെ തെളിയിക്കാന്‍ പോലീസിനും ആ രഹസ്യത്തിന്റെ ചിരുളഴിക്കേണ്ടി വന്നില്ല. ഒരു പക്ഷേ അതൊരു പീഡനമാകാം അല്ലെങ്കില്‍ ചതി അതെന്തുതന്നെയായാലും സ്വന്തം കുഞ്ഞിനെ കൊല്ലുകയെന്ന ഭ്രാന്തമായ മാനസികാവസ്ഥയിലേക്ക് അവളെ എത്തിച്ചത്.

അവിവാഹിതയായ അമ്മ എന്ന പദത്തിനു സമൂഹവും കുടുംബവും നല്‍കുന്ന ഭ്രഷ്ട് ആണ്. സിംഗിള്‍ മദര്‍ വളര്‍ത്തുന്ന കുഞ്ഞിനു സമൂഹം നല്‍കാന്‍ സാധ്യതയുള്ള പരിഹാസങ്ങളും കുത്തുവാക്കുകളും അവഗണനകളും ആണ്. ആ പുരുഷ കേന്ദ്രീകൃത സദാചാര ബോധത്തിന്റെ ഇരകളാണ് ജനിച്ചു വീണു നിമിഷങ്ങള്‍ക്കുള്ളില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ആ കുഞ്ഞും സ്വന്തം കുഞ്ഞിനെക്കൊന്ന ആ അമ്മയും. ഇനിയും ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ അവള്‍ ശിക്ഷ തീര്‍ന്നു പുറത്തുവരും ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ച ശേഷവും അവളെ ഏറ്റെടുക്കാനുള്ള വളര്‍ച്ച ഈ സമൂഹത്തിനായോ എന്നതാണ് പരിശോധിക്കേണ്ടത്.

മീനാക്ഷിയില്‍ നിന്നും ഒട്ടും ദൂരമില്ല നമ്മളില്‍ ഓരോരുത്തരിലേയ്ക്കും. നിലനില്‍ക്കുന്ന ആ കപട സ്ത്രീവിരുദ്ധ സമൂഹത്തിന്റെ സൃഷ്ടിയാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഒരോ ആക്രമണവും. ആ രോഗാതുരമായ സമൂഹത്തിന്റെ ഏറ്റവും ബാഹ്യമായ ലക്ഷണം മാത്രമാണ് പള്‍സര്‍ സുനിമാര്‍ നടത്തുന്ന അക്രമങ്ങള്‍. ഒരു സ്ത്രീയുടെ നഗ്നചിത്രം പകര്‍ത്തിയാല്‍ അവളെ ഭീഷണിപ്പെടുത്താം എന്ന ക്രിമിനല്‍ ചിന്തക്ക് അവര്‍ ഉപയോഗിക്കുന്ന ലോജിക് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റേതാണ്.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ ജയിലുകള്‍ തടവറകളോ കാരാഗൃഹമോ അല്ല കറക്ഷന്‍ ഹോമുകള്‍ ആണ്. പക്ഷേ ആ കറക്ഷന്‍ എത്രത്തോളം ജയിലുകളില്‍ നടക്കുന്നുണ്ടെന്നുള്ളത് പഠന വിധേയമാക്കേണ്ട കാര്യമാണ്. ഒരു വനിതാ ദിനത്തിലോ റിപ്പബ്ലിക് ദിനത്തിലോ നടക്കുന്ന മിഠായി വിതരണത്തിനപ്പുറം തടവുകാരുടെ മാനസികമായ പരിവര്‍ത്തനത്തിനു കാരണമാകുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഉദാഹരണത്തിന് നമ്മള്‍ സംസാരിച്ച മീനാക്ഷിയോട് ഈ സമൂഹത്തില്‍ ജീവിക്കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍ അവള്‍ക്കു അങ്ങേയറ്റം വെറുപ്പായിരിക്കും പ്രകടിപ്പിക്കുക. അതുപോലെ തന്നെ കുറ്റവാളിയാക്കിയ സമൂഹത്തോട് മൊത്തത്തില്‍ ഒരു പകയും ഉണ്ടാകാം.

അവര്‍ക്കു വേണ്ടത് വഴിപാടുപോലെ നടത്തുന്ന യോഗാ ക്ലാസുകളും അതിന്റെ പേരില്‍ നടത്തുന്ന അഴിമതികളും അല്ല. അവരുടെ മാനസിക വികാസത്തിനും സാമൂഹിക ബോധം ഉയര്‍ത്തുന്നതിനും വേണ്ട പരിശീലനങ്ങളും പഠനങ്ങളും ആണ് ആവശ്യം. നിര്‍ഭാഗ്യവശാല്‍ അത്തരം വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കു അര്‍ഹിക്കുന്ന പരിഗണനയോ ശ്രദ്ധയോ ഉണ്ടാകാറില്ല. ഇനിയിപ്പോ തടവുകാരെ അങ്ങനെ നല്ലവരാക്കി മാറ്റുന്നത് എന്തിനാണ് എന്നു ചോദിച്ചാല്‍ ഒരു രാജ്യം മുന്നോട്ട് സഞ്ചരിക്കുന്നതില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് അതും. കുറ്റാരോപിതരെ പോലും തല്ലി കൊല്ലണമെന്നും തടവുകാര്‍ക്ക നല്ല ഭക്ഷണം നല്‍കാന്‍ പാടില്ലെന്നും ഒക്കെയുള്ള പൊതുബോധം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ അധികാരികളുടെ ഇച്ഛാശക്തി മാത്രമേ അത്തരം ഒരവസ്ഥ സംജാതമാക്കൂ.