നെടുങ്കുന്നംകാരുടെ ഇപ്പോഴത്തെ ഹീറോ ജോ ജോസഫ് എന്ന ജനപ്രതിനിധിയാണ്; വറ്റിവരണ്ടുകിടന്ന കിണറുകളില്‍ ഒരു ദിവസം കൊണ്ടു ജലം നിറച്ച് അത്ഭുതം സൃഷ്ടിച്ചയാള്‍

പദ്ധതി ആസൂത്രണം ചെയ്തവരെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു പിന്നീട് സംഭവിച്ചത്. തോടൊഴുകുന്നതിനു സമീപത്തുള്ള വറ്റിവരണ്ട കിണറുകളില്‍ പിറ്റേന്നു പുലര്‍ച്ചയോടെ ജലം നിറഞ്ഞു. ചെറിയൊരു പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി അങ്ങനെ വന്‍ വിജയം കാണുകയായിരുന്നു.

നെടുങ്കുന്നംകാരുടെ ഇപ്പോഴത്തെ ഹീറോ ജോ ജോസഫ് എന്ന ജനപ്രതിനിധിയാണ്; വറ്റിവരണ്ടുകിടന്ന കിണറുകളില്‍ ഒരു ദിവസം കൊണ്ടു ജലം നിറച്ച് അത്ഭുതം സൃഷ്ടിച്ചയാള്‍

നെടുങ്കുന്നത്തെ ഒന്നാം വര്‍ഡുമെമ്പര്‍ ജോ ജോസഫ് എന്ന സാധാരണക്കാരന്‍ ഇന്നു സംസ്ഥാനത്തെ മറ്റു ജനപ്രതിനിധികള്‍ക്കു ഒരു മാതൃകയാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്ന ഈ വേനലില്‍ തന്റെ വാര്‍ഡിലെ വരണ്ടുണങ്ങിയ കിണറുകളിലുംകുളങ്ങളിലും ബുദ്ധിപരമായ നീക്കത്തിലൂടെ ജലമെത്തിച്ചാണ് അദ്ദേഹം ഒരു മാതൃകാ ജനപ്രതിനിധിയുടെ കടമ നിര്‍വ്വഹിച്ചത്. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ തന്റെ ആശയം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ ജോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത് അഭിനന്ദനത്തിന്റെ കൈയടികളാണ്.


ഈ വര്‍ഷത്തെ വേനല്‍ക്കാലം കടുത്ത വരള്‍ച്ചയാണ് നെടുങ്കുന്നം പഞ്ചായത്തിനു സമ്മാനിച്ചത്. പഞ്ചായത്തിനുള്ളിലെ ഒട്ടുമിക്ക ജലാശയങ്ങളും വറ്റിവരണ്ടു. കുടീനീരിനു പോലും ജലമില്ലാതെ ജനങ്ങള്‍ പരക്കംപായുന്ന അവസ്ഥയും സംജാതമായി. നെടുങ്കുന്നം ഒന്നാം വാര്‍ഡിലെ മാന്തുരുത്തി വലിയ തോടും മറ്റു ചെറിയ തോടുകളും ജലശൂന്യമായതോടെ പരിസരവാസികളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി. ജലക്ഷാമം പരിഹരിക്കാന്‍ എന്തുചെയ്യണമെന്നുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒന്നാം വാര്‍ഡ് മെമ്പറായ ജോ ജോസഫ് തന്റെ മനസ്സിലുള്ള ആശയം പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

ഒന്നാം വാര്‍ഡിലെ വടക്കന്‍വല- കല്ലോലി റോഡില്‍ ഉത്തന്‍പാറ സ്ഥിതിചെയ്യുന്ന പ്രവര്‍ത്തനം നിലച്ച സ്വകാര്യ പാറമടയില്‍ ശേഖരിക്കപ്പെട്ട ജലം കൈത്തോടിലൂടെ ഒഴുക്കുക എന്നുള്ളതായിരുന്നു ജോ മുന്നോട്ടു വച്ച ആശയം. ഇത് എത്രത്തോളം പ്രവര്‍ത്തകമാകും എന്നു നിശ്ചയമില്ലായിരുന്നെങ്കിലും പ്രവര്‍ത്തിക്കാന്‍ തന്നെ ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, വാടയ്ക്കു എടുത്ത മോട്ടോര്‍ ഉപയോഗിച്ച് പാറക്കുളത്തില്‍ നിന്നും തോട്ടിലേക്കു ജലം പമ്പു ചെയ്തുതുടങ്ങി.

തലേദിവസം വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ചേ വരെയുള്ള തുടര്‍ച്ചയായ പമ്പിങ്ങിലൂടെ തോട് വീണ്ടും ജലസമൃദ്ധമായി. പക്ഷേ പദ്ധതി ആസൂത്രണം ചെയ്തവരെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു പിന്നീട് സംഭവിച്ചത്. തോടൊഴുകുന്നതിനു സമീപത്തുള്ള വറ്റിവരണ്ട കിണറുകളില്‍ പിറ്റേന്നു പുലര്‍ച്ചയോടെ ജലം നിറഞ്ഞു. ചെറിയൊരു പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി അങ്ങനെ വന്‍ വിജയം കാണുകയായിരുന്നു.

പന്ത്രണ്ടു മണിക്കൂറുകളോളം തുടര്‍ച്ചയായി വെള്ളം പമ്പുചെയ്തിട്ടും പാറമടയിലെ ജലനിരപ്പ് വെറും ഒരടി മാത്രമാണ് താഴ്ന്നതെന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതായി ജോ ജോസഫ് നാരദാ ന്യൂസിനോടു പറഞ്ഞു. 'ഈ പഞ്ചായത്തില്‍ മാത്രം 12 ഓളം പാറക്കുളങ്ങളാണുള്ളത്. അവയില്‍ ലക്ഷക്കണക്കിനുലിറ്റര്‍ അളവില്‍ വെള്ളവുമുണ്ട്. ഈ വെള്ളം ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ട്. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനം'- ജോ ജോസഫ് പറഞ്ഞു.
മറ്റു പാറമടകളിലേക്കും പദ്ധതി വ്യാപിക്കാനാണ് ഉദ്ദേശം. പക്ഷേ അതിനു പഞ്ചായത്തിന്റെ തീരുമാനം പ്രധാനമാണ്. പലരും പാറമടകള്‍ വിട്ടുനല്‍കാത്ത ഒരു അവസ്ഥയുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു പാറമടകള്‍ പൊതു ജനങ്ങളുടെ ആവശ്യത്തിനു ഉപയോഗിക്കാന്‍ തക്ക സൗകര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇതു സംസ്ഥാനത്തൊട്ടാകെ ഉപയോഗിക്കാവുന്ന മാര്‍ഗ്ഗമാണ്. ഇത്തരത്തില്‍ ആയിരക്കണക്കിനു കുളങ്ങള്‍ വന്‍ ജലസംഭരണികളായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ട്

ജോ ജോസഫ്, നെടുങ്കുന്നം പഞ്ചായത്ത് മെമ്പര്‍മാതൃകാകരമായ പ്രവര്‍ത്തനത്തിന് നിറഞ്ഞ പിന്തുണയുമായി ജനങ്ങളും ജോയ്‌ക്കൊപ്പമുണ്ട്. വാര്‍ഡിന്റെ വെള്ളം എത്താത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ജോ ജോസഫ്. മറ്റു പാറക്കുളങ്ങളിലെ ജലം ഇത്തരത്തില്‍ ഉപയോഗിക്കാനും നെടുങ്കുന്നംകാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏതിനും പിന്തുണയുമായി ജോ ജോസഫും ജനങ്ങള്‍ക്കൊപ്പമുണ്ട്.

Read More >>