കടലാസിലും പുലിയിറങ്ങി; ചരിത്രത്തിൽ ഗര്‍ജ്ജിച്ച പുലിമുരുകരഹസ്യങ്ങള്‍

ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ ധൈര്യമായിരുന്നു പുലിമുരുകന്‍ എന്ന ചിത്രം. ചിത്രം പരാജയപ്പെട്ടാല്‍ ചുരുങ്ങിയത് പത്തുകോടി നഷ്ടമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. സ്വന്തമായി ഉണ്ടായിരുന്ന വസ്തു വില്‍ക്കാല്‍ ഏര്‍പ്പാടാക്കിയാണ് ടോമിച്ചന്‍ റിലീസിങ്ങിന് ഒരുങ്ങിയത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്നായിരുന്നു മന്ത്രി ജി. സുധാകരന്റെ പരമാര്‍ശം. ഡമ്മിയുമായാണ് മല്‍പ്പിടുത്തമെന്ന് മറ്റു ചിലരുടെ പ്രചാരണം. ഈ ഘട്ടത്തില്‍ പുലിമുരുകനെക്കുറിച്ചുള്ള പുസ്തകം അനിവാര്യമായിരുന്നു. പുലിമുരുകന്‍ ചരിത്രം സൃഷ്ടിക്കാന്‍ പുസ്തക രൂപത്തിലും... ഗ്രന്ഥകാരന്‍ സംസാരിക്കുന്നു.

കടലാസിലും പുലിയിറങ്ങി; ചരിത്രത്തിൽ ഗര്‍ജ്ജിച്ച പുലിമുരുകരഹസ്യങ്ങള്‍

28 കോടി മുടക്കി മലയാളത്തില്‍ ഒരു സിനിമ. പലരും നെറ്റി ചുളിച്ചു. പടം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടാല്‍ ചുരുങ്ങിയത് പത്തുകോടി നഷ്ടമുണ്ടാകുമെന്നായിരുന്നു നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ കണക്കുകൂട്ടല്‍. സ്വന്തമായി ഉണ്ടായിരുന്ന വസ്തു വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയാണ് ടോമിച്ചന്‍ പുലിമുരുകന്റെ റിലീസിങ്ങിനു ഒരുങ്ങിയത്. ടോമിച്ചന്‍ മുളകുപാടമെന്ന നിര്‍മ്മാതാവ് കാണിച്ച ധൈര്യമായിരുന്നു പുലിമുരുകനെന്ന മലയാളത്തിന്റെ എക്കാലത്തെയും പണംവാരിപ്പടം!


പുലി മുരുകന്‍ ബോക്സ് ഓഫീസിലൊരു ഗര്‍ജ്ജനമെന്ന പേരില്‍ അണിയറയില്‍ ഒരുങ്ങുന്ന പുസ്തകത്തിലാണ് പുലിമുരുകനെക്കുറിച്ച് ഇതുവരെ ആരും പറയാത്ത കഥകള്‍ ഉള്ളത്.ഫ്രീലാൻസ് പത്രപ്രവര്‍ത്തകനായ ടി. അരുണ്‍ കുമാറാണ് മലയാളത്തിന്റെ വിസ്മയചിത്രത്തിനെ വാക്കുകളില്‍ വരച്ചിടുന്നത്. ചിത്രത്തിന്റെ അണിയറക്കാരെക്കുറിച്ചുള്ള പാണന്റെ പാട്ടല്ല 'പുലിമുരുകന്‍ ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജന'മെന്ന പുസ്തകം. പുലിമുരുകനെ ആധികാരികമായി വായിച്ചെടുക്കുവാന്‍ ശ്രമിക്കുകയാണ് അരുണ്‍ കുമാര്‍. ഇതില്‍ സാങ്കേതിക പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങളുണ്ട്. അനുഭവങ്ങളുണ്ട്. സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഉണ്ട്.സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് പുസ്തകത്തിന്റെ വരവറിയിച്ചത്. പുലിമുരുകനു പറയാന്‍ കുറെ കഥകള്‍ ബാക്കിയുണ്ട്. അദ്ധ്വാനത്തിന്റെയും ക്രിയാത്മകതയുടെയും പ്രതിസന്ധികളുടെയും കഥകള്‍. 'ഇതു വരെ ഞങ്ങള്‍ വെളിപ്പെടുത്താതെ കഥകള്‍ ഈ പുസ്തകം നിങ്ങളോടും പറയും.


കഥ പറയുന്ന രീതി, സ്പെഷ്യല്‍ ഇഫക്ട്സ്, പശ്ചാത്തല സംഗീതം, സെറ്റ് ഡിസൈന്‍ തുടങ്ങിയ എല്ലാ സാങ്കേതിക വശങ്ങളിലും പുതിയ അനുഭവം സമ്മാനിച്ച ചിത്രത്തിന്റെ എല്ലാ ശ്രമങ്ങളെക്കുറിച്ചും ഈ പുസ്തകം പറയും. സിനിമയെ ഇഷ്ടപ്പെടുന്നവര്‍, സിനിമാപ്രവര്‍ത്തകര്‍ തുടങ്ങി ഏവര്‍ക്കും ഉപകാരപ്പെടുന്നതും ഇഷ്ടമാകുന്നതുമായിരിക്കും ഈ പുസ്തകം - മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

[caption id="attachment_85423" align="alignleft" width="358"]
ടി. അരുണ്‍ കുമാര്‍ [/caption]

ഒരു പുസ്തകം എഴുതാന്‍ മാത്രം എന്താണു പുലിമുരുകനില്‍ ഉള്ളത്? അരുണ്‍ കുമാറിനു കൃത്യമായ മറുപടിയുണ്ട്.

പൊതുവെ മലയാള സിനിമകള്‍ വ്യക്തിപരമായ സംഘര്‍ഷങ്ങളില്‍ ഊന്നിയുള്ളതാണ്. വലിയ ക്യാന്‍വാസില്‍ ഇറങ്ങുന്ന ചുരുക്കം സിനിമകളെ നമുക്കുള്ളു. അടൂരിന്റെ സിനിമയിലായാലും പുലിമുരുകനിലായാലും കടുവയെ അവതരിപ്പിക്കണമെങ്കില്‍ സാങ്കേതികമായ മികവ്, അദ്ധ്വാനം ആവശ്യമുണ്ട്. ഈ രീതികള്‍ രണ്ടു സിനിമകളിലും ഒന്നു തന്നെയാകും.

മോഹന്‍ലാലിന്റെ കഥാപരമായി മികച്ചു നിന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തലകുത്തി വീണപ്പോള്‍ അസാധാരണമായ കഥയോ, ആഖ്യാന രീതികളോ ഇല്ലാതെ മേയ്ക്കിങ് രീതി കൊണ്ടും സാങ്കേതിക തികവും കൊണ്ട് ബോക്സ് ഓഫീസില്‍ തലയുര്‍ത്തിയ ചിത്രത്തിന് ഒരുപാട് കഥകള്‍ പറയാന്‍ ഉണ്ടാകും. ആ കഥകളെ നൂലില്‍ കോര്‍ത്തിടുകയാണ് അരുണ്‍ കുമാര്‍.

പുലിമുരുകന്‍ റിലീസ് ആയപ്പോള്‍ തിരുവനന്തപുരത്തെ പേരാടുള്ള തിയറ്ററിലാണ് ചിത്രം അരുണ്‍ കുമാര്‍ കണ്ടത്. പഴയ ഓലക്കൊട്ടക പൊളിച്ച് പുതുക്കിപ്പണിഞ്ഞ തിയറ്ററില്‍ ചിത്രം കാണാന്‍ ഏറെ നാള്‍ അരുണ്‍ കുമാറിന് കാത്തിരിക്കേണ്ടി വന്നു. ഈ ചെറുഗ്രാമത്തില്‍ ഈ ചിത്രം ചെലുത്തിയ സ്വാധീനമാണ് അരുണ്‍ കുമാറിനെ പുസ്തക രചനയിലേയ്ക്ക് നയിച്ചത്. ഫാന്‍സ് മാത്രം തള്ളിക്കയറിയാല്‍ ഇത്രയധികം കളക്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് അരുണ്‍ കുമാര്‍ അഭിപ്രായപ്പെടുന്നു.ബാഹുബലിയുടെ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ച വി എം സതീശാണ് പുലിമുരുകനിലും ശബ്ദലേഖനം നിര്‍വഹിച്ചത്. നടന്‍ നന്ദു അവതരിപ്പിച്ച കഥാപാത്രം കടുവ ആക്രമിക്കാന്‍ വരുന്ന സമയത്ത് ജീപ്പിന്റെ മുകളില്‍ കയറുന്ന രംഗമുണ്ട്. ജീപ്പില്‍ ഇരിക്കുന്ന ആളുകളുടെ ഭയം തീവ്രമായി തന്നെ ഇതില്‍ അവതരിപ്പിക്കേണ്ടതുണ്ട്.

യഥാര്‍ത്ഥ കടുവകളെ നിരീക്ഷിച്ച് വിഎഫ്എക്സില്‍ സൃഷ്ടിച്ചെടുത്ത കടുവ ജീപ്പിന്റെ ബോണറ്റില്‍ മാന്തുന്ന ഒരു രംഗമുണ്ട്. കടുവയുടെ നഖങ്ങള്‍ ലോഹം കൊണ്ട് നിര്‍മ്മിച്ചെടുത്ത് ആളുകളുടെ കൈകളിലും കാലുകളിലും ഘടിപ്പിച്ച് ജീപ്പിന്റെ ബോണറ്റില്‍ മാന്തിച്ചാണ് ആ ശബ്ദം സ്വഭാവികത നഷ്ടപ്പെടുത്താതെ സൃഷ്ടിച്ചെടുത്തത്.കടുവ അലറുന്ന ശബ്ദം 70 ഓളം കടുവകളുടെ യഥാര്‍ത്ഥ ശബ്ദം രേഖപ്പെടുത്തി പല ട്രാക്കുകളിലായി ഇട്ടാണ് കടുവയുടെ ഗര്‍ജ്ജനമായി രൂപാന്തരപ്പെടുത്തിയത്. ശബ്ദലേഖനം ചിട്ടപ്പെടുത്തിയെടുക്കാന്‍ തന്നെ മൂന്ന് മാസങ്ങളോളം എടുത്തു.

മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ തന്നെ അഭിപ്രായം പറഞ്ഞ സ്ഥിതിവിശേഷമുണ്ടായത് ഈ സിനിമയുടെ പ്രയത്നത്തെക്കുറിച്ച് പൊതുജനത്തിന് അറിവില്ലാത്തതു കൊണ്ടാണ്. പുസ്തകം അടുത്ത മാസം ഇറങ്ങുന്നതോടെ ഇത്തരം കാര്യങ്ങളിലുള്ള ആശയക്കുഴപ്പം നീങ്ങുമെന്നാണ് അരുണ്‍ കുമാറിന്റെ പ്രതീക്ഷ.

ടെക്നിക്കല്‍ ബ്രില്യന്‍സാണ് ഈ സിനിമ. മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയിട്ടും കടുവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം തീരാന്‍ മാസങ്ങള്‍ എടുത്തു. കൃത്യമായി പ്ലാനിങ്ങും ധാരണയുമെല്ലാം വൈശാഖിന് ചിത്രത്തെക്കുറിച്ച് ഉണ്ടായിരുന്നുവെങ്കിലും കടുവയുടെ സ്വഭാവിക ചലനങ്ങള്‍ എങ്ങനെ ചിത്രീകരിക്കുമെന്നതിനെക്കുറിച്ച് ആശങ്ക ബാക്കിയായി. വിചാരിച്ച പോലെ ചലനങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സിനിമയ്ക്കു വേണ്ടി ചെയ്ത എല്ലാ അദ്ധ്വാനവും വെറുതെയാവും. തായ്‌ലാന്‍ഡില്‍ കടുവയുടെ രംഗങ്ങള്‍ ചിത്രീകരിക്കാനായി പോയിട്ട് 20 ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.ക്രോമയില്‍ ചിത്രീകരിച്ച രംഗങ്ങളുടെ അളവ് ചിട്ടപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചത്. ഈ കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതായിട്ടുണ്ട്. ഇത്തരം സംശയങ്ങളുടെ നിവാരണം വരുത്തേണ്ടേതുണ്ട്. ഈ അവസരത്തില്‍ പുസ്തകം അനിവാര്യമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ക്കു തന്നെ തോന്നിയതു കൊണ്ടാകും ഈ പുസ്തകത്തിനായി മോഹന്‍ലാലും വൈശാഖുമടങ്ങുന്ന അണിയറ പ്രവര്‍ത്തകര്‍ സമയം മാറ്റിവച്ചതെന്ന് - അരുണ്‍ കുമാര്‍ പറഞ്ഞു.

മുട്ടിനു മുട്ടിനു സംഘട്ടനരംഗങ്ങള്‍ വരുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ നമുക്ക് മടുപ്പ് ഉളവാകും. എന്നാല്‍ പുലിമുരുകനിലെ അവസാന രംഗങ്ങള്‍ കാണാന്‍ മാത്രം സിനിമ വീണ്ടും കാണുന്നവരുടെ എണ്ണം കൂടുതലാണ്. മോഹന്‍ലാലിന്റെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ നമ്മള്‍ ഇതിനു മുന്‍പ് ഇത്രത്തോളം ആസ്വദിച്ചു കണ്ടിട്ടില്ല. വിഎഫ്എക്സ് തന്നെയായിരുന്നു ചിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി. കടുവയുടെ ചലനത്തില്‍ സൂത്രപ്പണികളൊന്നും പറ്റില്ല. മുരുകന്‍ കത്തിയെറിഞ്ഞ് കടുവയെ പിടിച്ചു നിര്‍ത്തുമ്പോള്‍ ഒരു യഥാര്‍ത്ഥ കടുവയുടെ ചലനങ്ങള്‍ എങ്ങനെയായിരിക്കുമോ അതൊക്കെ അങ്ങനെ തന്നെ ഉണ്ടാക്കിയെടുക്കേണ്ടതായിട്ടുണ്ട്.ഈ സിനിമയുടെ കാര്യത്തില്‍ മനുഷ്യന്‍ കടുവയെ പോരാടി ജയിക്കുന്നതു വരെയുണ്ട്. അത്ര സ്വാഭാവികമല്ലാത്ത സാഹചര്യങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. വിഎഫ്എക്സിനായി ത്രി ഡി സി ജി ബോര്‍ഡുകള്‍ തയ്യാറാക്കിയ ശേഷമാണ് യഥാര്‍ത്ഥ രംഗങ്ങള്‍ ചിത്രീകരിച്ചത്.മോഹന്‍ലാല്‍, ടോമിച്ചന്‍ മുളകുപാടം, ഉദയ്‌കൃഷ്ണന്‍, ഗോപി സുന്ദര്‍, തുടങ്ങിയവരുടെ അഭിമുഖങ്ങളും പുസ്തകത്തില്‍ വായിക്കാം. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നതു പോലെയാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. മള്‍ട്ടികളറില്‍ 120 പേജുകളിലായാണ് പുസ്തകം ഒരുങ്ങുക.

ഈ പുസ്തകം ഒരു പ്രമോഷണല്‍ വര്‍ക്കല്ല. പുലിമുരുകന്റെ നെഗറ്റീവ് വശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ കഥയാണെന്ന് വൈശാഖും ഉദയകൃഷ്ണയും പറയുമ്പോഴും ഈ സിനിമയില്‍ വല്ലാത്ത പുതുമയുണ്ട്. ആ പുതുമയിലേയ്ക്കാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. - അരുണ്‍ കുമാര്‍ പറഞ്ഞു.

മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ കുമാര്‍ തിരുവനന്തപുരത്തെ പെരുകാവ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ഏഴായിരം കണ്ടി: സാക്ഷാത്കാരം സഹയാത്രയാണ് ആദ്യ പുസ്തകം.