നമ്മുടേത് സ്ത്രീകളുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന സമൂഹം: രാഷ്ട്രപതി പ്രണബ് മുഖർജി

'തുല്യമായ അവകാശം ഉണ്ടായിട്ടും ലോകസഭയിലെ സ്ത്രീസാന്നിധ്യം 11.3 ശതമാനം മാത്രമാണ്. ആഗോളതലത്തിൽ അത് 22.8 ശതമാനവും. ശരിയായ രീതിയിലുള്ള സംവരണങ്ങളിലാതെ സ്ത്രീപ്രാതിനിധ്യം നൽകുന്ന നേട്ടങ്ങൾ ഉപയോഗപ്പെടുത്താനാവില്ല,' രാഷ്ട്രപതി പറഞ്ഞു.

നമ്മുടേത് സ്ത്രീകളുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്ന സമൂഹം: രാഷ്ട്രപതി പ്രണബ് മുഖർജി

സ്ത്രീകളെ മതിക്കാത്ത ഒരു സമൂഹവും സംസ്കാരമുള്ളതാണെന്ന് പറയാനാവില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. പാർലമെന്റിൽ സ്ത്രീസംവരണം ഏർപ്പെടുത്തുന്നതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭ്യന്തര ഉല്പാദനം കണക്കാക്കുമ്പോൾ രാജ്യത്തിന്റെ വളർച്ചയിൽ സ്ത്രീകൾക്കുള്ള പങ്കിനെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

“സ്ത്രീകളെ അമ്മയായും പ്രചോദനമായും എല്ലാം വിശേഷിപ്പിക്കുമ്പോൾ സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വരുന്നത്. നമ്മൾ ദേവതകളെ ആരാധിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ കാതൽ സ്ത്രീകളെ ബഹുമാനിക്കുന്നതാണ്,” രാഷ്ട്രപതി പറഞ്ഞു.


സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നമ്മൾ സംസ്കാരസമ്പന്നരായ സമൂഹമാണെന്ന് അവകാശപ്പെടുന്നു. തങ്ങളുടെ സ്ത്രീകളെ ബഹുമാനിക്കാത്ത സമൂഹത്തിനെ സംസ്കാരസമ്പന്നം എന്ന് വിളിക്കുന്നതെങ്ങിനെ എന്നും അദ്ദേഹം ചോദിച്ചു.

തുല്യമായ അവകാശം ഉണ്ടായിട്ടും ലോകസഭയിലെ സ്ത്രീസാന്നിധ്യം 11.3 ശതമാനം മാത്രമാണ്. ആഗോളതലത്തിൽ അത് 22.8 ശതമാനവും. ശരിയായ രീതിയിലുള്ള സംവരണങ്ങളിലാതെ സ്ത്രീപ്രാതിനിധ്യം നൽകുന്ന നേട്ടങ്ങൾ ഉപയോഗപ്പെടുത്താനാവില്ല. തീരുമാനങ്ങൾ എടുക്കുമ്പോൾ സ്ത്രീകളുടെ പ്രാതിനിധ്യം ആവശ്യമാണ്.

സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതിയ ആനി ബസന്റിനും മുത്തുലക്ഷ്മി റെഡ്ഡിയ്ക്കും രാഷ്ട്രപതി പ്രണാമം അർപ്പിച്ചു.