എംടിയുടെ കഥ വായിച്ചാല്‍ അരിവില കുറയുമോ ഐസക്കേ; ബജറ്റ് കേട്ട മുന്‍ ഭക്ഷ്യമന്ത്രി ചോദിക്കുന്നു

പത്തായത്തിലെ നെല്ല് കാരണവര്‍ പൂട്ടിയിട്ടുവെങ്കില്‍ സ്വന്തം പത്തായത്തില്‍ കിടക്കുന്ന നെല്ലെങ്കിലും എടുത്ത് ജനങ്ങള്‍ക്കു കൊടുക്കുവെന്ന് അനൂപ് ജേക്കബടക്കമുള്ളവര്‍ സഭയില്‍ ഇരുന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇടക്കാല ബജറ്റിലെ വാഗദാനങ്ങള്‍ നിറവേറിയോ അവശ്യ സാധനങ്ങളുടെ വില കുറയ്ക്കാന്‍ മാത്രമുള്ള ഇടപെടലുകള്‍ ഈ ബജറ്റിലുണ്ടോ- ബജറ്റിനെ വിലയിരുത്തിക്കാണ്ട് മുന്‍ ഭക്ഷ്യമന്ത്രിയും എംഎല്‍എയുമായ അനൂപ് ജേക്കബ് നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

എംടിയുടെ കഥ വായിച്ചാല്‍ അരിവില കുറയുമോ ഐസക്കേ; ബജറ്റ് കേട്ട മുന്‍ ഭക്ഷ്യമന്ത്രി ചോദിക്കുന്നു

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ ജനപ്രിയ തീരുമാനങ്ങള്‍ വിളക്കിച്ചേര്‍ത്ത് അവതരിപ്പിച്ച ഒന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ 2016 ജൂലൈ എട്ടാം തിയതിയിലെ ഇടക്കാല ബജറ്റ്. 'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ'യെന്ന ശ്രീനാരായണഗുരുവിന്റെ പ്രാര്‍ത്ഥന ചൊല്ലിയാണ് ഐസക് ജനങ്ങളെ കയ്യിലെടുത്തത്. അഞ്ചു വര്‍ഷത്തേയ്ക്ക് അവശ്യ സാധനങ്ങള്‍ക്ക് വില കൂടില്ലെന്നും എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം.


മാസങ്ങള്‍ക്കു ശേഷം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ ബജറ്റുമായി വീണ്ടും വരുമ്പോഴും സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. ഇത്തവണ തോമസ് ഐസക് പഴി പറയുന്നത് നോട്ടു നിരോധനത്തെയാണ്. ശ്രീനാരായണ ഗുരുവിനെ വിട്ട് കൂട്ടു പിടിക്കുന്നത് മലയാളത്തിലെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായരെയും. അരിവില കൂടിയെന്നുള്ളത് വ്യാജപ്രചാരണമാണെന്നും വിപണിയില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തുമെന്നും ഊന്നിപറയുന്ന തോമസ് ഐസക്കിനോട് എംടിയുടെ കഥ വായിച്ചതു കൊണ്ട് മാത്രം അരിവില കുറയില്ലെന്ന് പറയുകയാണ് മുന്‍ ഭക്ഷ്യമന്ത്രിയും പിറവം എംഎല്‍എയുമായ അനൂപ് ജേക്കബ്.

ഇത്തവണത്തെ ബജറ്റിനു വല്ലാത്ത ഒഴുക്കായിരുന്നു. എംടി വാസുദേവന്‍നായരെ കൂട്ടിനു പിടിച്ചായിരുന്നു യാത്ര. നോട്ടു നിരോധനത്തിനെതിരെ എംടി നടത്തിയ പരാമര്‍ശവും അതിനോട് ആര്‍എസ് എസ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ ഭീഷണിയും ഓര്‍മ്മിപ്പിച്ചു തുടക്കം. പിന്നീട് പലവട്ടം എംടിയില്‍ തന്നെ കിടന്നു കറങ്ങി. നാലുകെട്ടിലെയും കുട്ട്യേടത്തിയിലെയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കടന്നുവന്നു. നോട്ട് നിരോധിച്ചതിനെ എംടിയെ ചാരി തുഗ്ലക് പരിഷ്‌കാരമെന്നു തന്നെ വിളിച്ചു. '

'വളരും, വളര്‍ന്നു വലുതായി ആരെയും ഭയപ്പെടാതെ ഞാന്‍ ജീവിക്കും'- കോന്തുണ്ണി നായരുടെ മകന്‍ അപ്പൂണ്ണിയാണിത്. നാലുകെട്ടിലെ അപ്പൂണ്ണിയുടെ വെല്ലുവിളി സഭയില്‍. പത്തായത്തിലെ നെല്ലുപൂട്ടിയിട്ട ഫ്യൂഡല്‍ മാടമ്പിയെന്നു കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം. പത്തായത്തിലെ നെല്ലു കാരണവര്‍ പൂട്ടിയിട്ടുവെങ്കില്‍ സ്വന്തം പത്തായത്തില്‍ കിടക്കുന്ന നെല്ലെങ്കിലും എടുത്ത് ജനങ്ങള്‍ക്കു കൊടുക്കുവെന്ന് അനൂപ് ജേക്കബടക്കമുള്ളവര്‍ സഭയില്‍ ഇരുന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇടക്കാല ബജറ്റിലെ വാഗദാനങ്ങള്‍ നിറവേറിയോ അവശ്യ സാധനങ്ങളുടെ വില കുറയ്ക്കാന്‍ മാത്രമുള്ള ഇടപെടലുകള്‍ ഈ ബജറ്റിലുണ്ടോ. ബജറ്റിനെ വകയിരുത്തിക്കൊണ്ട് അനൂപ് ജേക്കബ് നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

'അരിവില ചരിത്രത്തില്‍ ആദ്യമായി ഹാഫ് സെഞ്ച്വറി കടക്കുകയാണ് ഭക്ഷ്യ സുരക്ഷയ്ക്കായി ഈ ബജറ്റില്‍ എന്തുണ്ട് എന്നാണ് ആദ്യത്തെ ചോദ്യം. ഭക്ഷ്യസുരക്ഷ, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന മുദ്രവാക്യത്തിനു ഊന്നല്‍ കൊടുത്തു കൊണ്ടായിരുന്നു ഇടക്കാല ബജറ്റ്. റേഷന്‍ സബ്സിഡിയ്ക്കായി 900 കോടി വകയിരുത്തി. റേഷന്‍ കടകളില്‍ ബയോമെട്രിക് ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന വാഗ്ദാനം. 171 കോടി ഇതിനായി വകയിരുത്തി. റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം. 100 കോടി ആ ഇനത്തില്‍ വകയിരുത്തല്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസിന് 200 കോടിയും കണ്‍സ്യൂമര്‍ഫെഡിന് 150 കോടിയും ഹോര്‍ട്ടികോര്‍പ്പിന് 100 കോടി. ഇത്രയുമാണ് ഭക്ഷ്യമേഖലയ്ക്കു വേണ്ടിയുള്ള വകയിരുത്തിയ തുക- അനൂപ് വിലയിരുത്തുന്നു.

വിപണിയില്‍ ഫലപ്രദമായി ഇടപെടണമെങ്കില്‍ സിവില്‍ സപ്ലൈസിനും കണ്‍സ്യൂമര്‍ഫെഡിനും ഹോര്‍ട്ടികോര്‍പ്പിനുമെല്ലാം ഉയര്‍ന്ന തുക പ്രഖ്യാപിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക വിപണയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിന് കാര്യക്ഷമമല്ല. കേന്ദ്രത്തിന്റെ പത്തായം തുറക്കാതെ തന്നെ നമ്മുടെ പത്തായത്തില്‍ വന്ന അരി എന്താണ് വിതരണം ചെയ്യാത്തത് എന്നൊരു മറു ചോദ്യമുണ്ട്.

നവംബര്‍, ഡിസംബര്‍ മാസം കേന്ദ്രവിഹിതമായി ലഭിച്ച അരി വിതരണം ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. 14 ജില്ലകളിലും അരിക്കട തുടങ്ങി കുറഞ്ഞ തുകയ്ക്ക് വിതരണം ചെയ്ത് പ്രതിസന്ധി മറിക്കടക്കുമെന്നാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞത്. അരി വില ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനം കൂടിയെന്നു മന്ത്രി സമ്മതിക്കുകയും ചെയ്തു. അരിക്കട തുടങ്ങാന്‍ ബജറ്റില്‍ എവിടെയാണ് തുക അനുവദിച്ചിരിക്കുന്നത്. സപ്ലൈകോയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് 200 കോടി. ഈ തുക കൊണ്ടെന്നും അരിവില കുറയ്ക്കാന്‍ സാധിക്കില്ലെന്നും എംഎല്‍എ വിലയിരുത്തുന്നു.

കഴിഞ്ഞ ബജറ്റില്‍ കൃഷിഭൂമി തരിശിടില്ലെന്നു പറഞ്ഞ ധനമന്ത്രി ഹെക്ടര്‍ക്കണക്കിന് കൃഷിഭൂമി മഴവെള്ളം കയറി നശിച്ചു പോയത് അറിഞ്ഞില്ല. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ അരിവില കൂടിയെന്ന് നിലവിളിച്ചവരാണ് ചരിത്രത്തില്ലാതെ വിലക്കയറ്റത്തിന് കുട പിടിക്കുന്നത്. ഗാര്‍ഹിക മണ്ണെണ്ണ വിതരണം റേഷന്‍ കടകളില്‍ കാലങ്ങളായി കുറഞ്ഞു വരുന്നു. റേഷന്‍കടകളുടെ നവീകരണം നല്ല കാര്യം തന്നെ റേഷന്‍കട കംപ്യൂട്ടര്‍വത്കരിക്കരിക്കുന്നതും നല്ലതു തന്നെ. വിലക്കയറുമ്പോള്‍ കടയുടെ മോടി കൂട്ടുകയല്ല വേണ്ടത്. മോടി കൂട്ടിയതു കൊണ്ട് അരിവില കുറയുമോ മന്ത്രീ. അനൂപ് ജേക്കബ് പരിഹസിക്കുന്നു.

ബജറ്റില്‍ പറയുന്ന പല കാര്യങ്ങളും മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണ്. നോട്ട് നിരോധനത്തിലൂടെ ആളുകളുടെ കയ്യില്‍ പണമില്ലാതായി. കമ്പോളം ചുരുങ്ങി. നോട്ട് തിരിച്ചെത്തിയാലും പൂര്‍വസ്ഥിതി പ്രാപിക്കാന്‍ സമയമെടുക്കും. സ്വകാര്യ നിക്ഷേപകര്‍ പിന്‍വലിയുന്നു. ബാങ്കുകളില്‍ പണുണ്ടെങ്കിലും കമ്പോളത്തിലേക്ക് അത് എത്തുന്നില്ല. നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. സാമ്പത്തിക മുരടിപ്പുണ്ടാകും. തുടങ്ങിയവയാണ് ധനമന്ത്രിയുടെ ന്യായങ്ങള്‍.

കേരളത്തില്‍ സംഭരിക്കുന്ന നെല്ലിന്റെ അരി തിരിമറി ചെയ്ത് മോശം അരി വിതരണം ചെയ്യുന്ന ഇന്നത്തെ അവസ്ഥയ്ക്ക് വിരാമമിടുമെന്ന പ്രഖ്യാപനം എന്തായിയെന്നുള്ളതും ചോദിക്കേണ്ട ചോദ്യം തന്നെയാണ്. റേഷന്‍ കടകള്‍ നവീകരിക്കുന്നതിനും മറ്റു പലചരക്കുകള്‍ കൂടി വില്‍ക്കുന്ന കടകളായി അവയെ രൂപാന്തരപ്പെടുത്തുമെന്ന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. ആറു മാസങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കാന്‍ പറ്റില്ല ശരി തന്നെ. പക്ഷെ വിപണിയില്‍ ഇടപെടാതെ എംടിയുടെ കഥ പറഞ്ഞതു കൊണ്ട് അരി വില കുറയില്ല ഐസക്കേ' -അനൂപ് ജേക്കബ് പറഞ്ഞു നിര്‍ത്തി.

Read More >>