അതിരുകളെ കുറിച്ച് സ്നേഹത്തോടു പറയരുത്; പാക്കിസ്ഥാനിലേയ്ക്ക് നാടുകടത്തിയാല്‍ ഒടുങ്ങില്ല ഭായ് ദുറാനിയുടെ പ്രണയം

സാമൂഹിക മാധ്യമത്തില്‍ കൂടി പരിചയപ്പെട്ട യുവതിയെ സ്വന്തമാക്കാന്‍ ദുറാനി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നെത്തി. ആ കമിതാക്കള്‍ വിവാഹിതരായി, അവര്‍ക്കൊരു കുട്ടിയും ജനിച്ചു- തുടര്‍ന്നു വായിക്കുക. ഇത് ഒരു ഹിന്ദി സിനിമയുടെ കഥയല്ല.

അതിരുകളെ കുറിച്ച് സ്നേഹത്തോടു പറയരുത്; പാക്കിസ്ഥാനിലേയ്ക്ക് നാടുകടത്തിയാല്‍ ഒടുങ്ങില്ല ഭായ് ദുറാനിയുടെ പ്രണയം

സാമൂഹിക മാധ്യമത്തില്‍ കൂടി പരിചയപ്പെട്ട യുവതിയെ സ്വന്തമാക്കാന്‍ ദുറാനി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നെത്തി. ആ കമിതാക്കള്‍ വിവാഹിതരായി, അവര്‍ക്കൊരു കുട്ടിയും ജനിച്ചു. പക്ഷെ എല്ലാ മുത്തശ്ശിക്കഥകള്‍ പോലെയും അവര്‍ പിന്നീടു സുഖമായി ജീവിച്ചു എന്ന് പറഞ്ഞുനിര്‍ത്താന്‍ കഴിയില്ല, ദുറാനി ഇപ്പോള്‍ നാടുകടത്തല്‍ നടപടികളുടെ വക്കിലാണ്.

31 വയസുകാരനായ അക്ബര്‍ ദുറാനിയുടെ ജീവിതം ഒരു ബോളിവുഡ് സിനിമയ്ക്ക് ചേരുന്ന നാടകവും സസ്പെന്‍സുമെല്ലാം നിറഞ്ഞതാണ്‌. പാകിസ്ഥാനിലെ ഹൈദരാബാദ് പ്രവിശ്യയിലെ ഒഖ്രി സ്വദേശിയാണ് ദുറാനി. 2011ലാണ് മധ്യപ്രദേശ്‌ സ്വദേശിനിയായ സോഫിയയുമായി ഇയാള്‍ പ്രണയത്തിലാകുന്നത്. ഫേസ്ബുക്കിലൂടെ ആരംഭിച്ച പ്രണയം സ്കൈപ്പിലൂടെ വളര്‍ന്നു. ഒടുവില്‍ കാമുകിയെ വിവാഹം ചെയ്യാന്‍ ദുറാനി അമ്മയ്ക്കൊപ്പം ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി. സോഫിയയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവളുടെ വീട്ടുകാര്‍ക്ക് അതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. വിവാഹശേഷം ഇരുവരും ഇന്ത്യയില്‍ താമസിക്കണം എന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. അങ്ങനെ മധ്യപ്രദേശില്‍ സോഫിയയുടെ വീട്ടുകാരുടെ സാന്നിധ്യത്തില്‍ 2013ല്‍ ഇരുവരും വിവാഹിതരായി. ഇക്കണോമിക്സ് ബിരുദധാരിയായ ദുറാനി അധ്യാപനം തൊഴിലായി സ്വീകരിക്കുകയും ചെയ്തു. ഒരു മകന്‍ കൂടി ജനിച്ചതോടെ ഇവരുടെ ദാമ്പത്യജീവിതം ഏറെ സന്തോഷത്തോടെ മുന്നോട്ടു നീങ്ങുകയും ചെയ്തു.


ഈ കുടുംബം ഇന്ത്യയില്‍ സ്ഥിരതാമസത്തിന് തീരുമാനമെടുത്തതോടെ ദുറാനി തന്റെ ടൂറിസ്റ്റ് വീസാ മാറ്റി ദീര്‍ഘകാലാവധിയുള്ള വീസയ്ക്കായി അപേക്ഷ സമര്‍പ്പിച്ചു. താന്‍ വിവാഹം ചെയ്തിരിക്കുന്നത് ഒരു ഇന്ത്യന്‍ വനിതയെയാണെന്നും തങ്ങള്‍ക്കു ഒരു മകന്‍ ഉണ്ടെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് വിസയുടെ കാലാവധി ഇനിയും രണ്ടു മാസം കൂടി അവശേഷിക്കവേയാണ് ദുറാനി അപേക്ഷ നല്‍കുന്നത്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല, അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു. ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിയുന്ന ദിവസം തന്‍റെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഓഫീസില്‍ എത്തിയ ദുറാനിയെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. വീസാ കാലാവധിക്ക് ശേഷം ഇന്ത്യയില്‍ തുടര്‍ന്നതിനായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതി ദുറാനിയെ ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.

2016 ഓഗസ്റ്റ്‌ 8ന് ദുറാനിയുടെ ശിക്ഷാകാലാവധി കഴിഞ്ഞു. പക്ഷെ തിരികെ മടങ്ങാന്‍ പാകിസ്ഥാന്‍ എംബസിയുടെ ചില അനുമതിപത്രങ്ങളും വേണ്ടിയിരുന്നു. ദുറാനിയുടെ പൂര്‍വ്വകാലത്തെ കുറിച്ച്  അന്വേഷണം നടത്തിയതിന് ശേഷമാണ് അവര്‍ ഈ സര്‍ട്ടിഫിക്കേറ്റുകള്‍ അനുവദിച്ചുനല്‍കിയത്. അതിനു ആറു മാസമെടുത്തു. ഇക്കാലമത്രയും ദുറാനിയെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും നിരാശജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് ദുറാനി പറയുന്നു- "എന്റെ ഭാര്യക്കും മകനും എന്റെയൊപ്പം പാകിസ്ഥാനിലേക്ക് വരാന്‍ കഴിയില്ല. എന്റെ അസാന്നിധ്യത്തില്‍ ഇനി അവരുടെ ജീവിതം ഇവിടെ ദുസഹമായിരിക്കും. ഇപ്പോള്‍ അവര്‍ അമൃത്സറില്‍ എന്നെ യാത്രയാക്കാന്‍ എത്തിയിട്ടുണ്ട്. ഇനി ഒരിക്കലും തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല എന്നുള്ളതും വളരെ വേദനാജനകമാണ്"

തന്റെ ഭാര്യക്കും രണ്ടുവയസുകാരന്‍ മകന്‍ ആരിഫിനും പാകിസ്ഥാനിലേക്ക് അനുമതി ലഭിക്കുമോ എന്നും അറിയില്ല.

ഇങ്ങനെയൊരു ദുരന്തം താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും ദുറാനി പറയുന്നു. ഇനിയുള്ള കാലം ജീവിക്കാന്‍ ആഗ്രഹിച്ച നാടും, കുടുംബവും ഇവിടുള്ളവരും എനിക്ക് അന്യമാകുന്നു. ഇത് എന്റെ ജീവിതത്തിലെ സുനാമിയാണ്!