സയോണയുടെ സൈക്കിളിന് അമ്മയാണ് ചക്രം, തീയില്‍ കുരുത്ത ചക്രം!

തൃശ്ശൂരിലെ സയോണയുടെ വീട്ടിലേയ്ക്ക് ഒരു സൈക്കിളിനുള്ള വഴിപോലുമില്ല. പക്ഷെ അവളുടെ അമ്മ തീരുമാനിച്ചത് മകളെ സൈക്ലിങ് താരമാക്കാനാണ്- കൊടുംദാരിദ്ര്യത്തോടു പടവെട്ടി മക്കളെ രാജ്യവും ലോകവുമറിയുന്ന മെഡല്‍ ജേതാക്കളായി വളര്‍ത്തിയ ഓമനയെ വനിതാ ദിനത്തില്‍ പരിചയപ്പെടാം.

സയോണയുടെ സൈക്കിളിന് അമ്മയാണ് ചക്രം, തീയില്‍ കുരുത്ത ചക്രം!

അപേക്ഷ നല്‍കി ആറു വര്‍ഷത്തിനു ശേഷം സൈക്കിള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം ലഭിച്ച ദേശീയ സൈക്ലിങ് താരം കുമാരി സയോണയുടെ വീടും തേടിയുളള ഞങ്ങളുടെ യാത്ര തൃശൂര്‍ മുളങ്കുന്നത്തുകാവ് പൂമലയിലാണ് അവസാനിച്ചത്. അവിടെ ഞങ്ങള്‍ ആ അമ്മയെ കണ്ടു. മക്കള്‍ക്കുവേണ്ടി പ്രാണനില്‍ നിന്ന് വിയര്‍പ്പൊഴുക്കുന്ന ഒരമ്മയെ.

സയോണയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് പിതാവ് അവരെ ഉപേക്ഷിച്ചു പോയത് പക്ഷേ, ഒരു ജീവിതക്ലേശത്തിനു മുന്നിലും അവര്‍ തളര്‍ന്നില്ല. ഒറ്റയ്ക്ക് അവര്‍ മക്കളെ വളര്‍ത്തി. മക്കള്‍ ലോകമറിയുന്നവരായി, രാജ്യത്തിനുവേണ്ടി സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടുന്നവരായി.


ഓമനയെന്ന പേരിന് 'തീയില്‍ കുരുത്തത്' എന്നൊരര്‍ത്ഥമുണ്ടെന്ന് ഈ അമ്മയെ പരിചയപ്പെടുമ്പോള്‍ നമുക്കു മനസിലാകും.

മക്കളെ വളര്‍ത്താന്‍ റോഡ് ടാറിങ്ങിനും വാര്‍ക്കപ്പണിക്കുമൊക്കെ പോകുന്ന വേറെയും മാതാപിതാക്കളുണ്ട്. പക്ഷേ അങ്ങനെ മക്കളെ വളര്‍ത്തിയ ഈ അമ്മയുടെ മകള്‍ ഇപ്പോള്‍ പഞ്ചാബിലെ ഗുരു നാനാക്ക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ഥിനിയാണ്.

മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സൈക്ലിങ്ങിന് ഇന്ത്യന്‍ കുപ്പായമണിഞ്ഞ മിടുക്കി. പതിനെട്ടു വയസിനുള്ളില്‍ ഒമ്പതു സ്വര്‍ണമുള്‍പ്പെടെ പത്തൊമ്പതു മെഡലുകള്‍ വാരിക്കൂട്ടിയ മിടുമിടുക്കി. 2005 -ല്‍ ഹൈദരാബാദില്‍ നടന്ന മീറ്റ് മുതല്‍ ദേശീയ സൈക്ലിങ് താരമായ കുമാരി സയോണ. സഹോദരന്‍ സയോണും ദേശീയ കായികതാരമെന്ന് അറിയുമ്പോഴാണ് പിന്നാക്കാവസ്ഥയുടെ എല്ലാ പ്രതിബന്ധങ്ങളെയും പടവെട്ടി കീഴടക്കി ഈ അമ്മ നേടിയ സ്വര്‍ണപ്പതക്കത്തിന്റെ തിളക്കം നമ്മുടെ കണ്ണു നനയിക്കുന്നത്.

പൂമലയിലെ വീട്ടില്‍ വൃദ്ധരായ ദമ്പതികള്‍ക്ക് സഹായത്തിനു നില്‍ക്കുകയാണ് ഓമന. കായികാധ്വാനത്തിന് അശക്തയാണിന്നവര്‍. എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് സിമന്റു ചാക്കും തലയിലേന്തിപ്പോകുമ്പോള്‍ തെന്നി വീണ് മാസങ്ങളോളം കിടപ്പിലായിരുന്നു. എഴുന്നേല്‍ക്കാറായപ്പോള്‍ ശ്വാസകോശത്തിന് അസുഖം പിടിപെട്ടു. ഇപ്പോഴവര്‍ തീര്‍ത്തും അവശയാണ്. എല്ലാ മാസവും കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനക്കെത്തണം. അതിനു ചെലവു വേണം. മക്കള്‍ക്കു പണമയയ്ക്കണം. തളര്‍ന്നു കിടക്കാനാവില്ല. പണിയെടുത്തേ മതിയാകൂ.

ഇതിനിടയില്‍ പല തവണ അവര്‍ തിരുവനന്തപുരത്തുളള പട്ടികജാതി പട്ടികവര്‍ഗ ഓഫീസില്‍ കയറിയിറങ്ങി. പണിക്കു പോവാതെ കടം വാങ്ങിയ വണ്ടിക്കൂലിയുമായി ഓഫീസുകളായ ഓഫീസുകളില്‍ അവരെത്തി. മെഡലു വാങ്ങിക്കൂട്ടുന്ന മകള്‍ക്കൊരു നല്ല സൈക്കിളിനുളള ധനസഹായം കിട്ടാന്‍.

[caption id="attachment_41312" align="aligncenter" width="640"]IMG-20160905-WA0010 സയോണ അന്തർദേശീയതലത്തിൽ മാറ്റുരച്ച മറ്റ് അത്ലറ്റുകൾക്കൊപ്പം[/caption]

ആറു വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ അപേക്ഷ കൈപ്പറ്റിയ അതേ എ.കെ ബാലനില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായി. എന്നാല്‍ 2012 ല്‍ എങ്കിലും ഈ തീരുമാനമുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി മെഡലുകള്‍ മകള്‍ വാരിക്കൂട്ടുമായിരുന്നു എന്നവര്‍ക്കു ഉറപ്പുണ്ട്. സര്‍ക്കാര്‍ സമ്മാനിച്ച സൈക്കിളില്‍ മത്സരിച്ച് 2016 ഡിസംബര്‍ 21 മുതല്‍ 25 വരെ തിരുവനന്തപുരത്തു നടന്ന നാഷണല്‍ ട്രാക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ടീം ട്രയല്‍ വിഭാഗത്തില്‍ സ്വര്‍ണവും പോയിന്റ് റേസില്‍ വെള്ളിയും സയോണ നേടി.

പരിയാരം ലക്ഷം വീട് കോളനിയില്‍ ചോര്‍ന്നൊലിക്കുന്നൊരു കൊച്ചു വീട് മാത്രമാണ് ഇപ്പോഴവര്‍ക്ക് സ്വന്തമായുള്ളത്. വീട്ടിലേക്കുള്ളത് ഒരു സൈക്കിള്‍ പോലും പോകാത്ത വഴി. കിട്ടിയ മെഡലുകള്‍ വയ്ക്കാന്‍ വീട്ടില്‍ സൗകര്യമൊന്നുമില്ല. എല്ലാം സൂക്ഷിച്ചിരിക്കുന്നത് അമ്മാവന്റെ വീട്ടിലാണ്.

പഠിക്കാനും മിടുമിടുക്കിയായിരുന്നു സയോണ. ഉടുമ്പന്നൂര്‍ പരിയാരം എസ്എന്‍എല്‍പി മങ്കുഴി സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളിലുമാണ് 7 ആം ക്ലാസ്സു വരെ സയോണ പഠിച്ചത്. 7 ആം ക്ലാസ്സിലാണ് സൈക്ലിങ് പരിശീലനം ആരംഭിക്കുന്നത്. അമ്മാവനായ രാജേഷ് ആയിരുന്നു ആദ്യ പരിശീലകന്‍. നാട്ടിന്‍പുറത്തെ കുട്ടികള്‍ക്ക് സൈക്ലിങ് പരിശീലനം രാജേഷിന്റെ ഉപജീവനമാര്‍ഗം കൂടിയാണ്.

തുമ്പ സെന്റ് സേവിയേഴ്‌സില്‍ നിന്ന് ഡിഗ്രിയെടുത്തതിനു ശേഷമാണ് സയോണ തിരുവനന്തപുരം സായിയില്‍ എത്തിയത് . 2007 മുതല്‍ 2013 വരെ സായിയിലുണ്ടായിരുന്നു . വീട്ടിലെ പ്രാരാബ്ധങ്ങള്‍ മൂലം പത്താം ക്ലാസു കഴിഞ്ഞതോടെ സൈക്ലിങ് പരിശീലനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ സയോണയുടെ സീനിയര്‍ ആയിരുന്ന മഹിതയും അമ്മയുമാണ് വീണ്ടും ഇവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയത്.

[caption id="attachment_41313" align="alignleft" width="401"]Sayona സയോണ[/caption]

തൊടുപുഴ ലയണ്‍സ് ക്ലബ് സമ്മാനമായി നല്‍കിയ സൈക്കിളിലായിരുന്നു താരത്തിന്റെ പരീശീലനം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ സൈക്കിള്‍ സ്ഥിരമായി തകരാറിലാകും. ആ പ്രതിബന്ധമൊക്കെ മറികടക്കാന്‍ ഈ അമ്മ തെല്ലൊന്നുമല്ല കഷ്ടപ്പെട്ടത്. അറ്റകുറ്റപ്പണികള്‍ക്ക് ഓരോതവണയും ആയിരങ്ങളും പതിനായിരങ്ങളും വേണം. പാര്‍ട്‌സുകള്‍ പലതും വിദേശത്തു നിന്നു വരുത്തണം. കടം വാങ്ങിയ പണം കൊടുക്കാന്‍ ആദ്യം പതിനൊന്നു സെന്റ് സ്ഥലം വിറ്റു. വീടിനടുത്തുള്ള കോ ഓപ്പറേറ്റിവ് ബാങ്കിലാണ് നാലു സെന്റിലെ പണി തീരാത്ത വീടിന്റെ ആധാരം.

സയോണയുടെ സഹോദരന്‍ സയോണും 8 വര്‍ഷമായി ദേശീയ താരമാണ്. തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തിയിരുന്ന സയോണിന് അസുഖം മൂലം ഡിഗ്രി അവസാന പരീക്ഷ എഴുതാനായില്ല. അങ്ങനെ ഹോസ്റ്റലില്‍നിന്നു പുറത്തായി. ഇപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് സായ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയാണ് സയോണ്‍ . ഭക്ഷണം ഉണ്ടാക്കി കഴിക്കും. പലപ്പോഴും കടുത്ത പരിശീലനം നടത്തി തളര്‍ന്നെത്തുന്ന മകന്‍ പട്ടിണിയിലായിരിക്കുമെന്ന് ഓമന സങ്കടപ്പെടുന്നു. കാരണം സാധനങ്ങള്‍ വാങ്ങാനുള്ള പണം അക്കൗണ്ടില്‍ ഇട്ടു കൊടുക്കാന്‍ ചിലപ്പോഴെങ്കിലും കഴിയാതെ വരും. സായിയില്‍ പ്രവേശനം കിട്ടിയത് കൊണ്ട് മാത്രമാണ് താമസവും ഭക്ഷണവും ഒപ്പം പരിശീലനവും മക്കള്‍ക്കു ലഭിച്ചതെന്ന് ഓമനയ്ക്കറിയാം. ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ക്കു മുന്നോട്ടു പോകാന്‍ കഴിയില്ലായിരുന്നു .ഒരു പട്ടാളക്കാരനാകണമെന്നായിരുന്നു സയോണിന്റെ സ്വപ്നം. രണ്ടു തവണ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തു. കായിക മത്സരങ്ങളിലും എഴുത്തു പരീക്ഷകളിലും വിജയം കണ്ടു. പക്ഷേ, ഒരു കണ്ണിനു കാഴ്ച കുറവുണ്ടെന്ന കാരണം പറഞ്ഞു പുറത്താക്കി. രണ്ടു ലക്ഷം രൂപ തന്നാല്‍ മെഡിക്കല്‍ പാസാക്കി തരാമെന്നു പറഞ്ഞു ഏജന്റുമാര്‍ ഈ അമ്മയെയും മകനെയും സമീപിച്ചിരുന്നു. 200 രൂപ തികച്ചു കൈയിലില്ലാത്തവരെങ്ങനെ ആ പണം കൊടുക്കും? സയോണിനൊരു ജോലിയില്ലാതെ ഓമനയ്ക്കിനി പിടിച്ചു നില്ക്കാനാവില്ല. രണ്ടു മിനിറ്റ് നടന്നാല്‍ പോലും ശ്വാസം കിട്ടാത്ത അവസ്ഥയിലാണിപ്പോഴവര്‍. ജോലിക്കു നില്‍ക്കുന്ന വീട്ടുകാരുടെ കരുണ കൊണ്ട് മാത്രം ചെറിയ സംഖ്യ മുടക്കമില്ലാതെ കിട്ടുന്നു. അതുകൊണ്ടു കഷ്ടപ്പെട്ടാണെങ്കിലും മക്കളുടെ കാര്യങ്ങള്‍ ഒരു വിധത്തില്‍ കൊണ്ടുപോകുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ വര്‍ഷങ്ങളായുള്ള ചികിത്സയില്‍ ശ്വാസ തടസം അടക്കമുള്ള അസുഖങ്ങള്‍ക്ക് കാര്യമായ കുറവുണ്ടാവാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ തൃശ്ശൂരുള്ള ആയുര്‍വേദ ഡോക്ടറുടെ ചികിത്സയിലാണ്. തൃശൂര്‍ അത്താണിക്കടുത്തുള്ള വീട്ടിലെ വൃദ്ധ ദമ്പതികളെ പരിചരിക്കാന്‍ നില്‍ക്കുകയാണ് അവരിപ്പോഴും ആയുര്‍വേദ ചികിത്സയില്‍ നടക്കാനുള്ള ബുദ്ധിമുട്ടിനും ശ്വാസതടസത്തിനും നല്ല ഫലം കാണുന്നുണ്ടെങ്കിലും മരുന്നുകളുടെ വിലക്കൂടുതല്‍ കാരണം കൃത്യമായി മരുന്ന് കഴിക്കാന്‍ അവര്‍ക്കാവുന്നില്ല . മക്കളുടെ പഠനമടക്കമുള്ള ചെലവുകള്‍ക്കു പണമയക്കാതിരിക്കാനാവില്ലല്ലോ.

പട്ടിണിയിലും വിയർപ്പൊഴുക്കി കായികലോകത്ത് രാജ്യത്തിന്റെ അഭിമാനമാവുകയാണ് സയോണയും സയോണും. കടുത്ത രോഗപീഡയിലും അവർക്കു വേണ്ടി ജീവിതത്തോടു പൊരുതുകയാണ് അമ്മ ഓമന.

മെഡല്‍ക്കൊയ്ത്തിന് സയോണയെ പ്രാപ്തയാക്കിയ ആ അമ്മയുടെയും കുടുംബത്തിന്റെയും സംരക്ഷണവും സര്‍ക്കാരിന്റെ ചുമതലയാണ്. എല്‍ഡിഎഫ് വന്നപ്പോള്‍ ശരിയായ കാര്യങ്ങളുടെ പട്ടികയില്‍ ഈ അമ്മയും മക്കളും തീര്‍ച്ചയായും ഉണ്ടാകണം ആ ഉത്തരവിറങ്ങാനും മന്ത്രി എ കെ ബാലന്‍ തന്നെ മുന്‍കൈയെടുക്കണം.