കുഞ്ഞുമോള്‍ക്ക് ഒരു വലിയ സര്‍പ്രൈസ് ഒരുക്കി വനിതാ പ്രസിഡന്‍റുമാര്‍ ഗുജറാത്തില്‍

സ്വന്തം സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചും കടം വാങ്ങിയും സ്വന്തം വാര്‍ഡില്‍ ശുചിത്വ പദ്ധതി നടപ്പാക്കിയ കുഞ്ഞുമോളെ ഗുജറാത്തില്‍ ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നു- പ്രധാനമന്ത്രിയാണ് ആ സര്‍പ്രൈസ് സമര്‍പ്പിക്കുക എന്നതാണ് മറ്റൊരു സര്‍പ്രൈസ്!

കുഞ്ഞുമോള്‍ക്ക് ഒരു വലിയ സര്‍പ്രൈസ് ഒരുക്കി വനിതാ പ്രസിഡന്‍റുമാര്‍ ഗുജറാത്തില്‍

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷയാണ് കുഞ്ഞുമോള്‍ റെജി. ഹൗ ഓള്‍ഡ് ആര്‍ യു വിലെ നിരുപമയുടെ ജീവിതത്തിനോട് എവിടെയൊക്കെയോ സാമ്യം തോന്നുന്നതാണ് കുഞ്ഞുമോളുടെയും വിജയഗാഥ.

2017 മാര്‍ച്ച്‌ 8 വനിതാദിനത്തില്‍ 'മികവ് തെളിയിച്ച വനിതാജനപ്രതിനിധിക്കുള്ള' പുരസ്ക്കാരം പ്രധാനമന്ത്രിയില്‍ നിന്നും ഏറ്റു വാങ്ങുകയാണ് ഇവര്‍.

കുഞ്ഞുമോള്‍ റെജിയ്ക്ക് മറ്റേതു വനിതാജനപ്രതിനിധിയിലും ഉപരിയായി പ്രസംഗപ്രാഗത്ഭ്യമോ രാഷ്ട്രീയ പരിചയമോ ഒന്നും അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു 'മെമ്പര്‍' എന്ന നിലയില്‍ താന്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം കുഞ്ഞുമോള്‍ നന്നായി മനസിലാക്കി. സമ്പൂര്‍ണ്ണ വെളിയിടവിസ്സര്‍ജ്ജന ഗ്രാമപഞ്ചായത്തായി ഭരണിക്കാവ് ഗ്രാമപഞ്ചായത്തിനെയും പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തന്റെ വാര്‍ഡില്‍ ഇവര്‍ നടത്തിയ പകരം വയ്ക്കാനില്ലാത്ത നേതൃത്വമാണ് കുഞ്ഞുമോളെ വ്യത്യസ്തയാക്കിയത്.

വീടുകളില്‍ ശുചിമുറി ഇല്ലാത്ത എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഇതിനുള്ള സാമ്പത്തിക സഹായം ചെയ്തു നല്‍കുന്നതാണ് ശുചിത്വ മിഷന്റെ ഒഡിഎഫ് (Open Defecation Free) പദ്ധതി. സാധാരണ സര്‍ക്കാര്‍ പദ്ധതികള്‍ പോലെ ഗുണഭോക്താക്കളുടെ എണ്ണത്തിന് പരിമിതി ഇല്ലായെന്നുള്ളതാണ് ഒരു ജനപ്രതിനിധിയെ സംബന്ധിച്ചു ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. മാത്രമല്ല, മോശമല്ലാത്ത ഒരു തുകയും ഇതിനായി അനുവദിക്കുന്നുണ്ട്. ഗുണഭോക്താവ് ഒരു രൂപ പോലും വിഹിതമായി അടയ്ക്കേണ്ടതില്ല, പക്ഷെ ശുചിയിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ മാത്രമേ അവര്‍ക്ക്  ഒഡിഎഫില്‍ നിന്നും തുക നല്‍കുകയുള്ളൂ. ഇക്കാരണം കൊണ്ടുതന്നെ അര്‍ഹരായ പലരും ഈ പദ്ധതിയുമായി സഹകരിക്കുന്നതില്‍ ആദ്യം വിമുഖത പ്രകടിപ്പിച്ചിരുന്നു.

കുഞ്ഞുമോള്‍ റെജിയുടെ വാര്‍ഡില്‍ താനുവേലി,പുത്തന്‍പുരയ്ക്കല്‍, മഞ്ഞപുഴശ്ശേരി കോളനികളിലായി ഏകദേശം 22 പട്ടികജാതി കുടുംബങ്ങളുടെ വീടുകളില്‍ മതിയായ ടോയ്ലെറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. ഒഡിഎഫ് പദ്ധതി ഒരു മികച്ച അവസരമായി കണ്ടുക്കൊണ്ടു 'കുഞ്ഞുമോള്‍ മെമ്പര്‍' ഈ കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി ഗ്രാമസഭയുടെ അംഗീകാരവും നേടി പദ്ധതി നിര്‍വ്വഹണത്തിലേക്ക് കടന്നു. അപ്പോഴാണ്‌ മുന്‍പ് സൂചിപ്പിച്ച സാമ്പത്തിക അഡ്വാന്‍സിംഗിന്റെ പ്രായോഗിക ബുദ്ധിമുട്ട് അറിയുന്നത്.

കുഞ്ഞുമോള്‍ക്ക് ചിന്തിക്കാന്‍ ഏറെയുണ്ടായിരുന്നെങ്കിലും തീരുമാനിക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. കുഞ്ഞുമോളുടെ കുടുംബം ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ളവരാണ്. അന്നന്നുള്ളത് കൊണ്ടോണം ഉണ്ണുന്ന ഒരു സാധാരണകുടുംബം. ഇത്തരമൊരു കുടുംബപശ്ചാത്തലത്തിലാണ് കുഞ്ഞുമോള്‍ തന്റെ ആഭരണങ്ങള്‍ പണയംവച്ചു കോളനികളില്‍ കക്കൂസ് നിര്‍മ്മാണത്തിനായി പണം മുന്‍കൂറായി കണ്ടെത്തിയത്. ഏകദേശം ഒരു ലക്ഷം രൂപ കുഞ്ഞുമോള്‍ ഇത്തരത്തില്‍ കൈയില്‍ നിന്നും ചെലവഴിച്ചു, അതും തിരിച്ചു കിട്ടുമെന്ന് ഉറപ്പൊന്നും ഇല്ലാതെ!

ശുചിമുറി നിര്‍മ്മിച്ചു കഴിയുമ്പോള്‍ പണം ഗുണഭോക്താവിന്റെ പേഴ്സണല്‍ അക്കൌണ്ടിലേക്കായിരിക്കും എത്തുക. ഇത് മെമ്പറിന് മടക്കി നല്‍കുമെന്ന് ഉറപ്പൊന്നുമില്ല. 'കാര്യം കഴിഞ്ഞു...ഇനിയെന്ത് മെമ്പര്‍?' എന്ന് ആരെങ്കിലും ചിന്തിച്ചു പോയാല്‍ കുഞ്ഞുമോളുടെ പണം പോയത് തന്നെ. പണം തിരികെ ആവശ്യപ്പെട്ടാല്‍ മെമ്പര്‍ പണം ചോദിച്ചു എന്നാകും ആരോപണം. ഇത്തരം ആകുലതകള്‍ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കാതെ തന്നെ കുഞ്ഞുമോള്‍ ഏതായാലും കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വെളിയിട വാര്‍ഡായി കുഞ്ഞുമോളുടെ വാര്‍ഡ്‌ തിരഞ്ഞെടുക്കപ്പെട്ടു.

ആവശ്യമുള്ളപ്പോള്‍ സഹായഹസ്തമായി നിന്ന മെമ്പറിനെ ഗുണഭോക്താക്കളും മറന്നില്ല. ഒഡിഎഫില്‍ നിന്നും പണം ലഭിച്ചപ്പോള്‍ ഇവര്‍ അത് മടക്കി നല്‍കുകയും ചെയ്തു. എങ്കിലും പണയപലിശ മെമ്പര്‍ തന്നെ അടയ്ക്കേണ്ടിവരും. ഇതില്‍ തനിക്കു പ്രയാസമില്ല എന്ന് കുഞ്ഞുമോള്‍ പറയുന്നു. ഇങ്ങനെയൊരു സംരംഭത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതു തന്നെ ഒരു അനുഗ്രഹമാണ്. വീട്ടില്‍ നിന്നും പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണ് എന്ന് തോന്നുന്നത് കൊണ്ടാണെല്ലോ അത്. എനിക്ക് വാര്‍ഡിലെ ജനങ്ങള്‍ നല്‍കിയ വിശ്വാസം, ഞാനും മടക്കി നല്‍കാന്‍ ശ്രമിച്ചു എന്ന് മാത്രമേയുള്ളൂ. ഇത്രധികം ശ്രദ്ധിക്കപ്പെട്ടത്തില്‍ സന്തോഷം- കുഞ്ഞുമോള്‍ പറയുന്നു.

ഇത് മാത്രമല്ല, വൈസ് പ്രസിഡന്റ്‌ പദവിയില്‍ നിന്നും നല്‍കാവുന്ന എല്ലാ വിധ സാമൂഹിക സേവനങ്ങള്‍ക്കും കുഞ്ഞുമോള്‍ റെജി മുന്‍പന്തിയിലാണ് എന്ന് കുടുംബശ്രീ/സിഡിഎസ് അംഗമായ ബിജിമോളും പറയുന്നു. സ്ത്രീശാക്തീകരണത്തിനുതകുന്ന കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ക്ക് പഞ്ചായത്തില്‍ നേതൃത്വം നല്‍കുന്നതും കുഞ്ഞുമോളാണ്. പതിവായി വാര്‍ഡിലെ ഓരോ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ ആവശ്യങ്ങള്‍ പറയാതെ അറിയുകയും ചെയ്യുന്ന ഒരു മാതൃക മെമ്പറാണ് കുഞ്ഞുമോള്‍ എന്ന് സാമൂഹികപ്രവര്‍ത്തകനായ സിബി വര്‍ഗീസും സാക്ഷ്യപ്പെടുത്തുന്നു.

വനിതാദിനത്തോടനുബന്ധിച്ചു ദേശീയതലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സ്വച്ഛ് ശക്തി 2017ല്‍ പങ്കെടുക്കാന്‍ ആലപ്പുഴ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 വനിതാ പഞ്ചായത്ത് പ്രസിഡന്ടുമാര്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ കുഞ്ഞുമോള്‍ റെജിയും ഗുജറാത്തിലെത്തി.ജില്ലാ ശുചിത്വമിഷനാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാനയാത്രാചെലവുകള്‍ വഹിക്കുന്നത്. 13 പേരടങ്ങുന്ന സംഘത്തില്‍ ആരും ഇതുവരെ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ ഇല്ല. അതിന്റെ സന്തോഷം ഈ വനിതാസാരഥികള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
ആകാശത്തിനും മേലെ പറക്കുവാന്‍ കഴിഞ്ഞതാണ് ഇത്തവണ വനിതാദിനം ഞങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തതും പ്രതീക്ഷിക്കാന്‍ കഴിയാതിരുന്നതുമായ ഒരു മോഹം അങ്ങനെ നടന്നു. തൊട്ടുരുമ്മാന്‍ കഴിഞ്ഞില്ലെങ്കിലും മേഘപാളികള്‍ക്കും മീതേ നിന്ന് ലോകത്തെ കണ്ട സന്തോഷം അവര്‍ണ്ണനീയമാണ്.

40 ന് മുകളില്‍ പ്രായമുള്ളവരാണ് സംഘത്തില്‍ എല്ലാവരും. അഹമ്മദാബാദ് മഹാത്മാഗാന്ധി മന്ദിറില്‍ വച്ചാണ് സമ്മേളനം നടക്കുക. 6000 പേര്‍ പങ്കെടുക്കുമെന്ന് കരുതുന്ന ചടങ്ങില്‍ വച്ചു കുഞ്ഞുമോള്‍ റെജി പ്രധാനമന്ത്രിയില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങും. ഒപ്പമുള്ളവര്‍ ഒരു 'ചെറിയ സര്‍പ്രൈസ്' കുഞ്ഞുമോള്‍ റെജിക്കായി കരുതിയിട്ടുണ്ട്. തനിക്ക് പ്രധാനമന്ത്രിയില്‍ നിന്നും അവാര്‍ഡ്‌ ലഭിക്കുമെന്ന് കുഞ്ഞുമോള്‍ക്കിതു വരെയറിയില്ല. വനിതാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു പ്രതിനിധി എന്ന നിലയില്‍ മാത്രമാണ് കുഞ്ഞുമോള്‍ അവിടെ എത്തിയിരിക്കുന്നത്. ഇനി ഡയസില്‍ നിന്നും 'കുഞ്ഞുമോള്‍ റെജി, വൈസ് പ്രസിഡന്റ്‌, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്' എന്ന് വിളിക്കുമ്പോള്‍ ഈ നിരുപമയുടെ പ്രതികരണം എങ്ങനെയെന്നു കാത്തിരുന്നു തന്നെ കാണണം!

Read More >>