കിഫ്ബി: ഒത്തുപിടിച്ചാൽ കേരളത്തിന്റെ മുഖഛായ മാറ്റാം... പക്ഷേ...

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത് 20000 കോടിയുടെ പദ്ധതികളാണ്. നടപ്പുബജറ്റിൽ 25000 കോടിയുടേതും. ഇതൊക്കെ നടക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്. 24000 കോടിയുടെ പദ്ധതിവിഹിതം ചെലവഴിക്കാൻ ഇഴഞ്ഞും വലിഞ്ഞും അധ്വാനിക്കുന്ന നാട്ടിൽ ഒരു വർഷം കൊണ്ട് 45000 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ജനത്തിന് ദഹനക്കേടു വരുന്നത് സ്വാഭാവികമാണ്. കിഫ്ബിയെ സംബന്ധിച്ച് അങ്ങനെയൊരു അവിശ്വാസം പരക്കെയുണ്ട്.

കിഫ്ബി: ഒത്തുപിടിച്ചാൽ കേരളത്തിന്റെ മുഖഛായ മാറ്റാം... പക്ഷേ...

കേരളത്തിലെ വികസന പ്രതിസന്ധിയ്ക്ക് തോമസ് ഐസക് നിർദ്ദേശിക്കുന്ന കിഫ്ബിയെന്ന ഒറ്റമൂലിയുടെ ഫലസിദ്ധി പുതിയ ബജറ്റിലും അവ്യക്തമായി തുടരുന്നു. വലിയ പദ്ധതികളെക്കുറിച്ച് പ്രഖ്യാപനങ്ങൾ ഒട്ടേറെയുണ്ടെങ്കിലും പണം എവിടുന്ന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. നിലവിൽ 4004 കോടിയുടെ പ്രോജക്ടുകൾ ബോർഡിനു സമർപ്പിച്ച് അംഗീകാരം വാങ്ങിയെന്നാണ് ധനമന്ത്രി ബജറ്റിൽ അവകാശപ്പെടുന്നത്.

പ്രോജക്ട് അംഗീകരിക്കലും നിർവഹണാനുമതി നൽകലുമൊക്കെയാണ് കിഫ്ബിയുടെ നേട്ടങ്ങളായി വാഴ്ത്തുന്നത്. എന്നാൽ കിഫ്ബിയുടെ അക്കൌണ്ടിൽ എത്രകോടി രൂപയുടെ നിക്ഷേപമെത്തിയെന്നോ എത്ര കോടി വായ്പ ലഭിച്ചുവെന്നോ ബജറ്റിൽ വെളിപ്പെടുത്തലുകളില്ല.


സുപ്രധാനമായ ആ ചോദ്യത്തിന് ബജറ്റിലെ വിശദീകരണം ഇങ്ങനെയാണ് :
മാർച്ച് അവസാനം ചേരുന്ന ബോർഡ് യോഗത്തിൽ അംഗീകരിക്കുന്ന പ്രോജക്ടുകളുടെ അടങ്കൽ 11000 കോടി രൂപ വരുമെന്നാണ് കരുതുന്നത്. അങ്ങനെ ഏതാണ്ട് 15000 കോടി രൂപ വരുന്ന കിഫ്ബി പ്രോജക്ടുകൾക്കു നിർവഹണാനുമതി നൽകിക്കൊണ്ടായിരിക്കും നടപ്പുധനകാര്യവർഷം അവസാനിക്കുക. ഇത്രയും തുകയ്ക്കുളള ഒരു വിദേശവായ്പ അല്ലെങ്കിൽ നിക്ഷേപം കരാറാക്കാൻ എത്രകാലം വേണ്ടി വരുമെന്ന് ആലോചിച്ചാൽ മതി കിഫ്ബിയുടെ കാര്യക്ഷമതയും വേഗവും ബോധ്യപ്പെടാൻ.

15000 കോടിയുടെ വിദേശവായ്പയോ നിക്ഷേപമോ കൈക്കലാക്കുക തീർത്തും നിഷ്പ്രയാസമാണെന്ന ശുഭപ്രതീക്ഷയാണ് ബജറ്റ് പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങളൊക്കെ ആലോചിച്ചു സ്വയം ബോധ്യപ്പെടാനുള്ള ശേഷിയൊക്കെ സാമാന്യജനങ്ങൾക്കുണ്ടെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ധനമന്ത്രി.

വിമർശനങ്ങളും സംശയങ്ങളുമേറെ... വേണ്ടത് വ്യക്തമായ മറുപടികൾ


കിഫ്ബി അക്കൌണ്ടിൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത് 20,000 കോടിയുടെ പദ്ധതികളാണ്. നടപ്പുബജറ്റിൽ 25,000 കോടിയുടേതും. ഇതൊക്കെ നടക്കുമോ എന്ന ആശങ്ക സ്വാഭാവികമാണ്. 24,000 കോടിയുടെ പദ്ധതിവിഹിതം ചെലവഴിക്കാൻ ഇഴഞ്ഞും വലിഞ്ഞും അധ്വാനിക്കുന്ന നാട്ടിൽ ഒരു വർഷം കൊണ്ട് 45,000 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ജനത്തിന് ദഹനക്കേടു വരുന്നത് സ്വാഭാവികമാണ്. കിഫ്ബിയെ സംബന്ധിച്ച് അങ്ങനെയൊരു അവിശ്വാസം പരക്കെയുണ്ട്.

സംസ്ഥാന റവന്യൂ വരുമാനം 20% കണ്ടു വർദ്ധിക്കുകയും റവന്യൂ കമ്മി ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയാവുകയും ചെയ്താൽ കിഫ്ബി സ്വപ്നങ്ങൾക്ക് ഫലസിദ്ധി ഉറപ്പാണ് എന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ ഒരു വാചകത്തിൽ പറഞ്ഞു തീർക്കുമ്പോലെ എളുപ്പമല്ല കാര്യങ്ങൾ. മോട്ടോർ വാഹനനികുതിയുടെ അമ്പതു ശതമാനവും പെട്രോളിയം സെസുമാണ് നിലവിൽ കിഫ്ബിയ്ക്ക് സർക്കാർ ഉറപ്പു നൽകുന്ന സാമ്പത്തികാടിത്തറ. എന്നാൽ ആ പണം പലിശയ്ക്കു മാത്രമേ തികയൂ. മുതലടവ് സർക്കാർ തന്നെ വഹിക്കേണ്ടി വരും.

ആ പണം എവിടെ നിന്ന്? അതാണ് സുപ്രധാന ചോദ്യം.

നികുതി പിരിവ് ഊർജിതപ്പെടുത്തുകയേ വഴിയുള്ളൂ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നികുതി പിരിവിൽ 18% വളർച്ച നേടിയ ആത്മവിശ്വാസം ഐസക്കിനുണ്ട്. തുടർന്നുവന്ന യുഡിഎഫ് സർക്കാരിന്റെ കാലത്ത് വളർച്ച വീണ്ടും പിന്നോക്കം പോയി. ഇവിടെ നിന്നാണ് 20-25 ശതമാനം വർദ്ധന സാധ്യമാക്കേണ്ടത്.

കിഫ്ബി പദ്ധതികൾക്ക് പണം ഒരു പ്രശ്നമല്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ജിഎസ് ടി നടപ്പാക്കുമ്പോൾ സംസ്ഥാന വരുമാനത്തിലുണ്ടാകുന്ന വർദ്ധന  കിഫ്ബിയിലേയ്ക്ക് പ്രയോജനപ്പെടുത്താമെന്ന വാദവും ഉയരുന്നു.

ദേശസാൽകൃത ബാങ്കുകളെയും കിഫ്ബിയ്ക്ക് ആശ്രയിക്കാം. നരേന്ദ്രമോദിയുടെ നോട്ടുമരവിപ്പിക്കലിനെ തുടർന്നു ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞു കൂടിയതും വായ്പാവിതരണം കുറഞ്ഞതും കിഫ്ബിയ്ക്ക് പ്രയോജനപ്പെടുത്താവുന്ന സാഹചര്യമാണെന്നാണു വാദം. കിഫ്ബിയുടെ പേരിൽ സർക്കാർ പുറത്തിറക്കുന്ന കടപ്പത്രങ്ങളിലും ബോണ്ടുകളിലും പണം മുടക്കാൻ നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾക്കു ബുദ്ധിമുട്ടില്ല.

അവിടെയും തിരിച്ചടവാണ് പ്രശ്നം. സംസ്ഥാന നികുതി വരുമാനത്തിലുണ്ടാകുന്ന വർദ്ധനയല്ലാതെ ഒറ്റമൂലികളില്ല.

ഐസക്കിന്റെ മുന്നിൽ വെല്ലുവിളികളേറെ...


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നികുതിപിരിവ് മെച്ചപ്പെടുത്തി സംസ്ഥാനത്തെ സാമ്പത്തികനില ഭദ്രമാക്കുക എന്ന ചുമതലയായിരുന്നു ധനമന്ത്രിയ്ക്കുണ്ടായിരുന്നതെങ്കിൽ കിഫ്ബി വരുന്നതോടെ ജോലിഭാരം പലമടങ്ങാവുകയാണ്. ധനകാര്യവകുപ്പിനു കീഴിലുളള ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ അനുസരിച്ചു മാത്രമല്ല കിഫ്ബിയുടെ വിജയം.

ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പട്ടികജാതി പട്ടികവർഗ വികസനം, കൃഷി, ഫിഷറീസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലൊക്കെ കിഫ്ബി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കിഫ്ബി പദ്ധതികളുടെ മേൽനോട്ടച്ചുമതല നിർവഹിക്കണമെങ്കിൽ ധനമന്ത്രിയ്ക്ക് പല വകുപ്പുകളിലും ഇടപെടേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അത് എത്രത്തോളം പ്രായോഗികമാണെന്ന പ്രശ്നമുണ്ട്. കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടൽ വേണ്ടി വരും.

മന്ത്രിമാർ തമ്മിലുള്ള ഈഗോ പ്രശ്നങ്ങളും ധനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുമായി ഉണ്ടെന്നു പ്രചരിപ്പിക്കപ്പെടുന്ന സ്വരച്ചേർച്ചയില്ലായ്മയുമൊക്കെ കിഫ്ബിയുടെ സുഗമനിർവഹണം കീറാമുട്ടിയാക്കുമെന്ന്  കരുതുന്നവർ ഏറെയാണ്. ഘടകകക്ഷികളുടെ വകുപ്പിലെ പദ്ധതി നിർവഹണമാണ് മറ്റൊരു പ്രശ്നം.  ജീവനക്കാരുടെ പരിപൂർണമായ പിന്തുണയും ആവശ്യമാണ്. രാഷ്ട്രീയനേതൃത്വത്തിന്റെ ഒരുമ ദൃശ്യമായില്ലെങ്കിൽ ഉദ്യോഗസ്ഥർ പലവഴിക്കു പോകും..

അയ്യായിരം കോടിയുടെ പദ്ധതി ഏറ്റെടുക്കാനായാൽ വൻവിജയം


ഈ സാഹചര്യങ്ങളുണ്ടെങ്കിലും ആസൂത്രണ ബോർഡ് അംഗം കെ എൻ ഹരിലാൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കിഫ്ബി ഏറ്റവും മികച്ച ആശയമാണെന്നും അദ്ദേഹം വാദിക്കുന്നു. ഏറ്റവും പ്രായോഗികമായ അയ്യായിരം കോടിയുടെ പദ്ധതികൾ അടുത്ത ധനകാര്യ വർഷത്തിനുള്ളിൽ ഏറ്റെടുക്കാൻ കഴിഞ്ഞാൽ തന്നെ വലിയ വിജയമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പ്ലാനിനും ബജറ്റിനും പുറത്ത് അത്രയും ചെയ്യാൻ കഴിയുന്നത് ചെറിയ കാര്യമല്ല.

"കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടെക്നോപാർക്കിൽ വലിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ബജറ്റിൽ പണമില്ലായിരുന്നു. അക്കാലത്ത് ഇതുപോലെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. ഇതെല്ലാം ചെയ്യാൻ പറ്റുന്നതാണ്" എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇരട്ടി അധ്വാനം എൽഡിഎഫ് മന്ത്രിമാർക്കും ബ്യൂറോക്രാസിയ്ക്കുമേലും ഏൽപ്പിക്കുന്നത്. ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. സാധ്യതകൾ ഏറെയാണ്. എന്നാൽ അതിനു പറ്റിയ ബ്യൂറോക്രസിയല്ല കേരളത്തിലുള്ളത് എന്നും അദ്ദേഹം സമ്മതിക്കുന്നു.

എന്നാൽ പ്ലാൻ മേൽനോട്ടം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത് ഏറെ പ്രതീക്ഷയുണ്ടാക്കുന്ന കാര്യമാണ്. പിണറായിയെപ്പോലൊരാൾ മേൽനോട്ടം നിർവഹിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് ഓടി നിൽക്കാതെ പറ്റില്ല. ആരും ചോദിക്കാനും പറയാനുമില്ല എന്ന തോന്നലാണ് പലരെയും നയിക്കുന്നത്. അതു മാറിയേ മതിയാകൂ. വലിയ ടാസ്കാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഐസക് നേരിട്ടുനിന്നുതന്നെ ഏറ്റെടുക്കേണ്ടി വരും - കെ എൻ ഹരിലാൽ പറയുന്നു.

കിഫ്ബി തട്ടിപ്പാണെന്ന പ്രചാരണം വ്യാപകം 


കിഫ്ബി  ഐസക്കിന്റെ തട്ടിപ്പു പദ്ധതിയാണെന്ന വിമർശനം എതിരാളികൾ വ്യാപകമായി ഉയർത്തുന്നുണ്ട്.  ഇസ്ലാമിക് ബാങ്കിംഗ്, കേരളാ ബാങ്ക് തുടങ്ങിയ ആശയങ്ങൾക്കു ശേഷം ഐസക് മുന്നോട്ടു വെയ്ക്കുന്ന അടുത്ത തട്ടിപ്പാണ് കിഫ്ബിയെന്നാണ് പ്രചരണം.

എന്നാൽ കിഫ്ബിയ്ക്കു പണം ഒരു പ്രശ്നമ്ലലെന്നും അക്കാര്യം കേരളീയരെ ബോധ്യപ്പെടുത്തുന്ന തരത്തിൽ മാസ് കാമ്പയിൻ സംഘടിപ്പിക്കണമെന്നും  ആശയത്തെ അനുകൂലിക്കുന്നവർ നിർദ്ദേശിക്കുന്നു.  പദ്ധതിയുടെ വിജയത്തെക്കുറിച്ച് സർക്കാർ അനുകൂലികളിലെങ്കിലും ആത്മവിശ്വാസമുണ്ടാക്കണം. കിഫ്ബിയെക്കുറിച്ചു പ്രതികരണം ആരാഞ്ഞപ്പോൾ ഒരു ധനകാര്യവിദഗ്ധന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു:
കേരള സർക്കാരിന്റെ അണ്ടർടേക്കിംഗ് ഉള്ള ബോണ്ടുകളാണെന്ന റിസർവ് ബാങ്കിന്റെ അനുവാദമുണ്ടെങ്കിൽ  ദേശസാൽകൃത ബാങ്കുകൾ ഉറപ്പായും പണമിടും. പണം ലഭിക്കുമെന്ന് ഉറപ്പ്. ഈ തുക സർക്കാർ തന്നെ തിരിച്ചടയ്ക്കേണ്ടി വരും. ലാഭം ഉണ്ടാക്കുന്ന പദ്ധതികളിലല്ല പണം മുടക്കുന്നത്. ഉദാഹരണത്തിന് പൊതുവിദ്യാഭ്യാസത്തിലെ മുടക്ക്. സ്ക്കൂളുകൾ നവീകരിച്ച ശേഷം അയ്യായിരം രൂപ ഫീസു പിരിക്കാൻ കഴിയില്ല. അതുകൊണ്ട് ആ തുക സർക്കാർ തിരിച്ചടയ്ക്കേണ്ടി വരും. ഉജ്വലമായ ആശയമാണത്. സംശയമില്ല.

കിഫ്ബിയ്ക്കു മാർക്കറ്റിൽ നിന്ന് പണം കിട്ടും. പക്ഷേ, പണം തിരിച്ചടയ്ക്കേണ്ടി വരുമ്പോൾ റവന്യൂ കമ്മി കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ സർക്കാർ വലിയ കടക്കെണിയിലാകും. ഇതാണ് വെല്ലുവിളി. റവന്യൂ വരുമാനം വർദ്ധിപ്പിച്ചു കൊണ്ടുമാത്രമേ സ്വപ്നം സഫലമാക്കാനാവൂ.

കേരളത്തിന്റെ റവന്യൂ സ്ഥിതി മോശമാണ്. എന്നാൽ അക്കാരണം കൊണ്ട് മൂലധനനിക്ഷേപം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. അക്കാര്യം ജനങ്ങളുടെയാകെ ആവശ്യമായി ഉയരണം. അങ്ങനെയൊരു കാമ്പയിൻ സിപിഐഎമ്മും എൽഡിഎഫുമൊക്കെ ഏറ്റെടുക്കേണ്ടതാണ്.

സാക്ഷരത, ജനകീയാസൂത്രണം എന്നിവ പോലെ കേരളത്തിലെ മൂലധന നിക്ഷേപത്തിനു വേണ്ടിയും ഒരു കാമ്പയിൻ ആരംഭിക്കണമെന്ന് വാദിക്കുന്നവരുണ്ട്. കിഫ്ബി വിജയിക്കുന്ന ബിസിനസ് മോഡലാകുന്നത് എങ്ങനെയെന്ന് കൃത്യമായി ജനങ്ങളെ ബോധവത്കരിക്കണം. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ നികുതി പിരിവ് ഊർജിതപ്പെടുത്തുക എന്നൊരു കാമ്പയിൻ സിപിഎമ്മോ എൽഡിഎഫോ ഏറ്റെടുക്കണമെന്ന നിർദ്ദേശവും ഉയരുന്നു. അപ്രകാരം ശക്തിപ്പെടുന്ന പൊതുജനാഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥസംവിധാനവും കാര്യക്ഷമമാകുമെന്നാണ് നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്.

കിഫ്ബി വിജയമാകാൻ പണമല്ല പ്രശ്നം എന്നാണ് അനുകൂലികളുടെ പൊതു അഭിപ്രായം. മന്ത്രിമാർ അടക്കമുള്ള ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയാണ് പ്രധാനം. അക്കാര്യം ഉറപ്പുവരുത്തിയാൽ കേരളത്തിന്റെ ചരിത്രം തിരുത്തുന്ന മൂലധന നിക്ഷേപ പദ്ധതിയെന്ന ബജറ്റിലെ സ്വപ്നം യാഥാർത്ഥ്യമാകും. അതത്ര എളുപ്പമല്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

Read More >>