വിലക്കയറ്റത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍; ബംഗാളില്‍ നിന്നുമെത്തിച്ച അരി നാളെമുതല്‍ വിതരണം ചെയ്യും

തുടക്കത്തില്‍ ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ അരിവീതവും തുടര്‍ന്നുള്ള ആഴ്ചകളില്‍ പത്തു കിലോ അരിവീതവും നല്‍കുവാനാണ് തീരുമാനം. വിഷുവരെ ഈ നില തുടരുകയും ആവശ്യമെങ്കില്‍ പദ്ധതി നീട്ടുമെന്നും കടകംപള്ളി പറഞ്ഞു.

വിലക്കയറ്റത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍; ബംഗാളില്‍ നിന്നുമെത്തിച്ച അരി നാളെമുതല്‍ വിതരണം ചെയ്യും

വിലക്കയറ്റം നിയന്ത്രിക്കാന്‍ നാളെമുതല്‍ ബംംാളില്‍ നിന്നുമെത്തിച്ച അരി സംസ്ഥാനത്ത് വിതരണം ചെയ്യും. തിരഞ്ഞെടുത്ത പ്രാഥമിക സഹകരണസംഘങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ത്രിവേണി സ്‌റ്റോറുകള്‍ എന്നിവയിലൂടെയാണ് അരിവിതരണം ചെയ്യുന്നത്. 500 സംഘങ്ങളിലൂടെ കിലോയ്ക്ക് 25 രൂപയ്ക്ക് അരി നല്‍കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സര്‍ക്കാരിന്റെ പുതിയ നീക്കത്തിലൂടെ കുത്തനെ ഉയര്‍ന്ന അരിവില പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബംഗാളില്‍നിന്ന് 800 ടണ്‍ 'സുവര്‍ണ' അരിയാണ് എത്തിച്ചിരിക്കുന്നത്. 1700 മെട്രിക് ടണ്‍ അരികൂടി മാര്‍ച്ച് പത്തിനകം എത്തുമെന്നും മന്ത്രി അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രാഥമിക സംഘങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കൂട്ടായ്മവഴിയാണ് അരിവിതരണം നടക്കുന്നത്.


പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഏണിക്കരയിലാണ് ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. തുടക്കത്തില്‍ ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചുകിലോ അരിവീതവും തുടര്‍ന്നുള്ള ആഴ്ചകളില്‍ പത്തു കിലോ അരിവീതവും നല്‍കുവാനാണ് തീരുമാനം. വിഷുവരെ ഈ നില തുടരുകയും ആവശ്യമെങ്കില്‍ പദ്ധതി നീട്ടുമെന്നും കടകംപള്ളി പറഞ്ഞു.

27 രൂപ വിലവരുന്ന അരി രണ്ടുരൂപ നഷ്ടംസഹിച്ചാണ് സഹകരണസംഘങ്ങള്‍ വില്‍ക്കുന്നത്. കൂടുതല്‍ അരി ആവശ്യംവരികയാണെങ്കില്‍ അതിനും നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. അരിവിതരണത്തിനു ആദിവാസി, തീരദേശ, മലയോര മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ 40 സംഘങ്ങള്‍ വീതമുണ്ട്. മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 30 സംഘവും വയനാട്ടില്‍ 20 സംഘവുമാണ് അരിവിതരണം നടത്തുക.

Read More >>