കഞ്ചിക്കോട്ടെ കുഞ്ഞു സഹോദരിമാരുടെ മരണം;പാലക്കാട് ശിശുക്ഷേമ സമിതിയും പൊലീസും പ്രതിക്കൂട്ടിൽ

സമാനമായ ദുരൂഹ സാഹചര്യത്തിൽ കുരുന്നു സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനേയും ശിശുക്ഷേമ സമിതിയേയും കുറ്റപ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ.

കഞ്ചിക്കോട്ടെ കുഞ്ഞു സഹോദരിമാരുടെ മരണം;പാലക്കാട് ശിശുക്ഷേമ സമിതിയും പൊലീസും പ്രതിക്കൂട്ടിൽ

കൊട്ടിയൂർ പീഡനവുമായി ബന്ധപ്പെട്ടു വയനാട് ശിശുക്ഷേമ സമിതി ഗുരുതര വീഴ്ച വരുത്തിയെന്നു കണ്ടെത്തിയതിനു പിന്നാലെ കഞ്ചിക്കോട് കുഞ്ഞുസഹോദരിമാരുടെ  മരണത്തിൽ പാലക്കാട്ടെ ശിശുക്ഷേമ സമിതിയും പ്രതിക്കൂട്ടിൽ. ജനുവരി പന്ത്രണ്ടിനു കൃതികയെന്ന പതിമൂന്നുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിട്ടും ശിശുക്ഷേമ സമിതി വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ പൊലീസിനേയും കുറ്റപ്പെടുത്തി. ഈ മാസം നാലിനു സഹോദരിയായ ശരണ്യയും  അതേ സ്ഥലത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.


അതിനിടെ കഞ്ചിക്കോട് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാലക്കാട് എ എസ് പി പൂങ്കുഴലിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. രണ്ടു പെണ്‍കുട്ടികളുടേയും മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നു സംശയം ഉയര്‍ന്നതോടെയാണ് കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു രംഗത്തു വന്നിരുന്നു.

കഞ്ചിക്കോട് അട്ടപ്പള്ളം ശെല്‍വപുരത്ത്  ഭാഗ്യവതിയുടെ ആദ്യ ഭര്‍ത്താവിലുള്ള  മകളാണ് ആദ്യത്തെ കുട്ടി കൃതിക. ശനിയാഴ്ച്ച വൈകീട്ട് മരിച്ച ശരണ്യ ഇവര്‍ക്ക് രണ്ടാം ഭര്‍ത്താവ് ഷാജിയില്‍ ജനിച്ചതാണ്.

ആദ്യത്തെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മൃതദേഹ പരിശോധനയില്‍ തെളിഞ്ഞതായി സൂചനയുണ്ടെന്നും രണ്ടാമത്തെ കുട്ടിക്കും സമാനമായ സാഹചര്യം ഉണ്ടാവാന്‍ സാധ്യതയുള്ളതായും  സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് പൊലീസ് സ്ഥിരികരിക്കുന്നില്ലെങ്കിലും തള്ളി കളയുന്നില്ല. ആദ്യത്തെ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടില്ലെന്നും പരിശോധിച്ച ശേഷമെ ഉറപ്പിച്ചു പറയാന്‍ കഴിയൂ എന്നുമാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പാലക്കാട് എ എസ് പി പൂങ്കുഴലി പറയുന്നത്.

ഒറ്റ മുറി വീട്ടിലെ ഉത്തരത്തില്‍ ഒരേ സ്ഥലത്താണ് രണ്ടു പേരെയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടവസരത്തിലും കുട്ടികളുടെ മാതാപിതാക്കള്‍ വാര്‍പ്പു പണിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശിയും സഹോദരനായ ആണ്‍കുട്ടിയും ആട് മേയ്ക്കാനും പോയിരുന്നു. രണ്ടു പേരും കളി കഴിഞ്ഞു വന്ന് അല്‍പ സമയത്തിനകമാണു മരിച്ച നിലയില്‍ കാണുന്നത്. ശനിയാഴ്ച്ച മരിച്ച ശരണ്യ വൈകീട്ട് നാലുമണി വരെ തൊട്ടടുത്ത വീട്ടില്‍ കളിക്കുകയായിരുന്നു. കളി കഴിഞ്ഞു വന്ന് പതിനഞ്ചു മിനിറ്റിനകമാണു മരണം.

കട്ടിലില്‍ കയറി നിന്നാല്‍ പോലും കൈയെത്തി പിടിക്കാന്‍ കഴിയാത്ത ഉയരത്തിലാണ് കുട്ടികള്‍ മരിച്ച മുറിയിലെ ഉത്തരം. മൂന്നരയടിയില്‍ താഴെ മാത്രം ഉയരമുള്ള ഇളയകുട്ടിക്ക് ഏകദേശം പത്തടി ഉയരത്തിലുള്ള ഉത്തരത്തില്‍ സ്വയം കെട്ടി തൂങ്ങാന്‍ കഴിയില്ലെന്നാണു നാട്ടുകാര്‍ കരുതുന്നത്. ലുങ്കിയിലാണു കുട്ടി തൂങ്ങി നിന്നിരുന്നത്.

കുട്ടികളുടെ പ്രായത്തിലുള്ളവര്‍ക്ക് ഇത്തരം ഉയരത്തിലേക്കു കയറി പിടിക്കല്‍ അസാദ്ധ്യമാണെന്നാണു കരുതുന്നത്. മുതിര്‍ന്ന  കുട്ടി മരിച്ചത് ആദ്യം കണ്ടതും ഇളയ കുട്ടിയാണ്. തൂങ്ങി കളിച്ചു നില്‍ക്കുകയാണെന്ന് കരുതി കാലില്‍ പിടിച്ചപ്പോഴാണ് മരിച്ചെന്നു മനസിലാക്കിയത്. ആദ്യത്തെ കുട്ടി മരിച്ചത് വൈകീട്ട് നാലരയോടെയാണ്. അന്നു മൂന്നരയോടെ ടവല്‍ കൊണ്ട് മുഖം മറച്ച രണ്ട് പുരുഷന്‍മാര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതായി ഇളയ കുട്ടി ശരണ്യ മൊഴി കൊടുത്തിരുന്നു. അയല്‍വാസികളും ബന്ധുക്കളുമായ ചിലരെ പൊലിസ് ചോദ്യം ചെയ്തു വരുന്നുണ്ട്.

Read More >>