തീ വന്നാല്‍ ഞങ്ങള് മരിക്കും, അല്ലാണ്ടെന്താ; കാട്ടുതീ വയനാടന്‍ കാടുകള്‍ക്ക് സമീപം; ഭീതിയോടെ വനഗ്രാമങ്ങളിലെ ആദിവാസികള്‍

അഗ്നി താണ്ഡവമാടിയ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട് വന്യജീവി സങ്കേതത്തിലെ വനഗ്രാമങ്ങളാണ് ഏറ്റവും കൂടുതല്‍ കാട്ടുതീ ഭീഷണി നേരിടുന്നത്. 107 ആദിവാസി കോളനികളാണ് വന്യജീവി സങ്കേതത്തിനകത്തുള്ളത്. 57 വലിയ വനഗ്രാമങ്ങള്‍ വേറെയും. ഈ വലിയ വനഗ്രാമങ്ങളില്‍ ആദിവാസികളെ കൂടാതെ ഇതരവിഭാഗം കുടുംബങ്ങളും ധാരാളമുണ്ട്. സങ്കേതത്തിനകത്ത് 2620 കുടുംബങ്ങളിലായി 11,000 പേരാണ് കഴിയുന്നത്. കുതിച്ചെത്തുന്ന കാട്ടുതീയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ആശങ്കയിലാണ് വനഗ്രാമത്തിലെ ജനങ്ങള്‍. നാരദാ ന്യൂസ് പ്രതിനിധി എസ് വിനേഷ് കുമാര്‍ ബന്ദിപ്പൂര്‍ അതിര്‍ത്തിയിലെ വനഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ കണ്ട കാഴ്ച്ചകൾ

തീ വന്നാല്‍ ഞങ്ങള് മരിക്കും, അല്ലാണ്ടെന്താ; കാട്ടുതീ വയനാടന്‍ കാടുകള്‍ക്ക് സമീപം; ഭീതിയോടെ വനഗ്രാമങ്ങളിലെ ആദിവാസികള്‍

തീ വന്നാല്‍ ഞങ്ങള് മരിക്കും, അല്ലാണ്ടെന്താവാനാണ്. ഞങ്ങള് കൊറെ കാലായല്ലൊ ഇതൊക്കെ കാണാന്‍ തൊടങ്ങിയിട്ട്. ഇപ്രാവശ്യം വലിയ തീയായത് കൊണ്ട് എല്ലാരും പേടിച്ചിട്ട്ണ്ട്.

കാട്ടുതീ താണ്ഡവമാടുന്ന ബന്ദിപ്പൂര്‍ കടുവാസങ്കേതവുമായി അതിരിടുന്ന വയനാട്ടിലെ വണ്ടിക്കടവ് ആദിവാസി കോളനിയിലെ കരിമ്പിയുടെ വാക്കുകളാണിത്.
തീ ഇങ്ങട്ട് വരില്ലാന്നാണ് തോന്നണ്ത്. വര്വാണങ്കില്‍ ഇപ്പം വന്നിട്ട്ണ്ടാകായിരുന്നു.

കോളനിയിലെ കുരമ്പന്‍ ആശ്വാസത്തോടെ പറയുന്നു.

വണ്ടിക്കടവ് കോളനിയില്‍ നിന്ന് 25 മീറ്റര്‍പോലും ദൂരമില്ല കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിലേക്ക്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് വനം വ്യാപകമായി കത്തിനശിച്ചത്. കടുത്ത വേനലിന്റെ രണ്ടരമാസങ്ങള്‍ ഇനിയും അവശേഷിക്കുമ്പോഴാണ് വനത്തിനകത്ത് കഴിയുന്ന ആദിവാസികളുടെ ജീവിതം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിന് രണ്ടു കിലോമീറ്റര്‍ അടുത്തുവരെ തീയെത്തിക്കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ബന്ദിപ്പൂരില്‍ ഇത്രയും വലിയ കാട്ടുതീയുണ്ടാകുന്നത്. സംസ്ഥാന അതിര്‍ത്തി കടന്ന് തീയെത്തുമെന്ന കണക്കുകൂട്ടലില്‍ വയനാട് വന്യജീവി സങ്കേതത്തിലെ നാലു റേഞ്ചുകളിലായി ജോലി ചെയ്യുന്ന മുഴുവന്‍ വനപാലകരും അതിര്‍ത്തിയില്‍ കാവലിലാണ്.വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വാച്ചര്‍മാരും ആദിവാസി തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരുമടക്കം മുന്നൂറോളം പേരാണ് സ്ഥലത്തുള്ളത്. കൗണ്ടര്‍ ഫയര്‍ ഒരുക്കിയാണ് ഇവര്‍ കാട്ടുതീയെ പ്രതിരോധിക്കുന്നത്. അതേസമയം, ബന്ദിപ്പൂരിലുണ്ടായപോലെ വലിയ തോതില്‍ തീനാളങ്ങള്‍ കുതിച്ചെത്തുമ്പോള്‍ ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലിക്കുമെന്ന് അറിയില്ലെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ നാരദാന്യൂസിനോടു പറഞ്ഞു.

വയനാട് ജില്ലയില്‍ 1000ത്തിലധികം ആദിവാസി കോളനികള്‍ വനത്തിനകത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഭൂസമരത്തിന്റെ ഭാഗമായി വനത്തില്‍ കുടില്‍ കെട്ടിയ ആദിവാസി കുടുംബങ്ങള്‍ വേറെയും. അഗ്നി താണ്ഡവമാടിയ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നുനില്‍ക്കുന്ന, വയനാട് വന്യജീവി സങ്കേതത്തിലെ വനഗ്രാമങ്ങളാണ് ഏറ്റവും കൂടുതല്‍ കാട്ടുതീ ഭീഷണി നേരിടുന്നത്. 107 ആദിവാസി കോളനികളാണ് വന്യജീവി സങ്കേതത്തിനകത്തുള്ളത്. 57 വലിയ വനഗ്രാമങ്ങള്‍ വേറെയും. ഈ വലിയ വനഗ്രാമങ്ങളില്‍ ആദിവാസികളെ കൂടാതെ ഇതരവിഭാഗം കുടുംബങ്ങളും ധാരാളമുണ്ട്. സങ്കേതത്തിനകത്ത് 2620 കുടുംബങ്ങളിലായി 11,000 പേരാണ് കഴിയുന്നത്. കുതിച്ചെത്തുന്ന കാട്ടുതീയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ആശങ്കയിലാണ് വനഗ്രാമത്തിലെ ജനങ്ങള്‍.വനത്തില്‍ ഉണങ്ങിനില്‍ക്കുന്ന മുളങ്കൂട്ടങ്ങളാണ് ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നത്. ഒരു തീപ്പൊരി വന്നുവീണാല്‍ വര്‍ധിതവീര്യത്തോടെ കത്തിപ്പടരുന്നത് ഈ മുളങ്കാടുകളാണ്. ഉണങ്ങി വീണിട്ടും ഇത് നീക്കം ചെയ്യാന്‍ അനുമതിയില്ലാത്തതാണ് പ്രശ്‌നം. കാട്ടുതീ പടര്‍ന്നുകയറി അസഹ്യമായ ചൂടു നിറഞ്ഞതോടെ വന്യജീവികള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. പട്ടാപ്പകല്‍പോലും വന്യമൃഗങ്ങളെ അതിര്‍ത്തി ഗ്രാമങ്ങളിലിപ്പോള്‍ കാണാന്‍ കഴിയും.കാട്ടുതീ വ്യാപകമായതോടെ ബന്ദിപ്പൂരില്‍ നിന്നും വന്യമൃഗങ്ങളുടെ കൂട്ടപ്പലായനമാണുണ്ടായിരിക്കുന്നതെന്ന് വനപാലകര്‍ സാക്ഷ്യപ്പെടുത്തുന്നു. ബന്ദിപ്പൂരില്‍
3000 ഏക്കര്‍ വനമാണ് കത്തിച്ചാമ്പലായത്. ബന്ദിപ്പൂരില്‍ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഒരു ചെറിയ തീയുണ്ടായാല്‍പ്പോലും ഇനി വയനാടന്‍ വനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഉണങ്ങി വരണ്ട കാടുകളും ഉണങ്ങിയ മുളങ്കൂട്ടങ്ങളും അത്രത്തോളം ഭീഷണിയുയര്‍ത്തുന്നുണ്ട്.

ചിത്രങ്ങള്‍: സക്കീര്‍ വൈത്തിരി

Read More >>