ബന്ദിപ്പൂരിലെ കാട്ടുതീയ്ക്ക് പിന്നില്‍ കടുവ! തീ വച്ചത് വനംവകുപ്പിനോടുള്ള പ്രതികാരം

ഗുണ്ടറയില്‍ കോളനിക്കാരുടെ രണ്ട് പശുക്കളെയും മൂന്ന് ആടുകളെയും കടുവ കൊന്നു. ഇക്കാര്യം കോളനിക്കാര്‍ യഥാസമയം വനപാലകരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം അകത്ത് ചെന്നാണ് കടുവ ചത്തതെന്ന് കണ്ടെത്തുകയും വനംവകുപ്പ് അന്വേഷണം നടത്തി രണ്ട് ആദിവാസികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിന്റെ പ്രതികാരമാണ് കാടിന് തീയിട്ടതെന്നാണ് കര്‍ണ്ണാടക വനംവകുപ്പിന്റെ വിശദീകരണം

ബന്ദിപ്പൂരിലെ കാട്ടുതീയ്ക്ക് പിന്നില്‍ കടുവ! തീ വച്ചത് വനംവകുപ്പിനോടുള്ള പ്രതികാരം

ബന്ദിപ്പൂരില്‍ 3000 ഏക്കര്‍ വനംകത്തി നശിച്ചതിന്റെ പിന്നില്‍ കടുവാ വിവാദമെന്ന് കര്‍ണ്ണാടക വനംവകുപ്പ്. എന്‍ബേഗൂര്‍ റെയ്ഞ്ചിലെ ഗുണ്ടറ ആദിവാസി കോളനിയിലുള്ളവരാണ് രാത്രിയില്‍ കാടിന് തീയിട്ടതെന്നാണ് കര്‍ണ്ണാടക വനംവകുപ്പിന്റെ പ്രാഥമിക നിഗമം. കേരള അതിര്‍ത്തി കഴിഞ്ഞ് മഥൂര്‍ ചെക്ക് പോസ്റ്റില്‍ നിന്ന്  എട്ട് കിലോമീറ്ററോളം അകത്താണ് ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിനോട് ചേര്‍ന്നുള്ള ഗുണ്ടറ ആദിവാസി കോളനി സ്ഥിതി ചെയ്യുന്നത്.
ഒന്നരമാസം മുമ്പ് ഇവിടെയുള്ള വനഗ്രാമത്തില്‍ കടുവയിറങ്ങിയിരുന്നു. കോളനിക്കാരുടെ രണ്ട് പശുക്കളെയും മൂന്ന് ആടുകളെയും കടുവ കൊന്നു. ഇക്കാര്യം കോളനിക്കാര്‍ യഥാസമയം വനപാലകരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം അകത്ത് ചെന്നാണ് കടുവ ചത്തതെന്നു കണ്ടെത്തുകയും വനംവകുപ്പ് അന്വേഷണം നടത്തി രണ്ട് ആദിവാസികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിന്റെ പ്രതികാരമാണ് കാടിനു തീയിട്ടതെന്നാണ് കര്‍ണ്ണാടക വനംവകുപ്പിന്റെ വിശദീകരണം. അതേസമയം ഗുണ്ടറ കോളനി പരിസരത്തേക്കുള്ള പ്രവേശനം വനംവകുപ്പ് തല്‍ക്കാലം നിഷേധിച്ചിരിക്കുകയാണ്.

കര്‍ണ്ണാടക വനംവകുപ്പിന്റെ കണ്ടെത്തലില്‍ എത്രത്തോളം ശരിയുണ്ടൈന്നത് അന്വേഷിക്കേണ്ട കാര്യമാണ്. കാരണം പൊതുവെ ആദിവാസികള്‍ വനത്തിന് തീവെയ്ക്കാറില്ല. കാടിനോട് ചേര്‍ന്നും കാടിനകത്തും കഴിയുന്ന ഗോത്രവിഭാഗങ്ങള്‍ക്ക് കാട്ടുതീ ഉണ്ടായാല്‍ എത്രത്തോളം ദോഷകരമാണെന്ന മറ്റാരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. കാടിന് തീയിട്ടതുമായി ബന്ധപ്പെട്ട് ആദിവാസികള്‍ അറസ്റ്റിലായ സംഭവം ഈയടുത്തകാലത്തൊന്നും കേട്ടിട്ടില്ലാത്ത കാര്യമാണ്. 2014ല്‍ വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെടെ വ്യാപകമായി കാടിന് തീയിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് വന്യമൃഗങ്ങളെപ്പോലെത്തന്നെ ആദിവാസികളുമാണ്.ആനപ്പിണ്ഡം കത്തിച്ചെറിഞ്ഞും മറ്റും അന്ന് വയനാടന്‍ കാടുകള്‍ കത്തിച്ചത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള എതിര്‍പ്പായിരുന്നു. അന്നത്തെ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ സ്ഥലത്തെത്തുകയും ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാളിതുവരെ അന്വേഷിച്ചിട്ടും ഒരാളെപ്പോലും പിടികൂടാനായില്ലെന്നതു മറ്റൊരു കാര്യം.

ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ കാടിന് തീപിടിച്ചപ്പോള്‍ ഏറെ ദുരിതത്തിലായ മറ്റൊരു വിഭാഗമാണ് കേരളത്തിലെ വനപാലകര്‍. വയനാട് വന്യജീവിസങ്കേത്തിലേക്ക് വെറും മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗുണ്ടറയിലാണ് തീയുണ്ടായത്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം രാപകല്‍ വ്യത്യാസമില്ലാതെ ബന്ദിപ്പൂരിലെ തീകെടുത്തല്‍ പ്രക്രിയയില്‍ പങ്കാളികളായി. . ഇപ്പോഴും തുടരുന്നുമുണ്ട്. ബന്ദിപ്പൂരില്‍ ഇപ്പോഴും പലയിടങ്ങളില്‍ കാട്ടുതീ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോലും ചെറിയ പിക്ക് അപ്പില്‍ വെള്ളവും പച്ചിലകളും മാത്രമാണ് കേരള വനംവകുപ്പിന്റെ കയ്യിലുള്ള അഗ്നിശമന ഉപകരണങ്ങള്‍.വയനാട് വന്യജീവിസങ്കേതത്തെ ലക്ഷ്യമാക്കി വരുന്ന അഗ്നിയെ കൗണ്ടര്‍ ഫയര്‍ ഒരുക്കിയും മറ്റുമാണ് കേരളം തടഞ്ഞത്. ഇത് താല്‍ക്കാലികം മാത്രമാണ്. പ്രാചീന കാലത്തുള്ള അതേ മാതൃകയാണ് തീകൊടുത്താന്‍ കേരള വനംവകുപ്പ് ഇപ്പോഴും അവലംബിക്കുന്നതെന്നും ഇത് എത്രത്തോളം പ്രായോഗികമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ സി എസ് ധര്‍മ്മരാജ് ചൂണ്ടിക്കാട്ടുന്നു.

Read More >>