ഈ ജിഡിപി മോദിയുടെതാണ്, ഇന്ത്യയുടേതല്ല

അക്കാലമാത്രയും ഫാക്റ്ററികളിൽ നിന്നും ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയാണ് ജിഡിപി കണക്കാക്കിയിരുന്നത് എങ്കിൽ ഒരു സുപ്രഭാതത്തിൽ ആ മാർഗ്ഗം ഒന്ന് മാറ്റി പിടിച്ചു ലിസ്റ് ചെയ്യപ്പെട്ട ഏതാനും കമ്പനികൾ സർക്കാരിന് സമർപ്പിക്കുന്ന ബിസിനസ്സ് റിപ്പോർട്ടുകളിൽ നിന്ന് വിവര ശേഖരണം നടത്തി. അസംഘടിത മേഖലയിലേറെയും അൺ ഓർഗനൈസ്ഡ് മേഖലയിലെയും വിവരങ്ങൾ ഇവിടെ കണക്കിൽ വരുന്നില്ല.

ഈ ജിഡിപി മോദിയുടെതാണ്, ഇന്ത്യയുടേതല്ല

നസറുദ്ദീൻ മണ്ണാർക്കാട്

ലോകത്തെ പ്രധാനപ്പെട്ട ഒരു രാജ്യവും ഇന്ത്യയുടെ ജിഡിപി വിശ്വസിക്കുന്നില്ലെന്ന് എത്ര പേർക്കറിയാം? യു. എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ എക്കണോമിക് ബ്യുറോ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യൻ എകണോമിയുടെ ജിഡിപി കണക്ക് പെരുപ്പിച്ചതാണെന്ന് സമര്ഥിക്കുകയുണ്ടായി. വാൾ സ്ട്രീറ്റ് ജേർണലിൽ അഞ്ചു പ്രധാനപ്പെട്ട ചാർട്ടുകൾ വിശകലനം ചെയ്തു കൊണ്ട് 2016 ൽ തന്നെ ജിഡിപിയിലെ 'മോഡിഫിക്കേഷൻ' ചൂണ്ടി കാണിച്ചിരുന്നു.


മുൻ വർഷങ്ങളെ അപേക്ഷിച്ചു കയറ്റുമതിയും ഉത്പാദനവും കുറവായിരുന്നിട്ടും 2016 ലെ ജിഡിപിയിലെ അപ്രതീക്ഷിത വളർച്ച കണ്ട് മോർഗൻ സ്റ്റാൻലി മാത്രമല്ല 2015 ലെ സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ Angus Deaton നെ പോലുള്ളവരും സംശയം പ്രകടിപ്പിച്ചിരുന്നു. ഫോട്ടോഷോപ്പ് വികസനം നടത്തി മൂന്നാം കിട സംസ്ഥാനമായ ഗുജറാത്തിനെ വൈബ്രന്റ് ഗുജറാത്തിക്കിയ അതേ തന്ത്രം തന്നെയാണ് മോഡി കേന്ദ്രത്തിലും പയറ്റുന്നത്.

എന്താണ് കണക്കിലെ കളികൾ !!


ഒരു ചെറിയ പൊടിക്കൈ കൊണ്ട് ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ ജിഡിപി 2 ട്രില്യൺ ഡോളർ എന്ന മാന്ത്രിക സംഖ്യയിലേക്ക് മാറിയ അലാവുദീന്റെ അത്ഭുത വിളക്കിനെ കുറിച്ച് എത്ര പേർക്കറിയാം. ജിഡിപി 4.7 ആയിരിക്കുമെന്ന് ആശങ്കപ്പെട്ടിരിക്കുന്ന സമയത്താണ് 2015 ജനുവരിയിൽ മോഡി സർക്കാർ പുതിയ മെത്തേഡിലൂടെ ജിഡിപി 6.9 ആക്കി ഉയർത്തിയത്.

ശ്രദ്ധിച്ചു വായിക്കണം. വെറും 4.7 ഉള്ള ജിഡിപിയെ 6.9 ലേക്ക് മാറ്റാൻ ഒരു പൊടിക്കൈ സഹായിച്ചുവെങ്കിൽ അത് നാം അറിഞ്ഞിരിക്കേണ്ടതല്ലേ. വികസിക്കുന്നില്ലെങ്കിൽ ഊതി വികസിപ്പിക്കുക എന്ന ഗുജറാത്ത് തന്ത്രമാണ് ഇവിടെയും നടപ്പാക്കിയത്.

ആദ്യമായി ജിഡിപി കണക്കാക്കാനുള്ള അടിസ്ഥാന വർഷമായി 2011- 2012 നെ തെരഞ്ഞെടുത്തു. ഈ അടിസ്ഥാനാ വര്ഷത്തോട് താരതമ്യം ചെയ്തു കൊണ്ടാണ് നടപ്പ് വർഷത്തിലെ വളർച്ചയെ ഇടിവോ കണക്കാക്കുക. അത് വരെ 2004- 2005 ആയിരുന്നു അടിസ്ഥാന വര്ഷം .

2004-2005 വർഷത്തിൽ ജിഡിപി 7.5 ആയിരുന്നെങ്കിൽ 2011 -2012 ൽ വെറും 6.2 ആയിരുന്നു. അതായത് താരതമ്യേന സാമ്പത്തിക വളർച്ച കുറഞ്ഞ ഒരു വർഷത്തെ അടിസ്ഥാന വർഷമാക്കി. ക്ലാസിലെ താരതമ്യേന മോശം പഠിതാവുമായി താരതമ്യം ചെയ്യാൻ ഏതൊരു ശരാശരിക്കാരനും പറ്റുമല്ലോ. സാമ്പത്തിക വളർച്ച താഴ്ന്നു കിടക്കുന്ന 2011-2012 യുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ച കൂടി എന്ന് കാണിക്കുക അത്ര പ്രയാസ്സമല്ലെന്ന് സാരം.

രണ്ടാമതായി കണക്കു കൂട്ടുന്ന വിദ്യ തന്നെ മോഡി സർക്കാർ മാറ്റിപ്പിടിച്ചു. അത് വരെയും ഫാക്റ്റർ കോസ്റ്റിലായിരുന്നു കണക്കു കൂട്ടലെങ്കിൽ ( ഒരു വര്ഷം സാധനങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കാനുള്ള എല്ലാ ചെലവുകളുമാണ് ഫാക്റ്റർ കോസ്റ്റ് എന്ന് ചുരുക്കി മനസ്സിലാക്കുക . വിഷയം വലുതാണ് ) പുതിയ വിദ്യ പ്രകാരം ജിഡിപി കണക്കാക്കുന്നത് മാർക്കറ്റ് പ്രൈസ് വെച്ചിട്ടാണ്. എന്തായാലും കോസ്റ്റിനേക്കാൾ കൂടുതൽ ആയിരിക്കുമല്ലോ കമ്പോള വില :)

ഒന്ന് കൂടി ലളിതമാക്കാം. പരിപ്പ് വട ഉണ്ടാക്കാനുള്ള ആളും സാധനങ്ങളും എല്ലാം ചേർന്നതാണ് പരിപ്പ് വടയുടെ ഫാക്റ്റർ കോസ്‌ട് എങ്കിൽ പരിപ്പ് വടക്ക് വേണ്ടി കസ്റ്റമർ ചെലവാക്കുന്ന പണമാണ് മാർക്കറ്റ് പ്രൈസ്. ആദ്യത്തെതിനേക്കാൾ കൂടുതലായിരിക്കും രണ്ടാമത്തെ മെത്തേഡ് എന്ന് ഉറപ്പല്ലേ.

അക്കാലമാത്രയും ഫാക്റ്ററികളിൽ നിന്നും ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയാണ് ജിഡിപി കണക്കാക്കിയിരുന്നത് എങ്കിൽ ഒരു സുപ്രഭാതത്തിൽ ആ മാർഗ്ഗം ഒന്ന് മാറ്റി പിടിച്ച് ലിസ്റ് ചെയ്യപ്പെട്ട ഏതാനും കമ്പനികൾ സർക്കാരിന് സമർപ്പിക്കുന്ന ബിസിനസ്സ് റിപ്പോർട്ടുകളിൽ നിന്ന് വിവര ശേഖരണം നടത്തി. അസംഘടിത മേഖലയിലേറെയും അൺ ഓർഗനൈസ്ഡ് മേഖലയിലെയും വിവരങ്ങൾ ഇവിടെ കണക്കിൽ വരുന്നില്ല.

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നെടും തൂൺ എന്ന് പറയുന്ന അണ് ഓർഗനൈസ്ഡ് തൊഴിൽ മേഖലയാണ്. എന്നാൽ ആ മേഖലയെ പുതിയ മെത്തേഡ് പൂർണ്ണമായും അവഗണിച്ചു. സാധാരണക്കാരനായ കോരന്റെ പപ്പട കച്ചോടം കുറഞ്ഞത് കണക്കിൽ വരില്ലെന്ന് സാരം.

എങ്ങനെയുണ്ട് വികസനം? കറൻസി പിൻ വലിച്ച ശേഷം ജിഡിപിയിൽ ഇടിവുണ്ടാവുമെന്ന കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ഒക്ടോബർ - ഡിസംബർ മാസങ്ങളിലെ ജിഡിപി കണക്കു വന്നു. ഈ പൊരുത്തക്കേടുകൾ അവിടെയുമുണ്ട്. NOMURA റിപ്പോർട്ട് ഈ ജിഡിപി റിയൽ ആണോ ഫിക്ഷൻ ആണോ എന്ന് വരെ ചോദിച്ചിട്ടുണ്ട്. പുതിയ സാമ്പിളിങ് മെത്തേഡ് അണ് ഓർഗനൈസ്ഡ് മേഖലയെ പൂർണ്ണമായും അവഗണിച്ചിരിക്കുന്നു. എന്നാൽ ഇന്ത്യയിലെ ഗണ്യമായ ഒരു ഭൂരിപക്ഷ വിഭാഗം ഉപജീവനം നടത്തുന്നത് ആ മേഖലയാണ് താനും. കർഷകനും സാധാരണക്കാരനും സംഭവിച്ച ലാഭ നഷ്ടങ്ങൾ ഒരു കണക്കിലും കാണില്ല. ചില കമ്പനികളുടെ റിപ്പോർട്ടുകൾ അനുസരിച്ചു നടത്തിയ ഒരു സാമ്പിലിങ്‌ ആണിത്. ശരിക്കുള്ള ജിഡിപിയും നമ്പറുകളിലൂടെ നാം ലോകത്തോട് പറയുന്ന ജിഡിപിയും തമ്മിൽ ഗ്യാപ് ഉണ്ടാവാറുണ്ട് എങ്കിലും പുതിയ മെത്തേഡ് ആ ഗ്യാപ്പ് കൂട്ടുകയാണ് ചെയ്തത്. ഞാനും നിങ്ങളുമൊന്നും ഈ കണക്കിൽ എവിടെയുമില്ല. ഇതാരുടെയോ ജിഡിപിയാണ് .

അധിക വായനയ്ക്ക്:

I Don't Believe India's 7% GDP Growth Rate - Not With Demonetisation I Don't


GDP overstated: Morgan Stanley


India’s GDP growth rate may be overstated: US report


Five reasons why economists doubt India’s October-December GDP growth of 7%