കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഹൊസ്ദുർഗ് കോടതി

2013 മുതൽ കോടതി അയച്ച സമൻസുകളിൽ ഹാജരാവുകയോ ഏതെങ്കിലും തരത്തിൽ വിശദീകരണം നൽകാൻ തയ്യാറാവുകയോ ചെയ്യാതിരുന്നതിനെത്തുടർന്നാണ് കോടതി ബെന്നി ബെഹന്നാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഹൊസ്ദുർഗ് കോടതി

പ്രമുഖ കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാനെ കാസർഗോഡ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട് നിരന്തരം സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് കോടതിയുടെ നടപടി.

കോൺഗ്രസ് മുഖപത്രമായ വീക്ഷണം ദിനപത്രത്തിൽ തനിക്കെതിരെ അപകീർത്തികരമായ വാർത്ത വന്നെന്നു കാട്ടി തൃക്കരിപ്പൂർ സ്വദേശി മുണ്ട്യയിൽ ഗോപാലൻ നൽകിയ പരാതിയിലാണ് എതിർകക്ഷിയായ പത്രത്തിന്റെ മാനേജിങ് ഡയറക്ടറായ ബെന്നി ബഹന്നാന് കോടതി സമൻസ് അയച്ചത്.

പ്രദേശത്തെ കാവിൽ നിന്നും ഭണ്ഡാരം തകർത്ത മുണ്ട്യയിൽ ഗോപാലനെ നാട്ടുകാർ പിടികൂടി ബന്ധനസ്ഥനാക്കി എന്ന രീതിയിൽ വീക്ഷണം വാർത്ത നൽകിയിരുന്നു. എന്നാൽ തന്നെ ആരും ഇത്തരത്തിൽ പിടിച്ചുകെട്ടിയിട്ടില്ലെന്നും മാനഹാനിയുണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകിയ പത്രസ്ഥാപനത്തിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിത്തരണമെന്നും കാട്ടിയാണ് ബെന്നി ബെഹന്നാനെ എതിർകക്ഷിയാക്കി ഗോപാലൻ കോടതിയെ സമീപിച്ചത്.

2013 മുതൽ കോടതി അയച്ച സമൻസുകളിൽ ഹാജരാവുകയോ ഏതെങ്കിലും തരത്തിൽ വിശദീകരണം നൽകാൻ തയ്യാറാവുകയോ ചെയ്യാതിരുന്നതിനെത്തുടർന്നാണ് കോടതി ബെന്നി ബെഹന്നാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More >>