മരുഭൂമിയായി കേരളം: അനുഭവപ്പെടുന്നത് 1901 നു ശേഷമുള്ള ഏറ്റവും വലിയ ചൂട്; തൊണ്ടവരണ്ട് ജലസംഭരണികളും

രണ്ടാഴ്ചത്തേക്ക് കേരളത്തിലെവിടെയും മഴ പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. കേരളത്തിലെമ്പാടും കൃഷി ഭൂമികള്‍ കരിഞ്ഞുണങ്ങുകയാണ്. ഇത്തവണ വരള്‍ച്ച മൂലം സംസ്ഥാനത്ത് 30,000 ഹെക്ടറിലാണ് കൃഷിനാശമുണ്ടായിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലത്തിന്റെ അളവില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 45 ശതമാനം കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മഴയുടെ അളവില്‍ വന്‍ കുറവ് വന്നതോടെ എല്ലാ നദികളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. മിക്കവയും പൂര്‍ണമായും വറ്റി- ഇങ്ങനെ പോകുന്നു വരള്‍ച്ചയുടെ ദുരിതങ്ങള്‍

മരുഭൂമിയായി കേരളം: അനുഭവപ്പെടുന്നത് 1901 നു ശേഷമുള്ള ഏറ്റവും വലിയ ചൂട്; തൊണ്ടവരണ്ട് ജലസംഭരണികളും

കേരളത്തില്‍ ഈ വര്‍ഷം അനുഭവപ്പെടുന്നത് 1901 നു ശേഷമുള്ള ഏറ്റവും വലിയ ചൂട്. എക്കാലത്തേയും വലിയ വരളര്‍ച്ച സമാഗതമായതോടെ ജലസ്രോതസ്സുകള്‍ ചക്രശ്വാസം വലിക്കുകയാണ്. നദികള്‍ വറ്റി വരണ്ടു. മഴയുടെ അളവ് ക്രമാധീതമായി കുറഞ്ഞതോടെ ചൂട് അതിതീക്ഷ്ണമായി. ഭൂഗര്‍ഭജല വിതാനം മുക്കാല്‍ കിലോമീറ്ററോളം താഴ്ന്നുവെന്നാണ് ഭൂജലവകുപ്പിന്റെ റിപ്പോര്‍ട്ട്. മഴ പെയ്യാത്തതാണ് ഇതിനു കാരണം. ജലസംഭരണികളില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 45 ശതമാനം വെള്ളത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.


ബാഷ്പീകരണത്തോത് വര്‍ധിച്ചതോടെ അന്തരീക്ഷത്തിലെ ജലാംശം പൂര്‍ണമായും നഷ്ടമായി. ഇതോടെ സൂര്യതാപം നേരിട്ടു ഭൂമിയില്‍ പതിക്കാന്‍ തുടങ്ങി. കേരളത്തിലെമ്പാടും കൃഷി ഭൂമികള്‍ കരിഞ്ഞുണങ്ങുകയാണ്. ഇത്തവണ വരള്‍ച്ച മൂലം സംസ്ഥാനത്ത് 30,000 ഹെക്ടറിലാണ് കൃഷിനാശമുണ്ടായിരിക്കുന്നത്. ഇതോടെ നെല്ലുല്‍പാദനത്തിലടക്കം വന്‍കുറവുണ്ടാകുമെന്ന് കൃഷിമന്ത്രി തന്നെ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.

വെള്ളം കിട്ടാതെയും ഉണങ്ങിയുമാണ് ഇത്രത്തോളം കൃഷി നശിച്ചെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. മെയ് മാസമാകുന്നതോടെ കൃഷിനാശം 50,000 ഹെക്ടറായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. നശിച്ചതില്‍ 80 ശതമാനത്തിലേറെയും നെല്‍കൃഷിയാണെന്നും കൃഷിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ ചേര്‍ത്ത് ഒരു ഹെക്ടറിന് 26,000 രൂപ വീതം ധനസഹായം നല്‍കാനാണ് തീരുമാനം.

ജലസംഭരണികള്‍ക്കും തൊണ്ട വരളുന്നു


കേരളത്തിലെ പ്രധാനപ്പെട്ട ജലസംഭരണികളിലെ ജലത്തിന്റെ അളവില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 45 ശതമാനം കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതായത് കഴിഞ്ഞവര്‍ഷം ഇതേസമയം 978.36 ഘനയടി വെള്ളമാണ് ജലസംഭരണികളില്‍ ആകെയുണ്ടായിരുന്നത്. ഇത് 535.73 ഘനയടിയായി കുറഞ്ഞുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. മാത്രമല്ല, ഇവയിലെല്ലാം കൂടി കേവലം ഒരുമാസത്തില്‍ താഴെ മാത്രം ഉപയോഗിക്കാനാവുന്ന ജലശേഖരം മാത്രമാണ് ഉള്ളത്.

കൊല്ലം ജില്ലയിലെ കല്ലട ജലസേചന പദ്ധതിക്കു കീഴില്‍ വരുന്ന തെന്മല ഡാമിലാണ് ഏറ്റവും കൂടുതല്‍ വെള്ളം കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം 425.5 ഘനയടിയുണ്ടായിരുന്ന വെള്ളം ഇത്തവണ 169.4 ഘനയടിയായി കുറഞ്ഞു. കല്ലട ജലസേചന പദ്ധതിക്കു കീഴിലാണ് തെന്മല ഡാം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പുനലൂരിലാണ് കേരളത്തില്‍ ഏറ്റവു കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്ന രണ്ടാമത്തെ സ്ഥലം. 36.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെത്തെ ഇന്നത്തെ താപനില. ഇത് കഴിഞ്ഞദിവസം 38 ഡിഗ്രിക്കു മുകളില്‍ പോയിരുന്നു. ജലംസംഭരണികളിലെ വെള്ളത്തിന്റെ അളവില്‍ ക്രമാധീതമായ കുറവു വന്നതോടെ ഇവയെ ആശ്രയിച്ചുകഴിയുന്ന ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴയുടെ അളവ് നന്നേ കുറഞ്ഞതോടെയാണ് റിസര്‍വോയറുകളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായി നിലച്ചത്.

[caption id="attachment_84517" align="aligncenter" width="640"]
തെന്മല ഡാം[/caption]

തൃശൂര്‍ ജില്ലയിലെ ചിമ്മിനി ഡാമിലെ വെള്ളത്തിന്റെ അളവിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 101.1 ഘനയടി വെള്ളമുണ്ടായിരുന്നു ഈ ഡാമില്‍ ഇപ്പോള്‍ വെറും 15.48 ഘനയടി മാത്രമാണുള്ളത്. വരള്‍ച്ച രൂക്ഷമായിരിക്കുന്ന ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. ജില്ലയിലെ വെള്ളാനിക്കരയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നതെന്നതും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. 37.2 ഡിഗ്രി സെല്‍ഷ്യസാണ് വെള്ളാനിക്കരയില്‍ ഇന്നു രേഖപ്പെടുത്തിയിരിക്കുന്ന ചൂട്.

[caption id="attachment_84515" align="aligncenter" width="640"] ചിമ്മിനി ഡാം[/caption]

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 88.73 ഘനയടി വെള്ളമുണ്ടായിരുന്നെങ്കില്‍ ഇത്തവണ ഇത് 51.53 ഘനയടിയായി താഴ്ന്നു. കുറ്റ്യാടി ഡാമില്‍ കഴിഞ്ഞവര്‍ഷം 103.99 ഘനയടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 78.39 ഘനയടിയായി കുറഞ്ഞു. തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമില്‍ ഇത്തവണ 20 ഘനയടി ജലമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം 33.23 ഘനയടിയുണ്ടായിരുന്നത് ഇപ്പോള്‍ 13.58 ഘനയടിയായി താഴ്ന്നു.

മറ്റു ഡാമുകളിലെ ജലത്തിന്റെ അളവിലുണ്ടായ കുറവ് (കഴിഞ്ഞ വര്‍ഷത്തെ വെള്ളത്തിന്റെ അളവ്, ഇപ്പോഴത്തെ സ്ഥിതി-ഘനയടിയില്‍)
പോത്തുണ്ടി: 4.04- 2.86, മംഗലം: 7.38- 2.93, വാഴാനി: 4.4- 1.1, മീന്‍കര: 1.79, 1.23, കാരാപ്പുഴ: 35- 33
അതേസമയം, മലമ്പുഴ, കാഞ്ഞിരപ്പുഴ, വാളയാര്‍, ചുള്ളിയാര്‍, മലങ്കര ഡാമുകളിലെ വെള്ളത്തിന്റെ അളവില്‍ കുറവ് വന്നിട്ടില്ലെന്നും ജലസേചന വകുപ്പിന്റെ കണക്ക് പറയുന്നു.

പറമ്പായി മാറിയ നദികള്‍


മഴയുടെ അളവില്‍ വന്‍ കുറവ് വന്നതോടെ എല്ലാ നദികളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. മിക്കവയും പൂര്‍ണമായും വറ്റി. ഭാരതപ്പുഴ, കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പുഴ, കോട്ടയം ജില്ലയിലെ മീനച്ചിലാര്‍ തുടങ്ങിയവ അതില്‍ ചിലതു മാത്രം. കേവലം വെള്ളക്കെട്ടുകള്‍ മാത്രമാണ് ഭൂരിഭാഗം നദികളിലും അവശേഷിക്കുന്നത്. നദികളില്‍ മണ്ണില്‍ കുഴി കുഴിച്ചാണ് പ്രദേശവാസികള്‍ ജലം ശേഖരിക്കുന്നത്. കുടിവെള്ളത്തിനും കുടിക്കാനും അലക്കാനുമായി ആളുകള്‍ പരക്കംപായുന്ന കാഴ്ചയാണ് കേരളത്തിലെമ്പാടും. പലയിടത്തും വെള്ളത്തിനു വേണ്ടിയുള്ള തര്‍ക്കങ്ങളും പതിവാകുന്നു.

[caption id="attachment_84513" align="aligncenter" width="640"] വറ്റി വരണ്ട മീനച്ചിലാര്‍. ഈരാറ്റുപേട്ടയില്‍ നിന്നൊരു കാഴ്ച[/caption]

എല്ലായിടത്തും വലിയ ടാങ്കുകളിലാണ് ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത്. സന്നദ്ധ സംഘടനകളുടേയും രാഷട്രീയപാര്‍ട്ടികളുടേയും വിവിധ കൂട്ടായ്മകളുടേയും നേതൃത്വത്തിലാണ് ഈ സേവനം. എന്നാല്‍ മിക്ക നഗരസഭകള്‍ വിതരണം ചെയ്യുന്നതും മലിനജലം ആണെന്ന പരാതിയും ശക്തമാണ്. വേനല്‍ മുതലെടുത്ത് കുടിവെള്ള കച്ചവടം പൊടിപൊടിക്കുകയാണ് മറുവശത്ത്. വെള്ളത്തിനായി പൊതു പൈപ്പുകള്‍ക്കു താഴെ കുടങ്ങള്‍ നിരത്തുന്നത് പതിവാണെങ്കിലും ഒരു തുള്ളി വെള്ളം അന്യമായിട്ട് നാളുകളായെന്നതാണ് സത്യം.

[caption id="attachment_84514" align="aligncenter" width="640"] വറ്റി വരണ്ട മീനച്ചിലാര്‍. ഈരാറ്റുപേട്ടയില്‍ നിന്നൊരു കാഴ്ച[/caption]

ഇതോടൊപ്പം, ജലസ്രോതസ്സുകള്‍ മലിനമാക്കുന്ന പ്രവണതയും കൂടിവരികയാണ്. പ്ലാസ്റ്റിക്, അറവു മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവയാണ് നദികളിലേക്കും നദിക്കരയിലേക്കും തള്ളുന്നത്. ഇതോടെ ആകെയുള്ള വെള്ളക്കെട്ടുകള്‍ പോലും വിഷമായി മാറുകയാണ്. ഈ സാഹചര്യത്തില്‍ മാലിന്യം പേറി ഒഴുകുന്ന ജലസ്രോതസുകളെ മാലിന്യമുക്തമാക്കണമെന്നും വകുപ്പ് നിര്‍ദേശിക്കുന്നു.

രണ്ടാഴ്ചത്തേക്ക് മഴ പ്രതീക്ഷിക്കേണ്ട; ചൂട് ഇനിയും ശക്തമാകും


കേരളത്തില്‍ ചൂട് എക്കാലത്തേയും ഉയര്‍ന്ന സ്ഥിതിയിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. രണ്ടാഴ്ചത്തേക്ക് കേരളത്തിലെവിടെയും മഴ പ്രതീക്ഷിക്കേണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.

പാലക്കാട്, തൃശൂര്‍ വെള്ളാനിക്കര, പുനലൂര്‍ എ്ന്നിവിടങ്ങളില്‍ അടുത്ത ആഴ്ച ചൂട് 41-42 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. ഈ മാസം അവസാന ആഴ്ചയോ ഏപ്രില്‍ മാസമോ മാത്രം ഒറ്റപ്പെട്ട മഴ പ്രതീക്ഷിച്ചാല്‍ മതി.

37.2 സെല്‍ഷ്യസാണ് വെള്ളാനിക്കരയില്‍ ഇന്നത്തെ ചൂട്. പുനലൂരില്‍ 36.5 ഡിഗ്രി സെല്‍ഷ്യസും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 36.7 ഉം കോഴിക്കോട് സിറ്റിയില്‍ 36.2 ഉമാണ് ചൂട്. കണ്ണൂരില്‍ എത്തുമ്പോള്‍ 36.5 ആണ്.

1901 നു ശേഷം ഏറ്റവും കൂടുതല്‍ ചൂട് 2017 ല്‍


ഇന്ത്യയില്‍ 1901നുശേഷം ഏറ്റവും കൂടുതല്‍ അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തിയത് 2016ലാണെന്ന് എര്‍ത്ത് സിസ്റ്റ് സയന്‍സ് ഓര്‍ഗനൈസേഷന്‍, കേന്ദ്ര ഭൂമി ശാസ്ത്ര മന്ത്രാലയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കാലാവസ്ഥാ ഗവേഷണ, സേവന വകുപ്പ് എന്നിവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ 2016 ലേതിനേക്കാള്‍ 0.67 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് 2017 ല്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 ലെ സാധാരണ ചൂടിനേക്കാള്‍ മാര്‍ച്ച്-മെയ് കാലഘട്ടത്തിലെ ചൂടിന്റെ അളവില്‍ 1.0 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമെന്നാണ് കണ്ടെത്തല്‍.


നിയന്ത്രണ മാര്‍ഗങ്ങള്‍


വരള്‍ച്ചയുടെ തോത് വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ജല വിനിയോഗത്തില്‍ കുറവ് വരുത്തണം. ഉപയോഗിച്ച ജലം പുനരുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ജല ഫൗണ്ടനുകളുടെ ഉപയോഗം എന്നിവ നിര്‍ത്തണം. പല്ലുതേക്കല്‍, കുളിക്കല്‍, ശുചീകരണം, വാഹനം കഴുകല്‍, പൂന്തോട്ടം നനയ്ക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഹോസുകളുലൂടെയുള്ള വാട്ടര്‍ പമ്പിങ് ഒഴിവാക്കി കപ്പുകളും ബക്കറ്റുകളും ആശ്രയിക്കുക. ഇത്തരത്തില്‍ വലിയൊരു അളവ് വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കാനാവും.

കാര്‍ കഴുകാന്‍ ഹോസിലൂടെയുള്ള വെള്ളം ഉപയോഗിച്ചാല്‍ പത്തു മിനിറ്റില്‍ 400 ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ബക്കറ്റും ബ്രഷും തുണിയും ഉപയോഗിച്ചാല്‍ ഇത് 20 ലിറ്ററില്‍ ഒതുക്കാം. പൂന്തോട്ടം നനയ്ക്കാന്‍ ഹോസിലൂടെയാണെങ്കില്‍ അഞ്ച് മിനിറ്റില്‍ 120 ലിറ്റര്‍ വേണ്ടിവരുമെന്നിരിക്കെ ഇത് പാത്രം ഉപയോഗിച്ചാണെങ്കില്‍ വെറും അഞ്ച് ലിറ്ററായി കുറയ്ക്കാനാവും. ഷവര്‍ തുറന്നിട്ടു കുളിക്കുമ്പോള്‍ കുറഞ്ഞത് 90 ലിറ്റര്‍ വെള്ളം പാഴാവുമ്പോള്‍ ബക്കറ്റും മഗ്ഗും ഉപയോഗിച്ചാല്‍ ഇത് 20-30 ലിറ്റര്‍ ആക്കി ചുരുക്കാനാവും.

പല്ലുതേക്കാന്‍ ടാപ്പില്‍ നിന്നും നേരിട്ട് വെള്ളമെടുത്താല്‍ 40 ലിറ്ററാണ് നഷ്ടമാവുന്നത്. എന്നാല്‍ മഗ്ഗിലോ ഗ്ലാസിലോ പിടിച്ചുപയോഗിച്ചാല്‍ വെറും അരലിറ്റര്‍ മുതല്‍ ഒരു ലിറ്റര്‍ വരെ വെള്ളമേ ആവശ്യമായി വരൂ. ഇതു കൂടാതെ കുടിവെള്ളം കിട്ടാത്തവര്‍ക്കായി ടാങ്കുകളിലും മറ്റുമായി ജലമെത്തിച്ചുകൊടുക്കാന്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാകണം. ജലസ്രോതസ്സുകള്‍ മലിനമാക്കാതെ സൂക്ഷിക്കണം.

Read More >>