കെഎസ്ആര്‍ടിസിക്ക് 3000കോടിയുടെ പുനരുദ്ധാരണ പാക്കേജ്; തീരുമാനം സ്വാഗതാര്‍ഹമെന്ന് തൊഴിലാളികള്‍

ഇതുകൂടാതെ ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കും. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അഴിച്ചുപണിയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ മാനേജ്‌മെന്റ് പ്രൊഫഷണലുകളെ നിയമിച്ചായിരിക്കും അഴിച്ചുപണി. കൂടാതെ, ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ 130 കോടിയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം. ഇതുകൂടാതെയാണ് പണമില്ലാത്തതിനാല്‍ പെന്‍ഷന്‍, ശമ്പളം എന്നിവ കുടിശികയാകുന്നതും. ബാങ്കുകളില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി കടമെടുത്ത വകയില്‍ 2800ഓളം കോടിയാണ് കെഎസ്ആര്‍ടിസിക്കു കുടിശികയുള്ളത്. പ്രതിമാസം വീണ്ടും കടമെടുക്കുന്നതോടെ ഇത് വര്‍ധിക്കുകയാണ് ചെയ്യുന്നത്.

കെഎസ്ആര്‍ടിസിക്ക് 3000കോടിയുടെ പുനരുദ്ധാരണ പാക്കേജ്; തീരുമാനം സ്വാഗതാര്‍ഹമെന്ന് തൊഴിലാളികള്‍

സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയില്‍ കിടന്നു നരകിക്കുന്ന കെഎസ്ആര്‍ടിസിക്ക് താങ്ങായി സര്‍ക്കാര്‍ സഹായം. മാന്ദ്യത്തില്‍ നിന്നു കരകയറ്റാന്‍ 3000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുകൂടാതെ ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കെഎസ്ആര്‍ടിസിയെ മൂന്നുവര്‍ഷം കൊണ്ടു ലാഭത്തിലാക്കാനുള്ള പുനരുദ്ധാരണ പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പാക്കേജ് പ്രകാരമുള്ള 3000 കോടി രൂപ സബ്സിഡിയല്ല. മറിച്ച് കമ്പനിയെ ലാഭത്തിലേക്കെത്തിക്കാനുള്ള നിക്ഷേപമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിസന്ധിയെ പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സുശീല്‍ഖന്ന വിവിധ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നടത്തിപ്പ് പരിഷ്‌കരിക്കാനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.


നിലവില്‍ 130 കോടിയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം. ഇതുകൂടാതെയാണ് പണമില്ലാത്തതിനാല്‍ പെന്‍ഷന്‍, ശമ്പളം എന്നിവ കുടിശികയാകുന്നതും. ബാങ്കുകളില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി കടമെടുത്ത വകയില്‍ 2800ഓളം കോടിയാണ് കെഎസ്ആര്‍ടിസിക്കു കുടിശികയുള്ളത്. പ്രതിമാസം വീണ്ടും കടമെടുക്കുന്നതോടെ ഇത് വര്‍ധിക്കുകയാണ് ചെയ്യുന്നത്.

ആകെ 37500 പെന്‍ഷന്‍കാരാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ഇവര്‍ക്കുള്ള പെന്‍ഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാലത്ത് 57.25 കോടിയായിരുന്നു. പിന്നീട് അത് 57.5 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണിത്. നിലവില്‍ ഇത് 60 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പകുതിയായ 30 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാമെന്ന് ഏറ്റിരിക്കുന്നത്. എന്നാല്‍ ബാക്കിയുള്ള 30 കോടി കടമെടുക്കുകയല്ലാതെ നിവൃത്തിയില്ല. ഈ സാഹചര്യത്തിലാണ് പുനരുദ്ധാരണ പാക്കേജായി 3000 കോടി പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യം 20 കോടിയും പിന്നീട് 27.5 കോടിയുമാണ് സര്‍ക്കാര്‍ ഈ ഇനത്തില്‍ കെഎസ്ആര്‍ടിസിക്കു നല്‍കിവന്നിരുന്നത്.

9500 എം-പാനലുകാരടക്കം ആകെ 45000 ജീവനക്കാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ഇവര്‍ക്കായി പ്രതിമാസം 85 കോടിയാണ് ശമ്പള ഇനത്തില്‍ നല്‍കേണ്ടിവരുന്നത്. ഇതും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കടമെടുത്താണ് നല്‍കുന്നത്. 3000 കോടിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതോടെ ഈ പ്രതിസന്ധികള്‍ക്കൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഇതോടൊപ്പം, കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അഴിച്ചുപണിയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ മാനേജ്‌മെന്റ് പ്രൊഫഷണലുകളെ നിയമിച്ചായിരിക്കും അഴിച്ചുപണി. കൂടാതെ, ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബസ്സുകളുടെ ഇന്ധനക്ഷമത, പ്രവര്‍ത്തനമികവ് എന്നിവ ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ത്തും. കിഫ്ബി വഴി ഫണ്ട് ഉപയോഗിച്ച് സിഎന്‍ജി ബസ്സുകള്‍ വാങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

അതേസമയം, കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണെന്നു കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി ഇ കെ ഹരികൃഷണന്‍ നാരദ ന്യൂസിനോടു പറഞ്ഞു. സുശീല്‍ഖന്ന റിപ്പോര്‍ട്ട് യൂണിയനുകളുമായി ചര്‍ച്ച ചെയ്തു നടപ്പാക്കുമെന്ന തീരുമാനവും സ്വാഗതാര്‍ഹമാണ്. പ്രതിസന്ധിയിലുള്ളൊരു സ്ഥാപനത്തെ രക്ഷിക്കാനുള്ള ക്രിയാത്മകമായ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

കടം നിയന്ത്രിക്കാന്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ട്. അവ ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ കഴിയുന്നതാണ്. മാനേജ്‌മെന്റ് തലത്തില്‍ പ്രഫഷണലുകളെ നിയമിച്ച് അഴിച്ചുപണി നടത്തണമെന്നത് കാലങ്ങളായി യൂണിയന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. കെഎസ്ആര്‍ടിസി രക്ഷപെടണമെങ്കിലും എല്ലാ തലത്തിലുമുള്ള അഴിച്ചുപണിയും അത്യാവശ്യമാണ്.

എന്നാല്‍ ദീര്‍ഘദൂര ബസ്സുകളിലെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്. ഓര്‍ഡിനറിയില്‍ ആണെങ്കില്‍ ഇത് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നും ഇ കെ ഹരികൃഷ്ണന്‍ പറഞ്ഞു.

Read More >>