വീട്ടിലെ പട്ടിണി നാട്ടിലറിയിച്ച് അനശ്വരയുടെ ആത്മഹത്യ; അവളുടെ അസ്ഥികള്‍ സൂക്ഷിക്കാന്‍ പോലും ഇടമില്ലാതെ കുടുംബം

ഹരിപ്പാട് ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പട്ടിണി മൂലമാണോ മരിച്ചത് എന്ന് അന്വേഷിക്കാനാണ് നാരദാ ന്യൂസ് ആ വീട്ടിലെത്തിയത്. അനശ്വര ഈ ചെറിയപ്രായത്തില്‍ നേരിട്ടത് കടുത്ത യാതനകളാണ്. അച്ഛനും അമ്മയ്ക്കും ഹൃദ്‌രോഗം. അനുജനു വൃക്കരോഗം. അമ്മൂമ്മയുടെ ക്യാന്‍സര്‍ ചികിത്സിച്ചു ദരിദ്രമായ കുടുംബം. നന്നായി പഠിക്കുകയും പാടുകയും ചെയ്യുമായിരുന്ന അനശ്വര മരണം കൊണ്ടു വിളിച്ചു പറഞ്ഞത്, 'എന്റെ വീട്ടില്‍ നാലുപേര്‍ പട്ടിണിയിലാണെ'ന്നാണ്.

വീട്ടിലെ പട്ടിണി നാട്ടിലറിയിച്ച് അനശ്വരയുടെ ആത്മഹത്യ; അവളുടെ അസ്ഥികള്‍ സൂക്ഷിക്കാന്‍ പോലും ഇടമില്ലാതെ കുടുംബം

ഇന്നലെ രാവിലെ അവളുടെ സഞ്ചയനമായിരുന്നു. അവളുടെ അസ്ഥികള്‍ ചിതയില്‍ നിന്നെടുത്തു കുടത്തിലാക്കി ഏറ്റു വാങ്ങിയപ്പോള്‍ ഭൗതികാവശിഷ്ടം എവിടെ സൂക്ഷിക്കുമെന്നു പോലും അറിയാത്ത ഒരു അച്ഛന്‍.

'എന്റെ പൊന്നുമോളെ ഉമ്മറത്തു കിടത്താന്‍ പോലും വാടക വീടിന്റെ ഉടമ സമ്മതിച്ചിരുന്നില്ല. ഞാന്‍ ഈ  അസ്ഥികളുമായി വീട്ടിലേയ്ക്കാണു പോകുന്നത്. ആരെതിര്‍ത്താലും ഞാനതു സൂക്ഷിക്കും'

- ബൈജുവിന്റെ വാക്കുകള്‍ മുറിയുന്നു.ചങ്കു പിടഞ്ഞുള്ള ആ കരച്ചിലിനെ അടക്കി നിര്‍ത്താന്‍ സഞ്ചയനത്തിനെത്തിയവര്‍ക്കു സാധിച്ചതുമില്ല. ഒരു നേരത്തെ ആഹാരം നന്നായി മകള്‍ക്കു നല്‍കാന്‍ കഴിയാതിരുന്ന അച്ഛന്‍ നിമഞ്ജനം ചെയ്യും വരെ മകളുടെ ചിതാഭസ്മം സൂക്ഷിക്കാന്‍ ഒരിടമില്ലാതെ ഉരുകുന്നു.

മാതാപിതാക്കള്‍ ജീവിച്ചിരിക്കേ പട്ടിണിയും ദുരിതവും താങ്ങാനാകാതെ മകള്‍ ആത്മഹത്യ ചെയ്യുക. മകളുടെ ശവദാഹം നടത്താന്‍ പോലും ആറടി മണ്ണ് സ്വന്തമില്ലാത്ത ആ വീടിന്റെ കരച്ചില്‍ എല്ലാവരും കേട്ടതാണ്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ മനം നൊന്താണ് ആലപ്പുഴ ചെറുതന കാരിച്ചാല്‍ ആലുംമൂട്ടില്‍ വടക്കതില്‍ ശ്രീലതകുമാരിയുടേയും ബൈജുവിന്റേയും മകള്‍ അനശ്വര ഫെബ്രുവരി 23 വ്യാഴാഴ്ച പായിപ്പാട് പാലത്തില്‍ നിന്നും അച്ചന്‍കോവില്‍ ആറ്റിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത്. അപ്പോൾ സമയം വ്യാഴാഴ്ച വൈകുന്നേരം 3.30. ദൂരെ കുളിച്ചു കൊണ്ടിരുന്ന സ്ത്രീകളാണ് അനശ്വര ആറ്റിലേയ്ക്ക് ചാടുന്നത് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പേഴേക്കും മരണം സംഭവിച്ചിരുന്നു. ബാഗില്‍ പുസ്തകവും ഉച്ചയ്ക്ക് കഴിക്കാനായി കൊണ്ടു പോയ ചോറ് പാത്രത്തോടെയും ഉണ്ടായിരുന്നു. പ്ലസ്‌വണിനു പഠിക്കുന്ന അനശ്വര മോഡല്‍പരീക്ഷയ്ക്കു പോയതാണ് അന്ന്.
'ഏറെ നേരം എന്നെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ഉമ്മ തന്നിട്ടാണ് എന്റെ ചിന്നു പോയത്. ശവം അടക്കാന്‍ പോലും ഞങ്ങള്‍ക്ക് പാങ്ങില്ലാതായി പോയി'-

അനശ്വരയുടെ അമ്മ ശ്രീലതകുമാരി വിങ്ങിപ്പൊട്ടുന്നു.

നാട്ടുകാര്‍ പിരിവിട്ടു ഭൂമി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ഉടമ 4.5 ലക്ഷം റൊക്കമായി വേണമെന്നു പറഞ്ഞതോടെ ആ ശ്രമം നടന്നില്ല. ഒടുവില്‍ വീടിനു തൊട്ടു മുന്‍പിലുള്ള സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസ് വളപ്പിലാണ് അവളെ ദഹിപ്പിച്ചത്.

വളരെ സാമ്പത്തിക അടിത്തറയുള്ള കുടുംബമായിരുന്നു ബൈജുവിന്റേത്. തൊണ്ണൂറുകളില്‍ ബസ് സര്‍വ്വീസും ബിസിനസ്സും ഒക്കെ ഉണ്ടായിരുന്ന കുടുംബം കൊടിയ ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തി. ബൈജുവിന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചതോടെയാണ് ദുരിതകാലം ആരംഭിച്ചത്. തൊട്ടുപിന്നാലെ രണ്ടാമത്തെ മകനു കിഡ്‌നിയില്‍ അസുഖം ബാധിച്ചു. ഈ സമയത്ത് കടകളിലും മറ്റും മിനറല്‍ വാട്ടര്‍ കൊണ്ടു പോയി കൊടുക്കുന്ന ഏജന്‍സിയുണ്ടായിരുന്നു. അമ്മയുടെയും മകന്റെയും ചികിത്സ  വന്‍ കടബാധ്യത വരുത്തിവച്ചു. ബിസിനസിലും നഷ്ടങ്ങളുണ്ടായി. കിടപ്പാടവും വീടും നഷ്ടപ്പെട്ടു. ജീവിക്കാന്‍ വേണ്ടി അവസാനം ബൈജു ഓട്ടോറിക്ഷാ ഡ്രൈവറായി.ബൈജുവിനും ശ്രീലതാകുമാരിക്കും ഹൃദ്‌രോഗം ബാധിച്ചതോടെ പണിക്കു പോകാന്‍ കഴിയാതെയായി. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വേണ്ടെന്നു വയ്ക്കുകയായിരുന്നു. തവണയായി പണം അടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ഓട്ടോ എടുത്തിരുന്നത്. കാശ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഓട്ടോ ഇപ്പോള്‍ മറ്റൊരാളിന്റെതായി.ഒരു വീടിനും ഉപജീവനത്തിനുമായി പല വാതിലുകളും ബൈജു മുട്ടി. നിരാശയായിരുന്നു ഫലം. മിടുക്കിയായിരുന്നു അനശ്വര. നന്നായി പഠിക്കുമായിരുന്നു. നന്നായി പാടുമായിരുന്നു. ഫീസുകെട്ടാൻ പണമില്ലാതെ സംഗീത പഠനം ഇടയ്ക്കു വച്ചു മുടങ്ങി. 2000 രൂപ വാടകയ്ക്കാണു താമസിച്ചിരുന്നത്. പതിനൊന്നു മാസമായി വാടക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാണു പെരുവഴിയില്‍ ഇറങ്ങേണ്ടി വരുന്നതെന്ന് അറിയില്ല. ബന്ധുക്കളില്‍ സാമ്പത്തികമായി ചുറ്റുപാടുകള്‍ ഉള്ളവരുണ്ട്. പക്ഷേ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍പില്‍ എല്ലാവരും കണ്ണുകളടച്ചു. നെഞ്ചു വേദന കൂടി കുറെ നാള്‍ ബൈജു ആശുപത്രിയിലായിരുന്നു.
'മരിക്കുന്നതിന് എതാനും ദിവസങ്ങള്‍ക്കു മുമ്പ് എന്റെ കൊച്ച് അമ്മയെയും കൂട്ടി ഒരു ബന്ധുവിനെ കാണാന്‍ പോയിരുന്നു. അവര്‍ സാഹയിക്കുമെന്ന് കൊച്ചു വിചാരിച്ചു കാണും. എന്നാല്‍ പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായപ്പോള്‍ അവള്‍ തകര്‍ന്നു പോയിട്ടുണ്ടാകാം. കടക്കാരും ഈ ദിവസങ്ങളില്‍ വീട്ടില്‍ വന്നു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതും കുഞ്ഞിനു മാനസികാഘാതം ഉണ്ടാക്കിയിരുന്നു.

ഭാര്യയുടെ രോഗവുമായി ബന്ധപ്പെട്ടു മാസങ്ങളോളം വണ്ടി ഓടാതെ കിടന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓട്ടോറിക്ഷയുടെ ടാക്‌സും മറ്റും തീര്‍ത്ത് വീണ്ടും ഓടിത്തുടങ്ങിയത്. വണ്ടി എടുത്ത സമയത്ത് 45000 രൂപയും പിന്നീട് പലപ്പോഴായായി 50000 രൂപയും അടച്ചിരുന്നു. ഇനി 50000 രൂപയും കൂടി അടച്ചിരുന്നെങ്കില്‍ കടം തീരുമായിരുന്നു. എന്നാല്‍ ഒരു ലക്ഷത്തിനു മേലാണ് അവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. വണ്ടിയുടെ മേലുള്ള കടം തീര്‍ന്നു കിട്ടുകയാണെങ്കില്‍ കുടുംബത്തിന്റെ കഞ്ഞികുടി മുട്ടില്ലായിരുന്നു'

- ബൈജു പറയുന്നു.

മാതാപിതാക്കളുടെ രോഗവും കഷ്ടപ്പാടുകളും കണ്ടു മടുത്താണ് അനശ്വര ജീവനൊടുക്കാന്‍ തീരുമാനിച്ചത്. കൈത്താങ്ങിന് ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അവളെ നഷ്ടപ്പെടില്ലായിരുന്നു. മരണം അറിഞ്ഞ് ധാരാളം ആളുകള്‍ എത്തി. സഹായ വാഗ്ദാനങ്ങള്‍ ഏറെയുണ്ടെങ്കിലും ഒരു നേരത്തെ കഞ്ഞി കുടിക്കാനുള്ള വക പോലും ഈ കുടുംബത്തില്‍ ഇല്ല.

സഹോദരങ്ങളായ അശ്വിനും അനന്തുവും പഠിക്കാന്‍ മിടുക്കരാണ്. സിപിഐഎം പ്രവര്‍ത്തകര്‍ ചികിത്സാ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാ പ്രവര്‍ത്തകരും രംഗത്തുണ്ട്. എന്നാൽ അവരുടെ പോലും കണ്ണുതുറക്കാന്‍ ആ പെണ്‍കുട്ടിയുടെ ജീവന്‍ ജലത്തിലേയ്ക്ക് വലിച്ചെറിയേണ്ടി വന്നു എന്നിടത്താണ് കാലംതെറ്റിയെത്തിയ ഭൂതദയയും നോട്ടമെത്താത്ത ഭരണകൂടസഹായങ്ങളും നിഷ്പ്രഭമാകുന്നത്.