ഗെയില്‍ പൈപ്പ് ലൈന്‍ വരുന്നു, പതിനായിരത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കാന്‍

ജനവാസകേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കരുത്, വീടുകളുടെ പരിസരത്തിലൂടെ പാടില്ല, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പാടില്ല, ഒന്നരമീറ്റര്‍ താഴ്ച്ചയില്‍ കുഴിയെടുക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കരുത് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം സെക്ഷന്‍ ഏഴ് പ്രകാരം ഭൂമി ഏറ്റെടുക്കേണ്ടത്. ഇവിടെ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്. 3(1) കരടുവിജ്ഞാപനം ഇറങ്ങിയശേഷം ഭൂവുടമകളുടെ സാന്നിധ്യത്തില്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ ഹിയറിംഗ് നടത്തേണ്ടതുണ്ട്. അതുമുണ്ടായില്ല. ജനങ്ങളെ ബാധിക്കുമെങ്കില്‍ ഒഴിവാക്കാവുന്ന പദ്ധതി രഹസ്യമായാണ് നടപ്പാക്കിയത്. ഭൂവുടമകള്‍ അറിയാതെയാണ് അന്തിമവിജ്ഞാപനം ഇറങ്ങിയത്

ഗെയില്‍ പൈപ്പ് ലൈന്‍ വരുന്നു, പതിനായിരത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കാന്‍

ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക്. ഭൂവുടമകള്‍ അറിയാതെയാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗെയിലും സംസ്ഥാന സര്‍ക്കാറും രഹസ്യമായി നീക്കങ്ങള്‍ നടത്തിയതെന്ന് വ്യക്തം. നോട്ടിഫിക്കേഷന്‍ ചെയ്യാതെ ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കുകപോലും ചെയ്യാതെയുള്ള ഭൂമി ഏറ്റെടുക്കല്‍ തുടരുന്ന സാഹചര്യത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലൂടെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഹെക്ടര്‍ കണക്കിന് ഭൂമിയാണ് ഏറ്റെടുക്കുക. പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടാണ് പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുക. അതേസമയം കേരളത്തില്‍ ഈ പ്രകൃതിവാതകം ഉപയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യതയുമില്ല. ഫലത്തില്‍ കര്‍ണ്ണാടകയിലേക്ക് പ്രകൃതിവാതക പൈപ്പ് ലൈന്‍ കൊണ്ടുപോകാനാണ് കേരളത്തില്‍ വന്‍ കുടിയൊഴിപ്പിക്കല്‍ തുടരുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

എന്താണ് ഗെയില്‍?


1996ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കുന്ന വേളയിലാണ് സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ ഗെയിലി(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്)നെ സമീപിക്കുന്നത്. വൈദ്യുതിയ്ക്ക് ബദലായുള്ള പ്രകൃതിവാതക സംവിധാനത്തിലൂടെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുകയായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. ഖത്തറില്‍ നിന്ന് കപ്പല്‍മാര്‍ഗം വാതകം എത്തിക്കുകയാണ് ലക്ഷ്യം. 1600 ലിറ്റര്‍ വീതം പ്രകൃതിവാതകം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ലിറ്റര്‍ വാതകമാക്കി ചുരുക്കിയാണ് 80 ഡിഗ്രിയില്‍ കൊച്ചിയിലെത്തുക. കൊച്ചിയില്‍ നിന്ന് വീണ്ടും പഴയപടി ദ്രവീകൃത വാതകമാക്കി മാറ്റും. ഈയൊരു പ്രക്രിയയ്ക്ക് തന്നെ വലിയ ചെലവ് വരും. തുടര്‍ന്ന് 30 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണിത് കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്നത്. പാലക്കാട് ജില്ലയിലുള്ള കൂറ്റനാട് നിന്ന് രണ്ട് ലൈനുകളായി ബാംഗ്ലൂര്‍ക്കും മംഗലാപുരത്തേക്കുമാണ് കൊണ്ടുപോകുന്നത്. 1962ലെ പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ് ലൈന്‍ ആക്ട് പ്രകാരമാണ് പൈപ്പിടല്‍ നടപടി തുടരുന്നത്. ഫലത്തില്‍ കേരളത്തിലെവിടെയും പ്രകൃതിവാതകം ഉപയോഗിക്കാതെയാണ് കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്നത്.

ഭൂമി ഏറ്റെടുക്കലിലെ അട്ടിമറി


പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമിയുടെ ഉപയോഗ അവകാശമാണ് ഗെയില്‍ അക്വയര്‍ ചെയ്യുക. ഭൂമി ഉടമയുടെ പേരില്‍ത്തന്നെ നിലനില്‍ക്കും. സധാരണ ഭൂമി ഏറ്റെടുക്കലിന് വിഭിന്നമാണിത്. ജനവാസകേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കരുത്, വീടുകളുടെ പരിസരത്തിലൂടെ പാടില്ല, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പാടില്ല, ഒന്നരമീറ്റര്‍ താഴ്ച്ചയില്‍ കുഴിയെടുക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കരുത് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാവണം സെക്ഷന്‍ ഏഴ് പ്രകാരം ഭൂമി ഏറ്റെടുക്കേണ്ടത്. ഇവിടെ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്. 3(1) കരടുവിജ്ഞാപനം ഇറങ്ങിയശേഷം ഭൂവുടമകളുടെ സാന്നിധ്യത്തില്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ ഹിയറിംഗ് നടത്തേണ്ടതുണ്ട്. അതുമുണ്ടായില്ല. ജനങ്ങളെ ബാധിക്കുമെങ്കില്‍ ഒഴിവാക്കാവുന്ന പദ്ധതി രഹസ്യമായാണ് നടപ്പാക്കിയത്. ഭൂവുടമകള്‍ അറിയാതെയാണ് അന്തിമവിജ്ഞാപനം ഇറങ്ങിയത്. കേരളത്തില്‍ എവിടെയും തന്നെ ഹിയറിംഗ് നടന്നിട്ടില്ലെന്ന് ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമിതിയുടെ നിയമോപദേശകനായ അഡ്വ. പ്രദീപ് കുമാര്‍ നാരദാന്യൂസിനോട് പറഞ്ഞു. 2014 ലാണ് ഫൈനല്‍ നോട്ടിഫിക്കേഷന്‍ ഉണ്ടാകുന്നത്. അതായത് ഭൂവുടമകള്‍പോലും അറിയാതെ തങ്ങളുടെ ഭൂമി കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായെന്ന് ചുരുക്കം.

കൃഷിഭൂമിയുള്‍പ്പെടെ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഗെയില്‍ അധികൃതരും കൃഷി വകുപ്പ് ഡയറക്ടറും സംയുക്തമായി കരാറുണ്ടാക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. 20 മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. കക്കാട് ഒരു സര്‍വേ നമ്പറിലെ 500 ഏക്കര്‍ വരെ ഏറ്റെടുത്തിട്ടുണ്ട്. നഷ്ടപരിഹാരമാകട്ടെ ആധാരത്തില്‍ കാണിച്ചിരിക്കുന്ന ഭൂമിയുടെ പത്ത് ശതമാനം മാത്രമാണ് ലഭിക്കുക. അങ്ങനെ വരുമ്പോള്‍ ഗ്രാമീണമേഖലയില്‍ പരമാവധി സെന്റിന് 1000 വരെ ലഭിക്കും. കെട്ടിടങ്ങളും വീടുകളും പൊളിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുകയുമില്ല.

ജനങ്ങളെ പദ്ധതി ബാധിക്കുക ഇങ്ങനെയാണ്


സെക്ഷന്‍ ഒമ്പത് പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ ഒരുകാലത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. കിണര്‍, റിസര്‍വോയര്‍, കുഴല്‍ക്കിണര്‍ പാടില്ല. മരങ്ങള്‍ വച്ച് പിടിപ്പിക്കാനും അനുവാദമില്ല. എറണാകുളം മുതല്‍ 503 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുക. ഇതില്‍ 329 കിലോമീറ്ററും വയലുകളിലൂടെയാണിത് പോകുക. നെല്‍വയലുകള്‍ ഉള്‍പ്പെടെ തുരന്ന് പൈപ്പിടും. ഒന്നരമീറ്റര്‍ താഴ്ച്ചയില്‍ നെല്‍കൃഷിയോ മറ്റെന്തങ്കിലും കൃഷിയോ ചെയ്യാനാവില്ല. കോഴിക്കോട് മേപ്പയ്യൂര്‍ ആവളയില്‍ നെല്‍വയലുകളുടെ മധ്യത്തിലൂടെയാവും പൈപ്പ് ലൈന്‍ കടന്നുപോകുക. വയല്‍ ഒഴിവാക്കി അവശേഷിക്കുന്ന 174 കിലോമീറ്ററും ജനവാസമേഖലയാണ്. വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെടാതെ ഇതുവഴി പൈപ്പ് ലൈന്‍ കൊണ്ടുപോകാന്‍ ഒരു രീതിയിലും സാധിക്കില്ല.

പാലക്കാട് ജില്ലയിലെ കൂറ്റനാട് ഉള്‍പ്പെടെ പദ്ധതിക്കെതിരെ ജനങ്ങള്‍ രംഗത്ത് വരാനുണ്ടായ കാരണം ഇതാണ്. പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സമരക്കാരെ നേരിട്ടത്. തൃശൂര്‍ മൂരിയാട് കായല്‍ ഇതില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്. മലപ്പുറം ജില്ലയില്‍ ക്ഷേത്രത്തിന് നടുവിലൂടെ ഇതു സ്ഥാപിക്കാനാണ് അക്വയര്‍ നടപടി. അഞ്ച്, പത്ത് സെന്റ് ഭൂമിയുള്ളവരെയാണിത് കാര്യമായി ബാധിക്കുക. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ നികുതിയെടുക്കാന്‍പോലും റവന്യൂവകുപ്പ് അധികൃതര്‍ വിമുഖത കാട്ടുന്നുണ്ട്. താമരശ്ശേരി വില്ലേജില്‍ ഉള്‍പ്പെടെ ഇത് നടപ്പായിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതിയും നിഷേധിച്ചുകഴിഞ്ഞു. താമരശ്ശേരി, മുക്കം കാരശ്ശേരി ഭാഗങ്ങളില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ 107 വകുപ്പ് പ്രകാരം പ്രദേശത്തു നിന്നു വിലക്കിയിട്ടുണ്ട്. പൈപ്പ് ലൈന്‍ കടുന്നപോകുന്ന ഭൂവുടമകള്‍ക്കു കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നു കാണിച്ച് ഗെയില്‍ റവന്യുവകുപ്പിനു കത്തു നല്‍കിയിട്ടുണ്ട്.


പദ്ധതിയുടെ പ്രായോഗികതയും ഭീഷണിയും


2014ല്‍ കിഴക്കന്‍ ഗോദാവരിയില്‍ ജനവാസമേഖലയിലല്ലാതിരുന്നിട്ടുപോലും വാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചിരുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ മരിച്ചത്. തമിഴ്‌നാട്ടില്‍ പപ്പായ തോട്ടത്തിലൂടെയാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. 2014ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ പൈപ്പ് നീക്കം ചെയ്യാന്‍ ഗെയിലിന് നിര്‍ദേശം നല്‍കിയിരുന്നു. ഗെയില്‍ കോടതിയില്‍ പോയെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ചുനിന്നു. പൈപ്പുകള്‍ പിന്നീട് നീക്കം ചെയ്തു.

കേരളത്തില്‍ 25 വാല്‍വ് സ്റ്റേഷനാണ് ഉണ്ടാകുക. ഒരിടത്ത് ചോര്‍ച്ചയുണ്ടായാല്‍പോലും കേരളം ഒന്നാകെ സ്‌ഫോടനത്തില്‍ തകരും. അത്രത്തോളം ശേഷിയുണ്ട് ഈ പ്രകൃതിവാതകത്തിന്. കേരളം പോലുള്ള സംസ്ഥാനത്ത് വ്യാവസായിക ഉപഭോക്താക്കള്‍ നന്നേ കുറവായതിനാല്‍ വേണ്ടെന്നു വച്ച പദ്ധതി കഴിഞ്ഞ വി എസ് സര്‍ക്കാറിന്റെ കാലത്താണ് വീണ്ടും പൊടി തട്ടിയെടുത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അന്നത്തെ ബജറ്റില്‍ 14 കോടി രൂപയും പദ്ധതിക്കായി വകയിരുത്തി.

2016 ജനുവരിയില്‍ ഇറാനില്‍ നടന്ന റംസാര്‍ കണ്‍വെന്‍ഷനില്‍ സംരക്ഷിക്കപ്പെടേണ്ട തണ്ണീര്‍ത്തടങ്ങളുടെ പട്ടിക തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഇത്തരം തണ്ണര്‍ത്തടങ്ങളുള്ളതായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈപ്പര്‍ കമ്മിറ്റിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗെയില്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥപ്രകാരം 30 ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ 800 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ താമസിക്കാന്‍ പാടില്ല. അതുപോലെ ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ 1250 മീറ്റര്‍ ദൂരപരിധിയാണ് പറയുന്നത്. കേരളംപോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് ഇത് അസാധ്യമാണെന്നു നാഷണല്‍ എന്‍വയോണ്‍മെന്റല്‍ ആന്റ് എഞ്ചിനീയര്‍ റിസര്‍ച്ചിന്റെ പഠനത്തില്‍ പറയുന്നുണ്ട്. ഇതെല്ലാം മറികടന്നാണ് ജനങ്ങളെ കുടിയൊഴിപ്പിച്ച് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.

സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ്


പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായ കാലത്താണ് ഗെയിലിന് കേരളത്തിലേക്ക് ക്ഷണം ലഭിച്ചതെങ്കിലും 2014ല്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിയ്ക്ക് അനുമതി ലഭിക്കുന്നത്. പൈപ്പ് ലൈന്‍ പദ്ധതിക്കായി കുടിയൊഴിക്കപ്പെടുന്നവര്‍ സമരം തുടങ്ങിയതോടെ സിപിഐഎം മുന്‍നിരയിലുണ്ടായിരുന്നു. പദ്ധതി പ്രദേശമായ കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളില്‍ ഗെയില്‍ വരുമ്പോഴുണ്ടാകുന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ടുതേടിയത്. രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് പരാജയപ്പെട്ടു.

ഭരണം മാറിയതോടെ സിപിഐഎം നിശബ്ദമായി. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി പൊലീസിനെ ഇറക്കി ഭീകരന്തരീക്ഷം സൃഷ്ടിക്കുമ്പോള്‍ യുഡിഎഫ് പോലും മൗനത്തിലാണ്.

2016 ഡിസംബറില്‍ ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമിതി പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ നിലനില്‍ക്കെയാണ് ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടരുന്നത്.

ഗെയില്‍ കോടതിയില്‍ പറഞ്ഞത്


കൊച്ചിയില്‍ നിന്ന് കൂറ്റനാട് വഴിയുള്ള ബാംഗ്ലൂര്‍, മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ സുരക്ഷിതമാണെന്നാണ് കേരള ഹൈക്കോടതിയില്‍ ഗെയില്‍ അധികൃതര്‍ സത്യവാങ്മൂലം നല്‍കിയത്. 3,300 കോടി ചെലവില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട പദ്ധതി 24 മണിക്കൂറും പ്രവര്‍ത്തനനിരതമായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൊച്ചിയിലുള്ള ഗ്യാസ് മാനേജ്‌മെന്റ് സെന്ററില്‍ നിന്നാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക. ഉടന്‍തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ചോര്‍ച്ചയുണ്ടായാല്‍ ഉടന്‍തന്നെ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദുരന്തത്തിനുള്ള സാധ്യത കുറവാണ്. അഡ്വാൻസ്ഡ് സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ അക്വിസിഷൻ സിസ്റ്റം (സ്കാഡ) എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് മോണിറ്ററിങ് സംവിധാനം പൈപ്പ് ലൈനിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ഇത് തുടർച്ചയായി പൈപ്പ് ലൈനിലെ പ്രശ്നങ്ങൾ സ്കാൻ ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ മുന്നറിയിപ്പു നൽകാൻ ഈ സിസ്റ്റത്തിനാവും. മണ്ണിനടിയിലൂടെ പൈപ്പ് വഴി കടത്തിവിടുന്ന പ്രകൃതിവാതകം ഗാർഹിക, വ്യാവസായിക, ഗതാഗത ആവശ്യങ്ങൾക്കാവും ഉപയോഗിക്കുക.

പ്രകൃതിവാതകം എൽപിജിയെ അപേക്ഷിച്ചു ഘനം കുറഞ്ഞതായതിനാൽ പൊടുന്നനെ ചുറ്റുമുള്ള വായുവിൽ പടർന്ന്, ലഭ്യമല്ലാതാകും. അതുകൊണ്ടുതന്നെ ചോർച്ചയുണ്ടായാൽ തീപിടിക്കാൻ സാധ്യത വളരെ കുറവാണ്. ജനവാസകേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ, വീട്ടിൽ സൂക്ഷിക്കുന്ന എൽപിജി സിലിണ്ടറിനേക്കാൾ സുരക്ഷിതമാണെന്നും ഗെയിലിന്റെ ചീഫ് മാനേജർ (നിർമ്മാണം) ടോണി മാത്യു നൽകിയ അഫിഡവിറ്റിൽ പറയുന്നു.

1962ലെ പിഎംപി [പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ് ലൈൻ (അക്വിസിഷൻ ഓഫ് റൈറ്റ് ഓഫ് യൂസേഴ്സ് ഇൻ ലാൻഡ്)] ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങൾ കൃത്യമായും പാലിച്ചാണ് പൈപ്പ് ലൈൻ ഇട്ടിട്ടുള്ളത്. സാറ്റലൈറ്റ് സഹായത്തോടെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമായാണ് ശാസ്ത്രീയമായ മെച്ചപ്പെട്ട സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ പൈപ്പ് ലൈനുകൾ സ്ഥാപിച്ചത് എന്നും ഗെയിൽ സമർപ്പിച്ച സത്യവാങ്മൂലം സാക്ഷിക്കുന്നു.

Read More >>