25 വര്‍ഷങ്ങള്‍ അശരണര്‍ക്കു കൈത്താങ്ങായ ഇസാഫ് മൈക്രോഫിനാന്‍സ് ഇനി മലയാളിയുടെ സ്വന്തം ഇസാഫ് ബാങ്ക്

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തില്‍ പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂള്‍ഡ് ബാങ്കാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2015ല്‍ റിസര്‍വ്വ് ബാങ്ക് രാജ്യത്ത് ചെറുകിട ബാങ്കുകളായി (സ്‌മോള്‍ ബാങ്ക്) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 10 ധനകാര്യ സ്ഥാപനങ്ങളില്‍ ഇടം കണ്ടെത്താന്‍ ഇസാഫിന് കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍നിന്ന് ഈ പട്ടികയില്‍ ഇസാഫ് ഉള്‍പ്പെടെ നാല് സ്ഥാപനങ്ങളാണുള്ളത്. കേരളത്തില്‍നിന്ന് ഇസാഫ് മാത്രമാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 'ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്' എന്ന പേരിലാകും ബാങ്ക് അറിയപ്പെടുക. മാര്‍ച്ച് 17നാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉദ്ഘാടനം.

25 വര്‍ഷങ്ങള്‍ അശരണര്‍ക്കു കൈത്താങ്ങായ ഇസാഫ് മൈക്രോഫിനാന്‍സ് ഇനി മലയാളിയുടെ സ്വന്തം ഇസാഫ് ബാങ്ക്

അരവിന്ദ് കെ എസ്

തൃശൂരിലെ മണ്ണുത്തിയില്‍ മുഖ്യ ഓഫീസും ചെന്നൈയില്‍ രജിസ്‌ട്രേഡ് ഓഫീസുമായി കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് (ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം) ചെറുകിട ബാങ്കായി മാറുകയാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തില്‍ പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂള്‍ഡ് ബാങ്കാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.

2015ല്‍ റിസര്‍വ്വ് ബാങ്ക് രാജ്യത്ത് ചെറുകിട ബാങ്കുകളായി (സ്‌മോള്‍ ബാങ്ക്) പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 10 ധനകാര്യ സ്ഥാപനങ്ങളില്‍ ഇടം കണ്ടെത്താന്‍ ഇസാഫിന് കഴിഞ്ഞു. ദക്ഷിണേന്ത്യയില്‍നിന്ന് ഈ പട്ടികയില്‍ ഇസാഫ് ഉള്‍പ്പെടെ നാല് സ്ഥാപനങ്ങളാണുള്ളത്. കേരളത്തില്‍നിന്ന് ഇസാഫ് മാത്രമാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 'ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്' എന്ന പേരിലാകും ബാങ്ക് അറിയപ്പെടുക. മാര്‍ച്ച് 17നാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉദ്ഘാടനം.


ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇസാഫ് കേരള ഇവാഞ്ചലിക്കല്‍ ഗ്രാജ്വേറ്റ്‌സ് ഫെലോഷിപ്പിന് കീഴില്‍ 1992ലാണ് ആരംഭിച്ചത്. സ്ഥാപകന്‍ കെ പോള്‍ തോമസാണ് മാനേജിങ് ഡയറക്ടര്‍. ബംഗ്ലാദേശില്‍ പ്രഫ. മുഹമ്മദ് യൂനുസ് ആരംഭിച്ച ഗ്രാമീ ബാങ്കാണ് ഇസാഫിന്റെ പ്രചോദനം. സംസ്ഥാനത്തെ ആദ്യ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫിന് 10 സംസ്ഥാനങ്ങളിലായി 285 ശാഖകളുണ്ട്. ഇതില്‍ 104 ശാഖകള്‍ കേരളത്തിലാണ്. ഈ ശാഖകളത്രയും ചെറുകിട ബാങ്കുകളായി മാറും. സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അരലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് ഇപ്പോഴത്തെ പ്രവര്‍ത്തന രീതി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്. ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അവബോധം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ പോള്‍ തോമസ് ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്.

ഇസാഫിന്റെ വളര്‍ച്ചയെ കുറിച്ച്


മൈക്രാഫിനാന്‍സിങ്ങ് രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി വ്യത്യസ്തമായ പാതകളിലൂടെ ആയിരുന്നു ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം എന്ന ഇസാഫിന്റെ സഞ്ചാരം. മൈക്രാഫിനാന്‍സ് കമ്പനികളുടെ ലക്ഷ്യം കൊള്ളലാഭം മാത്രമായി മാറിയപ്പോഴും പിന്നിട്ട നാളുകളിലത്രയും സാമൂഹിക പുരോഗതിയിലൂടെയുള്ള ഉന്നമനം മാത്രമായിരുന്നു ഇസാഫിന്റെ ലക്ഷ്യം. പട്ടിണിയോടും ദാരിദ്ര്യത്തോടും മല്ലിടുന്ന ജനവിഭാഗങ്ങളിലേക്ക് കാല്‍നൂറ്റാണ്ടു മുമ്പേ ഇസാഫ് ഇറങ്ങിച്ചെന്നു. സ്വയംതൊഴില്‍ പരിശീലനങ്ങള്‍ നല്‍കിയ ശേഷം ചെറിയ തുക വിശ്വാസത്തിന്റെ മാത്രം ഉറപ്പില്‍ അവര്‍ക്കു നല്‍കി, അവര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് വിപണിയും കണ്ടെത്തി നല്‍കി.

തങ്ങളുടെ ദുരിതങ്ങളെ വിധിയെന്നോര്‍ത്ത് കരഞ്ഞുതീര്‍ത്തിരുന്ന സ്ത്രീകള്‍ക്ക് ഇസാഫ് താങ്ങും തണലുമായി. അങ്ങനെ ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ഇസാഫിന്റെ കരങ്ങളെത്തി. കെ പോള്‍ തോമസ് എന്ന ധിഷണാശാലിയായ അമരക്കാരന്റെ മേല്‍നോട്ടത്തില്‍ ഇസാഫ് ആര്‍ഭാടങ്ങളും ആഢംഭരങ്ങളുമില്ലാതെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു. ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഇസാഫ് ബാങ്കായി മാറുകയാണ്. 2015ല്‍ റിസര്‍വ്വ് ബാങ്ക് രാജ്യത്ത് 10 മൈക്രോഫിനാന്‍സുകള്‍ക്ക് ചെറുകിട ബാങ്കിങ് ലൈന്‍സ് നല്‍കി ദക്ഷിണേന്ത്യയില്‍ നിന്ന് ആറെണ്ണം ഇക്കൂട്ടത്തില്‍ ഇടം നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാത്രമായി എന്നത് ഈ സ്ഥാപനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി മാറി.ഈമാസം 17ന് ത്യശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് തുടക്കം കുറിക്കും. സ്വാതന്ത്യാനന്തരം കേരളത്തില്‍ പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂള്‍ഡ് ബാങ്ക് എന്നതുകൊണ്ടുതന്നെ ഇസാഫിന്റെ വരവോടെ കേരളത്തിന്റെ ബാങ്കിങ് ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ക്കപ്പെടുകയാണ്.

'ലിറ്റിലില്‍ നിന്നുമൊരു ബിഗ് സക്‌സസ്'


1990ല്‍ വിവാഹശേഷം പോള്‍ തോമസും ഭാര്യയും സമൂഹനന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആലോചനകള്‍ക്ക് തുടക്കം കുറിക്കുത് 'ലിറ്റില്‍' എന്നു പേരുള്ള വാടകവീട്ടില്‍ നിന്നായിരുന്നു. ഇസാഫ് എന്ന ആശയം ഇരുവരുടെ മനസ്സില്‍ തെളിയുന്നതും ഇവിടെ നിന്നായിരുന്നു. തുടര്‍ന്ന് ആയിരങ്ങള്‍ക്കു തണലേകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇസാഫ് പടര്‍ന്നു പന്തലിച്ചു. 25 ാം വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ ലിറ്റിലില്‍ നിന്നും തുടങ്ങിയ ഇസാഫ് ഒരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു.


വിജയം പതിയിരുന്ന വഴികളിലൂടെ ഇസാഫ് യാത്ര തുടങ്ങി


ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം 1992ല്‍ രജിസ്റ്റര്‍ ചെയ്ത ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ ലക്ഷ്യം സാമൂഹിക സേവനം മാത്രമായിരുന്നു. ചുറ്റുമുളളവരുടെ കണ്ണുനീര്‍ അകറ്റാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന ആഗ്രഹം മാത്രമായിരുന്നു ത്യശ്ശൂര്‍ മണ്ണുത്തി സ്വദേശിയായ കെ പോള്‍ തോമസിനും ഭാര്യ മെറീന പോളിനും ഉണ്ടായിരുന്നത്. ചെറിയ പ്രവര്‍ത്തനങ്ങളുമായി ആദ്യ വര്‍ഷം കടന്നുപോയി. വഴിത്തിരിവെന്ന പോലെ അവിചാരിതമായി ഒരു സെമിനാറില്‍ പങ്കെടുത്ത പോള്‍ തോമസ് ബംഗ്ലാദേശിലെ ഗ്രാമീ ബാങ്കിനെ കുറിച്ച് അറിഞ്ഞു. തുടര്‍ന്നു വിവിധ പുസ്തകങ്ങളിലൂടെ ബാങ്കിന്റെ ഉപഞ്ജാതാവായ പ്രൊഫസര്‍ മുഹമ്മദ് യൂനൂസിനെയും, ബാങ്കിന്റെ പ്രവര്‍ത്തനങ്ങളേയും കുറിച്ച് മനസ്സിലാക്കി. അതായിരുന്നു പിന്നീടിങ്ങോട്ട് ഇസാഫിന്റെ മാതൃക. കേരളത്തിന്റെ ചുറ്റുപാടില്‍ ഈ ആശയത്തെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എതായിരുന്നു തുടര്‍ന്നു പോള്‍ തോമസിന്റെ ചിന്തകളില്‍ നിറഞ്ഞുനിന്നത്.

1995ല്‍ ത്യശ്ശൂരിലെ പാണഞ്ചേരി പഞ്ചായത്തിലെ താളിക്കോട് ഗ്രാമത്തിലെ 10 സ്ത്രീകള്‍ക്ക് 3000 രൂപ വീതം നല്‍കിക്കൊണ്ടായിരുന്നു ഇസാഫ് ആദ്യമായി സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് തുടക്കമിട്ടത്. അതിന്റെ വിജയം പോള്‍ തോമസിന് കൂടുതല്‍ മുേന്നറാനുള്ള കരുത്തായി. പീന്നീട് ഇങ്ങോട്ട് സാമൂഹിക സേവനം ലക്ഷ്യമിട്ട് സംഘടന അതേ ലക്ഷ്യത്തോടെ മൈക്രാഫിനാന്‍സിന്റെ രൂപത്തിലേക്കു മാറി. അപ്പോഴും ഇന്നു നമ്മുടെ നാട്ടില്‍ കാണുന്ന മൈക്രാഫിനാന്‍സുകളുടെ സ്വാഭാവം ഒന്നും ഇസാഫ് സ്വീരികരിച്ചില്ല. സ്വര്‍ണ്ണ പണയത്തിന്‍മേല്‍ പണം നല്‍കുന്ന രീതി ഇസാഫ് സ്വീകരിച്ചിരുന്നില്ല. ഇത്തരത്തിലുള്ള വഴികള്‍ സ്വീകരിച്ച് അമിത ലാഭം കൊയ്യാന്‍ ഒരിക്കലും ഇസാഫ് തയ്യാറല്ല. കാരണം തികഞ്ഞ ദൈവവിശ്വാസിയായ ഇസാഫിന്റെ അമരക്കാരന്‍ പോള്‍ തോമസ് പറയുന്നത് ഇങ്ങനെയാണ്- 'ഒരു ദൈവിക പ്രവര്‍ത്തിയായാണ് ഞാന്‍ ഇതിനെ കാണുത്. ആരുടെയെങ്കിലും കണ്ണുനീര്‍ വീഴിത്തിയ പണം കൊണ്ട് ആര്‍ക്കും ഒന്നും നേടാനാകില്ല.' ഇസാഫിന്റെ ലക്ഷ്യമെന്തന്ന് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നു. സാമൂഹത്തില്‍ നേരിട്ടുള്ള സേവന പ്രവര്‍ത്തനങ്ങളിലും തുടക്കം മുതല്‍ ഇസാഫ് ശ്രദ്ധപുലര്‍ത്തുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേലകളില്‍ ഇസാഫിന്റെ പ്രവര്‍ത്തനം ഇന്നും നടന്നുവരുന്നു.

ദേശങ്ങളും ഭാഷകളും കടന്ന് ഇസാഫിന്റെ സഹായ ഹസ്തങ്ങള്‍


2002 ല്‍ ഇഫ്‌കോയിലെ സെയില്‍സ് ഓഫീസര്‍ ജോലി രാജിവച്ച് പോള്‍ തോമസ് ഇസാഫിനായി പൂര്‍ണമായി സമയം നീക്കിവച്ചു. തുടര്‍ന്നുള്ള ഓരോ വര്‍ഷവും ക്രമമായ വളര്‍ച്ചയുടെ പാതയിലേക്ക് ഇസാഫ് എത്തി. ഇഫ്‌കോയിലെ ജോലിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ ഇന്ത്യ എന്തെന്നും ഗ്രാമങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെ അടുത്തറിയാനും പോള്‍ തോമസിനു സാധിച്ചു. അതുകൊണ്ടുതന്നെ ഇസാഫ് അതിവേഗം മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തി. 2008ല്‍ തമിഴ്‌നാട്ടിലേക്കും അവിടെ നിന്നു കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ചത്തീസ്ഗഢ്, മേഘാലയ തുടങ്ങി 10 സംസ്ഥാനങ്ങളില്‍ ഇസാഫ് ഇന്ന് സജീവമാണ്. സ്ത്രീശാക്തീകരണത്തിലൂടെ സാമൂഹികമായ മുന്നേറ്റം എന്ന അടിസ്ഥാന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇസാഫ് നടത്തിവരുന്നത്. സ്ത്രീകള്‍ക്കു സ്വയംതൊഴില്‍ കണ്ടെത്താനുള്ള സഹായമാണ് ഇതില്‍ പ്രധാനം. ജാര്‍ഖണ്ഡ്, നാഗ്പൂര്‍, വിദര്‍ഭ തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനം നടന്നുവരുന്നു.

മുളകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം, കുട നിര്‍മാണം തുടങ്ങിയ കുടില്‍ വ്യവസായങ്ങള്‍ നടത്താന്‍ ആവശ്യമായ തൊഴില്‍ നൈപുണ്യ ക്ലാസുകള്‍ അവര്‍ക്ക് നല്‍കുന്നു. തുടര്‍ന്ന് അവര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് വിപണി കണ്ടെത്താനും സാഹായിക്കുന്നു. ഇതിനായി ഇസാഫ് സ്വാശ്രയ പൊഡക്ഷന്‍ കമ്പനിക്കും രൂപം നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ കുട്ടികള്‍ക്കായി 37 കമ്മ്യൂണിറ്റി സ്‌കൂളുകള്‍ ഇസാഫ് നടത്തിവരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സമൂഹത്തിലെ നിരാലംബര്‍ക്ക് വാര്‍ധക്യത്തില്‍ ഒരു കൈത്താങ്ങ് അനിവാര്യമാണ്. യാഥാര്‍ത്ഥ്യ ബോധത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇസാഫ് എല്ലായിപ്പോഴും ശ്രമിക്കുന്നത്.

അതിനാല്‍ തന്നെ പെന്‍ഷന്‍ പദ്ധതികള്‍ക്കും ഇസാഫ് പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇതുവരെ അസംഘടിത മേഖലയിലെ നാലുലക്ഷത്തിലേറെ പേര്‍ക്ക് പെന്‍ഷന്‍ പദ്ധതികള്‍ ലഭ്യമാക്കിക്കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമായ നേട്ടം തെന്നയാണ്. ഇസാഫിന്റെ യൂണിലുളളവരുടെ ജിവിതത്തില്‍ അപകടങ്ങളോ മറ്റോ സംഭവിച്ചാല്‍ അത്തരം സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ അപകട ഇന്‍ഷുറസ് സേവനവും നടപ്പിലാക്കിയിട്ടുണ്ട്്. സുനാമിയുള്‍പ്പെടെയുള്ള വന്‍ പ്രക്യതി ദുരന്തമുഖങ്ങളില്ലൊം ഇസാഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. സുനാമിയില്‍ വീടു തകര്‍ന്ന 400 കുടുംബങ്ങള്‍ക്ക് കന്യാകുമാരിയില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി, ഭാഗികമായി തകര്‍ന്ന ആലപ്പുഴയിലെ 200 വീടുകളും ഇസാഫ് പുതുക്കിപ്പണിതു നല്‍കി. ഇങ്ങനെ തുടരുന്നു ഇസാഫിന്റെ സാാമൂഹിക ഇടപെടലുകള്‍.

ബഹുമുഖ സേവനങ്ങള്‍


ഇസാഫിന്റെ യൂണിറ്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ വിപണി കണ്ടെത്താനായി ആരംഭിച്ചതാണ് ഇസാഫ് സ്വാശ്രയ പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍. ഇസാഫ് യൂണിറ്റിലേ ക്ഷീര കര്‍ഷകര്‍ക്കായി റീമ ഡയറി ആലുവയില്‍ പ്രവര്‍ത്തിക്കുന്നു. റീമ ഉല്‍പ്പന്നങ്ങള്‍ ഇസാഫിന്റേതായി ഇന്നു മാര്‍ക്കറ്റിലുണ്ട്. പാലക്കാട് ജില്ലയിലെ തച്ചമ്പാറയിലെ ദീന ബന്ധു ഹോസ്പ്പിറ്റല്‍, കൊഴിഞ്ഞാംമ്പാറയിലെ യൂണിറ്റി ഹോസ്പ്പിറ്റല്‍ എന്നിവയും മൂന്നു ക്ലീനിക്കുകളും അത്യാധുനിക ലബോറട്ടറികളും ആതുരസേവനരംഗത്തെ ഇസാഫിന്റെ സാന്നിധ്യങ്ങളാണ്. ഇവിടെ ഇസാഫിന്റെ അംഗങ്ങള്‍ക്ക് പ്രത്യേക നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. മികച്ചയിനം വിത്തുകളും തൈകളും വികസിപ്പിക്കുന്ന നേഴ്‌സറി ഡിവിഷന്‍, ആയുര്‍വേദ മരുന്ന് ഉല്‍പാദനത്തിനായുള്ള അമൃത്, കുടിവെള്ള വിതരണ പദ്ധതിയായ നിര്‍മ്മല്‍ ജീവധാര എന്നിവയും ഇസാഫിന്റെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനമേഖലകളാണ്.

'ലെറ്റ് ദം സ്‌മൈല്‍'


ഝാര്‍ഖണ്ഡിലെ ആദിവാസി ഗ്രാമങ്ങളിലെ കുട്ടികള്‍ക്കായി ഇസാഫ് നടപ്പാക്കുന്ന പദ്ധതിയാണിത്. 37 കമ്മ്യൂണിറ്റി സ്‌കൂളുകളാണ് ഇപ്പോള്‍ ഈ പദ്ധതിക്കു കീഴിലുള്ളത്. സമീപഭാവിയില്‍ ഇവിടെ ട്രൈബല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇസാഫ്. സ്‌കൂള്‍ തലം മുതല്‍ ഉത വിദ്യാഭ്യാസം വരെ നല്‍ക്കാന്‍ കഴിയുന്ന ഒരു സര്‍വ്വകലാശാല എന്ന വിശാലമായ ലക്ഷ്യമാണ് ഇസാഫ് മുന്നോട്ടുവയ്ക്കുന്നത്. ഇതുകൂടാതെ വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്, വൊക്കേഷണല്‍ ട്രെയിനിങ് തുടങ്ങിയ പരിപാടികളും വിദ്യാഭ്യാസ മേഖലയില്‍ ഇസാഫ് നടത്തിവരുന്നു.

വ്യത്യസ്തമാര്‍ന്ന ബാങ്കിങ് അനുഭവങ്ങളുമായി ഇനി 'ഇസാഫ്' സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്


ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കെ പോള്‍ തോമസ് തെന്നയാണ് ബാങ്കിന്റെയും മാനേജിങ് ഡയറക്ടര്‍. അതിനാല്‍ തന്നെ ഇതുവരെ സഞ്ചരിച്ച വഴികളിലൂടെയാണ് ഇസാഫ് ബാങ്കും യാത്ര ചെയ്യുക. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസാഫ് ഇറങ്ങിച്ചെല്ലുമ്പോള്‍ അത് അവര്‍ക്ക് പുതിയ അനുഭവമായിരുന്നുവെന്ന് പോള്‍ തോമസ് പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലര്‍ക്കും ഇപ്പോഴും ബാങ്കിങ് അനുഭവം എന്താണെന്ന് അറിയില്ല. ഇത്തരക്കാരെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുന്‍തൂക്കം നല്‍കുന്നത്. അതുപോലെ ജനങ്ങളുടെ അടുത്തേക്ക് സേവനങ്ങളുമായി എത്തുന്ന ബാങ്കായി മാറാന്‍ ഒരുങ്ങുകയാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.

അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീട്ടിലിരുന്നു തന്നെ ഉപഭോക്താക്കള്‍ക്ക് ചെയ്യാനാകും. ബാങ്കിങ് അനായാസം ആക്കുന്നതോടൊപ്പം അവരെ ഇസാഫുമായി ചേര്‍ത്തുനിര്‍ത്തുന്ന തരത്തിലാവും തങ്ങളുടെ പ്രവര്‍ത്തനമെന്നും പോള്‍ തോമസ് പറയുന്നു. അഞ്ചു കിലോമീറ്ററിനുള്ളില്‍ ഇസാഫ് ബാങ്കിന്റെ ഒരു പ്രതിനിധി ഉണ്ടായിരിക്കും. ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയെന്നതാണ് ഇതുകൊണ്ട് ഇസാഫ് ലക്ഷ്യമിടുന്നത്. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങി അത്യാധുനിക സേവനങ്ങളും ഇസാഫ് ബാങ്ക് ലഭ്യമാക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ മേഖലയില്‍ തികച്ചും വ്യത്യസ്തമായൊരു കൈയൊപ്പു ചാര്‍ത്താനുള്ള തയാറെടുപ്പിലാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇപ്പോള്‍.

പുതിയ മുഖവും പുതിയ സ്വപ്‌നങ്ങളും


2000ത്തില്‍ ഇസാഫ് ബാങ്ക്.കോം എന്ന വെബ്‌സൈറ്റ് പോള്‍ തോമസ് രജിസ്റ്റര്‍ ചെയ്തു. തന്റെ മൈക്രോഫിനാന്‍സ് സ്ഥാപനത്തെ ബാങ്കായി കാണാനുള്ള ഒരു ആഗ്രഹം മാത്രമായിരുന്നു അത്. 16 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഇസാഫിന്റെ സ്ഥാപകന്‍ കെ പോള്‍ തോമസ്. ഇനിയും പുതിയ പടവുകള്‍ കയറാനുള്ള യാത്രയിലാണ് അദ്ദേഹം. നിലവില്‍ ഇസാഫിന് ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ 4000 ജീവനക്കാരുണ്ട്. ഇസാഫിന്റെ ജീവനക്കാരില്‍ 80 ശതമാനം പേരും വനിതകളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ബാങ്ക് ആകുന്നതോടെ പുതുതായി ഏകദേശം 5000 തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 ലക്ഷത്തോളം അംഗങ്ങളുള്ള ഒരു നെറ്റ്‌വര്‍ക്കാണ് ഇസാഫിന്റേത്. തുടക്കത്തില്‍ നാലു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബാങ്ക്, തുടര്‍ന്ന് ഇസാഫ് മൈക്രോഫിനാന്‍സ് നിലവിലുള്ള സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

പ്രതിസന്ധികളില്‍ നിന്നു പോസിറ്റീവ് എനര്‍ജി


ചെറുതും വലുതുമായ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു ഇസാഫിന്റെ വളര്‍ച്ച. 2008ലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി പണത്തിന്റെ ഒഴുക്ക് നിലച്ചെങ്കിലും വളരെ വേഗം ഇസാഫ് അതില്‍ നിന്നും മുന്നേറി. അതുപോലെ 2010ല്‍ ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ മൈക്രോ ഫിനാന്‍സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഈ മേഖലയാകെ നിശ്ചലാവസ്ഥയിലായി. എന്നാല്‍ ഇസാഫിലുള്ള വിശ്വാസം കൊണ്ടുതന്നെ പല ബാങ്കുകളും ഈ സ്ഥാപനത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറായി. ഇതോടെ അതും വളരെ വേഗം അതിജീവിച്ചു. ഇപ്പോള്‍ കേരളത്തില്‍ എല്ലാവരും വെല്ലുവിളിയായിക്കാണുന്ന നോട്ടുനിരോധനം തങ്ങള്‍ക്ക് അനുകൂലമാണ് എന്ന അഭിപ്രായമാണ് ഇസാഫിന്റെ ചെയര്‍മാന്‍ പോള്‍ തോമസിനുള്ളത്.

ഈ സാഹചര്യത്തെ ഒരു അവസരമായാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കാണുന്നത്. ആളുകള്‍ ഇപ്പോള്‍ കൂടുതലായി ബാങ്കുവഴി ഇടപാടുകള്‍ നടത്താന്‍ തയ്യാറായിരിക്കുന്ന സാഹചര്യത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനും കൂടുതല്‍ ഗുണകരമാകും എന്ന പ്രതീക്ഷയിലാണിത്. അതുപോലെ തന്നെ ഡിജിറ്റല്‍ ബാങ്കിങ് എന്ന ആശയം തന്നെയാണ് ഇസാഫും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ സമൂഹത്തില്‍ പലര്‍ക്കും ഇതു സംബന്ധിച്ച് കൃത്യമായ ധാരണയില്ല. ഭയത്തോടെയാണ് പലരും ഇതിനെ സമീപിക്കുന്നത്. അതിനാല്‍ തന്നെ സാധരണജനങ്ങളുടെ അടുത്തെത്തി അവര്‍ക്ക് ന്യൂതന ബാങ്കിങ് സംവിധാനത്തെകുറിച്ചുള്ള അറിവ് പകരാനും അങ്ങനെ എല്ലാ വിഭാഗം ആളുകളെയും ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ ഭാഗമാക്കി മാറ്റാനുമാണ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലക്ഷ്യമിടുന്നത്.

ദൈവമാണെല്ലാം, കുടുംബമെന്ന ശക്തിയും


ജീസസ് ക്രൈസ്റ്റ് ആണ് റോള്‍ മോഡല്‍. കെ പോള്‍ തോമസിന്റെ എല്ലാ വിജയങ്ങള്‍ക്കും ഈശ്വര സാന്നിധ്യമുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. പിന്നെ അമ്മയും അച്ചാമ്മയുമാണ് പോള്‍ തോമസിന്റെ ശക്തി സ്രോതസ്സുകള്‍. ബിസിനസ് രംഗത്ത് ഭാര്യ മെറീനയാണ് ഏറ്റവും വലിയ പിന്തുണ. ഇസാഫിന്റെ ഹ്യൂമ റിസോഴ്‌സ് വിഭാഗം (HR) കൈകാര്യം ചെയ്യുന്നത് ഇസാഫിന്റെ സഹസ്ഥാപക കൂടിയായ ഭാര്യ മെറീനയാണ്.ഒരു മകളും മൂന്ന് ആണ്‍ മക്കളും പോള്‍ തോമസ്സിനു കരുത്തായി കൂടെയുണ്ട്. മകള്‍ എമി പോള്‍ സാമൂഹിക സംരഭകത്വത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി വടക്കു കിഴക്കന്‍ മേഖലയില്‍ ഇസാഫ് പുതുതായി ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്. മൂത്തമകന്‍ അലോക് ബിരുദാനന്തര ബിരുദ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. അഭിഷേക് ഒന്‍പതിലും, ആശിഷ് ആറിലും പഠിക്കുന്നു. സാമുവാണ് എമിയുടെ ഭര്‍ത്താവ്.

സംരംഭകരോട് കെ പോള്‍ തോമസിന് പറയാനുള്ളത്


ഏതിനോടും ഒരു പാഷന്‍ ഉണ്ടായിരിക്കണം, എങ്കില്‍ മാത്രമേ നല്ല രീതിയില്‍ മനസ്സറിഞ്ഞ് ആ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. തുടക്കത്തില്‍ തന്നെ അമിത ലാഭവും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള മോഹവും ഉപേക്ഷിക്കുക. അത് ഉള്ളിലുള്ള ലക്ഷ്യത്തിനു തടസ്സം സ്യഷിക്കും. അതുപോലെ വ്യത്യസ്തമായ ആശയങ്ങള്‍ക്കു വേണ്ടി അധ്വാനിക്കുക പ്രതിസന്ധികളില്‍ പതറാതെ പിടിച്ചുനിന്നാല്‍ വിജയം നിങ്ങളോടൊപ്പം ആയിരിക്കും. എല്ലാറ്റിനും അതീതമായി ബിസിനസ് ഏതുതന്നെ ആയാലും സമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിക്കണം. സമൂഹനന്മക്ക് പ്രാധാന്യം നല്‍കുക, അത് നിങ്ങള്‍ നാളെ സഞ്ചരിക്കുന്ന വഴിയില്‍ തണലേകും.

പുതിയ ബാങ്കിനെ കുറിച്ച്


സാധാരണക്കാരും ഇടത്തരക്കാരും അടങ്ങുന്ന ബഹുഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെന്തെല്ലാമെന്ന് ഞങ്ങള്‍ക്ക് അറിയാം. അതു നിറവേറ്റാന്‍ ചെയ്യേണ്ടതെന്നെന്തും അറിയാം. 25 വര്‍ഷമായി മൈക്രോഫിനാന്‍സ് രംഗത്തു പ്രവര്‍ത്തിച്ചുനേടിയ ഈ അറിവാണ് ഞങ്ങളുടെ വൈദഗ്ധ്യം. അതിനാല്‍ ഏതു മുന്‍നിര ബാങ്കിനോടും ഈ രംഗത്ത് മത്സരിച്ചുപിടിച്ചുനില്‍ക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്.

pachallooraravind@gmail.com
Ph: 8111985831