സഹോദരന്മാരെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങന്നതില്‍ അപാകതയില്ലാത്ത ഒരു തലമുറ ഉണ്ടായിരുന്നു: ദലീമ

ഗായികയെന്ന നിലയിലുള്ള തിരക്കുകള്‍ക്ക് ഇടയിലാണ് ആലപ്പുഴ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി ദലീമ സ്ഥാനമേറ്റത്. ഭരണത്തിന്റെ തിരക്കിലാണ് ഗായിക- ദലീമയ്ക്ക് വനിതാ ദിനത്തില്‍ പറയാനുള്ളത്.

സഹോദരന്മാരെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങന്നതില്‍ അപാകതയില്ലാത്ത ഒരു തലമുറ ഉണ്ടായിരുന്നു: ദലീമ

എസ് ജാനകിയുടെ സ്വരമാധുരിക്ക് സമാനമായ ശബ്ദമാണ് ഗായിക ദലീമയെ വ്യത്യസ്തയാക്കിയത്. ജെറി അമല്‍ദേവ്, രവീന്ദ്രന്‍, വിദ്യാസാഗര്‍ പോലുള്ള പ്രശസ്ത സംഗീതസംവിധായകര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ച ദലീമ അടുത്ത കാലത്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് കൂടിയായ ഗായിക വനിതാ ദിനത്തില്‍ നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

തിരക്കേറിയ കലാജീവിതത്തില്‍ നിന്നും അധികാരത്തിലെത്തിയ അപൂര്‍വ്വം സ്ത്രീകളിലൊരാളാണ് ദലീമ.
'മാറ്റത്തിനായി കരുത്താര്‍ജ്ജിക്കുക' എന്ന ആഹ്വാനത്തോടെ ഒരു വനിതാദിനം! ഇതുവരെ സ്ത്രീശാക്തീകരണം പൂര്‍ണ്ണമായും ഫലം കണ്ടില്ല എന്നല്ലേ അര്‍ത്ഥം?

കേരളത്തിലെ കാര്യം പറയാം. വനിതാ സംവരണ നിയമപ്രകാരം നല്ലൊരു ശതമാനം സ്ത്രീകള്‍ക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് സത്യമാണ്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും, കുടുംബശ്രീ, വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പരിഗണന കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ. സ്ത്രീശാക്തീകരണം ഒരു തുടര്‍പ്രക്രിയയാണ്. അത് നടന്നു വരുന്നു.

പക്ഷേ, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഞെട്ടിക്കുന്ന തലത്തിലും ഉപരിയായി മാറുന്നില്ലേ?

അതേ. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഇങ്ങനെയും നമ്മുടെ നാട്ടില്‍ നടക്കുമോയെന്ന ആശങ്കയാണ് മുന്നിട്ടു നില്‍ക്കുന്നത്. സ്ത്രീകള്‍ കൂടുതല്‍ മുഖ്യധാരയിലേക്ക് എത്തിപ്പെടുന്നതിനെ എതിര്‍ക്കുന്ന മാനസികവൈകല്യം ഉള്ളവരുടെ എണ്ണം സ്ത്രീശാക്തീകരണത്തിനൊപ്പം വര്‍ദ്ധിക്കുന്നുവെന്ന് വേണം കരുതാന്‍. ചിലര്‍ മാറ്റത്തിനൊപ്പം നടക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് മനസ്സില്‍ അന്ധത നിറയ്ക്കാനുള്ള അവസരമായി മാറുന്നു.

കൊച്ചുകുട്ടികള്‍ പോലും വേട്ടയാടപ്പെടുന്ന സമൂഹമല്ലേ നമ്മുടേത്?


മാനസിക വിഭ്രാന്തി അത് പ്രകടമാകുന്നതു വരെ മനസിലാക്കാന്‍ കഴിയില്ലെന്നുള്ളതാണ് അവസ്ഥ. കൗമാരക്കാരായ മക്കളുള്ള അമ്മമാര്‍ സ്വന്തം വീടുകളില്‍ പോലും രാത്രി ഉറങ്ങുമെന്ന് തോന്നുന്നില്ല. ഒരു പ്രായം കഴിഞ്ഞാല്‍ മക്കളെ മാതാപിതാക്കന്മാരില്‍ നിന്നും മാറ്റി മറ്റു മുറികളില്‍ കിടത്തണം എന്ന് പറയാറുണ്ട്. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന നമ്മുടെ ആളുകള്‍ അത് ചെയ്യാറുമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ അങ്ങനെ ഒരു പതിവുണ്ടാകുന്നത് മക്കള്‍ കൗമാരത്തിലേക്ക് കടക്കുമ്പോഴായിരിക്കും. കാരണം മറ്റൊന്നുമല്ല, അമ്മയുടെ ഉറക്കത്തില്‍ പോലും അറിയാതെ ഭയം കടന്നു വരും. സമൂഹത്തില്‍ നിന്നും ഒരാള്‍ക്ക് കിട്ടുന്ന ലൈംഗിക വിജ്ഞാനം എത്തരത്തിലാണ് അവര്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് എന്നറിയില്ലല്ലോ.

രാത്രികാലങ്ങളില്‍ മകളുടെയും അമ്മയുടെയും മുറികള്‍ പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയാലും ഉറങ്ങാന്‍ കഴിയണമെന്നില്ല. ലൈംഗികതയുടെ സദാചാരമാണ് എവിടെയൊക്കെയോ നഷ്ടമായിരിക്കുന്നത്.

21 വയസിലും ഞാന്‍ എന്റെ സഹോദരന്മാരെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയിരുന്നു. അന്നു ഭയപ്പെടേണ്ട ഒന്നും ഞങ്ങളുടെ ആരുടേയും മനസ്സില്‍ ഉണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം. ഇപ്പോഴോ..? അങ്ങനെ ഒന്നു പറയുന്നത് പോലും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും എന്ന് തീര്‍ച്ച!

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പക്ഷേ ഇതിനെക്കുറിച്ചുള്ള വികലമായ അറിവുകള്‍ എങ്കിലും നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?

ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കാര്യമാണ്. പക്ഷേ അതിനുള്ള മതിയായ സംവിധാനം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ സ്‌കൂള്‍ തലത്തില്‍ നല്‍ക്കുന്ന കൗണ്‍സലിംഗ് ക്ലാസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതാകും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്ന ആശയം മാതാപിതാക്കന്മാര്‍ ഉള്‍പ്പെടെ നമ്മുടെ സമൂഹം ഇനിയും ഉള്‍ക്കൊള്ളുമോയെന്ന് സംശയമാണ്. അത് തന്നെ ഒടുവില്‍ വിനയാകുമോ എന്ന് ഭയപ്പെടുന്നവരുണ്ട്.

മറ്റു രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഇത്തരം അപകടകരമായ മാനസികനിലയില്ല എന്നുള്ളതും ശ്രദ്ധിക്കണം.

അത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെ ഒരു മെച്ചമോ ന്യൂനതയോ ആയി ഞാന്‍ കണക്കാക്കുന്നില്ല. അവരുടെ സംസ്കാരം ചിട്ടപ്പെടുത്തുന്നതിന്റെ പ്രത്യേകത കൊണ്ടു കൂടിയാണ്.
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഗാനമേളയുമായി ജര്‍മനിയില്‍ പോയിരുന്നു. രാത്രിയില്‍ 12നും മറ്റുമായിരിക്കും അവിടെ ഷോപ്പിംഗ്‌. ഒന്നര മീറ്റര്‍ കഷ്ടിച്ചു തുണി മാത്രം ധരിച്ച സ്ത്രീകള്‍ അവിടെ ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് നടന്നു പോകുന്നത് കാണാം. ഇവിടെ നമുക്ക് ആറു മീറ്റര്‍ നീളമുള്ള ചേല (സാരി)യാണ് ധരിക്കാന്‍ നല്‍കിയിട്ടുള്ളത്. ഈ ആറു മീറ്റര്‍ തുണിയില്‍ എന്നിട്ടും സ്ത്രീകളുടെ നഗ്നത മറയ്ക്കപ്പെടുന്നില്ല. അപ്പോള്‍ ഏതാണ് കൂടുതല്‍ സുരക്ഷിത്വം? കൂടുതല്‍ മൂടിവയ്ക്കുംതോറും കൂടുതല്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുകയാണ്.

സ്ത്രീപീഡനം പലപ്പോഴും അവള്‍ നേരിടുന്ന ശാരീരിക ആക്രമണങ്ങളെ മാത്രം ചുറ്റിപ്പറ്റിയാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്


ചര്‍ച്ചകള്‍ അത്തരത്തില്‍ ഉണ്ടാകുന്നു എന്നേയുള്ളു. പക്ഷെ സ്ത്രീകള്‍ക്ക് വേണ്ടത് മാനസികപിന്തുണയാണ് എന്ന് തോന്നിയിട്ടുണ്ട്. അത് നല്‍കാന്‍ മറ്റൊരു സ്ത്രീ വേണമെന്നില്ല, പുരുഷനും സ്ത്രീയുടെ നല്ലൊരു സുഹൃത്താകാം.

ദലീമ എന്ന പേര് വ്യത്യസ്തമാണല്ലോ...

എന്റെ അച്ഛന്‍ നന്നായി പുസ്തകങ്ങള്‍ വായിക്കുന്ന ഒരാളായിരുന്നു. അതിനാല്‍ തന്നെ പുരോഗമനപരമായ ഒരു ശൈലി പിന്തുടരുന്ന ഒരു കുടുംബമായിരുന്നു എന്റേത്. ഷാജഹാന്‍ ചക്രവര്‍ത്തിയ്ക്കു വേണ്ടി താജ്മഹല്‍ പണിത ശില്പിയുടെ ഭാര്യയുടെ പേരാണത്രേ ദലീമ! താജ്മഹലില്‍ കൊത്തി വച്ച പ്രണയത്തില്‍ എവിടെയൊക്കെയോ ദലീമയോടുള്ള പ്രണയവും പതിഞ്ഞിട്ടുണ്ടാകും അല്ലേ? (ചിരിക്കുന്നു).

പിന്നണി ഗായികയില്‍ നിന്നും മുന്നണി സംവിധാനത്തിലേക്ക്... ഗായിക എന്ന ഇമേജ് പൊതുപ്രവര്‍ത്തനത്തെ സഹായിക്കുന്നുണ്ടോ?

ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു പക്ഷേ അറിയില്ലെങ്കിലും മുതിര്‍ന്ന ആളുകള്‍ പറഞ്ഞറിഞ്ഞു ഞാന്‍ എവിടെയും ശ്രദ്ധിക്കപ്പെടാറുണ്ട്. ദൈവം നല്‍കിയ ഒരു അവസരമായി ഞാന്‍ പൊതുപ്രവര്‍ത്തനത്തെ കാണുന്നു. സഹായം ആവശ്യമുള്ള പലരും ഇനിയും സമൂഹത്തിലുണ്ട്. പക്ഷെ അവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് കഴിയില്ലെന്ന വേദനയുണ്ട്.

ചേര്‍ത്തല എഴുപുന്ന ആറാട്ടുകുളം പരേതരായ തോമസ്‌ ജോണിന്റെയും അമ്മിണിയുടേയും 11 മക്കളില്‍ ഏറ്റവും ഇളയതാണ് ദലീമ. ഭര്‍ത്താവ് ജോജോ സംഗീതജ്ഞനാണ്. മകള്‍ ആര്‍ദ്ര പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.  മകന്‍ കെന്‍ ഒമ്പതില്‍ പഠിക്കുന്നു.