ഉദ്ഘാടനം കഴിഞ്ഞിട്ട് 16 വര്‍ഷം; കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലാ സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനമില്ലാതെ നശിക്കുന്നു

ഇതിന്റെ ലക്ഷ്യങ്ങളില്‍ പറഞ്ഞിരുന്ന അങ്കണവാടി മാത്രമാണ് കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പ്രദേശവാസികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ സംരംഭം നഗരസഭയുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകമായി നശിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇതില്‍ ഏറെ വേദനിക്കുന്നത് ആര്‍ട്ടിസ്റ്റ് കേശവനെന്ന കലാകാരനെ സ്‌നേഹിക്കുന്ന നാട്ടുകാരും ഇതിനായി സ്ഥലം സംഭാവന ചെയ്ത അദ്ദേഹത്തിന്റെ കുടുംബവുമാണ്.

ഉദ്ഘാടനം കഴിഞ്ഞിട്ട് 16 വര്‍ഷം; കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലാ സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനമില്ലാതെ നശിക്കുന്നു

കോട്ടയം: ജനകീയാസൂത്രണത്തിന്റെ ഭാഗമായി കോട്ടയം നഗരസഭ ആര്‍ട്ടിസ്റ്റ് കേശവന്റെ സ്മരണാര്‍ത്ഥം 16 വര്‍ഷം മുമ്പ് സ്ഥാപിച്ച സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തനമില്ലാതെ നശിക്കുന്നു. കോട്ടയം പതിനാറില്‍ ചിറയില്‍ 2000 ആഗസ്റ്റ് എട്ടിന് ഉദ്ഘാടനം ചെയ്ത പടിഞ്ഞാറന്‍ മേഖലാ മുനിസിപ്പല്‍ സാംസ്‌കാരിക കേന്ദ്രമാണ് ഒരു വലിയ കലാകാരനെ അവഹേളിക്കുന്ന തരത്തില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പാഴ്‌വാക്കായി വെറുതെ കിടന്നുനശിക്കുന്നത്.

കേന്ദ്രം സ്ഥിതി ചെയ്യുന്ന മുന്‍ 28 ാം വാര്‍ഡിന്റെ (ഇപ്പോള്‍ 27) വാര്‍ഡുസഭാ തീരുമാന പ്രകാരമാണ് കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയ്ക്കുമായി ഒരു സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിക്കുന്നത്. ആര്‍ട്ടിസ്റ്റ് കേശവന്റെ പുത്രനും ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാങ്ങിയ പ്രശസ്ത നാടകരംഗ ശില്‍പിയുമായ ആര്‍ട്ടിസ്റ്റ് സുജാതന്‍ സംഭാവന ചെയ്ത അഞ്ചു സെന്റ് സ്ഥലത്തായിരുന്നു 1997ല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മുന്‍ 28 ാം വാര്‍ഡ് കൗണ്‍സിലറും നഗരസഭാ ജനകീയാസൂത്രണ സമിതി ജനറല്‍ കണ്‍വീനറുമായിരുന്ന വി വി ഷൈല ആയിരുന്നു കെട്ടിടത്തിന്റ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്.


പതിനാറില്‍ച്ചിറയില്‍ വര്‍ഷങ്ങളായി വാടക മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുനിസിപ്പല്‍ അങ്കണവാടിക്ക് ആസ്ഥാനം, സ്ത്രീകള്‍ക്കു തൊഴില്‍ പരിശീലന കേന്ദ്രം, വായനശാല, കാല്‍ നൂറ്റാണ്ടിലധികമായി അന്ന് പടിഞ്ഞാറന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേജ് ഓഫ് ആര്‍ട്‌സ് എന്ന സാംസ്‌കാരിക സംഘടനക്കൊരു ഓഫീസ്, സര്‍വോപരി ആ നാട്ടില്‍ ജീവിച്ചിരുന്ന ആര്‍ട്ടിസ്റ്റ് കേശവനെന്ന മഹാനായ കലാകാരനൊരു സ്മാരകം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനായി 4,45,010 രൂപ അടങ്കല്‍ തുക വരുന്ന പദ്ധതിക്കായി പൊതുജന വിഹിതമായി 34,000 രൂപ പ്രദേശത്തു നിന്നും ജനകീയ സമിതി കണ്ടെത്തി നല്‍കുകയും ചെയ്തിരുന്നു.ഇതിന്റെ കരാര്‍ എടുത്തിരുന്ന കോട്ടയം നിര്‍മിതി കേന്ദ്രം മൂന്നു വര്‍ഷങ്ങള്‍ കൊണ്ടുതന്നെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍ന്ന് 2000 ആഗസ്റ്റ് എട്ടിനു മുന്‍ മന്ത്രിയും കോട്ടയം എംഎല്‍എയുമായിരുന്ന ടി കെ രാമകൃഷ്ണനാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്നാല്‍ ഇതിന്റെ ലക്ഷ്യങ്ങളില്‍ പറഞ്ഞിരുന്ന അങ്കണവാടി മാത്രമാണ് കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പ്രദേശവാസികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ സംരംഭം നഗരസഭയുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകമായി നശിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇതില്‍ ഏറെ വേദനിക്കുന്നത് ആര്‍ട്ടിസ്റ്റ് കേശവനെന്ന കലാകാരനെ സ്‌നേഹിക്കുന്ന നാട്ടുകാരും ഇതിനായി സ്ഥലം സംഭാവന ചെയ്ത അദ്ദേഹത്തിന്റെ കുടുംബവുമാണ്.

ചില ആളുകളുടെ വ്യക്തിവിരോധം അവഗണയുടെ രൂപത്തില്‍ സാംസ്‌കാരിക കേന്ദ്രത്തെ വിഴുങ്ങുമ്പോള്‍ ഇടതു വലതു വ്യത്യാസമില്ലാതെ കാലാകാലങ്ങളായി വരുന്ന നഗരസഭാ ഭരണസമിതികള്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്. ഇതിലൂടെ നശിക്കുന്നത് ലക്ഷങ്ങളുടെ കെട്ടിടവും ഒരു നാടിന്റെ പ്രതീക്ഷകളും അവരുടെ പ്രയത്‌നവുമാണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

Read More >>