സിപിഐഎം സ്വന്തമാക്കിയ മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസര്‍ തിരികേ വേണമെന്ന് സിപിഐ; തങ്ങൾ പരിവെടുത്തു വാങ്ങിയ ഫ്രീസർ തരാൻ കഴിയില്ലെന്ന് സിപിഐഎം

എഐവൈഎഫ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിയ്ക്ക് ഒന്നരവര്‍ഷം മുമ്പു സംഭാവനയായി ലഭിച്ച മൃതദേഹം അഴുകാതെ സൂക്ഷിക്കുന്ന ഫ്രീസര്‍ മാങ്കാവിനടുത്തു മാനാരിയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. 2017 ജനുവരി 11ന് മാറാടേക്കു ഒരാവശ്യത്തിനു സിപിഎെഎം ഫ്രീസര്‍ വാങ്ങിക്കൊണ്ടുപോയതായാണ് സിപിഐ ആരോപണം. ഫ്രീസര്‍ തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് എഐവൈഎഫ് ജനുവരി 25ന് പന്നിയങ്കര പൊലീസില്‍ പരാതി നല്‍കി.

സിപിഐഎം സ്വന്തമാക്കിയ മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസര്‍ തിരികേ വേണമെന്ന് സിപിഐ; തങ്ങൾ പരിവെടുത്തു വാങ്ങിയ ഫ്രീസർ തരാൻ കഴിയില്ലെന്ന് സിപിഐഎം

കോഴിക്കോട്ടെ സിപിഐ-സിപിഐഎം കൊമ്പു കോര്‍ക്കല്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നു. മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറിനെച്ചൊല്ലിയുള്ള തര്‍ക്കം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ കലാശിച്ചതോടെ ആരോപണ-പ്രത്യാരോപണങ്ങളുമായി ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

എഐവൈഎഫ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിയ്ക്ക് ഒന്നരവര്‍ഷം മുമ്പു സംഭാവനയായി ലഭിച്ച മൃതദേഹം അഴുകാതെ സൂക്ഷിക്കുന്ന ഫ്രീസര്‍ മാങ്കാവിനടുത്തു മാനാരിയിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. 2017 ജനുവരി 11ന് മാറാടേക്കു ഒരാവശ്യത്തിനു സിപിഎെഎം ഫ്രീസര്‍ വാങ്ങിക്കൊണ്ടുപോയതായാണ് സിപിഐ ആരോപണം. ഫ്രീസര്‍ തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് എഐവൈഎഫ് ജനുവരി 25ന് പന്നിയങ്കര പൊലീസില്‍ പരാതി നല്‍കി.

സിപിഐ-സിപിഐഎം തര്‍ക്കമായതിനാല്‍ പൊലീസിന് നടപടിയെടുക്കാനും എടുക്കാതിരിക്കാനും കഴിയാത്ത അവസ്ഥയായി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചു സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണു വിവരം. സിപിഐഎമ്മിന്റെ കയ്യടിത്തോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ഫ്രീസര്‍ സൂക്ഷിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എഐവൈഎഫ് ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ് നാരദാന്യൂസിനോട് പറഞ്ഞു.

ഫ്രീസര്‍ അടിച്ചോണ്ടുപോയ സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നാരോപിച്ച് എഐവൈഎഫ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പന്നിയങ്കര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഫ്രീസര്‍ ഒരു പ്രവാസി നേരിട്ട് സിപിഐയുടെ നിയന്ത്രണത്തിലുളള അച്യുതമേനോന്‍ വെല്‍ഫെയര്‍ സെന്ററിന് സംഭാവന ചെയ്തതാണെന്നും അദേഹം പൊലീസ് സ്റ്റേഷനില്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും സിപിഐ നേതാക്കള്‍ പറയുന്നു. ഫ്രീസറിലുണ്ടായിരുന്ന അച്യുതമേനോന്റെ ചിത്രം നീക്കിയശേഷം ഇപ്പോള്‍ ചെഗുവേരയുടെ ചിത്രമാണ് പതിച്ചിരിക്കുന്നതെന്നും റിയാസ് അഹമദ് ആരോപിച്ചു.

ഫ്രീസര്‍ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം ബേപ്പൂര്‍ ലോക്കല്‍ സെക്രട്ടറി കെ രാജീവ് നാരദാന്യൂസിനോട് പറഞ്ഞു. സിപിഐ ഉന്നയിക്കുന്ന വാദങ്ങള്‍ പൂര്‍ണ്ണമായും വാസ്തവ വിരുദ്ധമാണ്. സിപിഐ വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കെ പി ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുന്ന ബേപ്പൂര്‍ ചെഗുവേര ആര്‍ട്‌സ് ആന്റെ സ്‌പോര്‍ട്‌സ് ക്ലബിന്റെയാണ് ഫ്രീസറെന്നാണ് വിവരമെന്നും സിപിഐഎം നേതാവ് കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ മാനാരിയിലെ ഫ്രീസറിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും ചെഗുവേര ക്ലബിന്റെ ഫ്രീസര്‍ ഒരുവര്‍ഷം മുമ്പ് തങ്ങള്‍ പിരിവെടുത്ത് വാങ്ങിയതാണെന്നും സിപിഐ വിട്ട് സിപിഐഎമ്മിലേക്ക് വന്ന കെ പി ഷാനവാസ് പറഞ്ഞു.

ഷാനവാസ്, സന്ദീപ് ഉള്‍പ്പെടെയുള്ളവര്‍ സിപിഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സംഭാവനയായി ഫ്രീസര്‍ ലഭിച്ചതെന്നും ഇവര്‍ പാര്‍ട്ടി വിട്ടപ്പോള്‍ ഇത് കൊണ്ടുപോയെന്നുമാണ് അണിയറ സംസാരം. എന്തായാലും സംസ്ഥാനതലത്തില്‍ത്തന്നെ സിപിഐ-സിപിഐഎം ബന്ധം വഷളാകുമ്പോഴാണ് കോഴിക്കോട് ഫ്രീസര്‍ വിവാദം ഇരുപാര്‍ട്ടികളുടെയും വിഴുപ്പലക്കലിനുള്ള കാരണമായി മാറുന്നത്. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഐഎം ഫ്രീസര്‍ അടിച്ചോണ്ടുപോയെന്ന പ്രചാരണവുമായി സിപിഐ രംഗത്തിറങ്ങിക്കഴിഞ്ഞു. ആരോപണങ്ങളെ ചെഗുവേര ക്ലബിനെ വച്ച് പ്രതിരോധിച്ചാണ് സിപിഎെഎം മറുപടി നൽകുന്നത്.

Story by