മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; നാല് കമാന്‍ഡോകള്‍ കൂടി സുരക്ഷാ സംഘത്തില്‍; കുമ്മനം രാജശേഖരനും സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര്‍എസ്എസ് ഭീഷണിയും കൊലവിളിയും ഉയര്‍ന്നതിന് പിന്നാലെയാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ തീരുമാനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; നാല് കമാന്‍ഡോകള്‍ കൂടി സുരക്ഷാ സംഘത്തില്‍; കുമ്മനം രാജശേഖരനും സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം നാല് കമാൻഡോകളെ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. പിണറായി വിജയനെതിരെ ആർഎസ്എസ് നേതാക്കളുടെ ഭീഷണിയും കൊലവിളിയും ഉയർന്നതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യു കമ്മിറ്റി തീരുമാനമെടുത്തത്.

നിലവിൽ ആറ് പൊലീസുകാർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നത്. നേരത്തെ കൂടുതൽ പൊലീസുദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ഉണ്ടായിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇത് കുറയ്ക്കുകയായിരുന്നു.


ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സുരക്ഷയും ഉയർത്തും. കുമ്മനത്തിന്റെ സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ നിയോഗിച്ചു.

പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍.എസ്.എസ് സഹ പ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്ത് പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ ചന്ദ്രാവത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് പിന്നീട് ചന്ദ്രാവത്തും പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം എന്നാണ് സൂചന.

മംഗളൂരുവിലെ മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കനത്ത സുരക്ഷയോടെ പിണറായി വിജയന്‍ റാലിയില്‍ പങ്കെടുക്കുകയും തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു.

Read More >>