സ്വവര്‍ഗാഭിമുഖ്യമുള്ളവരെ വൈദികപഠനത്തിന് അനുവദിക്കേണ്ടതില്ല എന്ന് സഭയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം

ഏതെങ്കിലും വൈദികാര്‍ത്ഥി പട്ടത്തിന് യോഗ്യനാണോ എന്ന് അവസാനമായി തീരുമാനിക്കേണ്ടത് ബിഷപ്പാണ്. എന്നാല്‍ വൈദികാര്‍ത്ഥി പട്ടത്തിന് യോഗ്യനല്ല എന്ന നിര്‍ദേശം സെമിനാരി റെക്ടറുടെയോ സ്റ്റാഫിന്റെയോ ഭാഗത്ത് നിന്നുണ്ടായാല്‍ അവരുടെ നിര്‍ദേശം പരിഗണിക്കുന്നതിനെ മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കുന്നു.

സ്വവര്‍ഗാഭിമുഖ്യമുള്ളവരെ വൈദികപഠനത്തിന് അനുവദിക്കേണ്ടതില്ല എന്ന് സഭയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാഭിമുഖ്യമുള്ളവരെയോ സ്വവര്‍ഗാഭിമുഖ്യത്തെ അനുകൂലിക്കുന്നവരെയോ വൈദികപരിശീലനത്തിനായി സെമിനാരിയില്‍ പ്രവേശിപ്പിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന പുതിയ മാര്‍ഗരേഖ വൈദികര്‍ക്കായുള്ള തിരുസംഘം പുറപ്പെടുവിച്ചു. 1985ല്‍ ലത്തീന്‍ റീത്തിലുള്ള വൈദികരെ പരിശീലിപ്പിക്കുന്നതിനായി പുറത്തിറക്കിയ മാര്‍ഗരേഖയാണ് കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടത്തി ഗിഫ്റ്റ് ഓഫ് പ്രീസ്റ്റ്ലി വൊക്കേഷന്‍ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചിരിക്കുന്നത്.


1992ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വൈദികരുടെ പരിശീലനത്തെക്കുറിച്ച് പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനവും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പ്രബോധനങ്ങളും ആധാരമാക്കിയാണ് പുതിയ മാര്‍ഗരേഖ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അജപാലന ദൈവശാസ്ത്ര കോഴ്സുകളിലൂടെയും വൈദികരുടെ മാതൃകയിലൂടെയും പ്രവൃത്തിപരിചയത്തിലൂടെയും വൈദികവിദ്യാര്‍ത്ഥികളെ ആടുകളുടെ മണമുള്ള ഇടയന്‍മാരാക്കി വാര്‍ത്തെടുക്കണമെന്ന് പുതിയ മാര്‍ഗരേഖ അനുശാസിക്കുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കുട്ടികളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടായ പശ്ചാത്തലത്തില്‍ സെമിനാരിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ വൈദികാര്‍ത്ഥികള്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയോ ഇത്തരത്തിലുള്ള സ്വഭാവവൈകല്യത്തിന്റെ അടിമയോ അല്ല എന്ന് ഉറപ്പുവരുത്തണം. മറ്റ് സെമിനാരികളില്‍നിന്ന് പുറത്താക്കിയവരെ വൈദികപരിശീലനത്തിനായി വീണ്ടും സ്വീകരിക്കുന്ന അവസരങ്ങളില്‍ ബിഷപ്പുമാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നു.

ഏതെങ്കിലും വൈദികാര്‍ത്ഥി പട്ടത്തിന് യോഗ്യനാണോ എന്ന് അവസാനമായി തീരുമാനിക്കേണ്ടത് ബിഷപ്പാണ്. എന്നാല്‍ വൈദികാര്‍ത്ഥി പട്ടത്തിന് യോഗ്യനല്ല എന്ന നിര്‍ദേശം സെമിനാരി റെക്ടറുടെയോ സ്റ്റാഫിന്റെയോ ഭാഗത്ത് നിന്നുണ്ടായാല്‍ അവരുടെ നിര്‍ദേശം പരിഗണിക്കുന്നതിനെ മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കുന്നു.

വൈദികാര്‍ത്ഥികളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍ പട്ടം നല്‍കുന്നതിന് എതിരായ അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യങ്ങളില്‍ അത് അവഗണിച്ചത് വൈദികാര്‍ത്ഥികള്‍ക്കും പ്രാദേശിക സഭകള്‍ക്കും ക്ലേശങ്ങളുണ്ടാക്കിയ നിരവധി അനുഭവങ്ങളുണ്ടെന്ന് രേഖയില്‍ പറയുന്നു. കത്തോലിക്ക സഭയുടെ സാമൂഹ്യ പഠനങ്ങളും പ്രകൃതി നേരിടുന്ന ഭീഷണികളും കാലാവസ്ഥ വ്യതിയാനവും വൈദികവിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമാകണം.

സുവിശേഷവല്‍ക്കരണത്തില്‍ സഹായകരമാകുന്ന ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങള്‍ ആരോഗ്യകരമായ വിധത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവും വ്യക്തിത്വവും മനസിലാക്കുന്നതിനും കൂടുതല്‍ വ്യക്തിത്വരൂപീകരണത്തിനും മനശാസ്ത്രജ്ഞരുടെ സഹായം തേടുന്നതിനെ പുതിയ മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കുന്നു.

വൈദികരായശേഷം ഇടപെടേണ്ടിവരുന്ന ഇടവകജനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളായിരിക്കുമെന്നും അതുകൊണ്ട് വൈദികാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി സെമിനാരിയിലും സര്‍വകലാശാലകളിലും സ്ത്രീകളുണ്ടാകുന്നത് നല്ലതാണെന്നും വൈദികര്‍ക്കായുള്ള തിരുസംഘം നിര്‍ദേശിച്ചു.

വൈദികരാകുന്നതിനായി പരിശീലനം നേടുന്ന ആറോ അതിലധികം വര്‍ഷങ്ങളും പഠിക്കേണ്ട വിഷയങ്ങളും പ്രാര്‍ത്ഥനാ ജീവിതവും വിവിധ ഘട്ടങ്ങളും രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. ആത്യന്തികമായി നല്ല വൈദികനാകുവാനുള്ള പല ഗുണങ്ങളും ക്ലാസ്മുറികളില്‍ അഭ്യസിക്കാവുന്നതല്ലെന്നും പ്രാര്‍ത്ഥയുടെയും ആത്മനിയന്ത്രണത്തിലൂടെയും ക്രിസ്ത്വാനുകരണത്തിലൂടെയും സ്വായത്തമാക്കേണ്ടതാണെന്നും രേഖയില്‍ വ്യക്തമാക്കുന്നു.

Read More >>