കൊച്ചി മെട്രോ നഗരത്തിലെ 'പുലയസ്ത്രീ ജീവിതം' സുപ്രീംകോടതിയിലേയ്ക്ക്: ദളിതന്റെ ശബ്ദം ഉയര്‍ന്നു തന്നെ കേള്‍ക്കുമെന്ന് ലിജിമോള്‍

രോഹിത് വെമൂലയെപ്പോലെ ദളിതരുടെ തന്റേടമുള്ള ശബ്ദമാണ് ലിജിമോള്‍. ജാതി പറഞ്ഞു അധിക്ഷേപിക്കുക, ലൈംഗികാതിക്രമത്തിനും കയ്യേറ്റത്തിനും ഇരയാക്കുക. പൊലീസ് വേട്ടക്കാര്‍ക്കൊപ്പമായിരുന്നു. പിന്മാറാന്‍ സികെ ലിജിമോള്‍ ഒരുക്കമല്ലായിരുന്നു. ലിജിയുടെ പോരാട്ടം സുപ്രീംകോടതിയിലേയ്ക്ക് നീങ്ങുകയാണ്. രാജ്യത്ത് ദളിതന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുക തന്നെ വേണം. കളക്ടര്‍ ഒപ്പിട്ട ആത്മഹത്യാക്കുറിപ്പുമായി ജീവിക്കുന്ന സി.കെ ലിജിമോള്‍ പറയുന്നു.

കൊച്ചി മെട്രോ നഗരത്തിലെ

ജാതി പറഞ്ഞു അധിക്ഷേപിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന സി.കെ ലിജി മോളുടെ നിലപാടിന് പിന്തുണയേറുന്നു. ഹൈക്കോടതി തള്ളിയ കേസ് സുപ്രീംകോടതിയിലേയ്ക്ക് പോകുകയാണ്. ആ സാധു സ്ത്രീ പോരാടുകയാണ്. പൊലീസ് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ലിജിമോള്‍ പറയുന്നു. സ്വന്തമായി വീടില്ലാത്തതിനാല്‍ ഏലൂര്‍ സ്വദേശി തൈപ്പറമ്പില്‍ ടി.ടി ജോണ്‍സന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് 2015 ഡിസംബറില്‍ ലൈംഗികാതിക്രമത്തിനും കയ്യേറ്റത്തിനും ജാതി അധിക്ഷേപത്തിനും ലിജിമോള്‍ വിധേയയായത്.


ജാതിപ്പറഞ്ഞു അധിക്ഷേപിച്ചുവെന്നും ലൈംഗികമായ അതിക്രമത്തിനും കയ്യേറ്റത്തിനും ഇരയായെന്നു ചൂണ്ടിക്കാട്ടി ഏലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വേട്ടക്കാര്‍ക്കൊപ്പമായിരുന്നു പൊലീസ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ലിജിയുടെ വിദ്യാഭ്യാസപരമായ പിന്നാക്കവസ്ഥ പൊലീസ് മുതലെടുത്തു. പൊലീസ് സ്റ്റേഷനില്‍ വച്ച് ഒപ്പിട്ടു വാങ്ങിയ വെള്ളക്കടലാസില്‍ എഴുതി വാങ്ങിയ പരാതിയിന്മേലാണ് ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളത്. നീതിപീഠവും നിയമപാലകരും സഹായത്തിനില്ലെങ്കിലും ലിജി പോരാട്ടം തുടരുകയാണ്. സുപ്രീംകോടതിയും കൈവിട്ടാല്‍ ആത്മഹത്യയല്ലാത്ത തന്റെ മുന്‍പില്‍ വേറേ പോംവഴികളില്ല. ദളിതനും മനുഷ്യനാണ്. അവന്റെ പോരാട്ടം വെറുതെയാകാന്‍ പാടില്ല. ലിജിയുടെ വാക്കുകളില്‍ ദൃഢനിശ്ചയം.

ഒരു തേങ്ങ വാങ്ങിയതിനു കൊടിയ പീഡനമോ?


ഒരു തേങ്ങ വാങ്ങിയതിനാണോ ഇത്രയും പീഡനം ഏല്‍ക്കേണ്ടി വന്നതെന്ന് ലിജിയോട് പലരും ചോദിക്കുന്നു. തേങ്ങ വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമല്ല ലൈംഗികമായ അതിക്രമമാണ് അതിനു പിന്നിലുള്ള ചേതോവികാരം. പലപ്പോഴും കുളിക്കുമ്പോഴും അലക്കുമ്പോഴും കിടപ്പറയിലും വീട്ടുടമ ഒളിഞ്ഞു നോക്കിയിരുന്നു. ഇത്തരം കാര്യങ്ങള്‍ പുറത്തു പറഞ്ഞതാണ് ജാതിപരമായി അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനുമെല്ലാം ജോണ്‍സണെ പ്രേരിപ്പിച്ചത്. ഏലൂര്‍ പൊലീസ് സ്റ്റേഷനില്‍ ലൈംഗികപീഡനങ്ങളെക്കുറിച്ചു വ്യക്തമായി താന്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഏലൂര്‍ എസ്ഐ എസ് പി സുജിത്ത് ആ പരാമര്‍ശങ്ങളെല്ലാം തന്നെ ബോധപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നുവെന്നും ലിജി ആരോപിക്കുന്നു.

[caption id="attachment_84211" align="aligncenter" width="1024"] സി.കെ. ലിജിമോള്‍ വാടകവീടിനു മുന്‍പില്‍[/caption]

കൊച്ചി മെട്രോ നഗരത്തില്‍ ലിജിയുടെ പുലയസ്ത്രീ ജീവിതം; എപ്പോഴും കയ്യിലുണ്ട് കളക്ടര്‍ സാക്ഷ്യപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ്

ലിജിയോട് സംസാരിക്കുകയും അവളുടെ കയ്യില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തതിനാണ് തന്നോടും ഭര്‍ത്താവിനോടും വാടകവീട്ടില്‍ നിന്നു ഇറങ്ങിപ്പോകാന്‍ ജോണ്‍സണ്‍ ആവശ്യപ്പെട്ടതെന്ന് സംഭവത്തിനു ദൃക്‌സാക്ഷിയും ജോണ്‍സന്റെ വാടകക്കാരിയുമായിരുന്ന ഷെറിന്‍. പുലക്കള്ളിയുടെ ചോറു വാങ്ങി തിന്നുന്ന നാണം കെട്ടവര്‍ എന്നു വിളിക്കുകയും ചെയ്തു. ഇതെല്ലാം പൊലീസ് സ്റ്റേഷനില്‍ പറഞ്ഞുവെങ്കിലും കാര്യമുണ്ടായില്ല. തോര്‍ത്തു കെട്ടിയും നഗ്നനായും കുളിക്കുക, ലൈംഗികച്ചുവയോടെ നോക്കുക, കിടപ്പറയിലും കുളിമുറിയിലും എത്തിനോക്കുക തുടങ്ങിയവ ജോണ്‍സന്റെ പതിവായിരുന്നുവെന്ന് ഷെറിന്‍ ആരോപിക്കുന്നു.

 പരാതി ദുര്‍ബലമാക്കിയത് പൊലീസെന്ന് ആരോപണം


ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടു, ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നു പറഞ്ഞു ലിജി ഏലൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന കാര്യം മാത്രമാണു പൊലീസ് എഫ്ഐആറില്‍ ചേര്‍ത്തതെന്നു ലിജിയുടെ വക്കീല്‍ അഡ്വ: സജി ചേരമന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. തനിയ്ക്ക് ഇത്തരം പരാതികള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്നു കാണിച്ച് എസ്‌ഐ എസ്പി സുജിത്ത് അസി. കമ്മീഷണര്‍ എസ് വിജയന്റെ അടുത്തേയ്ക്കു പരാതിക്കാരിയെ പറഞ്ഞയച്ചതു തന്നെ നിയമപരമായി തെറ്റാണ്. പൊലീസിന്റെ ഭാഗത്തു നിന്നും കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഉണ്ടായത്.

കൊച്ചി മെട്രോ നഗരത്തിലെ 'പുലയസ്ത്രീ ജീവിതം' നാടകമായി: ഹിമ ഇനി വേദിയില്‍ ലിജി

കെട്ടിച്ചമച്ച പരാതിയും തെളിവുകളും നിരത്തി കേസ് ദുര്‍ബലമാക്കിയതു പൊലീസാണ്. ലിജിയുടെ പരാതിയില്‍മേല്‍ അല്ല അവിടെ വച്ച് ഒപ്പിട്ടു വാങ്ങിയ വെള്ളക്കടലാസില്‍ എഴുതി വാങ്ങിയ പരാതിയിന്മേലാണ് തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളത്. ലൈംഗികാതിക്രമത്തിനും ജാതീയ അധിക്ഷേപത്തിനുമെതിരെയുള്ള വിധിയിലാണ് സുപ്രീംകോടതിയില്‍ പോയത്. ലിജിയുടേത് ഒറ്റപ്പെട്ട ശബ്ദമല്ല. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ രാജ്യം മുഴുവനുമുള്ള ദളിതര്‍ക്ക് ഈ വിധി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കും. ദളിതര്‍ ചവിട്ടുമെതിക്കപ്പെട്ടവരല്ലെന്ന വ്യക്തമായ സന്ദേശം ഈ വിധി നല്‍കും. അതിനാല്‍ തന്നെ ഈ പോരാട്ടത്തില്‍ പൊതുസമൂഹം ലിജിയുടെ ഒപ്പം നില്‍ക്കണമെന്നും സജി ചേരമൻ പറഞ്ഞു.


ലിജിയുടെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഏലൂര്‍ പൊലീസിന്റെ ഭാഗത്തു നിന്നു കേസില്‍ ശക്തമായ ചരടുവലിയുണ്ടായെന്നു സമീപവാസിയായ സിസിലി. വാടകക്കാരോടു ദയയില്ലാതെയാണു ജോണ്‍സണ്‍ പെരുമാറിയിരുന്നത്. ലൈംഗികചുവയുള്ള സംഭാഷണത്തിനും ഒളിഞ്ഞു നോട്ടത്തിനും പലപ്പോഴും ജോണ്‍സണുമായി ആളുകള്‍ വഴക്കുണ്ടാക്കാറുണ്ട്. ജോണ്‍സന്റെ ഭാര്യ സിനിയ്ക്ക് വലിയ പിടിപാടാണെന്നാണു പൊലീസുകാര്‍ തന്നെ പറയുന്നത്. കേസില്‍ പൊലീസ് ഒത്തുകളിക്കുകയാണ്. അസി. പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ഒറ്റത്തവണയാണ് അന്വേഷണത്തിന് ആള്‍ വന്നത്. ഏലൂര്‍ പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ കേസ് രമ്യമായി പരിഹരിക്കാമായിരുന്നു. പട്ടികജാതിക്കാരും മനുഷ്യരാണ്, വിഡ്ഡികളല്ലെന്നു പൊലീസ് മനസ്സിലാക്കണം - സിസിലി പറയുന്നു.

താന്‍ മാന്യമായേ പെരുമാറാറുള്ളു: പരാതിക്കാരിയെ ഓര്‍ക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍


എലൂര്‍ എസ്ഐ ആയിരുന്ന സുജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണര്‍ എസ് വിജയനുമെതിരെയായിരുന്നു ലിജിയുടെ പരാതി മുഴുവന്‍. ഇവര്‍ ജോണ്‍സനു വേണ്ടി ഒത്തുകളിച്ച് തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നു ലിജി പരാതിപ്പെടുന്നു. കെല്‍സയുടെ വക്കീല്‍ ഷജിനാക്കുട്ടിയും തന്നെ പറ്റിക്കുകയായിരുന്നു.

ഇതൊക്കെ ഒരു കേസാണോ ലിജിയെന്നാണ് ഹൈക്കോടതി കേസ് തള്ളിയ വേളയില്‍ വക്കീലിന്റെ പ്രതികരണം. നിങ്ങള്‍ വാടകയ്ക്കു താമസിക്കുന്നതു കൊണ്ടല്ലേ അയാള്‍ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുന്നത്? എത്രയും പെട്ടെന്നു വീടു മാറണമെന്നാണ് അസി. കമ്മീഷണര്‍ തന്നോടു പറഞ്ഞതെന്നു ലിജി ആരോപിക്കുന്നു.

[caption id="attachment_82806" align="aligncenter" width="700"] ലിജിയും ഭര്‍ത്താവും[/caption]

ഒളിവില്‍ പോയ പ്രതിയെ അസി. കമ്മീഷണറുടെ ഓഫീസില്‍ വച്ചാണു താന്‍ പിന്നീടു കണ്ടത്. ഒത്തുതീര്‍പ്പിന് അവര്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. താന്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാതെ, തന്റെ മൊഴി രേഖപ്പെടുത്താതെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി എന്തൊക്കെയോ പേപ്പറുകളില്‍ ഒപ്പിടുവിച്ചു. എതിര്‍ കക്ഷിയെ സഹായിക്കുന്ന നിലപാടുകളാണു പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ലിജി ആരോപിക്കുന്നു.

ഈ ആരോപണത്തെക്കുറിച്ച് നാരദാ ന്യൂസ് അസി. കമ്മീഷണറോട് ആരാഞ്ഞപ്പോള്‍ താന്‍ സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറുന്നയാളാണെന്നും ലിജിയുടെ പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു മറുപടി. കേസ് തള്ളിപ്പോയതിന്റെ ആഘാതത്തിലാകും തനിക്കെതിരെ അവര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് എസ് വിജയന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

രാജ്യത്തുള്ള ദളിതര്‍ക്കു വേണ്ടിയുള്ള ശബ്ദം


അധഃസ്ഥിതരെ നമ്മുടെ നിയമവ്യവസ്ഥ എത്രമാത്രം ചവിട്ടിത്താഴ്ത്തുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലിജിമോളുടെ അനുഭവമെന്ന് കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍.
കളക്ടര്‍ പരാതിക്കാരുടെ ആത്മഹത്യാക്കുറിപ്പില്‍ ഒപ്പിട്ടു നല്‍കുക. ലോക സാഹിത്യത്തില്‍ മാത്രമേ നാം ഇത്തരം കാര്യങ്ങള്‍ വായിച്ചിട്ടുണ്ടാകു. ലിജിയ്ക്ക് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായാല്‍ രാജ്യത്തുള്ള ദളിതരുടെ ശബ്ദമായി ലിജിമോളെ ചരിത്രം ഓര്‍ക്കും. അതിനു വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം.

പരാതിക്കാരെ ഓര്‍ക്കുന്നതു പോലുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്? അവര്‍ ആഭിജാത്യമുള്ള സവര്‍ണ സ്ത്രീയായിരുന്നെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഓര്‍ത്തേനേ

- സിവിക് ചന്ദ്രന്‍ തുറന്നടിക്കുന്നു.


കേസ് ജയിച്ചാലും തോറ്റാലും ലിജി തോല്‍ക്കരുത്
ഒരു ഗ്രാമം മുഴുവന്‍ ചുട്ടെരിച്ചിട്ടും കേസുകളില്‍ നീതി ലഭിക്കാതെ പോയിട്ടുണ്ട്. നീതി കിട്ടാന്‍ തനിക്കുള്ളതെല്ലാം വിറ്റു കേസ് നടത്താന്‍ ലിജി മോള്‍ തയ്യാറാണ്. ലിജി മോള്‍ക്ക് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്ന് ഒരു പരമാര്‍ശമുണ്ടായാല്‍ രാജ്യത്തു തന്നെ അതൊരു വലിയ സംഭവമാകും. ലിജിയുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ പൊലീസ് മുതലാക്കുകയായിരുന്നു

മൃദുലാദേവി (സാമൂഹ്യ പ്രവര്‍ത്തക)ലിജി ഒറ്റപ്പെട്ട ശബ്ദമാണ്. ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് ലിജിയെ പിന്തരിപ്പിക്കുകയെന്നത് നമ്മുടെ കടമയാണ്. കേസ് തോറ്റാലും ജയിച്ചാലും ലിജി തോല്‍ക്കരുത് - മൃദുലാദേവി പറയുന്നു.

[caption id="attachment_82280" align="aligncenter" width="1024"] ലിജിയും ഭര്‍ത്താവും വാടക വീടിനു മുന്നില്‍[/caption]

ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും കൂട്ടിന്

ഒരു ലക്ഷത്തിലധികം രൂപയാണ് കേസ് നടത്തുന്നതിനു ചെലവാകുക. ഡിഎംആര്‍സിയില്‍ തൂപ്പുകാരിയുടെ ജോലിയുണ്ടായിരുന്നു. എന്നാല്‍ മെട്രോ കെഎംആര്‍എല്ലിന് കൈമാറുന്നതോടെ കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമായി ആ ജോലി നിജപ്പെടുത്തും. അടുത്ത മാസം മുതല്‍ ജോലിയില്ലെന്ന് അധികൃതര്‍ അറിയിച്ചു കഴിഞ്ഞു - കണ്ണീരോടെ ലിജി പറയുന്നു.
സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ കുടുംബശ്രീയില്‍ അംഗമാകാൻ കഴിയില്ല. സാമൂഹ്യ പ്രവര്‍ത്തകരുടെ പിന്തുണയാണ് കേസുമായി മുന്നോട്ടു പോകാനുള്ള ധൈര്യം. നിയമവ്യവസ്ഥയിലും പൊതുസമൂഹത്തിലും വിശ്വാസം അര്‍പ്പിച്ചുകൊണ്ട് മുന്നോട്ടു നടക്കുക തന്നെ. ബാക്കി ഈശ്വരന്‍ കാത്തോളും

- ലിജി പറയുന്നു.ചെറുപ്പം മുതലേ ഒരുപാട് വിഷമതകള്‍ അനുഭവിച്ചാണ് താന്‍ വളര്‍ന്നത്. അച്ഛനും അമ്മയും ചെറുപ്പത്തിലേ വേര്‍പിരിഞ്ഞതു കൊണ്ട് ഒത്തിരി വിഷമതകള്‍ അനുഭവിക്കേണ്ടതായി വന്നു. പതിനൊന്നാം വയസ്സില്‍ വീട്ടുജോലിയ്ക്ക് ഇറങ്ങിയതാമ്. ശാരീരികവും മാനസികവുമായി ഒത്തിരി പീഡനങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നു. താന്‍ അച്ഛന്റെ മകള്‍ അല്ലെന്നു പോലും ആ പെരുമാറ്റത്തില്‍ നിന്നും തോന്നിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ 'ഏട്ടിലെ പട്ടി'യായിരുന്നു.

ലൈംഗികാതിക്രമത്തിനും ജാതി ആക്ഷേപത്തിനും കയ്യേറ്റത്തിനും വിധേയായി നോക്കിയിരിക്കാനാകില്ല. മരണത്തെ പേടിയില്ല. നീതി കിട്ടും വരെ പൊരുതും. ഭരണകൂടം ഒപ്പിട്ടു നല്‍കിയ ആത്മഹത്യാക്കുറിപ്പും കുറച്ചു നല്ല മനുഷ്യരുടെ പിന്തുണയുമാണ് കയ്യിലുള്ളത്. പോരാടുക തന്നെ ചെയ്യും.

- ലിജി മോള്‍ പറയുന്നു.


രോഹിത് വെമൂലയെപ്പോലെ ദളിതരുടെ തന്റേടമുള്ള ശബ്ദമാണ് ലിജിമോള്‍. അക്ഷര വിദ്യാഭ്യാസമില്ലാത്ത ലിജിയുടെ പോരാട്ടം എല്ലാവര്‍ക്കും മാതൃകയാണെന്നു ഹിമ ശങ്കറും മൃദുലാ ദേവിയും സിവിക് ചന്ദ്രനുമെല്ലാം ഒരേസ്വരത്തില്‍ പറയുന്നു. പൊതുസമൂഹം ലിജിയുടെ കൂടെ തന്നെ നില്‍ക്കണം. ദളിതനും സ്ത്രീകള്‍ക്കുമെല്ലാം ഒരേപോലെ അവകാശപ്പെട്ടതാണ് ഈ ലോകം. ദളിതന്റെ ശബ്ദം ഈ രാജ്യത്ത് ഉയര്‍ന്നു തന്നെ കേള്‍ക്കണം. ജാതിയുടെയോ നിറത്തിന്റെയോ പേരില്‍ ആരും അപമാനിക്കപ്പെടാന്‍ പാടില്ല അവരോടോപ്പം ചേര്‍ന്നു നിന്നു കൊണ്ട് ഉയര്‍ന്ന ശബ്ദത്തില്‍ ലിജിമോള്‍ പറയുന്നു.