കെ.പി യോഹന്നാന്റെ അടവുകള്‍ തുടരുന്നു; അമേരിക്കയില്‍ ജയില്‍വാസം ഉറപ്പിച്ചപ്പോള്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം ബിഷപ്പ് സ്ഥാനാഭിഷേകം

സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡും വൈദിക അൽമായ നേതൃത്വവും ഒരു വര്‍ഷമായി നടത്തിവന്ന പ്രാര്‍ഥനാപൂര്‍വമായ നടപടികള്‍ക്കൊടുവില്‍ തന്റെ മകന്‍ ഡാനിയല്‍ പുന്നൂസിനെ ഉള്‍പ്പെടെ 12 എപ്പിസ്‌കോപ്പമാരെ തിരഞ്ഞെടുക്കുകയാണ് എന്ന് സ്വയം പ്രഖ്യാപിത ബിഷപ്പ് കെ.പി.യോഹന്നാന്‍. കേരളത്തിലെ പരമ്പരാഗത സഭകളുടെ ആചാരങ്ങളെ പകര്‍ത്തുവാന്‍ ശ്രമിക്കുകയും നവവിശ്വാസത്തിന്റെ വക്താക്കളായി ചമയുകയും ചെയ്യുന്ന ഡോ: കെ. പി. യോഹന്നാനോ അദ്ദേഹത്തിന്റെ ബിലീവേഴ്‌സ് ചര്‍ച്ചോ ഏതു ക്രൈസ്തവപാരമ്പര്യ സഭകളെയാണ് പിന്തുടരുന്നതെന്ന് ഇനിയും വ്യക്തമല്ല.

കെ.പി യോഹന്നാന്റെ അടവുകള്‍ തുടരുന്നു; അമേരിക്കയില്‍ ജയില്‍വാസം ഉറപ്പിച്ചപ്പോള്‍ കണ്ണില്‍ കണ്ടവര്‍ക്കെല്ലാം ബിഷപ്പ് സ്ഥാനാഭിഷേകം

2016 സെപ്റ്റംബര്‍ 4-നു മാതൃഭൂമി ദിനപ്പത്രത്തിന്റെ പത്തനംതിട്ട എഡിഷനില്‍ വന്ന ഒരു ബോക്‌സ് ഐറ്റം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് തലക്കെട്ടില്‍ പ്രതിപാദിക്കുന്ന പഴഞ്ചൊല്ലാണ്.

തിരുവല്ലാ കുറ്റപ്പുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായി, വിശുദ്ധ തോമാശ്ലീഹായുടെ പാത പിന്തുടരുന്ന ക്രൈസ്തവ സഭയാണ് ബിലീവേഴ്‌സ് ചര്‍ച്ച്! ഡോ. കെ. പി. യോഹന്നാന്‍ മെത്രാപ്പോലീത്തായാണ് പരമാദ്ധ്യക്ഷന്‍!

ഇതാണ് ചിരിപ്പിക്കുന്ന പത്രവാര്‍ത്ത. അതേ പത്രവാര്‍ത്തയില്‍ അവകാശപ്പെടുന്നതുപോലെ 83 രൂപതകളും 30 ലക്ഷത്തോളം വിശ്വാസികളും സഭയ്ക്കുണ്ട് എന്ന മുഖവിലയ്‌ക്കെടുത്താല്‍ തന്നെ അത് ആ സഭയുടെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെ എങ്ങിനെ സാധൂകരിക്കും എന്ന ചോദ്യം നിലനില്‍ക്കും.

കേരളത്തില്‍ ജാതിവ്യവസ്ഥ ഉറച്ച ക്രിസ്തുവര്‍ഷം 8-10 നൂറ്റാണ്ടുകള്‍ മുതലെങ്കിലും മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം ഒരു ജാതിയാണ്. പതിനാറാം നൂറ്റാണ്ടുമുതല്‍ കേരളത്തിലെത്തിയ പാശ്ചാത്യ അധിനിവേശ ശക്തികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും നസ്രാണി ജാതിയെ ഇല്ലായ്മ ചെയ്യാനോ അതില്‍ കൂട്ടിക്കലര്‍ത്തനോ സാധിച്ചില്ല. പിന്നീടു സുറിയാനി ക്രിസ്ത്യാനി എന്നു നാമഭേദം വന്ന ഈ ജാതി സ്പിരിറ്റിന് ഇന്നും കുറവൊന്നും വന്നിട്ടില്ല. അതുകൊണ്ടാണ്, 'ഓര്‍ത്തഡോക്‌സ് സഭയില്‍നിന്നും രക്ഷിക്കപ്പെട്ടു സ്‌നാനപ്പെട്ട, സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത്', എന്നിങ്ങനെയൊക്കെ വിവാഹ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം ഒരു സംസ്‌കാരമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തിലും സംസ്‌കൃതിയിലും വേരൂന്നി വളര്‍ന്നുവികസിച്ച തദ്ദേശീയ ക്രിസ്തുമാര്‍ഗ്ഗം. ആളെണ്ണം കൂട്ടുക എന്നത് ഒരിക്കലും ഈ മാര്‍ഗ്ഗത്തിന്റെ ലക്ഷ്യം അല്ലായിരുന്നു. പില്‍ക്കാല മെസപ്പൊട്ടോമ്യന്‍, യൂറോപ്യന്‍ കൂട്ടിച്ചേര്‍ക്കലുകള്‍ അതിനെ ദുര്‍ബലപ്പെടുത്തിയെങ്കിലും മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തെ തീര്‍ത്തും ഇല്ലായ്മ ചെയ്യാന്‍ സാധിച്ചില്ല. അധിനിവേശ ക്രിസ്തുമതത്തെ ശെമവോന്‍ കീപ്പായുടെ മാര്‍ഗ്ഗം എന്നു നാമകരണം ചെയ്ത് അകറ്റിനിര്‍ത്താന്‍ നസ്രാണികള്‍ പരമാവധി ശ്രമിച്ചു. ഡോ. കെ. പി. യോഹന്നാന്റെ സഭ, മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗമാണോ ശെമവോന്‍ കീപ്പായുടെ മാര്‍ഗ്ഗമാണോ പിന്തുടരുന്നത് എന്നു താരതമ്യം ചെയ്യുക.

വിവിധയിനം സായിപ്പിനെ പിന്‍പറ്റി മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തില്‍നിന്നും പിരിഞ്ഞു പാശ്ചാത്യ സഭകളുടെ വാലായി മാറിയ കേരളത്തിലെ ചില സഭകളും ഇന്നു മാര്‍ത്തോമ്മാ പൈതൃകം അവകാശപ്പെടുന്നുണ്ട്. അംഗങ്ങളില്‍ ഭൂരിഭാഗവും നവപരിവര്‍ത്തിതര്‍ ആണെങ്കിലും നേതാക്കന്‍മാരോ അവരുടെ പിതാമഹരോ പഴയ നസ്രാണികള്‍ ആയതിന്റെ ബലത്തിലാണ് ഈ അവകാശവാദം ഉയര്‍ത്തുന്നത്. ആ അര്‍ത്ഥത്തിലാണെങ്കില്‍ മാത്രം നിരണം കാട്ടുനിലം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമായി ജനിച്ച ഡോ. കെ. പി. യോഹന്നാന്‍ സ്ഥാപിച്ച സഭയും വിശുദ്ധ തോമാശ്ലീഹായുടെ പാത പിന്തുടരുന്ന സഭയാണ്. കാരണം ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് അവരുടെ പിതാമഹര്‍ സാക്ഷാല്‍ നിരണത്തു പള്ളി ഇടവക്കാരായിരുന്നല്ലോ? അവിടെ അവസാനിക്കുന്നു ഇവരുടെ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം!

ഇനി ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായി, എന്ന വാദം പരിഗണിക്കാം. അതിന് എന്താണ് ഓര്‍ത്തഡോക്‌സി എന്ന് ആദ്യം പരിശോധിക്കാം.

'...In the Christian sense, the term means 'conforming to the Christian faith as represented in the creeds of the early Church' എന്ന് ഓര്‍ത്തഡോക്‌സിയെ ചുരുക്കത്തില്‍ വ്യാഖ്യാനിക്കാം.
(Robert M. Wills (2013). Taking Caesar Out of Jesus: Uncovering the Lost Relevance of Jesus. Xlibris Corporation. p. 246. ISBN 1-4931-0810-7.)

ആദിമ സഭയുടെ വിശ്വാസ പ്രഖ്യാപനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവര്‍ എന്ന് ഇതിനെ പരിഭാഷപ്പെടുത്താം. ഈ വിശ്വാസ പ്രഖ്യാപനങ്ങള്‍ രൂപപ്പെടുത്തിയതാകട്ടെ സാര്‍വത്രിക സുന്നഹദോസുകളാണ്.

ഓര്‍ത്തോഡോക്‌സ് സഭകളില്‍ രണ്ടു വിഭാഗങ്ങളുണ്ട് നിഖ്യാ, കുസ്തന്തീനോസ്‌പോലീസ്, എഫേസൂസ് എന്നീ മൂന്നു പൊതു സുന്നഹദോസുകള്‍ മാത്രം അംഗീകരിക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളാണ് അതില്‍ ഒന്ന്. കോപ്ടിക്, സിറിയക്ക്, അര്‍മീനിയന്‍, മലങ്കര, എത്യോപ്യന്‍, എറിട്രിയന്‍ ഇവയാണ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍. ഗ്രീക്ക് പാരമ്പര്യത്തില്‍പ്പെട്ട ബൈസാന്ത്യന്‍ സഭകളാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ ക്രിസ്തുവര്‍ഷം 787 വരെ നടന്ന ഏഴു സുന്നഹദോസുകളെ സാര്‍വത്രികം ആയി അംഗീകരിക്കുന്നു.

ക്രിസ്തുവര്‍ഷം 431-ലെ എഫേസൂസ് സുന്നഹദോസ് അംഗീകരിക്കാത്ത പൗരസ്ത്യ കല്‍ദായ സുറിയാനി സഭയും 1054-ല്‍ മഹാശീശ്മയിലൂടെ ഗ്രീക്കുകാരുമായി പിരിഞ്ഞ റോമന്‍ കത്തോലിക്കാ സഭയും തങ്ങള്‍ ഓര്‍ത്തഡോക്‌സ് ആണെന്ന് ഇടയ്ക്കിടെ അവകാശപ്പെടുന്നുണ്ട്. പക്ഷേ സത്യവിശ്വാസം പിന്തുടരുന്നു എന്ന അര്‍ത്ഥത്തില്‍ അവര്‍ ഉന്നയിക്കുന്ന ഈ അവകാശവാദം മറ്റാരും അംഗീകരിച്ചിട്ടില്ലെന്നു മാത്രം.

പുത്രന്‍ തമ്പുരാന്റെ ആളത്വത്തെപ്പറ്റി അഭിപ്രായ ഐക്യം ഇല്ലെങ്കിലും ഓറിയന്റല്‍- ബൈസാന്റൈന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ പങ്കിടുന്ന ചില പൊതു വിശ്വാസ സത്യങ്ങളുണ്ട്. അവയില്‍ പരിശുദ്ധ റൂഹായുടെ പുറപ്പാട്, ദൈവ മാതാവിനോടും പരിശുദ്ധന്മാരോടുമുള്ള മദ്ധ്യസ്ഥത, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, വി. കുര്‍ബാന ബലിയാണെന്ന വിശ്വാസം, പട്ടക്കാരന്റെ പാപമോചന അധികാരം മുതലായവയും ഉള്‍പ്പെടും. പല കാരണങ്ങളാല്‍ ഓര്‍ത്തഡോക്‌സ് സഭയെന്ന് അവകാശപ്പെടുകയും മുഖ്യാധാരാ ബൈസന്റൈന്‍ - ഓറിയന്റല്‍ സഭകള്‍ അംഗീകരിക്കാത്തവയുമായ സഭകളും ഈ പൊതു വിശ്വാസം വച്ചു പുലര്‍ത്തുന്നുണ്ട്. ഉദാഹരണം: മലബാര്‍ സ്വതന്ത്ര സുറിയാനി സഭ എന്ന തൊഴിയൂര്‍ സഭ.

ഇതില്‍ എതെങ്കിലും വിശ്വാസ സത്യത്തില്‍ ഡോ. കെ. പി. യോഹന്നാനോ അദ്ദേഹത്തിന്റെ ബിലീവേഴ്‌സ് ചര്‍ച്ചോ ഓര്‍ത്തഡോക്‌സ് സഭകളുമായി സമാനതകള്‍ പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം. അതിന് അവരുടെ ചരിത്രം പരിശോധിക്കണം. ചുരുങ്ങിയ വാക്കുകളില്‍ അത് അവതരിപ്പിച്ചാല്‍

...മാര്‍ത്തോമ്മാ സഭയിലായിരുന്നു കെ. പി. യോഹന്നാന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു സുവിശേഷ വേലയിലേക്കു തിരിഞ്ഞു. 1966 മുതല്‍ ഓപ്പറേഷന്‍ മൊബലൈസേഷന്‍ എന്ന സംഘടനയില്‍ ചേര്‍ന്നു വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുവിശേഷ പ്രവര്‍ത്തകനായി. 1974-ല്‍ അമേരിക്കയില്‍ ദൈവശാസ്ത്ര പഠനത്തിനായി പോയി. മുന്‍പേ പരിചയമുണ്ടായിരുന്ന ജര്‍മ്മന്‍ സുവിശേഷകയായ ഗിസിലയെ ഇതിനിടെ ജീവിത പങ്കാളിയായി സ്വീകരിച്ചു. 1979-ല്‍ അമേരിക്കയിലായിരിക്കെത്തന്നെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സുവിശേഷ പ്രചരണ സംഘടനയ്ക്കു രൂപം നല്‍കി. അധികം വൈകാതെ കേരളത്തില്‍ തിരിച്ചെത്തി. 1990-ല്‍ സ്വന്തം സഭയായ ബിലീവേഴ്‌സ് ചര്‍ച്ചിനു രൂപം നല്‍കി....
(6 ഫെബ്രുവരി, 2003, മലയാള മനോരമ)

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിശ്വാസ സംഹിതയും ഘടനയും അതേ അഭിമുഖത്തില്‍ ഡോ. കെ. പി. യോഹന്നാന്‍ തന്നെ നല്‍കുന്നുണ്ട്.

ബിലീവേഴ്‌സ് ചര്‍ച്ച് ഒരു പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ സഭയായിരിക്കും. വേദപുസ്തകമാണ് പ്രമാണം; ആചാരങ്ങളല്ല. വിശുദ്ധരില്‍ വിശ്വാസമില്ല; ദൈവമാതാവ് എന്ന സങ്കല്പത്തിലും. മരിച്ചവര്‍ക്കായി പ്രാര്‍ത്ഥനയില്ല. ക്രിസ്തീയ അടയാളമായി കുരിശുണ്ട്. ബലിയര്‍പ്പണമില്ല. പക്ഷേ കര്‍തൃമേശയുണ്ട്. വിശ്വസങ്ങളിലും ആചാരങ്ങളിലും മാര്‍ത്തോമ്മാ സഭയോടാണ് കൂടുതല്‍ സമാനത...
(6 ഫെബ്രുവരി, 2003, മലയാള മനോരമ)

ബിലീവേഴ്‌സ് ചര്‍ച്ച് ഒരു ഓര്‍ത്തഡോക്‌സ് സഭയല്ല എന്നതിന് ഇതിലും അസന്നിഗ്ദ്ധമായ വിശദീകരണം ആവശ്യമുണ്ടോ?

ബൈസന്റൈന്‍ - ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും, ഓര്‍ത്തഡോക്‌സ് എന്ന് അവകാശപ്പെടുന്ന കല്‍ദായ, റോമന്‍ കത്തോലിക്കാ സഭകളും ഒരുപോലെ പിന്തുടരുന്ന ഒരു വിശ്വാസമാണ് പട്ടത്വത്തിന്റെ ചരിത്രപരമായ പിന്തുടര്‍ച്ച. പട്ടം നല്‍കുന്നത് കാനോനികമായ കൈവെപ്പ് ഉള്ള ഒരു മേല്പട്ടക്കാരന്‍ ആയിരിക്കണം എന്നതിനോടൊപ്പം ശെമ്മാശന്‍, കശ്ശീശ്ശാ എന്നീ സ്ഥാനങ്ങള്‍ യഥാക്രമം സ്വീകരിച്ച ശേഷം മാത്രമേ എപ്പിസ്‌ക്കോപ്പാ സ്ഥാനം സ്വീകരിക്കാനാവു എന്നത് പ്രൊട്ടസ്റ്റന്റ് അടക്കമുള്ള സഭകളുടെ പൊതുവിശ്വാസമാണ്. അമേരിക്കയില്‍ പട്ടത്വമില്ലാത്ത സതേണ്‍ ബാപ്റ്റിസ്റ്റ് സഭയില്‍ പാസ്റ്ററായിരുന്ന ഡോ. കെ. പി. യോഹന്നാന്‍ ഒരിക്കലും ശെമ്മാശന്‍, കശ്ശീശാ എന്നീ ആചാര്യത്വ പദവികള്‍ സ്വീകരിച്ചിട്ടില്ല. അതിനാല്‍ ആരു മേല്പട്ടസ്ഥാനം കൊടുത്താലും അതിനു സാധുത്വമില്ല.

സി. എസ്. ഐ. സഭയുടെ മോഡറേറ്റര്‍ ബിഷപ്പ് ഡോ. കെ. ജെ. സാമുവേലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അതേ സഭയിലെ ഏതാനും റിട്ടയര്‍ ചെയ്ത ബിഷപ്പുമാര്‍ ചേര്‍ന്നാണ് 2003 ഫെബ്രുവരി 6-നു ഡോ. കെ. പി. യോഹന്നാനെ ബിഷപ്പായി വാഴിച്ചത്. നിയമരഹിതവും വിശ്വാസവിരുദ്ധവുമായ ഈ നടപടിയെ അന്നുതന്നെ സി. എസ്. ഐ. സഭയും അവരുമായി സംര്‍ഗ്ഗത്തിലുള്ള മാര്‍ത്തോമാ സഭയും ചോദ്യം ചെയ്യുകയും അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

രസകരമായ വസ്തുത, ഇതേ ക്രമരാഹിത്യം 1947 സെപ്റ്റംബര്‍ 27-നു നടന്ന സി. എസ്. ഐ. സഭയുടെ രൂപീകരണത്തിലും ഉണ്ടായിരുന്നു എന്നതാണ്. Anglican, Methodist, Congregational, Presbyterian, and Reformed മുതലായി പട്ടത്വം ഉള്ളവരും ഇല്ലാത്തവരുമായ സഭകളെ ലയിപ്പിച്ചു ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിച്ചപ്പോള്‍ പട്ടത്വം ഇല്ലാത്ത സഭകളിലെ മൂപ്പന്‍മാരെയും പാസ്റ്റര്‍മാരേയും പ്രത്യേക ശുശ്രൂഷകൂടാതെ പട്ടക്കാരായി അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി.

all who were already ordained in any of the uniting churches would be received as ministers in the United Church and that all new ordinations would be by Episcopal laying on of hands. ...
(http://www.csimichigan.org/CSIHistory.html - 06-10 - 2016)

ഇതുമൂലം കുറേ വര്‍ഷങ്ങളിലേയ്ക്ക് സി. എസ്. ഐ. സഭയ്ക്ക് ആംഗ്ലിക്കന്‍ കമ്യൂണിയനില്‍ പൂര്‍ണ്ണ അംഗത്വം ഇല്ലായിരുന്നു. എന്നാല്‍ ബിഷപ്പുമാരുടെ ആംഗ്ലിക്കന്‍ പശ്ചാത്തലം മൂലം കുറേ വര്‍ഷങ്ങള്‍ കൊണ്ട് പഴയ മൂപ്പന്മാര്‍ ഒഴിവാകയും പുതുതായി കൈവപ്പോടുകൂടിമാത്രം പട്ടം നല്‍കുകയും ചെയ്ത് അവര്‍ പട്ടത്വം ക്രമപ്പെടുത്തിയെടുത്തു. ഇവിടെ സഭയിലെ ഏക മെത്രാപ്പോലീത്തായുടെ പട്ടംതന്നെ അസാധുവായതിനാല്‍ ബാക്കിയുള്ളവരുടേതും സ്വാഹാ! പിന്നെങ്ങനെ ഓര്‍ത്തഡോക്‌സ് ആകും?

ഓര്‍ത്തഡോക്‌സ്, കല്‍ദായ, റോമന്‍ കത്തോലിക്കാ സഭകള്‍ വിവാഹിതരെ മേല്പട്ടക്കാരാക്കില്ല. അപൂര്‍വമായി ചില ബൈസന്റൈന്‍ സഭകളും, അന്ത്യോഖ്യന്‍ സഭയും വിഭാര്യരെ എപ്പിസ്‌ക്കോപ്പാ സ്ഥാനത്തേയ്ക്ക് ഉയര്‍ത്താറുണ്ടെങ്കിലും ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അത് അചിന്ത്യമാണ്. എഴുതപ്പെട്ട പാരമ്പര്യമാണ് വേദപുസ്തകം, എഴുതപ്പെടാത്ത വേദപുസ്തകമാണ് പാരമ്പര്യം എന്നതാണ് ഓര്‍ത്തഡോക്‌സ് വിശ്വാസം. വേദപുസ്തകമാണ് പ്രമാണം; ആചാരങ്ങളല്ല എന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പ്രമാണം. ഇവ എങ്ങിനെ പൊരുത്തപ്പെടും?

ഡോ. കെ. പി. യോഹന്നാന്റെ ഓര്‍ത്തഡോക്‌സ് പ്രേമം ആരംഭിച്ചിട്ടു കുറച്ചു വര്‍ഷങ്ങളായി. സിറിയക് ഓര്‍ത്തഡോക്‌സ് സഭയുമായി ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി പുത്തന്‍കുരിശു സൊസൈറ്റിയുമായി കുറെ ചര്‍ച്ചകള്‍ നടത്തി. എതാണ്ടു ധാരണയിലെത്തി എന്നും പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക:


ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്റെ തായ്‌വേരു മുറിക്കുന്ന ഈ വേദ വിപരീത നടപടി അവസാന നിമിഷം തടഞ്ഞത് അന്നത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആയിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ഈവാസ് ആയിരുന്നുവത്രെ!

ആര്‍ക്കും മൂന്നു മാലയെടുത്തിട്ട് കാതോലിക്കാ എന്നു സ്വയം വിളിക്കാവുന്ന കേരളത്തില്‍ ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടിയും കാണേണ്ടിയും വരും. അതൊക്കെ സഭാപ്രസംഗി പറയുന്നതുപോലെ ..മായ... മായാ... എന്നു കരുതിയാല്‍ മതി.

വാല്‍ക്കഷണം: വിശുദ്ധരില്‍ വിശ്വാസമില്ല എന്നു പഠിപ്പിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് ജീവിച്ചിരിക്കുന്ന അതിന്റെ സ്ഥാപകനായ ഡോ. കെ. പി. യോഹന്നാനെ വിശുദ്ധനാക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉത്തരേന്ത്യയില്‍ അവര്‍ ആരംഭിച്ചിരിക്കുന്ന സെന്റ് ജോഹാന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഡോ. കെ. പി. യോഹന്നാന്‍ മെത്രാപ്പോലീത്തായുടെ പേര് പരിണമിച്ചുണ്ടായതാണെന്ന് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉദയപ്പൂര്‍ ഭദ്രാസന ബിഷപ്പ്!

വിശുദ്ധ കെ പി യോഹന്നാൻ എന്നു കേട്ടാൽ അന്തിക്കേണ്ട; 'അവിടുത്തെ നാമത്തിൽ' സെയിന്റ് ജോഹാൻസ് ഇന്റർനാഷണൽ സ്കൂളുകൾ വരുന്നു; കച്ചവടത്തിനു തന്നെ!