ന്യൂനപക്ഷങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകി സര്‍ക്കാര്‍: പട്ടികജാതിക്കാര്‍ക്ക് 2600 കോടി; എല്ലാ പെന്‍ഷനും 1100 രൂപയാക്കി

പെന്‍ഷന്‍കാരുടെ ഏകീകൃത പട്ടിക തയ്യാറാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 1000 രൂപയാക്കി ഉയര്‍ത്തി. ക്ഷീര കര്‍ഷകരുടെ പെന്‍ഷനും 1100 രൂപയാക്കി ഉയര്‍ത്തും. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പത്താം ക്ലാസ് കഴിയുമ്പോള്‍ ഒരു ലക്ഷം രൂപയാണ് പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 250 കോടി രൂപ അനുവദിക്കും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിനായി 10 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു.

ന്യൂനപക്ഷങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകി സര്‍ക്കാര്‍: പട്ടികജാതിക്കാര്‍ക്ക് 2600 കോടി; എല്ലാ പെന്‍ഷനും 1100 രൂപയാക്കി

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എല്ലാവിധ പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകി എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് 2600 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന് 700 കോടിയും ബജറ്റില്‍ നീക്കിവച്ചു. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പത്താം ക്ലാസ് കഴിയുമ്പോള്‍ ഒരു ലക്ഷം രൂപയാണ് പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതുകൂടാതെ, 18 വയസ് പൂര്‍ത്തിയാകുന്ന പട്ടികജാതി പെണ്‍കുട്ടികള്‍ക്കും ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.


ന്യൂനപക്ഷ ക്ഷേമത്തിനായി 90 കോടിയും ന്യൂനപക്ഷവിഭാഗങ്ങളിലെ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കു വീട് നിര്‍മിക്കാന്‍ 50 കോടി രൂപയും വകയിരുത്തിയതാണ് മറ്റൊരു തീരുമാനം. എസ്‌സി- എസ്ടി വിഭാഗത്തിന് വീടുവയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

എല്ലാ സാമൂഹിക ക്ഷേമ പെന്‍ഷന്‍ തുകയും 1100 രൂപയാക്കി വര്‍ധിപ്പിച്ചു. പെന്‍ഷന്‍കാരുടെ ഏകീകൃത പട്ടിക തയ്യാറാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 1000 രൂപയാക്കി ഉയര്‍ത്തി. ക്ഷീര കര്‍ഷകരുടെ പെന്‍ഷനും 1100 രൂപയാക്കി ഉയര്‍ത്തും. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ഇതിനുള്ള പ്രീമിയം ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.

വയോജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നടപ്പിലാക്കും. ആദായ നികുതി അടയ്ക്കാത്തതും മറ്റ് വരുമാനമോ പെന്‍ഷനുകളോ ഇല്ലാത്തതുമായ 60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്‍കും. നിരാലംബരായ സര്‍ക്കസ് കലാകാരന്മാരുടെ ക്ഷേമത്തിനായി ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം, പത്ര പ്രവര്‍ത്തക പെന്‍ഷനും കൂട്ടി പദ്ധതി അംഗങ്ങള്‍ക്ക് 2000 രൂപയും അല്ലാത്തവര്‍ക്ക് 1000 രൂപയുമാണ് നല്‍കുക.

അതേസമയം, പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വിഭാഗങ്ങള്‍ക്കും തെല്ല് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചതാണ് അതിലൊന്ന്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 250 കോടി രൂപ അനുവദിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണിത്.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ജോലിയില്‍ നാലു ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷിക്കാര്‍ക്ക് അഞ്ച് ശതമാനം സംവരണം നല്‍കും.

Read More >>