വിത്തുകുത്തി പുട്ടടിക്കരുത്!

ഓര്‍ക്കുക! കേരളത്തിന്‍റെ ഇന്നേക്കും നാളേയ്ക്കുമുള്ള കുരുതിവെപ്പാണ് ടൂറിസം. ആ വിത്തുകുത്തി പൂട്ടടിക്കരുത്. അതു സര്‍ക്കാരായാലും ജനമായാലും! കുറെ ഉന്നതഉദോഗസ്ഥരെ നിയമിക്കുകയല്ല ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ചെയ്യേണ്ടത്. പകരം സുരക്ഷയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്.

വിത്തുകുത്തി പുട്ടടിക്കരുത്!പഴയൊരു സിനിമാ ഡയലോഗ് കടമെടുത്താല്‍, എന്താ ഒണ്ട് സ്വന്തമെന്നു പറയാന്‍; കേരളത്തിന്? അരിച്ചുപെറുക്കി കൂട്ടിയാല്‍ ധനാര്‍ജ്ജനത്തിനുള്ള യാതൊരു വിഭവശേഷിയും കേരളത്തിനില്ല എന്ന നഗ്നസത്യം തിരിച്ചറിയാന്‍ അധിക അദ്ധ്വാനം ഒന്നും വേണ്ടിവരികയില്ല. സ്വല്‍പ്പം ചില്ലറ കിട്ടിക്കൊണ്ടിരുന്ന നാണ്യവിളകളും അധോഗതിയിലാണ്. വന്‍വ്യവസായങ്ങള്‍ക്ക് പറ്റിയ മണ്ണോ പ്രകൃതിയോ അല്ല ഇവിടുള്ളത്.

പക്ഷേ കേരളത്തിനു പ്രതിവര്‍ഷം ശതകോടികള്‍ സമ്മാനിക്കുന്ന രണ്ടു ശ്രോതസുകള്‍ കേരളത്തിനുണ്ട്. ഒന്നാമതായി ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിന്‍റെ ഉല്പന്നമായി കയറ്റുമതി ചെയ്യപ്പെടുന്ന വിദഗ്ദ്ധ/ അര്‍ദ്ധവിദഗ്ദ്ധ മനുഷ്യ വിഭവശേഷി. രണ്ടാമതായി, ടൂറിസത്തിന് അനുകൂലമായ പ്രകൃതിയും സംസ്കാരവും. ഇതുരണ്ടും മലയാളികള്‍ കാലാകാലങ്ങളായി മുതലാക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇവയില്‍ രണ്ടാമത്തേത് -ടൂറിസം- ആണ് ഇവിടെ പ്രതിപദ്യവിഷയം. എത്രകാലത്തേക്കുകൂടി എന്ന ചോദ്യം കേരളാ ടുറിസത്തെ ചൂഴ്ന്നു നില്‍ക്കുന്ന വസ്തുതയില്‍ അധികംപേരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടാവുകയില്ല.


കേരളാ ടൂറിസത്തിനെ അധോഗതിയിലേയ്ക്കു നയിക്കുന്ന ഘടകങ്ങള്‍ വിശദീകരിക്കുന്നതിനുമുമ്പ് അതിനനൂകുലമായ ഘടകങ്ങള്‍ എന്തെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കടല്‍ത്തീരം, ഉള്‍നാടന്‍ ജലാശയങ്ങള്‍, നദികള്‍, കാടുകള്‍, വെള്ളച്ചട്ടങ്ങള്‍, മലകള്‍ എന്നിങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറയാമെങ്കിലും അതിലൊക്കെ ഉപരിയായ ആന്തരഘടനാ (infrastructure) വസ്തുതകളുണ്ട്. കേരളത്തിന്‍റെ ഉയര്‍ന്ന ജനസാന്ദ്രത സ്വാഭാവികമായും ടുറിസ വികസനത്തിനു വിഘാതമാവേണ്ടതാണെങ്കിലും അനന്യമായ ചില സവിശേഷതകള്‍ കേരളത്തെ വിനോദയാത്രാ സൗഹൃദ പ്രദേശമാക്കി നിലനിര്‍ത്തുന്നു.

ഒന്നാമതായി, കേരളത്തിലെ ജനസംഖ്യാവിതരണത്തിന്‍റെ പ്രത്യേകതയാണ്. ജനസംഖ്യാവിതരണത്തിലുള്ള ചുരുങ്ങിയ അന്തരം ഒഴികെ കേരളത്തില്‍ നഗര-ഗ്രാമ വൈജാത്യം തുലോം പരിമിതമാണ്. നഗരങ്ങളും പട്ടണങ്ങളും ഉണ്ടെങ്കിലും കാര്യമായ നഗരവല്‍ക്കരണം നടന്നിരുന്നില്ല എന്നു പറയാം. നഗരങ്ങള്‍പോലെതന്നെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. അതേപോലെ തന്നെ ഉള്‍നാടുകളേപ്പോലും ബന്ധിപ്പിക്കുന്ന റോഡ് ശ്രംഖലയും കേരളത്തിനുണ്ട്. ഇത് മറ്റനേകം അനുകൂല്യങ്ങളോടൊപ്പം ലോകമെങ്ങും നഗരവത്കരണത്തിന്‍റെ ശാപമായ ചേരികളുടെ (slum) രൂപീകരണം കേരളത്തില്‍ ഇല്ലാതാക്കി. വ്യോമ-റെയില്‍വേ സമ്പര്‍ക്കത്തിന്‍റെ ആനുകൂല്യം ഇതിനു പുറമെയാണ്.

രണ്ടാമതായി, രണ്ടര സഹസ്രാബ്ദകാലത്തെ അന്തര്‍ദേശീയ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്ത കേരളത്തിന്‍റെ സാര്‍വജനീന സംസ്കാരമാണ്. ഭാഷയും ഭക്ഷണവും വര്‍ണ്ണവും വംശവും മലയാളിക്കു പ്രശ്നമല്ല. സഹസ്രാബ്ദങ്ങല്‍ക്കുമുമ്പ് കടല്‍കടന്നെത്തിയ വിവിധദേശക്കാരെപ്പോലെ ഇന്നും ഏതു ദേശക്കാര്‍ക്കും കേരളത്തിലേയ്ക്കു കടന്നുവരാം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും വംശീയ വേര്‍തിരിവുകളും ഇല്ലാത്ത, സംഘര്‍ഷരഹിതമായ, താരതമ്യേന ശാന്തമായ അന്തരീക്ഷവും ടൂറിസത്തിന് അനുകൂല ഘടകമാണ്.

മൂന്നമാതായി കേരളത്തിലെ ദര്‍ശനവിശേഷങ്ങളുടെ വൈവിദ്ധ്യമാണ്. തെക്കെുവടക്ക് കഷ്ടിച്ച് 650 കിലോമീറ്ററും കിഴക്കുപടിഞ്ഞാറ് കേവലം 150 കിലോമീറ്ററും മാത്രം വ്യാപ്തിയുള്ള കേരളത്തിന്‍റെ ഭൂപ്രകൃതി വൈവിദ്ധ്യമാര്‍ന്നതാണ്. അതോടൊപ്പംതന്നെ നഗര-ഗ്രാമ വിത്യാസം കൂടാതെ പ്രകടമാകുന്ന ഹരിതകമ്പളവും കേരളത്തെ വേറിട്ട കാഴ്ചയാക്കുന്നു. ഇന്ന്, ഈ കൊച്ചു കേരളത്തില്‍ത്തന്നെ നൂതനമായ ദൃശ്യ സൗന്ദര്യങ്ങള്‍ സഞ്ചാരികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇവയൊക്കെയാണ് കേരളാ ടൂറിസത്തിന്‍റെ നാരായവേരുകള്‍.

പക്ഷേ ഈ വേരുപടലം അതിവേഗം ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദ്രവീകരണത്തിനു പല ഉത്തരവാദികള്‍ ഉണ്ട്. സര്‍ക്കാര്‍, ഉദ്യോഗസ്ഥവൃന്ദം, ആര്‍ത്തിപൂണ്ട ബിസിനസുകാര്‍, ആത്യന്തികമായി മലയാളികള്‍ മുഴുവനും ഇതിനു സമാധാനം പറയേണ്ടിയിരിക്കുന്നു. ആ ജീര്‍ണ്ണതയിലേയ്ക്കു കടക്കുംമുമ്പ് ടൂറിസം അഥവാ വിനോദസഞ്ചാരം എന്താണന്നു നിര്‍വചിക്കേണ്ടിയിരിക്കുന്നു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വന്നിറങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങളില്‍ സഞ്ചരിക്കുന്ന വെളുത്തതൊലിയുള്ള വരേണ്യവര്‍ഗം മാത്രമാണ് ടൂറിസ്റ്റുകള്‍ എന്ന മിദ്ധ്യാധാരണയാണ് മിക്കവരും വെച്ചുപുലര്‍ത്തുന്നത്. മദ്യനയത്തെക്കുറിച്ചു തുടരുന്ന ചര്‍ച്ചകളിലും പ്രകടമാകുന്നത് ഈ കാഴ്ചപ്പാടാണ്. ഇതു തികച്ചും തെറ്റായ ഒരു നിരീക്ഷണമാണ്. ഗാര്‍ഹിക- വ്യാപാര ആവശ്യങ്ങള്‍ക്കൊഴികെ നടത്തുന്ന എല്ലാ യാത്രയും ടൂറിസത്തിന്‍റെ പരിധിയില്‍ വരും. ഒരു കൊച്ചീക്കാരന്‍ കോടനാട് ആനക്കൂടോ, ഭൂതത്താന്‍കെട്ടോ സന്ദര്‍ശിക്കുന്നതും ടൂറിസമാണ്. പക്ഷേ ആ രീതിയില്‍ അവ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സത്യം. എന്നുമാത്രമല്ല, കണ്ണായ കാഴ്ചനിലങ്ങള്‍ ഇന്ന് വന്‍കിടകള്‍ക്കു ചാര്‍ത്തിക്കൊടുത്ത് സാധാരണക്കാരന് അവയെ അപ്രാപ്യമാക്കുകയാണ്. ഇത് തികച്ചും തെറ്റായ പ്രവണതയാണ്. ഇനി ജീര്‍ണ്ണതകളിലേയ്ക്ക്.

ഒന്നാമതായി, ഭൂമിക്കുണ്ടാക്കുന്ന ഭാവവിത്യാസങ്ങളാണ്. കൃത്രിമമായി നിര്‍മ്മിച്ച സൃഷ്ടികളല്ല കേരളത്തിന്‍റെ സഞ്ചാരാകര്‍ഷണം, മറിച്ച് സ്വാഭാവികമായ പ്രകൃതിഭംഗിയാണ്. കാടുകള്‍ വെട്ടിത്തെളിച്ചും, കുന്നുകള്‍ ഇടിച്ചു നിരത്തിയും, നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിയും, കണ്ടല്‍കാടുകള്‍ കൈയ്യേറിയും, ജലായശങ്ങളെ വിഷലിപ്തമാക്കിയും കേരളം അതിദ്രുതം മരുഭൂമി ആക്കുകയാണ്. ഇതോടൊപ്പം ആര്‍ത്തിപൂണ്ട കെട്ടിടനിര്‍മ്മാതാക്കള്‍ ബോധപുര്‍വം സൃഷ്ടിക്കുന്ന നഗരവല്‍ക്കരണം അനാവശ്യ നിര്‍മിതികള്‍ പെരുപ്പിക്കുക മാത്രമല്ല, നഗരങ്ങളുടെ ഹരിതമേലാപ്പ് കീറിമുറിക്കുകയുമാണ്. അതോടൊപ്പംതന്നെ ആസൂത്രിത പ്രചരണത്തിലൂടെ കേരളത്തിന്‍റെ നഗര-ഗ്രാമ ജനസംഖ്യാ സന്തുലനവും ബോധപൂര്‍വം ഈ പ്രക്രിയ നശിപ്പിക്കുന്നു. സസ്യസമൃദ്ധിയും ജലസമൃദ്ധിയും ഭൂപ്രകൃതിയുമാണ് കേരളത്തിന്‍റെ മുഖമുദ്ര. അതില്ലാതായാല്‍? ഉദാഹരണത്തിന് കുട്ടനാടന്‍ വയലേലകള്‍ റിസോര്‍ട്ടുകളായി മാറുകയും, വേമ്പനാട്ടുകായല്‍ മല്‍സ്യരഹിതമാവുകയും ചെയ്താല്‍പിന്നെ അങ്ങോട്ട് ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കുമോ?

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തികച്ചും പ്രതിക്കൂട്ടിലാണ്. ദീര്‍ഘകാലവിക്ഷമില്ലാതെ നടപ്പാക്കുന്ന പദ്ധതികള്‍ കേരളാ ടൂറിസത്തെ മാത്രമല്ല, ആവാസ വ്യവസ്ഥയെക്കൂടി ഇല്ലാതാക്കുകയാണ്. മണ്ണെടുപ്പിനും, നീര്‍ത്തടനികത്തിനും വന്‍കിട ക്വാറികള്‍ക്കും നല്‍കുന്ന അനുമതി മുതല്‍ അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കായുള്ള ചിലരുടെ ആക്രാന്തംവരെ ഇതിനു ഉദാഹരണങ്ങളാണ്. വെള്ളച്ചാട്ടവും കാനനഭംഗിയുമില്ലങ്കില്‍ പിന്നെന്തു ആതിരപ്പള്ളി? അശാസ്ത്രീയ നയംകൊണ്ടു ശാസ്താംകോട്ടക്കായല്‍ വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഭുമിയിലെ വൃക്ഷങ്ങള്‍ ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ് ദിനംപ്രതി വെട്ടിനിരത്തുകയാണ്. എന്തിനധികം! ഒരു കളക്ട്രേറ്റ് വളപ്പിലെ പ്രശസ്തമായ ശലഭോദ്യാനം ഒറ്റദിവസംകൊണ്ട് എതാണ്ട് പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്തത് സമീപകാലത്താണ്!

അതേപോലെ അപകടകരമായ പ്രവണതയാണ് കേരളത്തിലെ ഉയര്‍ന്ന മേഖലകളില്‍ പുറമ്പോക്കുഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കാനുള്ള നീക്കം. താമസമന്യെ കൈമറിഞ്ഞ് അവ റിയല്‍ എസ്റ്റേറ്റ് മാഫിയാകളുടെ കൈയ്യുലെത്തുമെന്ന വസ്തുത അവിടെ നില്‍ക്കെട്ട, അത്തരമൊരു നീക്കം ഹില്‍സ്റ്റേഷനുകളുടെ ആകര്‍ഷണമായ താഴ്ന്ന താപനിലയേപ്പോലും പ്രതികൂലമായി ബാധിക്കും. വന്‍കിട തോട്ടമുടമകളില്‍നിന്നും പിടിച്ചെടുത്ത മിച്ചഭൂമി കൃഷി ചെയ്തതാണങ്കില്‍ സര്‍ക്കാര്‍വക പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ അവ തോട്ടമായിത്തന്നെ സംരക്ഷിക്കുന്നതാവും കാര്‍ഷിക മേഖലയ്ക്കെന്നല്ല ടൂറിസം മേഖലയ്ക്കുപോലും അഭികാമ്യം.

രണ്ടാമത്തെ പ്രശ്നം മാലിന്യമാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും പാതയോരങ്ങളും മാലിന്യംകൊണ്ടു നിറഞ്ഞിരിക്കുകയാണ്. വേമ്പനാട്ടുകായലില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന ദുര്‍ഗന്ധംമൂലം ടൂറിസ്റ്റ് കേന്ദ്രമായ തണ്ണിര്‍മുക്കം ബണ്ടില്‍ ഒരു മിനിട്ടു തികച്ചു നില്‍ക്കാനാവില്ല. കമ്പോളവല്‍ക്കരണത്തിന്‍റെയും ആധുനികതയുടെയും ഉപോല്പന്മാണ് ഇത് എന്നു പറഞ്ഞ് കൈ കഴുകിയിട്ടു കാര്യമില്ല. മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും ഉള്ള സംവിധാനം ഉടന്‍ ഉണ്ടായെ തീരു. സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരം പഴിചാരുകയല്ല വേണ്ടത്, പകരം പ്രായോഗിക സമീപനം സ്വീകരിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിക്കടക്കുന്ന മാലിന്യം നീക്കം ചെയ്യുകയും തുടര്‍ന്ന് നിശ്ചിതകാലയളവുകളില്‍ അവ ഒഴിവാക്കാനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കുകയുംവേണം. കോടിക്കണക്കിനു രൂപ പ്രതിവര്‍ഷം പാഴാക്കുന്ന തൊഴിലുറപ്പു പദ്ധതി എന്തുകൊണ്ട് ഇതിനു ഉപയോഗിച്ചുകൂടാ? എന്തിനും ഏതിനും കേരളത്തിലെ ഒറ്റമൂലിയായ നിരോധനം ഒന്നും ഫലപ്രദമല്ല. വ്യക്തമായ കര്‍മ്മപദ്ധതിയാണ് വേണ്ടത്.

തല്‍ക്കാലം പ്രശ്നമില്ലങ്കിലും കേരളത്തില്‍ അസഹിഷ്ണുത പതുക്കെ വളര്‍ന്നുവരികയാണന്നത് ഒരു നഗ്ന യാഥാര്‍ത്ഥ്യമാണ്. മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും മറപിടിച്ച് മനുഷ്യരുടെ ഭക്ഷണ-വസ്ത്ര സംസ്കാരം നിയന്ത്രിക്കാനുള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും പലകോണുകളിലും ഉയരുന്നുണ്ട്. അതേപോലെ സദാചാര ഗുണ്ടായിസവും. തല്‍ക്കാലം വിദേശികള്‍ ഇതില്‍നിന്നും വിമുക്തരാണെങ്കിലും നാളെ അവരുടെമേലും ഈ കഴുകന്‍കണ്ണുകള്‍ വിഴാനിടയുണ്ട്. പലപ്പോഴും നിയമപാലകര്‍ ഇരകള്‍ക്കുപകരം വേട്ടക്കാരായ സദാചാര ഗുണ്ടകളോടൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈദൃശ്യ പ്രവണതകള്‍ കര്‍ശനമായി തടയണം. മതത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ പേരില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സദാചാര ഗുണ്ടായിസത്തിനു പ്രേരിപ്പിക്കുന്നവരും കഠിനമായി ശിക്ഷിക്കപ്പെടണം. ഇതു നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ഇതാണ് മൂന്നാമത്തെ പ്രതിസന്ധി.

നാലാമതായി, കേരള സന്ദര്‍ശനത്തിന്‍റെ ഭീമമായ ചിലവാണ്. ഇന്ത്യയിലും വിദേശത്തും വടക്കേ ഇന്ത്യയില്‍നിന്നും ഇടത്തരക്കാര്‍ക്കായി പാക്കേജ് ടൂര്‍ സംഘടിപ്പിക്കുന്നവരുടെ അഭിപ്രയത്തില്‍, പല വിദേശ പാക്കേജുകളേക്കാള്‍ ചിലവേറിയതാണ് കേരളയാത്ര. ഭക്ഷണം, താമസം, യാത്ര മുതലായവയ്ക്കുള്ള ചിലവുകള്‍ കേരളത്തില്‍ വളരെ കൂടുതലാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തു ചെയ്യാനാവുമെന്ന് അടിയന്തിരമായി പരിശോധിക്കണം. എറ്റവും കുറഞ്ഞപക്ഷം കുടിവെള്ളം, ശുചിയുള്ള ശുചിമുറികള്‍ ഇവ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ഉടനടി സ്ഥാപിക്കണം.

നിരന്തരമായി അപകടങ്ങള്‍ സംഭവിച്ചിട്ടും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മുന്നറിയിപ്പുകളോ, സംരക്ഷണവേലികളോ സ്ഥാപിക്കാന്‍ നടപടി എടുത്തിട്ടില്ല. ജീവന്‍രക്ഷാ-സുരക്ഷാ ജീവനക്കാരുമില്ല. പെറ്റിക്കേസ് ചുമത്താനുള്ള വാഹന പരിശോധന ഒഴികെ മിക്ക ഇടങ്ങളിലും സര്‍ക്കാര്‍ സാന്നിദ്ധ്യമേ ഇല്ലന്നു പറയാം. ഇത് അത്യന്തം ആശങ്കാജനകമാണ്. തുടര്‍ച്ചയായുള്ള അപകടവാര്‍ത്തകള്‍ കേരളത്തിന്‍റെ ടൂറിസം മേഖലയെ മൊത്തത്തില്‍ തളര്‍ത്തും.

അഞ്ചാമതായി, കേരളാ ടൂറിസത്തിനെതിരായി ശക്തമായ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വസ്തുതയാണ്. ഇതു കേരളത്തിനകത്തും പുറത്തുമുണ്ട്. കഴിഞ്ഞ വര്‍ഷം നായസ്നേഹികളുടെ പേരില്‍ വന്‍തോതില്‍ നടന്ന ഹേറ്റ് കേരള ക്യാമ്പയിനു പിന്നില്‍ ചില ടൂറിസം ലോബികളായിരുന്നു എന്ന് തെളിവുസഹിതം ആരോപണമുണ്ട്. കേരളത്തിനുള്ളില്‍ - കുറച്ചുകൂടി വ്യക്തമാക്കിയാല്‍ - സര്‍ക്കാരിനുള്ളിലും ഇത്തരം കേരള വിരോധികളുണ്ട്. തൃശൂര്‍പൂരം ഇല്ലായ്മ ചെയ്യാന്‍ നിരന്തരമായി നടക്കുന്ന ശ്രമംതന്നെ ഉദാഹരണം. ഇവിടെ കഥാപാത്രം ആനയാണന്നുമാത്രം. അവരൊക്കെ സേവിക്കുന്നത് ആരെയെന്നു തിരക്കിയാല്‍ മതി.

ഭൂരിപക്ഷവും സ്വകാര്യ സംരംഭകര്‍ ലാഭം കൊയ്യുന്ന ടൂറിസം മേഖലയില്‍ എന്തിനു സര്‍ക്കാര്‍ ഇടപെടുകയും മുതല്‍മുടക്കുകയും ചെയ്യണം എന്ന ചോദ്യം ന്യായമായും ഉയരും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലയെ അതു ചലനാത്മകമാക്കുന്നു എന്നതിലുപരി ടൂറിസ വരുമാനത്തിന്‍റെ ആത്യന്തിക ഗുണഭോക്താവ് സര്‍ക്കാരാണ്. ഇതു മനസിലാക്കാന്‍ ശ്രീ വെട്ടൂര്‍ രാമന്‍ നായര്‍ തന്‍റെ പുരിമുതല്‍ നാസിക്ക് വരെ എന്ന യാത്രാവിവരണത്തില്‍ കാശി, പുരി, ഭുവനേശ്വരം മുതലായ സ്ഥലങ്ങളിലെ പാണ്ഡകളെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ഒരു നിരീക്ഷണം നോക്കിയാല്‍ മതി. ... നിങ്ങള്‍ ഒരു ഭക്തനാണങ്കില്‍ ദക്ഷിണയോ ദാനമോ ചെയ്യും. ഒരസന്മാര്‍ഗ്ഗിയാണെങ്കില്‍ അവിടുത്തെ കുപ്രസിദ്ധങ്ങളായ വേശ്യാലയങ്ങളില്‍ പോകും. ആരുതന്നെയായാലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയോ സൈക്കിള്‍ റിക്ഷകളില്‍ സഞ്ചരിക്കുകയോ ചെയ്യും. ഇതിലെന്തായാലും അതില്‍ ഒരു വീതം പാണ്ഡകള്‍ക്കു ചെല്ലും. കാരണം ഈ സ്ഥലങ്ങളില്‍ അവര്‍ വേശ്യാലയങ്ങളോ ഹോട്ടലുകളോ നടത്തുകയും, സൈക്കിള്‍ റിക്ഷകളോ കുതിരവണ്ടികളോ തീര്‍പ്പിച്ചു കൂലിക്കു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ ഇരുന്നു സംസാരിച്ച ഹോട്ടല്‍തന്നെ ഒരു പാണ്ഡെയുടേതാണത്രെ. ഭുവനേശ്വരത്തു ഞങ്ങള്‍ ഉപയോഗിച്ച സൈക്കിള്‍ റിക്ഷ ഒരു പാണ്ഡയുടെ വകയാണന്നു മനസിലാക്കാന്‍ കഴിഞ്ഞു. ... ഇവിടെ നികുതി എന്ന ഒറ്റപദം ഉപയോഗിച്ചാല്‍ ഈ താരതമ്യത്തിനു പിന്നെ വിശദീകരണം ആവശ്യമില്ല.

ഓര്‍ക്കുക! കേരളത്തിന്‍റെ ഇന്നേക്കും നാളേയ്ക്കുമുള്ള കുരുതിവെപ്പാണ് ടൂറിസം. ആ വിത്തുകുത്തി പൂട്ടടിക്കരുത്. അതു സര്‍ക്കാരായാലും ജനമായാലും! കുറെ ഉന്നതഉദോഗസ്ഥരെ നിയമിക്കുകയല്ല ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ചെയ്യേണ്ടത്. പകരം സുരക്ഷയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്.

വാല്‍ക്കഷണം - കേരളത്തിലെ ഒരു ഉള്‍നാടന്‍ പാതയോരത്ത് നാട്ടുകാര്‍ വികസിപ്പിച്ചെടുത്ത ഒരു സായ്ഹ്ന വിശ്രമകേന്ദ്രം. നീണ്ടു നിവര്‍ന്ന പാതയും തണല്‍ വൃക്ഷങ്ങളും ഇരുവശങ്ങളിലും പരന്നുകിടക്കുന്ന പാടശേഖരവുമാണ് ആകര്‍ഷണം. ഈ പാടശേഖരം നികത്താന്‍ കരാറെടുത്തത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉയര്‍ന്ന പിടിയുള്ള ജില്ലയിലെ ഏറ്റവും വലിയ ഗുണ്ടാനേതാവ്. ആ പാടങ്ങളേയും വിശ്രമകേന്ദ്രത്തേയും രക്ഷിച്ചത് അഴിമതിരഹിതനായ ഒരു വില്ലേജ് ഓഫീസറുടെ കര്‍ശന നിലപാട്. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിച്ചത് ശക്തമായ സ്വന്തം രാഷ്ട്രീയ പശ്ചാത്തലവും. എന്താല്ലേ?

(സാമൂഹ്യനിതി മാസിക - ഒക്ടോബര്‍ 2016)

Read More >>