ഗുര്‍മെഹര്‍ പറഞ്ഞതും സേവാഗിനു തിരിഞ്ഞതും

തന്റെ പിതാവിനെ കൊന്നതു പാക്കിസ്ഥാന്‍ അല്ല, യുദ്ധമാണ് എന്ന് പറയുമ്പോള്‍, ഗുര്‍മെഹര്‍ വിരല്‍ ചൂണ്ടുന്നത് യുദ്ധം എന്ന സാര്‍വ്വലൗകികമായ സങ്കല്പത്തിനെതിരെ (Universal concept of War) ആണ്. ഗുര്‍മെഹര്‍ ലോജിക്ക്’ അനുസരിച്ച് സേവാഗിന്റെ വാദം ശരിയാകണമെങ്കില്‍ ‘I didn’t score two triple centuries, but cricket did.’ എന്ന് സേവാഗ് തിരുത്തേണ്ടി വരും. എന്തെന്നാല്‍, ആത്യന്തികമായി, ക്രിക്കറ്റ് എന്ന കളിയാണ് സേവാഗിന്റെ ട്രിപ്പിള്‍ സെഞ്ചുറിയ്ക്ക് കാരണം. അതിനയാള്‍ ഉപയോഗിച്ച ബാറ്റ് അഡിഡാസിന്റേതാകാം, റീബോക്കിന്റേതാകാം, അങ്ങനെ ഏത് ബ്രാന്‍ഡിന്റെ വേണമെങ്കിലുമാകാം. കളിച്ചത് ഏത് ടീമിനെതിരെയും ഏത് ഗ്രൗണ്ടിലുമാകാം. എന്നാല്‍ ആത്യന്തികമായി ആ സെഞ്ചുറികളുടെ ഒരേയൊരു ഹേതു ക്രിക്കറ്റ് എന്ന ഗെയിമാണ്.

ഗുര്‍മെഹര്‍ പറഞ്ഞതും സേവാഗിനു തിരിഞ്ഞതും

കെ എസ് ബിനു

ഗുർമെഹർ കൗറിന്റെ വീഡിയോ സന്ദേശത്തിലെ "എന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല, യുദ്ധമാണ്" എന്ന "വിവാദ" വാചകത്തിനെ "അനുകരിക്കാൻ ശ്രമിയ്ക്കുന്ന" അനവധി ഉദാഹരണങ്ങൾ വീരേന്ദർ സേവാഗ് ഉൾപ്പെടെ പലരും പുറത്തിറക്കിയിട്ടുണ്ട്, ഇറക്കുന്നുമുണ്ട്. അവയൊക്കെ യഥാർത്ഥത്തിൽ നിലനിൽക്കുന്ന താരതമ്യങ്ങളാണോ എന്നറിയാൻ അതിലൊരു ഉദാഹരണത്തെ ഒരു കേസ് സ്റ്റഡി എന്ന നിലയിൽ നമുക്ക് പരിശോധിച്ചു നോക്കാം.

"ഞാനല്ല, എന്റെ ലാപ്ടോപ്പാണ് ഈ കമന്റ് പോസ്റ്റ് ചെയ്തത്."


ഈ ഉദാഹരണം ഒരു സ്ട്രോമാൻ ഫാലസിയാണ്. അതായത്, ഒരു വാദം മുൻപോട്ട് വയ്ക്കുമ്പോൾ അതിനെ തള്ളിപ്പറയാനായി, അതുപോലെയെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന, എന്നാൽ അതേ യുക്തി അല്ലാത്ത ഉദാഹരണം എതിർവാദമായി ഉന്നയിക്കുന്ന തർക്കപ്പിഴവ്. വിശദീകരിക്കാം.

പാക്കിസ്ഥാൻ അല്ല, യുദ്ധമാണ് എന്ന് പറയുമ്പോൾ, ഗുർമെഹർ വിരൽ ചൂണ്ടുന്നത് യുദ്ധം എന്ന സാർവ്വലൗകികമായ സങ്കല്പത്തിനെതിരെ (Universal concept of War) ആണ്. അതിന് ഇന്ത്യയെന്നോ പാക്കിസ്ഥാനോ ഇല്ല. അമേരിക്കയെന്നോ ഇറാക്കെന്നോ ഇല്ല. അഥവാ, കക്ഷികൾ ആരെന്നോ കാരണമെന്തെന്നോ അല്ല പരിശോധിക്കുന്നത്, യുദ്ധം എന്ന പ്രക്രിയയുടെ കേവലാർത്ഥവും അതിന്റെ പ്രതിലോമകതയുമാണ്.

ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, "രണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുള്ള വിനാശകാരിയായ വൈരം" - അതാണ് യുദ്ധം. അത് ലോകമെങ്ങും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിൽ ലോകമെങ്ങും നിരന്തരം മനുഷ്യജീവനുകൾ പൊലിഞ്ഞുകൊണ്ടുമിരിയ്ക്കുന്നു. ഓരോ ഇടത്തിൽ, ഓരോ കാലത്തിൽ, അതിന്റെ കാര്യകാരണങ്ങൾ വ്യത്യസ്തമാവാം, എന്നാൽ അതിന്റെ ആത്യന്തികമായ അനന്തരഫലം ലോകത്തെല്ലായിടത്തും ഒന്നാണ് - രക്തച്ചൊരിച്ചിലും ജീവനഷ്ടവും സാമ്പത്തിക നഷ്ടവും ദുഃഖവും.

പുരോഗതിയെ മന്ദഗതിയിലാക്കുന്ന ഈ ഋണാത്മക അനന്തരഫലം മാത്രം മുൻപോട്ട് വയ്ക്കാനുള്ള, മനുഷ്യരെ തമ്മിൽ അകറ്റുന്ന "യുദ്ധം" എന്ന സ്ഥലകാലങ്ങൾക്ക് അതീതമായ പൈശാചിക സങ്കല്പത്തെയാണ് ഒന്നാമതായും പ്രധാനമായും ആത്യന്തികമായും ഗുർമെഹർ വിമർശിയ്ക്കുന്നത്. അവൾ ജീവിക്കുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലായതിനാൽ, അവിടെ വൈരമുള്ളത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലായതിനാൽ, അവൾ ഇന്ത്യയോടും പാക്കിസ്ഥാനോടും അപേക്ഷിയ്ക്കുന്നു, നിങ്ങൾ തമ്മിലുള്ള കുടിപ്പക നിർത്തുക എന്ന്. ഗുർമെഹർ ജനച്ചിരുന്നത് പലസ്തീനിലോ ഇസ്രായേലിലോ ആയിരുന്നെങ്കിൽ അവർ അവരോടായിരിയ്ക്കും ഇതേ കാര്യം പറയുക. അമേരിക്കയിലോ ഇറാക്കിലോ ആയിരുന്നെങ്കിൽ അവരോടും. Again, in short, യുദ്ധം എന്ന ആഗോളവിപത്തിനെയാണ് ഗുർമെഹർ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ഇനി ലാപ്ടോപ്പിന്റെ ഉദാഹരണം ഗുർമെഹറിന്റെ വാചകവുമായി താരതമ്യം ചെയ്യാം. ഗുർമെഹറിന്റെ പ്രസ്ഥാവനയിലെ കർത്താവ് "യുദ്ധം" ആണ് - ശ്രദ്ധിക്കുക, പാക്കിസ്ഥാനോ പാക്കിസ്ഥാന്റെ പട്ടാളമോ പാക്കിസ്ഥാന്റെ ആയുധമോ അല്ല. ആ ലോജിക്ക് അനുസരിച്ച് ലാപ്ടോപ്പ് വാദം ശരിയാകണമെങ്കിൽ/ഗുർമെഹറിന്റെ വാദത്തിനുള്ള കൃത്യമായ എതിർവാദം ആകണമെന്നുണ്ടെങ്കിൽ, "ഞാനല്ല, സാങ്കേതിക വിപ്ലവമാണ് ഈ കമന്റ് പോസ്റ്റ് ചെയ്തത്" എന്ന് പറയേണ്ടി വരും. അതായത് ഗുർമെഹറിന്റെ യുക്തി അനുസരിച്ച് നിങ്ങളുടെ കമന്റിന്റെ ഉത്തരവാദി/കർത്താവ് Technological revolution എന്ന universal phenomenon, ആഗോള പ്രതിഭാസമാണ്. നിങ്ങളുടെ കമന്റ് ടൈപ്പ് ചെയ്യപ്പെട്ട ലാപ്ടോപ്പ് തോഷിബ ആകാം, ലെനവോ ആകാം, ആപ്പിൾ ആകാം, അങ്ങനെ ഏത് ഇലക്ട്രോണിക് കമ്പനിയുടേതുമാകാം. നിങ്ങളുടെ ലാപ്ടോപ്പിൽ ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം വിൻഡോസോ ലിനക്സോ മാക്കോ ആകാം. എന്നാൽ ആത്യന്തികമായി നിങ്ങൾ കമന്റ് ചെയ്യുവാൻ ഒറ്റ കാരണമേയുള്ളു - സാങ്കേതികവിദ്യ.

ഇതേപോലെതന്നെ വീരേന്ദർ സേവാഗിന്റെ വാദത്തെയും പരിശോധിക്കാം. "ഗുർമെഹർ ലോജിക്ക്" അനുസരിച്ച് സേവാഗിന്റെ വാദം ശരിയാകണമെങ്കിൽ "I didn't score two triple centuries, but cricket did." എന്ന് സേവാഗ് തിരുത്തേണ്ടി വരും‌. എന്തെന്നാൽ, ആത്യന്തികമായി, ക്രിക്കറ്റ് എന്ന കളിയാണ് സേവാഗിന്റെ ട്രിപ്പിൾ സെഞ്ചുറിയ്ക്ക് കാരണം. അതിനയാൾ ഉപയോഗിച്ച ബാറ്റ് അഡിഡാസിന്റേതാകാം, റീബോക്കിന്റേതാകാം, അങ്ങനെ ഏത് ബ്രാൻഡിന്റെ വേണമെങ്കിലുമാകാം. കളിച്ചത് ഏത് ടീമിനെതിരെയും ഏത് ഗ്രൗണ്ടിലുമാകാം. എന്നാൽ ആത്യന്തികമായി ആ സെഞ്ചുറികളുടെ ഒരേയൊരു ഹേതു ക്രിക്കറ്റ് എന്ന ഗെയിമാണ്.

Very similarly, ഗുർമെഹറിന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാൻ സിവിലിയനോ പാക്കിസ്ഥാൻ പട്ടാളമോ പാക്കിസ്ഥാൻ തീവ്രവാദിയോ ആകാം. അതിനവർ ഉപയോഗിച്ചത് ബോംബോ തോക്കോ മിസൈലോ ആകാം. എന്നാൽ, നിങ്ങളുടെ കമന്റിന് മൂലകാരണമായ സാങ്കേതിക വിപ്ലവത്തെപ്പോലെ, സേവാഗിന്റെ സെഞ്ചുറിയ്ക്ക് മൂലകാരണമായ ക്രിക്കറ്റ് എന്ന ഗെയിമിനെപ്പോലെ, ആത്യന്തികമായി ഗുർമെഹറിന്റെ അച്ഛന്റെ മരണത്തിന്റെ മൂലകാരണം ഒരേയൊരു സംഗതിയാണ് - "യുദ്ധം".

സ്വപിതാവിന്റെ മരണകാരണമായ ആ "യുദ്ധം എന്ന കേവലസങ്കല്പത്തെ" (war as an absolute notion) ഗുർമെഹർ എതിർക്കുന്നു. ആ എതിർപ്പിന്റെ വാക്കുകൾക്ക് ഇന്ത്യ യുദ്ധം തുടങ്ങിവച്ചു എന്ന് അർത്ഥമില്ല. പാക്കിസ്ഥാൻ മനഃപൂർവ്വം ഇന്ത്യയെ ആക്രമിക്കുന്നില്ല, അല്ലെങ്കിൽ ഇന്ത്യയിൽ നുഴഞ്ഞുകയറുന്നില്ല എന്ന് അർത്ഥമില്ല. സമാധാന ചർച്ചകൾക്ക് ഇന്ത്യ ഇതുവരെ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്നോ പാക്കിസ്ഥാൻ ആ ശ്രമങ്ങൾക്ക് തുരങ്കം വച്ചിട്ടില്ല എന്നോ അർത്ഥമില്ല.

പ്രശ്നം തീർക്കുവാൻ ഇന്ത്യയായിട്ട് മുൻ കൈയ്യെടുത്ത് നടത്തിയ എല്ലാ ശ്രമങ്ങളെയും പാക്കിസ്ഥാൻ പ്രോൽസാഹിപ്പിക്കുന്ന എല്ലാ തീവ്രവാദപ്രവർത്തനങ്ങളെയും കണ്ടുകൊണ്ടുതന്നെ ഗുർമെഹർ പറയുന്നു, പ്രശ്നം പരിഹരിക്കുവാൻ നിങ്ങൾ ഇരുവരും ആത്മാർത്ഥമായി മുന്നിട്ടിറങ്ങൂ, ശ്രമം തുടരൂ എന്ന്. എന്തെന്നാൽ പ്രശ്നം ആര് തുടങ്ങിവച്ചതാണെങ്കിലും, അതിലെന്തൊക്കെ ചർച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും അലസിപ്പോയിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അതിന്റെ ഫലം, തുടരുന്ന വൈരമാണ്, അഥവാ യുദ്ധമാണ്. രക്തചൊരിച്ചിലും ആൾനാശവും ധനനാശവും ദുഃഖവുമാണ്.

ആ പ്രശ്നപരിഹാരത്തിന് പാക്കിസ്ഥാൻ അവർ വളം വെച്ചുകൊടുക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. നുഴഞ്ഞുകയറ്റങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. വിഘടനപ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. ഒപ്പം, കശ്മീരിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക്, ക്രൂരമായ പട്ടാളനടപടികൾക്ക് ഇന്ത്യയും അറുതി വരുത്തേണ്ടതുണ്ട്. നിങ്ങളിരുവരും തയ്യാറാകൂ എന്ന് ഗുർമെഹർ പറയുമ്പോൾ ഈ കാര്യങ്ങൾക്കെല്ലാം പാക്കിസ്ഥാന്റെ നേതൃത്വവും ജനങ്ങളും തയ്യാറാകൂ എന്നും ഇന്ത്യയുടെ ഭരണകൂടവും പട്ടാളവും തങ്ങളുടെ അതിർത്തി ജനതയോട് കൂടുതൽ അനുഭാവമുള്ളവരാകൂ എന്നും അത് അർത്ഥമാക്കുന്നു. അങ്ങനെ, സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാവുന്ന എല്ലാ നീക്കങ്ങളും പുറകിലുപേക്ഷിച്ച് ഇരു രാജ്യങ്ങളും, അവയുടെ ഭരണകൂടങ്ങളും പട്ടാളങ്ങളും പൊതുസമൂഹങ്ങളും ആത്മാർത്ഥമായ സൗഹൃദം അതിർത്തികൾക്കതീതമായി സ്ഥാപിക്കൂ എന്നും അത് അർത്ഥമാക്കുന്നു.

അടുത്ത വാദം ഒരു എറ്റിമോളജിക്കൽ ഫാലസിയാണ്. എറ്റിമോളജിക്കൽ ഫാലസി എന്നാൽ ഭാഷാപ്രയോഗങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരുതരം അബദ്ധവാദമാണ്. അതായത്, ഒരു വാക്കിന് അതിന്റെ ഉൽഭവനിമിഷത്തിലുള്ള ഒരേയൊരു കേവലാർത്ഥമേ ചേരുകയുള്ളു എന്ന് താർക്കികൻ വാദിക്കുന്നു. സ്ഥലകാലങ്ങളും ചരിത്രവും സാമൂഹ്യശാസ്ത്രപരിണാമങ്ങളും ആ വാക്കിന് കൂടുതൽ വിശാലാർത്ഥങ്ങൾ നൽകിയിട്ടുണ്ടോ എന്നത് അയാൾ പരിഗണിക്കുകയേയില്ല. ഇവിടുത്തെ എറ്റിമോളജിക്കൽ ഫാലസി ക്യാപ്റ്റൻ മൻദീപ് സിംഗ് കൊല്ലപ്പെട്ടത് യഥാർത്ഥ യുദ്ധത്തിലല്ല, തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് എന്നതാണ്. അത് സ്ഥാപിക്കുന്നതിലേയ്ക്കായി കാർഗിൽ യുദ്ധം ഔദ്യോഗികമായി/സാങ്കേതികമായി അവസാനിച്ച തീയതിയും ക്യാപ്റ്റൻ മൻദീപ് സിംഗ് കൊല്ലപ്പെട്ട തീയതിയും ഉയർത്തി കാണിക്കപ്പെടുന്നുണ്ട്.

യുദ്ധം എന്ന വാക്കിന്റെ വിശാല മാനങ്ങളെക്കുറിച്ചുള്ള അറിവിന്റെ പരിമിതിയാണ് ഇവിടെ പ്രശ്നം. രണ്ട് അക്ഷൗഹിണികൾ/ട്രൂപ്പുകൾ ഇരുവശത്തും നിരന്ന് പരസ്പരം ഏറ്റുമുട്ടുന്നത് മാത്രമല്ല യുദ്ധം. ആ ഏറ്റുമുട്ടലിലേയ്ക്ക് നയിച്ച കുടിപ്പകയുടെ ഉൽഭവവും വളർച്ചയും, അതിന്റെ ഭാഗമായി ഇരു ഭാഗത്തെയും ജനങ്ങൾക്ക് പരസ്പരമുണ്ടാകുന്ന അമർഷം, ഏറ്റുമുട്ടലിന് മുൻപും ശേഷവും സിവിലിയൻ സമൂഹത്തിൽ മനഃശാസ്ത്രപരമായും ഫിസിക്കലായും ഇക്കണോമിക്കലായും ഉണ്ടാവുന്ന ഇറിപ്പയറബിൾ ഡാമേജ്, വരും കാലത്തിലേയ്ക്ക് ആ ഏറ്റുമുട്ടൽ കരുതിവയ്ക്കുന്ന ഗോത്രീയ വൈരം, ഇതെല്ലാം യുദ്ധമാണ്.

ഇവിടെ ഇന്ത്യയിൽത്തന്നെ അനവധി ആഭ്യന്തര യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജനവിഭാഗങ്ങൾ തങ്ങളുടെ മനസ്സുകളിൽ പരസ്പരം ചേരി തിരിഞ്ഞ് ഇതര സമുദായത്തെ ശത്രുസ്ഥാനത്ത് നിർത്തി ഉള്ളാലെ യുദ്ധം ചെയ്യുന്നു. അതിന്റെ അനുരണനങ്ങൾ കൊലകളും കലാപങ്ങളും വർഗ്ഗീയ വിദ്വേഷവുമായി പുറത്തു വരുന്നു. ഗുർമെഹറിനെ വിമർശിക്കുന്നവർ തന്നെ, ഒരു ഇന്റലക്ച്വൽ വാർ ഫെയറിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീവ്ര വലതുപക്ഷ വർഗ്ഗീയത എന്ന ആയുധത്തെ സ്യൂഡോ ദേശീയതയുടെ ചായം പൂശി സംഘപരിവാർ ചേരി ഗുർമെഹർ കൗറിനെതിരെ പ്രയോഗിക്കുന്നു. ഗുർമെഹറിന്റെ മഹത്തായ ആശയത്തെ അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവർ ഗുൽമെഹറിന്റെ പക്ഷം ചേർന്ന് ആ ആക്രമണത്തെ സ്വന്തം ധൈഷണികതയും യുക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുന്നു.

ചുരുക്കത്തിൽ, ഗുർമെഹറിന്റെ അച്ഛൻ യഥാർത്ഥത്തിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതല്ലെന്നും അവൾ സഹതാപ മുതലെടുപ്പിനായി കള്ളം പറയുകയാണെന്നും പറയുന്നവരുടെ പ്രശ്നം, ബയോളജിക്കൽ വാർ ഫെയറിന്റെയും ഇന്റലക്ച്വൽ വാർ ഫെയറിന്റെയും ഈ കാലത്തും, പുരാണ സീരിയലിലെ അമ്പുകൾ പരസ്പരം കൂട്ടിമുട്ടി തീയും പുകയും വരുന്ന ടൈപ്പ് യുദ്ധങ്ങൾ മാത്രമാണ് യുദ്ധമെന്ന് കരുതുന്നതാണ്. ഗുർമെഹർ പറഞ്ഞത് സത്യമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഇന്ത്യയും പാക്കിസ്ഥാനുമായി നടന്നുവരുന്ന നിരന്തര യുദ്ധമാണ് അവളുടെ പിതാവിനെ കൊന്നത്.

ഇനിയൊരു വാദഗതി ഉയരുന്നതിനെ അപ്പീൽ റ്റു ദ പ്രോബബിലിറ്റി എന്ന തർക്കപ്പിഴവ് ഗണത്തിൽ പെടുത്താവുന്നതാണ്. അപ്പീൽ റ്റു ദ പ്രോബബിലിറ്റി ഫാലസിയിൽ എന്തെങ്കിലുമൊന്ന് സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ നൂറുശതമാനവും അത് തന്നെ സംഭവിക്കും എന്ന് വാദിക്കുന്നു. ഇവിടെ അപ്പീൽ റ്റു ദ പ്രോബബിലിറ്റി ഫാലസി ഇതാണ്: "ഇന്ത്യ എത്ര തവണ മുന്നിട്ടിറങ്ങി, ഓരോ തവണയും പാക്കിസ്ഥാൻ സമാധാന ശ്രമങ്ങളുടെ കാലുവാരി, നമ്മുടെ എത്ര ജവാന്മാരെ അവർ ഓരോ ശ്രമങ്ങൾക്ക് ശേഷവും കൊന്നു, അതുകൊണ്ട് ഇതൊരിക്കലും നടക്കില്ല, ഇതൊരു മലർപ്പൊടി സ്വപ്നമാണ്!"

വാദം നിലനിൽക്കുന്നതാണെന്ന് സമർത്ഥിക്കുവാനായി മുൻപുണ്ടായ തിക്താനുഭവങ്ങളുടെ ഉദാഹരണങ്ങൾ നിരത്തുന്നു. അതുവഴി, ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനം ഉണ്ടാവാതിരിക്കാൻ സാധ്യത ഉള്ളതിനാൽ ഒരിക്കലും സമാധാനമുണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാൻ ശ്രമിയ്ക്കുന്നു. എല്ലാവർക്കും നല്ലത് മറിച്ച് സംഭവിക്കുക ആണെങ്കിലും അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളെ സ്ഥാപിതതാല്പര്യങ്ങൾ മുൻ നിർത്തി ഇവിടെ പരിഗണിക്കുന്നേയില്ല.

വാദത്തിന്റെ ന്യൂനത ഇങ്ങനെയൊക്കെയാണ്. അതവിടെ നിൽക്കട്ടെ. മനോഹരമായൊരു സ്വപ്നം, അതിനി നടക്കില്ലെങ്കിൽ തന്നെ, നീയെന്തിന് അങ്ങനെ സ്വപ്നം കാണുന്നു എന്ന് കുറ്റപ്പെടുത്തുന്നതെന്തിന്? സ്വപ്നത്തിലെങ്കിലും സമാധാനം കാംക്ഷിക്കുന്നത് തെറ്റാകുന്നതെങ്ങിനെ? ഏതായാലും, ഈ വാദത്തെ കൂടുതൽ വിശകലനം ചെയ്യുന്നതിലേയ്ക്കായി ഞാനിപ്പോൾ മറ്റൊരു കാര്യം പറയാം.

രണ്ടാം ലോക മഹായുദ്ധസമയം. ജർമ്മനി കീഴടങ്ങിയിട്ടും പഞ്ചമഹാശക്തികളെ എതിർത്തുനിന്ന ജപ്പാൻ എന്ന കൊച്ചു രാജ്യത്തിന്റെ ഏകദേശം 25 ശതമാനം വരുന്ന ജനതയെയും 1945-ൽ അമേരിക്കയുടെ ബോംബുകൾ തുടച്ചുനീക്കി. അതായത്, ഓരോ നൂറ് ജപ്പാൻകാരിൽ നിന്നും 25 പേരെ വീതം അമേരിക്ക കൊന്നുകളഞ്ഞു!!! മാത്രമല്ല, 67 ജാപ്പനീസ് നഗരങ്ങളെ ഇല്ലാതാക്കി. ഇന്ത്യ - പാക്കിസ്ഥാൻ വൈരത്തിന്റെ പരിണത ഫലങ്ങളെ അന്നത്തെ യുദ്ധം കൊണ്ട് ജപ്പാനുണ്ടായ നഷ്ടവുമായി താരതമ്യം ചെയ്താൽ ആനമുടിയും എവറസ്റ്റും തമ്മിലുള്ള വ്യത്യാസമുണ്ട്. പതിറ്റാണ്ടുകൾക്കിപ്പുറവും ജപ്പാന്റെ ജനത ആണവബോംബിന്റെ പരിണതഫലങ്ങൾ അനുഭവിക്കുന്നു. എന്നിട്ടും, ഇന്ന് അമേരിക്കയും ജപ്പാനും തമ്മിൽ വൈരമില്ല. അവർ തമ്മിൽ പല വ്യാപാര ഉടമ്പടികളും ഒപ്പു വയ്ക്കപ്പെടുന്നു, പല ടെക്നോളജികളും പങ്ക് വയ്ക്കപ്പെടുന്നു, അവരുടെ രാഷ്ട്രങ്ങൾ ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വികസിത രാജ്യങ്ങളായി, സൗഹാർദ്ദപൂർവ്വം വീണ്ടും പുരോഗതിയിലേയ്ക്ക് കുതിയ്ക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അതേ ഏഴു പതിറ്റാണ്ടിന്റെ നിരർത്ഥകമായ വൈരത്തിനിപ്പുറവും പരസ്പരം പകയോടെ ഓർത്തുകൊണ്ട്, അതിർത്തിയിൽ അനാവശ്യമായി പണവും പൗരസമ്പത്തും പാഴാക്കിക്കൊണ്ട് വികസ്വര രാജ്യങ്ങളായി തുടരുന്നു.

തങ്ങളുടെ അനേകം സൈനികരെ കൊന്നുതള്ളിയ ജപ്പാനെ അമേരിക്കയ്ക്ക് ഉൾക്കൊള്ളാമെങ്കിൽ, തങ്ങളെ മിക്കവറും ശിലായുഗത്തിലേയ്ക്കും വംശനാശത്തിലേയ്ക്കും തിരിച്ചുവിട്ട അമേരിക്കയോട് ജപ്പാന് ക്ഷമിക്കാമെങ്കിൽ, ഈ ലോകത്ത് ഏതൊരു രാജ്യം തമ്മിലും സൗഹൃദം സാധ്യമാണ്. ചരിത്രത്തിൽ ഇതുപോലെ അവിശ്വസനീയമായ സൗഹൃദങ്ങൾ അനേകമുണ്ട്. അവയൊക്കെ അസാധ്യതകളുടെ സംഭാവ്യതകൾക്ക് സാക്ഷ്യം പറയുമ്പോൾ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും സൗഹൃദം സാധ്യമാണ് എന്ന് സ്വപ്നം കാണുന്ന ഗുർമെഹർ എങ്ങനെയാണ് മലർപ്പൊടി സ്വപ്നക്കാരി ആവുക? അവളേക്കാൾ യാഥാർത്ഥ്യബോധത്തോടെ സ്വപ്നം കാണുന്നത് വേറെയാരാണ്?

അതിലൊക്കെ ഉപരി, രക്തച്ചൊരിച്ചിലല്ല, സമാധാനത്തിനാണ് ശ്രമിക്കേണ്ടത് എന്ന് പറയുന്നവൾ എങ്ങിനെയാണ് ദേശവിരുദ്ധ ആവുക? ഒരാൾ എല്ലാ കാലത്തേയ്ക്കുമുള്ള സാർവ്വലൗകിക സമാധാനത്തിനുവേണ്ടു വാദിയ്ക്കുമ്പോൾ, അത് ശരിയല്ല എന്ന് പറയുന്നവർ ആത്യന്തികമായി രക്തചൊരിച്ചിലിനാണ്, വൈരത്തിനാണ് കുടപിടിക്കുന്നത്. അവരാണ് യഥാർത്ഥ ദേശദ്രോഹികളും മാനുഷികവിരുദ്ധരും.

#ProfileForPeace

#Stand_With_Gurmehar_Kaur

Read More >>