ത്രില്ലോട് ത്രില്ലാണ് അങ്കമാലി ഡയറീസ്: 86 പുതുമുഖങ്ങളുടെ കട്ടക്കലിപ്പിന് കയ്യടി!

24 നോര്‍ത്ത് കാതം, ഗപ്പി, എസ്ര തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായ സി.വി സാരഥി നമ്മള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'അങ്കമാലി ഡയറീസ്' കണ്ടു. ആ കാഴ്ചയുടെ ആവേശം അദ്ദേഹം കുറിച്ചു- ഈ സിനിമ വിജയിച്ചില്ലെങ്കില്‍ വ്യത്യസ്തമായി ആരും സിനിമ നിര്‍മ്മിക്കുന്നില്ലെന്ന് പരിതപിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശമുണ്ടാകുകയുമില്ല.

ത്രില്ലോട് ത്രില്ലാണ് അങ്കമാലി ഡയറീസ്: 86 പുതുമുഖങ്ങളുടെ കട്ടക്കലിപ്പിന് കയ്യടി!

സി.വി സാരഥി 

അങ്കമാലി ഡയറീസ് കണ്ടു.പടം വിജയിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ ഞാന്‍ പ്രവാചകനോ ഭാവി പ്രവചിക്കുന്നവനോ അല്ല. പ്രൊഡക്ഷന്‍ ബോയ് മുതല്‍ നായകന്‍ വരെ തങ്ങളുടെ ഭാഗം കൃത്യമായും ഭംഗിയായും നിര്‍വഹിച്ചിരിക്കുന്നു. അവരെല്ലാവരും ഒരേ മനസ്സോടെ ചിത്രത്തിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സന്തോഷം തോന്നുന്ന കാര്യമാണിത്. ഈ ചിത്രത്തിന്റെ മുഴുവന്‍ അണിയറക്കാരൊടൊപ്പമാണ് ഞാന്‍ ഈ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടത്.


[caption id="" align="alignleft" width="386"]Image result for amit trivedi film music credits അമിത് ത്രിവേദി[/caption]

ഈ ചിത്രം ധൈര്യപൂര്‍വ്വമായ ചുവടുവയ്പ്പാണ്. ശരിക്കും ത്രസിപ്പിക്കുന്ന ജീവിതാനുഭവം തന്നെയാണ്. യഥാര്‍ഥ്യത്തോട് വളരെയധികം ചേര്‍ന്നു നില്‍ക്കുന്ന ഒരു സിനിമ; ഒരു അനുഭവം.
പ്രശാന്ത് പിള്ള..., ഞങ്ങളുടെ അമിത് ത്രിവേദിയാണ് നീ. ചെമ്പന്‍ എത്ര സുന്ദരമായാണ് നിങ്ങള്‍ ചിത്രത്തിന്റെ ഡയലോഗുകള്‍ എഴുതിയിട്ടിരിക്കുന്നത്. വിജയ് ബാബു ഇങ്ങനെയൊരു ചിത്രം നിര്‍മ്മിക്കാന്‍ നിങ്ങള്‍ കാണിച്ച ചങ്കൂറ്റത്തിന് കൈയടി. നായകനടന്‍മാരുടെ ഡേറ്റിനു വേണ്ടി പരക്കം പായുന്ന നിരവധി പ്രതിഭാധനരായ യുവ സംവിധായകരുടെ സ്വപ്‌നങ്ങള്‍ക്കാണ് വിജയ് നിങ്ങള്‍ ഈ ചിത്രത്തിലൂടെ ചിറക് നല്‍കിയിരിക്കുന്നത്. ഈ ചിത്രം വിജയമാകുകയാണെങ്കില്‍ സിനിമ സ്വപ്നം കാണുന്ന നിരവധി യുവാക്കളുടെ സ്വപ്‌നങ്ങള്‍ കൂടിയാണ് വിജയിക്കുന്നത്.

രംഗങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ആസ്വാദകന് അനുഭവപ്പെടുന്നിടത്താണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗം വിജയമാകുന്നത്. സ്റ്റെഫി സേവ്യര്‍, അവസാന സംഘട്ടന രംഗത്ത് വിന്‍സെന്റ് പെപ്പെ ഇട്ടിരിക്കുന്ന ഷര്‍ട്ട് ഏതാണെന്ന് ഓര്‍ത്തിരിക്കാന്‍ ഞാന്‍ കുറെ പാടുപെട്ടു. അത്രമാത്രം സ്വഭാവികമാണ് നിങ്ങളുടെ കോസ്റ്റ്യൂം ഡിസൈന്‍. കഥയോടും കഥാപാത്രങ്ങളുടെ സ്വഭാവത്തോടും വളരെയധികം നീതി പുലര്‍ത്തുന്നുണ്ട് വസ്ത്രാലങ്കാരം. സ്റ്റെഫി ഇതായിരിക്കും നിങ്ങളുടെ ഏറ്റവും നല്ല വര്‍ക്ക്. സാങ്കേതിക വിദഗ്ദ്ധരെ പരിചയമില്ലെങ്കിലും എല്ലാവരും തങ്ങളുടെ ജോലികള്‍ വൃത്തിയായി നിര്‍വഹിച്ചിരിക്കുന്നു.

ഗിരിഷ് ഗംഗാധരന്റെ ഛായാഗ്രഹണം മികച്ചതാണ്. പ്രത്യേകിച്ച് സിംഗിള്‍ ഷോട്ടിലുള്ള ചിത്രീകരണം. എഡിറ്റര്‍ സര്‍ എനിക്കു നിങ്ങളെ അറിയില്ല. സുന്ദരമായ കട്ടുകള്‍. 86 പുതുമുഖങ്ങള്‍... ആന്റണി വര്‍ഗ്ഗീസ്, ലിച്ചിയുടെ കഥാപാത്രത്തെ മികച്ചതാക്കിയ പെണ്‍കുട്ടി, സഖി, പോര്‍ക്ക് വര്‍ക്കി, അവന്റെ ഭാവി വധു, കുഞ്ഞൂട്ടന്‍, 10മി.ലി ജോസ്, ചിത്രത്തിലുള്ള കഥാപാത്രങ്ങളില്‍ മികച്ചത് ഏത് എന്ന തെരഞ്ഞെടുപ്പ് തന്നെ ദുഷ്‌കരമാണ്. അത്രയധികം മനോഹരമാണ് ഓരോ കഥാപാത്രവും.

[caption id="" align="alignleft" width="367"]Image result for manoj bajpai സത്യ എന്ന ചിത്രത്തില്‍ ബിക്കു മാത്രെയായി അഭിനയിച്ച മനോജ് വാജ്പേയി[/caption]

മികച്ച കഥാപാത്രത്തെ തെരഞ്ഞെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണെങ്കില്‍ അപ്പാനി രവിഎന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് എന്റെ കയ്യടി. സ്‌ക്രീനില്‍ എന്തൊരു എനര്‍ജിയാണ് ആ കഥാപാത്രം പകര്‍ന്നു തരുന്നത്. നിങ്ങളുടെ ചെറിയ ശരീരവും മനോഹരമായ ശബ്ദവും. നിങ്ങള്‍ ഇനിയും ഒരുപാട് ദൂരം താണ്ടും. എന്തൊരു സ്‌ക്രീന്‍ പ്രസന്‍സാണ് നിങ്ങള്‍ക്ക്. ബിക്കു മാത്രെയെ നിങ്ങള്‍ അനുസ്മരിപ്പിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി നിങ്ങള്‍ക്കാണ് എന്റെ കയ്യടി മുഴുവന്‍. എല്ലാ സാങ്കേതിക പ്രവര്‍ത്തകരെയും ഒരേ കുടക്കീഴില്‍ കൊണ്ടു വരാനും പരമാവധി റിസല്‍ട്ട് ഉണ്ടാക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇതൊരു റിവ്യൂ അല്ല. ഈ സിനിമ വിജയമാകുകയാണെങ്കില്‍ സിനിമയെ വളരെ വ്യത്യസ്തമായി സമീപിക്കാന്‍ പുത്തന്‍ ഉണര്‍വ് നല്‍കും.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിങ്ങള്‍ക്കു ഈ സിനിമ ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ. സിനിമ കാണു. ഇതൊരു വിജയമാക്കു. വ്യത്യസ്തമായി ചിന്തിക്കുന്ന, വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന സിനിമകള്‍ ഉണ്ടാക്കാന്‍ പ്രയാസമാണ്. ഈ സിനിമ വിജയിച്ചില്ലെങ്കില്‍ വ്യത്യസ്തമായി ആരും സിനിമ നിര്‍മ്മിക്കുന്നില്ലെന്ന് പരിതപിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശമുണ്ടാകുകയുമില്ല.

(സി.വി സാരഥിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പരിഭാഷ)